പക്ഷികളില്ലാത്ത, ഉറ്റവരുടെ മണം തേടുന്ന നായ്ക്കളുള്ള, അലയുന്ന പശുക്കളുള്ള, ഇനിയും കണ്ടെത്താന്‍ കഴിയാത്തവരെ അന്വേഷിച്ചെത്തുന്ന മനുഷ്യരുടെ ഇടമായി ഇന്ന് മുണ്ടക്കൈയും ചൂരല്‍മലയും അട്ടത്തുമലയും പുഞ്ചിരിമട്ടയും മാറിക്കഴിഞ്ഞു. ദുരന്തത്തിന് തുടക്കം കുറിച്ച പുഞ്ചിരിമട്ടവരെ നടന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിലുണ്ടായിരുന്ന ക്യാമറാമാന്‍ വിപിന്‍ മുരളി എഴുതിയ കുറിപ്പ് വായിക്കാം.
ചൂരൽ മലയിൽ നിന്ന് രാത്രിക്ക് രാത്രി പട്ടാളം നിർമ്മിച്ച പാലം വഴി കിലോ മീറ്ററുകൾ നടന്നെത്തുമ്പോൾ തകർന്ന് തരിപ്പണമായ രണ്ടാമത്തെ ജനവാസകേന്ദ്രം കാണാം, മുണ്ടക്കൈ. അവിടെ നിന്നും തേയില തോട്ടം വഴി നാല് കിലോമീറ്റർ നടന്നാണ് ഉരുൾ പൊട്ടലിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്. ഒരു വശത്ത് ശാന്തമായി ഒഴുകിയിരുന്ന ഇരുവഴഞ്ഞി പുഴ. മുണ്ടക്കൈയിലേയ്ക്കും അവിടെ നിന്നും ചൂരൽ മലയിലേയ്ക്കും നീളുന്ന റോഡ്. അതിന് ഇരുവശവും അറുപതോളം വീടുകൾ, തേയിലയും ഏലവും പൂക്കുന്ന, മഞ്ഞു പെയ്യുന്ന, കോടയിറങ്ങുന്ന മനോഹര പ്രദേശം. അതായിരുന്നു ഉരുൾപൊട്ടലിന് മുമ്പത്തെ പുഞ്ചിരിമട്ടം.
ആ മലയടിവാരമാണ് ഇന്നൊരു പ്രേതഭൂമി കണക്കെ ഭീമാകാരൻ പാറക്കല്ലുകൾ അടിഞ്ഞു കൂടി, ചളിയും കടപുഴക്കിയ കൂറ്റൻ മരങ്ങളും പങ്കിട്ടെടുത്ത് കിടക്കുന്നത്. ചളുങ്ങികൂടിയ വാഹനങ്ങളും വീട്ടുപകരണങ്ങളും തകർന്നുവീണ വീടുകൾക്കിടയിൽ കാണാം. നാലാൾ പൊക്കം വരെയുള്ള പടുകൂറ്റൻ ഉരുളൻ പാറകള്‍ നിരത്തി വച്ചത് പോലൊരു പാടം. അതാണ് ഇപ്പോൾ പുഞ്ചിരിമട്ടം. പത്തോളം വീടുകൾ മാത്രമാണ് ആകെ അവശേഷിക്കുന്നത്. കുടുംബാംഗങ്ങള്‍ തങ്ങളുടെ സുഖദുഖങ്ങള്‍ പങ്കുവച്ച് ഒരുമിച്ച് ഉണ്ടുറങ്ങിയ ആ വീടുകളിൽ ഇനി ഒരു ജീവിതം സാധ്യമാകില്ല. ആദ്യം ഉരുൾപൊട്ടലിന് പിന്നാലെ പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞ് തുടങ്ങിയപ്പോഴേക്കും പലരും തൊട്ടടുത്തുള്ള റിസോട്ടിലേക്കും കുടുംബ വീടുകളിലേക്കും മാറി താമസിച്ചു. ചിലർ ജീപ്പുകളില്‍ ആളുകളെ മാറ്റി പാർപ്പിച്ചു. അതുകൊണ്ട് ചിലരെങ്കിലും ഇന്ന് ജീവനോടെ ബാക്കിയായി. എന്നിട്ടും മരണസംഖ്യ 300 -ല്‍ അധികമുണ്ടെന്നാണ് കണക്ക്. പുഴയ്ക്ക് അക്കരെ ഒറ്റപ്പെടുമെന്ന് പേടിച്ച് ഇക്കരെയ്ക്ക് മാറി താമസിച്ച പലരും മലവെള്ള പാച്ചലിൽ ഒഴുകി പോയെന്ന് അവശേഷിക്കുന്നവര്‍ പറയുന്നു.

ഉരുള്‍പൊട്ടലില്‍ നാശമെത്ര നഷ്ടമെത്ര; കണക്കുകള്‍ക്കായി ഇനിയും കാത്തിരിക്കണം
സൈനിക വിഭാഗങ്ങള്‍ ഇപ്പോളും ദുരന്തപ്രദേശങ്ങളില്‍ തിരച്ചിൽ നടത്തുന്നുണ്ട്. കൂറ്റന്‍ പാറകൾ മാറ്റി, പഴയ റോഡ് കണ്ടെത്തി വഴി ഒരുക്കലാണ് ഇപ്പോഴുള്ള പ്രധാന ജോലി. കിണറുകളും സെപ്റ്റിക് ടാങ്കുകളും ചതുപ്പും നിറഞ്ഞ ഇടമാണ്. പട്ടാളം നടന്നുവരാനുള്ള മാർഗ നിർദേശങ്ങൾ പറഞ്ഞു തരുന്നു. രക്ഷാപ്രവർത്തകർ മത്രം ഉണ്ടായിരുന്ന ഇടത്തേക്ക് ഇപ്പോൾ നാട്ടുകാരായ ചിലരെത്തി തുടങ്ങിയിട്ടുണ്ട്. വീട് നിന്നിടം മനസിലാകാതെ തിരിച്ച് പോകുന്ന സോബിൻ എന്ന ചെറുപ്പക്കാരനെ ഇതിനിടെ കണ്ടു. അപകടം നടന്ന അന്ന് രാത്രി മുതൽ ജീപ്പിൽ പ്രദേശത്ത് ഒറ്റപ്പെട്ടു പോയവര്‍ക്കായി രക്ഷപ്രവർത്തനം നടത്തുകയായിരുന്നു അയാൾ അപ്പോഴും.
ഇനി ബാക്കിയുള്ളത് എന്തെന്ന് അറിയാൻ പലരും മല കയറി തുടങ്ങിയിട്ടുണ്ട്. മകളുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം തിരഞ്ഞു വന്ന ഷെഫീഖ്, "ഇനി ഇതുപോലൊരു വീട് ആയുസ്സിൽ പണിയാൻ കഴിയില്ല" എന്ന് കലങ്ങിയ കണ്ണുകളോടെ പറയുന്നു. കളിപ്പാട്ടം പോയിട്ട് ആയുസിന്‍റെ സമ്പാദ്യം കൊണ്ട് അയാള്‍ പടുത്തുയര്‍ത്തിയ വീട് ഇന്നില്ല. മണ്ണോട് മണ്ണ് ചേര്‍ന്ന് ഉരുളോടൊപ്പം വീടിരുന്ന അടയാളം പോലും ബാക്കിയാക്കാതെ അതും ഒലിച്ചിറങ്ങിയത് ചാലിയാറിലേക്ക്.

മൂന്നര പതിറ്റാണ്ട് മുന്നേയുള്ള മുന്നറിയിപ്പ്; ഭാവി തലമുറയോട് നാമെന്ത് പറയും?
മുറിവ് പറ്റിയ നായ്ക്കൾ ഉടമസ്ഥരെ തേടി, ദുരന്തം വിതച്ച മണ്ണില്‍ ഇപ്പോഴും മണം പിടിച്ച് നടക്കുന്നു. ഉരുളോടൊപ്പം അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മണങ്ങളോടുള്ള ബന്ധം കൂടി നഷ്ടപ്പെട്ടിരിക്കുന്നു. ദുരന്തഭൂമിയിലെങ്ങും മരണം തളം കെട്ടിയ മണമാണിപ്പോള്‍. സന്നദ്ധ പ്രവർത്തകർ നല്‍കുന്ന ഭക്ഷണം പോലും പല വളർത്തുനായ്ക്കളും കഴിക്കുന്നില്ല. പകലന്തിയോടെ അവിടെയും ഇവിടെയും പ്രിയപ്പെട്ട ഉടമസ്ഥരെ തേടി ചുറ്റി നടക്കും. ഇടയ്ക്ക് എതെങ്കിലും പാറയുടെ കീഴിലോ അടിഞ്ഞ് കൂടിയ മരങ്ങള്‍ക്കിടയിലോ ചുരുണ്ടു കൂടി കിടക്കും. ഇലയനക്കങ്ങൾ പോലുമില്ലാത്ത നിശബ്ദതയാണ് എങ്ങും. ഈനേരം വരെ ദുരന്തഭൂമിയിലൊരു പക്ഷിയെ പോലും കണ്ടിട്ടില്ല. ഉരുളിനൊപ്പം ഭയന്ന്.. അവരും മലയിറങ്ങിക്കാണണം.
ഒഴുകിവന്ന ഉരുളിന്‍റെ ഉറവ് തേടി കിലോമീറ്ററുകള്‍ ഞങ്ങള്‍ വീണ്ടും നടന്നു. അതുവരെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന നിശബ്ദതയെ കീറി മുറിച്ച് എങ്ങു നിന്നോ വീഴുന്ന കൂറ്റൻ വെള്ളച്ചട്ടത്തിന്‍റെ ശബ്ദം കാതിലേക്ക് ഇരച്ചുകയറി. അവിടെ നിന്നും നോക്കിയാൽ വഴികൾ അവസാനിക്കുന്ന ഇടം കാണാം, 'dead end'. മല തുരന്ന കണക്കെ മണ്ണ് ഒലിച്ചിറങ്ങിയ ഉരുൾ പൊട്ടലിന്‍റെ പ്രഭവ സ്ഥാനം. അനേകം മനുഷ്യരുടെ പുഞ്ചിരികള്‍ ഇല്ലാതാക്കിയ പുഞ്ചിരിമട്ടം. മൂന്ന് ഗ്രാമങ്ങളുടെ എല്ലാമായിരുന്ന, ഒടുവിൽ എല്ലാം തുലച്ച ഒരു ഉരുളിന്‍റെ തുടക്കം ഇവിടെ നിന്നായിരുന്നു. നൂറുകണക്കിന് മനുഷ്യരുടെ സ്വപ്നങ്ങള്‍ക്ക് അവസാനം കുറിച്ച തുടക്കം. ഒരുപാട് സ്വപ്നങ്ങളില്ലാതാക്കിയ ആ മലയുടെ മുകളില്‍ ഇന്നും ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് കൂട്ടത്തിലുള്ള ആരോ പറഞ്ഞു.

ഇവിടെ നിന്നാണ് 38 മൃതദേഹങ്ങള്‍ കണ്ടെടുത്തത്; തീരാനോവായി ചൂരൽമല വില്ലേജ് റോഡ്
കോടമഞ്ഞ് മൂടി തുടങ്ങുമ്പോളേക്കും ആകാശത്ത് ഇരുട്ട് കനക്കും. മഴ പെയ്യാൻ സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പ് അവിടെ ആകെ പരക്കും. പട്ടാളക്കാരും സന്നദ്ധ പ്രവർത്തകരും മല ഇറങ്ങാനുള്ള ശ്രമത്തിലാകും അപ്പോൾ. ഇനിയുമൊരു ഉരുൾപൊട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ദരും പറയുന്നു.
മടങ്ങുമ്പോൾ ജീപ്പിൽ ഒരു സംഘത്തെ കണ്ടു. പെങ്ങളെയും കുടുംബത്തെയും അന്വേഷിച്ച് ഇറങ്ങിയ അലിയും കൂട്ടരുമായിരുന്നു അത്. അവർക്ക് പറ്റാവുന്ന തരത്തിലൊക്കെ ദിവസങ്ങളായി തിരച്ചിൽ നടത്തുകയാണ്. കണ്ണീരു വറ്റിയ മനുഷ്യർ... മലയിറങ്ങുമ്പോൾ അലിയുടെ കൂടെയുള്ളവർ അടക്കം പറയുന്നുണ്ട് പെങ്ങളുടെ ശരീര ഭാഗങ്ങൾ ചാലിയാറിൽ നിന്ന് കിട്ടിയത്രേ. സംശയമാണ്. പോയി നോക്കി ഉറപ്പുവരുത്തണം ഇനി. പുഞ്ചിരിമട്ടത്തെ പാറകളെക്കാൾ കനം തൂങ്ങിയ ഹൃദയവുമായേ ആ മല ഇനി ഇറങ്ങാനാകൂ. ചിരിക്കാന്‍ മറന്ന് പോയ മനുഷ്യര്‍... ഉറ്റവരെ തേടുന്ന വളര്‍ത്തുമൃഗങ്ങള്‍... അവര്‍ക്കിടയിലൂടെ ഇരുള്‍ വീണ് തുടങ്ങിയ ഇല്ലാവഴികളിലൂടെ ഇനിയൊരു തിരിച്ചിറക്കം...
