നെലത്തൂന്ന് മൊളയ്ക്കാത്ത കുരുത്തം കെട്ട പിള്ളേര്‍ടെ വാക്കും കേട്ട് ഗര്‍ഭിണിയാവാന്‍ പോയ എനിക്കിത് തന്നെ വേണം!
ഉറങ്ങാതെ ഉറങ്ങാതെ എന്‍റെ തലയിലെ സിഗ്‌നലൊന്നും ശരിക്കും പ്രവര്‍ത്തിക്കാതായി. ഫോണ്‍ ബെല്ലടിച്ചപ്പൊ പോയി ഡോര്‍ തുറന്ന് നോക്കിയ ലെ ഞാന്‍. ഹൊ! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ ഈശ്വരാ!
'എന്‍റെ ജീവിതത്തിലെ സ്ത്രീ' സ്മിത ആദര്‍ശ് എഴുതുന്നു

അവള്‍ടെ നെലോളിക്കച്ചേരിക്ക് പകരം ഞാന്‍ പാടി. 'എന്തതിശയമേ ദീദി തന്‍ സ്‌നേഹം എത്ര മനോഹരമേ.' പാട്ട് അധികം നീണ്ടില്ല. അഞ്ച് മിനിറ്റിനകം പോയ മൊതല് അലറിക്കരഞ്ഞ് തിരിച്ചെത്തി.
വെറുതെയിരുന്ന് ബോറടിച്ചപ്പോഴായിരിക്കണം ഞങ്ങളെ ഇമോഷണലി ബ്ലാക്ക് മെയില്‍ ചെയ്യാനെന്നോണം മൂത്ത കുരിപ്പ് 'ഡിയര്‍ ഗോഡ്' എന്ന് സ്‌നേഹത്തോടെ ആരംഭിച്ചൊരു നിവേദനം മൂപ്പര്‍ക്ക് സമര്‍പ്പിച്ചത്. അതും ലവള്‍ടെ രണ്ടാം ക്ലാസ്സിലെ മോറല്‍ സയന്‍സ് ടെക്‌സ്റ്റ് ബുക്കില്. ഡ്രാഫ്റ്റ് എ പ്രയെര്‍ ടു ദി ഗോഡ് (Draft a prayer to the God) - അങ്ങനൊരു ആക്ടിവിറ്റി ഉണ്ടായിരുന്നു. അവിടെ. അതും നല്ല വടിവൊത്ത കൈയക്ഷരത്തില്‍! ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് പോലും ഇല്ലാണ്ടാണു സൃഷ്ടി. '
'പ്ലീസ് സെന്‍റ് എ ബേബി സിസ്റ്റര്‍ ഫോര്‍ മീ'-ന്ന്! ഇത് കണ്ടതും അവള്‍ടെ ക്ലാസ് ടീച്ചര്‍ കം എന്‍റെ സൊന്തം പഴേ കൊളീഗ് അതും പൊക്കിപ്പിടിച്ച് - കൂടെ ചെണ്ടക്കാര്‍ ഉണ്ടായിരുന്നില്ലെന്നേ ഉള്ളൂ - വന്ന് വിളംബരം എന്നെ അറിയിച്ചു. ഒപ്പം ഹിന്ദിയില്‍ നീട്ടിയൊരു ഉപദേശവും -'കൊച്ചുങ്ങള് എന്നായേലും ആഗ്രഹം പറഞ്ഞാ നമ്മളെക്കൊണ്ട് പറ്റുവാന്നേ അതങ്ങ് സാധിച്ച് കൊടുത്തേക്കണം. വലുതായാപ്പിന്നെ ഈ കൊച്ചുങ്ങള്‍ക്ക് ചെറിയ ചെറിയ ആഗ്രഹങ്ങളൊന്നും ഉണ്ടാവുകേലടാ ഉവ്വേ! അതു കൊണ്ട് ഈ കൊച്ച് പറയുന്നത് എന്നാന്നു വച്ചാ നിന്നെക്കൊണ്ട് പറ്റുവാന്നേ അതങ്ങ് സാധിച്ചു കൊട്!'' ആ നിമിഷത്തില്, ആ അവസരത്തില്, ആ സന്ദര്‍ഭത്തില് ഞാനങ്ങ് ആ പ്രാര്‍ത്ഥന വായിച്ച് മൂക്കും കുത്തി വീണു.
ഈ നിവേദനം രചിച്ചവള്‍ എന്‍റെ ഉള്ളിലുണ്ടായിരുന്ന പത്ത് മാസം അതിവിശേഷമായിരുന്നു. ഹൈപ്പര്‍മെസിസ് ഗ്രാവിഡാരം എന്നു വച്ചാ ഒരു ദിവസം 50 - 60 തവണയൊക്കെ ഛര്‍ദ്ദിച്ച് തൊണ്ടയൊക്കെ പൊട്ടി വിശന്ന്, ദാഹിച്ച് പണ്ടാരമടങ്ങുന്ന ഒരവസ്ഥ. 'ഡോക്ടറേ എന്‍റെ മോള്‍ക്ക് ഗര്‍ഭമല്ലാതെ വേറെന്തെലും അസുഖമുണ്ടോ? അവള്‍ക്കെന്താ കുഴപ്പം?' അങ്ങനെ വരെ ചോദിച്ച് കളഞ്ഞു എന്‍റെ സ്വന്തം അമ്മ. പെറ്റെണീറ്റതേ ക്രോണിക് ഡ്രഗ് അലര്‍ജിക്കായി. അത്തരം ഡാര്‍ക്ക് ഫ്‌ലാഷ് ബാക്ക് ഉള്ളതുകൊണ്ട് മാത്രമാണ് 'ഞങ്ങളൊന്ന് ഞങ്ങള്‍ക്ക് സന്താനം ഒന്ന്' എന്ന പോളിസിയില്‍ ഞങ്ങളങ്ങ് ഉറച്ച് നിന്നത്.
എട്ട് വര്‍ഷം കഴിഞ്ഞ് വീണ്ടും ഒരു ഗര്‍ഭാവസ്ഥ! പത്ത് മാസം മഹാറാണിയെപ്പോലെ സപ്രമഞ്ചക്കട്ടിലില്‍ കിടന്ന് മസാല ദോശയും, ബാസ്‌കിന്‍ & റോബിന്‍സിന്‍റെ പ്രലൈന്‍ & ക്രീം ഫ്‌ലേവര്‍ ഐസ്‌ക്രീമും കഴിക്കാലോ എന്ന സാധ്യതകളെ ഞാന്‍ കണക്കിലെടുത്ത് ആ റിസ്‌ക് അങ്ങ് ഞാന്‍ അല്ല ഞങ്ങള് ഏറ്റെടുത്തു. ആദ്യ ഗര്‍ഭം ഓര്‍മ്മയിലുള്ളതുകൊണ്ട് പ്രസവിച്ചെണീറ്റാലും കരീന കപൂര്‍ കണക്കെ ഇരിക്കണം, വേദനിക്കാത്ത സുഖപ്രസവമായിരിക്കണം, ശാന്ത സ്വഭാവിയായൊരു കുട്ടി എന്നീ ചില്ലറ മോഹങ്ങളൊക്കെയേ എനിക്കുണ്ടായിരുന്നുള്ളു. നമ്മളൊരു കാര്യം ആത്മാര്‍ത്ഥമായി, ശക്തമായി ആഗ്രഹിച്ചാല്‍ അതിനുവേണ്ടി ഈ ജൂണിവേഴ്‌സ് മുഴുവന്‍ കൂട്ട് നില്‍ക്കും എന്നൊക്കെ പറയുന്നത് വെറും വെറുതെയാ. നമ്മടെ കൈയിലിരിപ്പ് പോലിരിക്കും റിസള്‍ട്ട്. നമ്മടെ തലേവര അമര്‍ത്തിത്തുടച്ചാലൊന്നും പോവില്ല ചേച്ചിമാരേ...
നെലത്തൂന്ന് മൊളയ്ക്കാത്ത ഓരോ കുരുത്തം കെട്ട പിള്ളേര്‍ടെ വാക്കും കേട്ട് ഗര്‍ഭിണിയാവാന്‍ പോയ എനിക്കിത് തന്നെ വരണം. ബാക്കി സംഭവിച്ചത് ഒറ്റ പാരഗ്രാഫില്‍ ചുരുക്കിപ്പറയാം. 5-6 മാസം മുഴുപ്പട്ടിണി. തിന്നാന്‍ വല്ലതും തായോ എന്നെങ്ങാന്‍ വിചാരിച്ചാ മതി അപ്പൊ ഛര്‍ദ്ദി! വാളെന്ന് വച്ചാ ടിപ്പുസുല്‍ത്താന്‍ വരെ തോറ്റുപോകുന്ന കൊടും വാള്! ആശൂത്രി - വീട്, വീട് - ആശൂത്രി! 7- 8 മാസം അതേ എനിക്കോര്‍മ്മയുള്ളൂ സാറേ. നാട്ടുകാരും വീട്ടുകാരും എന്‍റെ ഗര്‍ഭവിശേഷം കേട്ട് കേട്ട് മടുത്തു. നീയെന്താ പ്രസവിക്കാത്തെ, മാസം കൊറച്ചായല്ലോ.... നീയിത് വരെ പ്രസവിച്ചില്ലേടി... ഇതെന്താ സീരിയല്‍ ഗര്‍ഭം മാതിരി.... ഹൊ! കംപ്ലീറ്റ് ഡാര്‍ക്ക് കമന്‍റ്സ് മാത്രം.
ഞാന്‍ ഗര്‍ഭിണിയാവാന്‍ സ്വന്തമായി ഒരു പ്രാര്‍ത്ഥന എഴുതിയുണ്ടാക്കി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചവള്‍ ഞാന്‍ അനുഭവിച്ചതൊന്നും മൈന്‍ഡാക്കാണ്ട് ഡോറ - ബുജി കണ്ട് ആനന്ദതുന്തിലയായി നടന്നു. നേരത്തിനും കാലത്തിനും ഫുഡടിക്കാന്‍ പറ്റാത്തോണ്ട് ഞാനാണെങ്കി ഗര്‍ഭകാല പ്രമേഹബാധിതയും, നെറ്റിപ്പട്ടം വയ്ക്കാത്ത ഒരാനക്കുട്ടിയുമായിത്തീര്‍ന്നു. വയറിന്‍റെ വലിപ്പം കണ്ട് പ്രസവവേദനയെങ്ങാനും വന്നാല് പിക്കപ്പില് കേറ്റി കൊണ്ടോവാന്‍ കെട്ടിയോന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാവണം.
അങ്ങനെ ഡോക്ടറ് പറഞ്ഞ സുദിനം വന്നെത്തി. ആഞ്ഞ് പരിശ്രമിച്ചിട്ടും ഒന്നിനെ പെറ്റ പരിചയ സമ്പന്ന ആയിട്ടും ആ നേരത്ത് ഞാന്‍ പ്രസവിക്കാന്‍ ട്രൈ ചെയ്തത് കംപ്ലീറ്റ് ഫ്‌ലോപ്പായി. ഡോക്ടറുടെയും നഴ്‌സുമാരുടേയും സംയുക്ത സംരംഭത്തില്‍ നടും പാതിര പന്ത്രണ്ടരയ്ക്ക് എന്നെ സിസേറിയന്‍ ചെയ്ത് നാലേകാല്‍ കിലോ തൂക്കമുള്ള കണ്ടാലൊരു ആറു മാസം ഗെറ്റപ്പ് തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. ഹൊ! ഇനിയെങ്കിലും എനിക്കൊന്ന് റെസ്റ്റെടുക്കാലോ എന്ന് വിചാരിച്ചത് ലവള് കേട്ടിട്ടാണോ എന്തോ റെസ്റ്റ് എന്താന്ന് ഞാനീ നിമിഷം വരെ അറിഞ്ഞിട്ടില്ല. കളി അമ്മക്കമ്പനി കാണാൻ പോകുന്നേയുള്ളൂ എന്ന ലൈന്‍.
പ്രസവം കഴിഞ്ഞ് വീട്ടീ തിരിച്ചെത്തിയിട്ടും ലവള് രാത്രി ഉറങ്ങുന്നില്ല. നെഞ്ചത്ത് കേറ്റിക്കിടത്തിയാ കരച്ചിലില്ല. നെഞ്ചത്തൂന്ന് എടുത്താ അപ്പൊ കാറി നെലവിളിക്കും. സൈഡിലൊരു ബേബി ബെഡ് ഒക്കെ റെഡിയാക്കി അങ്ങോട്ട് ഷിഫ്റ്റ് ചെയ്താലും കരഞ്ഞ് കാറിവിളിക്കും. ആകെപ്പാടെ പള്ളിപ്പെരുന്നാളിന് ബാന്‍ഡ് സെറ്റുകാര്‍ടെ ഇടയില്‍ പെട്ട അവസ്ഥ. എന്നുവച്ച് ഇരുപത്തിനാല് മണിക്കൂറും ഇതിനെ നെഞ്ചത്ത് കിടത്താന്‍ പറ്റുമോ?
പ്രസവ ശുശ്രൂഷ തരാന്‍ ഫ്‌ലൈറ്റും പിടിച്ച് വന്ന അമ്മയാണ് ഇത് രാത്രി ഉറങ്ങാത്ത കുട്ടിയാണ് എന്ന തുണിയുടുക്കാത്ത സത്യം വെളിപ്പെടുത്തിയത്. യെസ്! ഞാന്‍ ഒരു നക്തഞ്ചരിയെ പെറ്റിരിക്കുന്നു!
സംഗതി കറക്ടായിരുന്നു. ലവള് കാലത്തെണീക്കൂല, മുറ്റമടിക്കൂല, പല്ലും കൂടി തേക്കൂലാന്ന് എന്ന ലൈന്‍. പക്ഷേ, ക്യത്യനിഷ്ഠയാ സാറേ അവള്‍ടെ മെയിന്‍. പുലര്‍ച്ചെ കൃത്യം മൂന്ന് മണിക്ക് സ്വിച്ച് ഓഫാക്കിയ പോലെ ഉറങ്ങും. പിന്നെ ആ ഉറക്കം ഉച്ചരവരെ നീളും. ഉറങ്ങുന്ന കുട്ടിയെ ആണ് മിക്ക ദിവസവും കുളിപ്പിക്കാറ്. ഞാനല്ലാതെ ഒരു മനുഷ്യന്‍റെ അടുത്ത് ഈ പെണ്ണ് പോവില്ല. ഏതാണ്ട് കംഗാരുക്കുട്ടിയുടെ മട്ടും ഭാവോം. അമ്മ തിരിച്ച് നാട്ടില്‍ പോയേപ്പിന്നെ ഒന്ന് കൈമാറി എടുക്കാന്‍ ആളില്ലാത്ത അവസ്ഥ. എവിടെലും പോയാലും മറ്റു മനുഷ്യരെ കണ്ടാലും അവരുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കും. പിന്നെ ഒന്ന് പൊട്ടിക്കരഞ്ഞ് കളയും. ഒരു മനുഷ്യപ്പറ്റില്ലാത്ത ജന്മം.
അവള്‍ടെ പകലുറക്കമായിരുന്നു എനിക്ക് തീരെ പറ്റാഞ്ഞത്. പകല് മുഴുവന്‍ ലവള് കെടന്ന് ഒറക്കത്തോട് ഒറക്കം! എന്തിനേറെ പറയുന്നു അവള് പകല് ഉറങ്ങി മതിയായി ഫുള്‍ ചാര്‍ജ് കേറി രാത്രി കണ്ണും മിഴിച്ച് ഒരേ ഇരിപ്പ്. അത്ര വലിയ ഡിമാന്‍ഡൊന്നും ഇല്ല. നമ്മള് കൂടെ ഇരിക്കണം, അവളോട് മിണ്ടണം സിമ്പിള്‍. ലൈറ്റോഫാക്കിയാല് കാറിക്കരച്ചില്‍! ഇത് സ്ഥിരം പരിപാടിയാക്കി. ഓരോ അനുഭവസ്ഥര്‍ പറയുന്ന മുറയ്ക്ക് തുണിത്തൊട്ടിലില്‍ കിടത്തല്‍, ചൂടുവെള്ളത്തില്‍ കുളിപ്പിക്കല്‍, സോക്‌സിടീപ്പിക്കല്‍ എന്തൊക്കെക്കെക്കെയോ പരീക്ഷിച്ച് തോറ്റു.
'ഇവള്‍ക്കെന്തോ പ്രശ്‌നമുണ്ട് ഡോക്ടറേ.. ഒന്ന് ശരിയാക്കിത്തരണം.' ഡോക്ടറെ ഞാന്‍ ദയനീയമായി നോക്കി. 'നമുക്കിതിലൊന്നും ചെയ്യാനില്ല. ചില കുട്ടികള്‍ അങ്ങനെയാണ്. കുറച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ തനിയെ രാത്രി ഉറങ്ങാന്‍ തുടങ്ങും.' ഞാന്‍ പ്ലിംഗ്!
ആരോ പറഞ്ഞ് കേട്ട് കുട്ടീടച്ഛന്‍ ഒരു ആടുന്ന കസേര വാങ്ങിത്തരുന്നു. അതിലിരുന്ന് ആട്ടി ഉറക്കിയാ അപ്പൊ ഉറങ്ങും. അതായിരുന്നു പ്രതീക്ഷ. പകല് മുഴുവന്‍ ഉറങ്ങി വൈകുന്നേരത്തോടെ ഫ്രഷായി എഴുന്നേറ്റ അവള്‍ ഉറക്കം തൂങ്ങി വീഴാറായ എന്‍റെ മടിയില്‍ ഇരുന്ന് കളിക്കുന്നു. അവള് നമ്മുടെ മേല് ഒട്ടിപ്പിടിച്ചേ ഇരിക്കു. ഒറ്റയ്ക്കിരുത്തിയാ അപ്പോ വലിയ വായില്‍ കാറും. പതിവു പോലെ സകല മനുഷ്യരും ഉറങ്ങുമ്പോള്‍ ഇന്നെങ്ങാനും ലവള് നേരത്തെ ഒന്ന് ഉറങ്ങിയാലോ എന്ന് വിചാരിച്ച് പതിവിലും സ്പീഡില്‍ ഉറങ്ങാന്‍ വെമ്പുന്ന ഹൃദയവുമായി ആട്ടുകസേരയില്‍ ഇരുന്ന് ആടുമ്പോഴാണ് പൂര്‍ണ്ണിമദീദി എന്ന മുംബൈക്കാരി മാലാഖ അവതരിക്കുന്നത്. പൂര്‍ണ്ണിമാ ദീദി സ്‌നേഹമയിയായ ഞങ്ങളുടെ അയല്‍ക്കാരിയാണ്. എം.ഇ.എസിലെ ടീച്ചറും.
'ഇത്‌നീ ദേര്‍ തക് സോയാ നഹീ?' എന്നുള്ള ആ സ്‌നേഹത്തോടെയുള്ള ചോദ്യം കേട്ട് എനിക്കപ്പൊത്തന്നെ നീന്ത് ആയാ. പക്ഷേ എനിക്ക് നീന്ത് വന്നിട്ട് എന്താക്കാനാ? ലവള് സോയാണ്ട് പായയില്‍ ഒരേ നീന്തലല്ലേ പ്ലാന്‍ ചെയ്തിരിക്കണത്! ദിവസങ്ങളോളം ഉറങ്ങാതുറങ്ങാതെ എനിക്ക് കരച്ചില്‍ വന്നു. എന്‍റെ സങ്കടം കണ്ട് കൈയിലെ മാന്ത്രിക വടി വീശി ചിറക് വിരിച്ച് പുഞ്ചിരിച്ച് ഒരേ നിപ്പായിരുന്നു പൂര്‍ണ്ണിമ ദീദി.
'ആ ജാവോ ബേഠി' സ്‌നേഹമയിയായി ലവളെ എടുക്കാന്‍ കൈ കാണിച്ചതും ലവള് ഒരു തിരിച്ച് ചാട്ടം. ഹൊ! അവളൊന്ന് അവര്‍ടെ കൂടെ പോയിരുന്നെങ്കി എനിക്കൊന്ന് ആട്ടം നിര്‍ത്താമായിരുന്നു - ഞാന്‍ വെര്‍തേ അത്യാഗ്രഹിച്ചു. എടി പെണ്ണേ നിന്‍റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. എന്ത് കാര്യം!
പിറ്റേന്ന് പൂര്‍ണ്ണിമ ദീദി മക്കള്‍ സഹിതം - നിര്‍മ്മിതി & ജാര്‍വേഷ് - ഹാജര്‍. ഇത്തവണ കൈയൊന്നും കാണിച്ചില്ല. ഒറ്റ റാഞ്ചലായിരുന്നു. അവളെ എടുത്തങ്ങ് പോയി. വാതില്‍ കടന്നതും അടി കിട്ടിയ പോലെ കരച്ചില്‍ തുടങ്ങി. മുകളിലത്തെ ഫ്‌ലാറ്റ് ലക്ഷ്യമിട്ട് 2-3 സ്റ്റെപ്പ് കയറിയതും കരച്ചില്‍ ഉച്ചസ്ഥായിയില്‍ എത്തി. പൂര്‍ണ്ണിമ ദീദി ലവളെ തിരിച്ച് തന്നു. സ്വിച്ച് ഓഫാക്കിയ പോലെ കരച്ചില്‍ നിന്നു. കള്ള ബഡുക്കൂസ്!
ഉറങ്ങാതെ ഉറങ്ങാതെ എന്‍റെ തലയിലെ സിഗ്‌നലൊന്നും ശരിക്കും പ്രവര്‍ത്തിക്കാതായി എന്ന് ഫോണ്‍ ബെല്ലടിച്ചപ്പൊ പോയി ഡോര്‍ തുറന്ന് നോക്കിയ ലെ ഞാന്‍. ഹൊ! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ ഈശ്വരാ!
പൂര്‍ണ്ണിമ ദീദി സ്ഥിരോത്സാഹിയാണ്. എന്‍റെ ഭാഗ്യം. പിറ്റേ ദിവസം മൂപ്പത്ത്യാര് സ്‌കൂള് വിട്ട് വരുന്ന വഴി നേരെ വന്ന് ബെല്ലടിച്ചു. ''ഗാതു കഹാ ഹേ?'' ചോദിക്കലും എടുക്കലും കഴിഞ്ഞു. അവള് അഞ്ചരക്കട്ടയ്ക്ക് വാ പൊളിച്ച് സരിഗമ കച്ചേരി തുടങ്ങും എന്ന് വിചാരിച്ച ഞങ്ങളെ ഞെട്ടിച്ച് കൊണ്ട് ലവള്‍ അവരെ കണ്ട് ഹലോ എന്ന മട്ടില്‍ ചിരിച്ചു. അവള്‍ടെ നെലോളിക്കച്ചേരിക്ക് പകരം ഞാന്‍ പാടി. 'എന്തതിശയമേ ദീദി തന്‍ സ്‌നേഹം എത്ര മനോഹരമേ.' പാട്ട് അധികം നീണ്ടില്ല. അഞ്ച് മിനിറ്റിനകം പോയ മൊതല് അലറിക്കരഞ്ഞ് തിരിച്ചെത്തി.
എന്നാലും ആ 5 മിനിറ്റ് ഗോള്‍ഡന്‍ മിനിറ്റായി.
പിന്നീടുള്ള ദിവസങ്ങള്‍ പൂര്‍ണ്ണിമ ദീദി റോക്ക്ഡ്! ലവളെ കൊണ്ടു പോകുന്നു. കുറച്ച് സമയം മാറി നില്‍ക്കുന്നു - പതിയെപ്പതിയെ അഞ്ച് മിനിറ്റ് പത്താകുന്നു, പത്ത് ഇരുപതാകുന്നു, ഇരുപത് നാല്‍പ്പതാകുന്നു. പൂര്‍ണ്ണിമാദീദി വാഴ്ത്തപ്പെട്ടവളാകുന്നു.
ഒരു മാതിരി അമ്പിനും വില്ലിനും അടുക്കാത്ത ലവള്‍ക്ക് മനുഷ്യപ്പറ്റ് ഉണ്ടാക്കിയെടുത്തതില്‍ പൂര്‍ണ്ണിമ ദീദിക്ക് 100 ഉമ്മകള്‍. ഇടയ്ക്ക് വീടുമാറേണ്ടി വന്നപ്പഴും പൂര്‍ണ്ണിമ ദീദിയെന്ന കാന്തം ഗാതുവിനെ വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. മൂന്നു നേരവും ദോശ കഴിച്ചിരുന്ന അവള്‍ 10-15 കി.മീ യാത്ര ചെയ്ത് ചപ്പാത്തിയും അവള്‍ടെ ഖാന ഖാന ആക്കി. സ്‌നേഹ ബന്ധങ്ങള്‍ക്കിടയില്‍ ദൂരക്കൂടുതല്‍ ഒരു തടസ്സമേയല്ലെന്ന് ഞങ്ങളന്ന് മനസ്സിലാക്കി. ക്ഷമയെന്തെന്ന് ഒരു പക്ഷേ ഞാന്‍ പഠിച്ചെടുത്തത് പൂര്‍ണ്ണിമാദീദിയില്‍ നിന്നായിരിക്കണം. പോസ്റ്റ്പാര്‍ട്ടം മുളപൊട്ടി വളര്‍ന്ന് വടവൃക്ഷമായപ്പോഴും അമ്മ പോസ്റ്റിന് വേണ്ടത് സ്‌നേഹവും കരുതലുമാണ് എന്ന് പറയാതെ പറഞ്ഞത് പൂര്‍ണ്ണിമാദീദിയാണ്.
രണ്ടര വര്‍ഷത്തോളം രാത്രി ഉറങ്ങാതിരുന്നതിന് ബി.പി. കൂടെക്കൂടിയപ്പോഴും എന്നില്‍ ഹാപ്പി ഹോര്‍മോണ്‍ വാരി വിതറിയ പൂര്‍ണ്ണിമാദീദീ, ഒരുപാട് സ്‌നേഹം നിങ്ങളോട്.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം.
