'നിനക്ക് എന്തും പഠിക്കാന്‍ കഴിയും, അത് എത്ര ബുദ്ധിമുട്ടാണെന്ന് തോന്നിയാലും.' -അമ്മ എന്നോട് പറഞ്ഞു. 'ഒരു സമയം ഒരു ചുവട് വെക്കുക, അത് മറക്കരുത്. ആ ചുവടു വെച്ചു കഴിഞ്ഞാല്‍, പിന്നെ ഒരിക്കലും പിന്തിരിയരുത്...''എന്‍റെ ജീവിതത്തിലെ സ്ത്രീ' ബ്രൈറ്റി ജോബിന്‍ എഴുതുന്നു.
ഇപ്പോഴാലോചിക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്. അന്ന്, ദുഷ്‌കരമായ ആ സമയത്ത് അമ്മ എനിക്കൊപ്പം നിന്നില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിച്ചേനെ എന്ന്!

ഇനിയെന്ത് എന്നറിയാത്ത ദുര്‍ഘട നിമിഷങ്ങളില്‍ നമ്മുടെ കൈ പിടിച്ച് മുന്നോട്ട് നയിക്കുന്നവര്‍. അത്തരം മനുഷ്യരാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍, അത്തരം ഇടപെടലുകള്‍ നടത്തി, ജീവിതത്തെ ഏറ്റവും പോസിറ്റീവായി നേരിടാന്‍ എന്നെ പ്രാപ്തയാക്കിയത് എന്റെ അമ്മയായിരുന്നു.
കുട്ടിക്കാലത്ത്, സ്‌കൂളില്‍, ഗണിതശാസ്ത്രത്തിനു മുന്നില്‍ പതറി നിന്നപ്പോള്‍, ഇനി ഒരടി മുന്നോട്ടുപോവില്ലെന്ന് തോന്നിയപ്പോള്‍ എന്നെ ആ കുരുക്കഴിച്ച് നിരാശയില്‍നിന്നും കൈ പിടിച്ചുയര്‍ത്തിയത് അമ്മയായിരുന്നു. സ്ഥിരോത്സാഹത്തെക്കുറിച്ചും ജീവിതം മുന്നോട്ടുപോവുന്നതില്‍ കുടുംബത്തിന്റെ പിന്തുണയുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള വിലപ്പെട്ട പാഠം കൂടിയാണ് അമ്മയെന്നെ അന്ന് പഠിപ്പിച്ചത്. പിന്നീടുള്ള എന്റെ ജീവിതത്തിന്റെ തന്നെ ഗതി നിര്‍ണയിച്ച ഒരു നിമിഷമായിരുന്നു അത്.
അതൊരു അതികഠിനമായ സാഹചര്യമായിരുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. പരീക്ഷക്കാലത്താണ് ഞാനത് തിരിച്ചറിഞ്ഞത്, എന്റെ ജീവിതത്തിലിതാ ഒരു വില്ലനുണ്ട്! കണക്ക്! അതായിരുന്നു ആ വില്ലന്‍. എത്ര ശ്രമിച്ചിട്ടും ഒരു ഗണിതശാസ്ത്ര പാഠവും എന്റെ തലയില്‍ കയറിയില്ല. എത്ര നേരമിരുന്നിട്ടും കണക്കിന്റെ യുക്തി എന്നെ വഴി നടത്തിയില്ല. അതോടെ എന്റെ മന:സമാധാനം നഷ്ടപ്പെട്ടു. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു. ഗ്രേഡുകള്‍ മാറി. അതികഠിനമായ നിരാശയും പരാജയബോധവും എന്നെ കീഴ്‌മേല്‍ മറിച്ചിട്ടു.
എല്ലാം അമ്മ കാണുന്നുണ്ടായിരുന്നു. കണക്കിന്റെ ഇരുമ്പുമതില്‍ ഭേദിക്കാനാവാതെ ഞാന്‍ കഷ്ടപ്പെടുന്നത് അമ്മ അറിയുന്നുണ്ടായിരുന്നു. അമ്മ പിന്നെ ഒന്നിനും കാത്തുനിന്നില്ല. എന്നെ സഹായിക്കാനായി മറ്റെല്ലാം മറന്ന് ഇറങ്ങിത്തിരിച്ചു. എന്നെ കണക്ക് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. വൈകുന്നേരങ്ങളില്‍ മണിക്കൂറുകളോളം എന്നോടൊപ്പം ഇരുന്നു. ക്ഷമയോടെ ഗണിത പാഠങ്ങള്‍ ലളിതമായ ഭാഷയില്‍ വിശദീകരിച്ചു. ഗൃഹപാഠം ചെയ്യുമ്പോള്‍ എന്നെ അകമഴിഞ്ഞ് സഹായിച്ചു.
അതത്ര എളുപ്പമായിരുന്നില്ല. ഈ അവസ്ഥയില്‍ ഞാനാകെ തളര്‍ന്നു. ഇത്രയധികം സഹായം ആവശ്യമുള്ള കുട്ടിയാണ് ഞാനെന്ന് സ്വയം ഞാന്‍ കരുതിവെച്ചു. അതില്‍ എനിക്ക് ലജ്ജ തോന്നി. ഞാന്‍ മാത്രമെന്താണ് ഇങ്ങനെ എന്നാലോചിച്ചു ഞാന്‍ വിഷമിച്ചു. മറ്റുള്ളവരുടെ താങ്ങും തണലുമില്ലാതെ നന്നായി കണക്കു പഠിക്കുന്ന കുട്ടികള്‍ മുന്നില്‍ വന്ന് പരിഹസിക്കുന്നതുപോലെ തോന്നി. എന്നാല്‍, അതൊക്കെ അമ്മ മാറ്റിമറിച്ചു. അമ്മയുടെ അചഞ്ചലമായ പിന്തുണയും പ്രോത്സാഹനവും എന്നെ പിടിച്ചുനിര്‍ത്തി. പതുക്കെപ്പതുക്കെ എന്റെ ആത്മവിശ്വാസം തിരിച്ചുവരാന്‍ തുടങ്ങി.
'നിനക്ക് എന്തും പഠിക്കാന്‍ കഴിയും, അത് എത്ര ബുദ്ധിമുട്ടാണെന്ന് തോന്നിയാലും.' -അമ്മ എന്നോട് പറഞ്ഞു. 'ഒരു സമയം ഒരു ചുവട് വെക്കുക, അത് മറക്കരുത്. ആ ചുവടു വെച്ചു കഴിഞ്ഞാല്‍, പിന്നെ ഒരിക്കലും പിന്തിരിയരുത്...'
അതെനിക്ക് വഴിവിളക്കായി. തളരുമ്പോള്‍ എന്നെ കൈ പിടിച്ചു നടത്തി. ഞാനത്ര മോശമല്ല എന്ന് സ്വയം തിരിച്ചറിഞ്ഞു. അമ്മ പറഞ്ഞതുപോലെ ഞാന്‍ ചെറിയ ചുവടുകള്‍ വെച്ചു. പറ്റില്ലെന്ന് തോന്നിയിട്ടും പിന്തിരിയാതെ മുന്നോട്ടു തന്നെ നടന്നു. പതിയെ, മുമ്പ് അസാധ്യമെന്ന് തോന്നിയ ഗണിത കുരുക്കുകള്‍ എനിക്കു മുന്നില്‍ അഴിഞ്ഞു തുടങ്ങി. കണക്ക് മനസ്സിലായിത്തുടങ്ങി. എന്റെ ഗ്രേഡുകള്‍ മെച്ചപ്പെടാന്‍ തുടങ്ങി, എനിക്ക് ഒരു പുതിയ ആത്മവിശ്വാസം ലഭിച്ചു.
ഇപ്പോഴാലോചിക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്. അന്ന്, ദുഷ്‌കരമായ ആ സമയത്ത് അമ്മ എനിക്കൊപ്പം നിന്നില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിച്ചേനെ എന്ന്! കൃത്യസമയത്ത് അമ്മ നല്‍കിയ പിന്തുണ എന്നെ അടിമുടി മാറ്റിമറിച്ചു. ഇരുട്ടില്‍നിന്നും എന്നെ ആത്മവിശ്വാസത്തോടെ അത് പുറത്തുകൊണ്ടുവന്നു. അതവിടെ തീര്‍ന്നില്ല. പിന്നീടൊരിക്കലും ഒന്നിന്റെ മുന്നിലും ഞാനങ്ങനെ നിന്നുപോയിട്ടില്ല. തളരുമ്പോഴെല്ലാം അന്നത്തെ എന്നെ ഞാനോര്‍ക്കും. അരികിലിരുന്ന് അമ്മ എന്നോട് പറഞ്ഞ വാക്കുകളുടെ കരുത്തോര്‍ക്കും. ഒട്ടും തളരാതെ മുന്നോട്ട് നടക്കാനുള്ള രഹസ്യമന്ത്രമാണ് അമ്മ അന്ന് എന്നില്‍ നട്ടുമുളപ്പിച്ചതെന്ന് ഇന്നെനിക്ക് നന്നായറിയാം.
'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഇതുവരെ വായനക്കാര്‍ എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം.
