ജീവിതത്തിൽ കൈ പിടിച്ചവൻ കയ്യിലാദ്യം വച്ചു തന്നത് 'കാലം'. ആ കൈ പിടിച്ചു കേറിയ വീട്ടിൽ എന്നെ കാത്തിരുന്നത് പൂമുഖത്തിന്‍റെ ഇരുവശത്തും ഒതുങ്ങിയിരിക്കുന്ന രണ്ട് പുസ്തകയലമാരകൾ. അവയ്ക്ക് നടുവിൽ മരക്കസേരയിൽ ഒരു പരന്ന വായനക്കാരൻ, ഒരച്ഛൻ.
ചിത്രങ്ങളില്‍ നിന്നും അക്ഷരങ്ങളിലേക്ക്... പിന്നെപ്പതുക്കെ കഥകളിലേക്ക് ഒടുവിലൊരു വൃത്തം പൂര്‍ത്തിയാക്കും മട്ട് പഴയ ചിത്രകഥകളിലേക്കൊരു മടക്കം. വായന നമ്മുക്കെല്ലാം പലതരത്തിലാണ് അനുഭവപ്പെടുന്നത്. വായനയുടെ കാലത്തെ കുറിച്ചൊരു കുറിപ്പ്, ഒന്നിൽ നിന്ന് തുടങ്ങുന്നുവെന്ന പോലൊരു വായന...
അതൊരു പുസ്തകപ്പുരയായിരുന്നു.
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പുസ്തകങ്ങൾ മാത്രം എന്ന മട്ട്.
ഉമ്മറത്തിണ്ണയിൽ പല മട്ടിലുള്ള വായനക്കാരെ കാത്ത് മാതൃഭൂമി പേപ്പർ നിവർന്ന് കിടക്കും. ആഴ്ചയിൽ ഒരിക്കലെത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആനപ്പുറത്തിരിയ്ക്കുന്ന കിളിക്കുഞ്ഞിന്‍റെ കുഞ്ഞ് കാർട്ടൂണും ബാലപംക്തിയും കുട്ടേട്ടനെന്ന കുഞ്ഞുണ്ണി മാഷും മാത്രം ഞങ്ങളോട് മിണ്ടാൻ വരും.
ഉമ്മറത്ത് എത്തി ആദ്യം പേപ്പർ വായിക്കുന്നത് അമ്മച്ഛനാണ്. രാവിലത്തെ കഞ്ഞി കുടിയ്ക്ക് മുമ്പ്.
ഒമ്പത് മണി ഒക്കെയാവുമ്പോ ഞങ്ങളിലൊരാളെ വിളിക്കും. എഡിറ്റോറിയൽ പേജ് മാത്രം കൊണ്ടുപോയി കൊടുക്കാൻ. ആ ദിവസത്തെ ഞങ്ങളുടെ പത്രം വായന അപ്പോഴാണ്. മറിച്ച് മറിച്ച് സൂര്യൻ ഉദിച്ചു വരുന്ന ചിത്രം അടയാളം നോക്കി പേജ് കണ്ടുപിടിയ്ക്കും. അമ്മച്ഛന്‍റെ അറയിലെത്തും മുമ്പ് 'ഇന്നത്തെ ചിന്താവിഷയം' വായിച്ചിട്ടുണ്ടാവും.
ഓണമാവുമ്പോൾ ആഴ്ചപ്പതിപ്പിനും ഓണക്കോടി കിട്ടും. കയ്യിൽ കിട്ടിയ പാടെ നടുപ്പേജിലേക്ക് മറിയ്ക്കും. ഭംഗിയുള്ള ഓണച്ചിത്രങ്ങൾ കാണാൻ.
പഴയ പത്രങ്ങളും ആഴ്ചപ്പതിപ്പുകളും വായന കഴിഞ്ഞാൽ കേറിപ്പോവുന്നത് കോണിയ്ക്ക് മുകളിലെ ഇടനാഴിയിലേക്കാണ്. അതിനരികിൽ ഒരിടത്ത് ഒരു പഴയ മരയലമാര ഒതുങ്ങിയിരിപ്പുണ്ട്. ബന്ധങ്ങളുടെ കണക്ക് സൂക്ഷിയ്ക്കാനറിയാത്ത മണിമാമയെന്ന കണക്ക് മാഷ്ടെ പുസ്തക സമ്പാദ്യം. കണക്കിന്‍റെ കണക്കില്ലാത്തത്ര പുസ്തകങ്ങളും. എം പി വീരേന്ദ്ര കുമാറിന്‍റെ 'രാമന്‍റെ ദുഃഖ'വും തകഴിയുടെ 'കയറും' അങ്ങനെ പേരറിയാപ്പുസ്തകങ്ങൾ അകൽച്ചയില്ലാതെ ഒരുമിച്ചിരിയ്ക്കും.
ഒരു കെട്ട് ബലൂണുകളുടെ ചിത്രം പുറംചട്ടയിലുള്ള, തുന്നലിളകി ആട്ടം തുടങ്ങിയ സചിത്ര അക്ഷരമാലാ പുസ്‌തകം ഉണ്ടായിരുന്നു സ്വന്തമായിട്ട്. എല്ലാ അക്ഷരങ്ങളെയും ചിത്രങ്ങളെയും ചോറുംവറ്റു വച്ച് ഉള്ളിലൊട്ടിച്ചു വച്ചെങ്കിലും 'ഐ'യും 'ഐവരും' എന്തോ, ഒരു ഒരു പശയിലും ഒട്ടാതെ വിട്ടു നിന്നു.
അമ്മച്ഛന്‍റെ പെൻഷനും വല്ല്യോർക്കുള്ള ചില കത്തുകളും മാത്രം കൊണ്ടുവരാറുണ്ടായിരുന്ന, ആ കട്ടിമീശക്കാരൻ പോസ്റ്റ്മാൻ ഇടയ്ക്ക് വച്ചെപ്പോഴോ എന്‍റെ പേരെഴുതിയ രണ്ട് പോസ്റ്റൽ കവറുകളുമായി ഉച്ചനേരത്ത് വന്നു തുടങ്ങി. ഏതോ കടലിനപ്പുറത്ത് നിന്നും അച്ഛൻ അയച്ചിരുന്ന കളിക്കുടുക്കയും അമർചിത്രകഥയും.
ബാലരമ വരുന്ന ദിവസം ഞങ്ങളുടെ വഴക്ക് തീർക്കാൻ അമ്മമ്മയും മട്ടിച്ചുള്ളലും സംഘം ചേരും.
ഒരു കല്യാണ വീടിന്‍റെ ജനലരികിലിരുന്നാണ് ആദ്യമായി ഞങ്ങൾ മാജിക് മാലു വായിക്കുന്നത്. അതും തല്ലു കൂടാതെ. 'ബാലഭൂമി' എന്ന വാക്ക് മറക്കാതിരിക്കാൻ വീടെത്തുന്നതുവരെ ഉരുവിട്ടത് അത് മാത്രം. അടുത്ത തവണ മുതൽ ബാലരമയും ബാലഭൂമിയും ഒരുമിച്ച് വന്നു തുടങ്ങി. അമ്മമ്മയ്ക്കും മട്ടിച്ചുള്ളലിനും ഇടയിൽ അകലം വന്നു.
യുറീക്ക, മാസത്തിലൊരിക്കൽ കയ്യിലെത്തി. അതിലെ കഥകൾ മാത്രം പെറുക്കിയെടുത്ത് വായിച്ചു. അതുകൊണ്ട് തന്നെ യുറീക്ക വിജ്ഞാനോത്സവത്തിൽ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം കണ്ണും മിഴിച്ചിരുന്ന് കേട്ടു. ഉത്തരമറിയാതെ.
പുഴക്കരയിലുള്ള ശിവന്‍റെ അമ്പലത്തിൽ ഇടയ്ക്ക് പോവുന്നത് ആ കുഞ്ഞ് കുഞ്ഞ് പുസ്തകങ്ങൾക്ക് വേണ്ടിയാണ്. ജ്ഞാനപ്പാനയും ഹരിനാമ കീർത്തനവും സഹസ്രനാമവും.
ഇടയിൽ ഏതെങ്കിലും ദിവസങ്ങളിൽ ചോക്ക് കഷ്ണം തിരയുന്നതിനിടെ അമ്മയുടെ ബാഗിൽ 'തളിരും', 'വിദ്യാരംഗവും' തടയും.
'മുത്തശ്ശി'യെ വായിക്കുന്നത് കൊല്ലത്തിൽ ഒന്നോ രണ്ടോ തവണയുള്ള ഗുരുവായൂർ പോക്കിൽ, തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്ന് കൊണ്ടാണ്.
ബാലമംഗളത്തിന്‍റെ പഴയ ലക്കങ്ങൾ അച്ഛമ്മ വീട്ടിലെ പഴയ പട്ടാളപ്പെട്ടിയിൽ നിന്നും തപ്പിത്തെരഞ്ഞെടുക്കും.
വല്ല്യമ്മേടെ സാരിത്തുമ്പും പിടിച്ച് കോരനാലിനെ ചുറ്റി, ആ കുന്ന് കേറി മറിഞ്ഞ് സ്‌കൂൾ വിട്ടു വരുമ്പോഴാണ് വല്ല്യമ്മ ഓരോരോ കഥക്കെട്ട് അഴിക്കുന്നത്. കഥ പകുതി ആവുമ്പോൾ, "ബാക്കി കഥ സ്കൂളിലെ ലൈബ്രറിയിലെ ഇന്ന പുസ്തകത്തിലുണ്ട്" എന്നൊരൊറ്റ വാചകത്തിൽ അഴിച്ച കഥക്കെട്ട് വീണ്ടും മുറുക്കി കെട്ടും. അങ്ങനെയാണ് ആ സ്കൂൾ ലൈബ്രറിയിലെ 'മിട്ടായിപ്പൊതി' നുണഞ്ഞതും 'ഒരു കൂട പഴങ്ങൾ' രുചിച്ചതും.
വേനലവധിയുടെ നട്ടുച്ച - നട്ടപ്പാതിരാ നേരങ്ങൾ പുസ്തകങ്ങൾക്കുള്ളിൽ അടയിരുന്നു. വിരിഞ്ഞത് വായന പകർന്ന ഭാവനാ ലോകങ്ങൾ.
പഠനത്തിനിടയ്ക്ക്,
ജോലിസ്ഥലങ്ങൾക്കിടയ്ക്ക്,
ജീവിയ്ക്കുന്നതിനിടയ്ക്ക്
പുസ്തകപ്പച്ച കണ്ടിടത്തേയ്ക്കെല്ലാം നേരമുണ്ടാക്കി പാഞ്ഞ് ചെന്നു.
ജീവിതത്തിൽ കൈ പിടിച്ചവൻ കയ്യിലാദ്യം വച്ചു തന്നത് 'കാലം'. ആ കൈ പിടിച്ചു കേറിയ വീട്ടിൽ എന്നെ കാത്തിരുന്നത് പൂമുഖത്തിന്‍റെ ഇരുവശത്തും ഒതുങ്ങിയിരിക്കുന്ന രണ്ട് പുസ്തകയലമാരകൾ. അവയ്ക്ക് നടുവിൽ മരക്കസേരയിൽ ഒരു പരന്ന വായനക്കാരൻ, ഒരച്ഛൻ.
എന്‍റെ വായന എത്ര ചുരുക്കപ്പെട്ടതാണെന്ന് എന്നോട് പറഞ്ഞത്, ആ വീട്ടിലെ അലമാരകളായിരുന്നു. ബഷീറും ഓർഹൻ പാമുക്കും രാജലക്ഷ്‌മിയും ദസ്തയേവ്സ്കിയും എംടിയും ഡാൻ ബ്രൗണും പാവ്ലൊ കൊയ്‍ലോയും ചേതൻ ഭഗത്തും സുഭാഷ് ചന്ദ്രനും തുടങ്ങി കേട്ടവരും കേൾക്കാത്തവരുമായ അസംഖ്യം എഴുത്തുകാർ സ്വന്തം സ്ഥലമുണ്ടാക്കി പരന്നിരുന്നു. ഒപ്പം ഖുർആൻ വ്യാഖ്യാനങ്ങളും എൻസൈക്ലോപീഡിയയുടെ എണ്ണമില്ലാ വോള്യങ്ങളും.
എന്‍റെ വായനയുടെ പരപ്പളവ് ഒരണുവോളം ചെറുതെന്ന് എന്നോട് വിളിച്ചു പറഞ്ഞത് ഇരുത്തം വന്ന അച്ഛനെന്ന ആ വായനക്കാരനാണ്.
എന്നിട്ടും വായന ഇപ്പോഴും പരന്നു തുടങ്ങിയിട്ടില്ല. എത്തിനിൽക്കുന്നത്, 'കുഞ്ഞുണ്ണി' കഥകളിലും, കളിക്കുടുക്കയിലും.
വായന ഒന്നിൽ നിന്ന് തുടങ്ങുന്നുവെന്ന പോലെ...
