Asianet News MalayalamAsianet News Malayalam

കേരള പുനർ നിർമ്മാണത്തെപ്പറ്റി ഇനിയെങ്കിലും സര്‍ക്കാര്‍ വ്യക്തമാക്കണം

ഓഖി കാലത്ത് ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം നക്കാപ്പിച്ച സംഭാവന കൊടുത്ത വാർത്ത വരുന്നുണ്ട്. സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ സമാന സ്ഥിതിയാണ്. ഈ സാഹചര്യത്തിലും നിയമപരമായി സർക്കാരിന് ഒന്നും ചെയ്യാനില്ല. 

cover story kerala rebuilding
Author
Thiruvananthapuram, First Published Sep 17, 2018, 6:35 PM IST

കഴിവിനൊത്ത സംഭാവന സ്വീകരിക്കാതെ നിർബന്ധം പിടിച്ച് സർക്കാർ ജീവനക്കാരെ നികൃഷ്ട ജീവികളായി കണക്കാക്കുന്നു എന്നാണ് എൻജിഒ അസോസിയേഷന്‍റെ വിമർശനം. സർക്കാർ നിർബന്ധം പിടിക്കുന്നു എന്ന് പറയുന്നത് ശരിയാണ്. ഇത് നാടിന് വേണ്ടിയാണ്, പല ഘട്ടങ്ങളായി കൊടുത്താൽ മതി, സഹജീവികൾക്കായി അൽപ്പം കഷ്ടപ്പാട് സഹിക്കാം എന്ന് സംഘടനാ അംഗങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം കൂടി യുഡിഎഫ് സംഘടനാ നേതൃത്വം കാണിക്കേണ്ടിയിരുന്നു. അങ്ങനെ ഒരു ക്രിയാത്മക വശം കൂടി സംഘടനാ പ്രവർത്തനത്തിന് ഉണ്ട്.

cover story kerala rebuilding

കേരള പുനർനിർമ്മാണത്തിന് രൂപരേഖയുണ്ടാക്കുന്നത് ആരൊക്കെയാണ്? കെപിഎംജി മാത്രമാണോ? എന്തൊക്കെയാണ് അവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം? ഏതൊക്കെ മേഖലകളിലാണ് പുനർനിർമ്മാണം നടക്കുന്നത്? പുതിയ കെട്ടിടങ്ങളും, ഓവർ ബ്രിഡ്ജുകളും, പാലങ്ങളും ഒക്കെയാണോ പുനർനിർമ്മാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതിൽ നിയമഭേദഗതികളുണ്ടോ? പുനർനിർമ്മാണത്തിനും, ദുരിതാശ്വാസത്തിനും ഉള്ള ഫണ്ട് രണ്ടായിട്ടാണോ സർക്കാർ കൈകാര്യം ചെയ്യുന്നത്? ആളുകൾ നൽകണം എന്നാവശ്യപ്പെടുന്ന ഒരു മാസത്തെ ശമ്പളം അടക്കമുള്ള സംഭാവനകൾ ദുരിതാശ്വാസത്തിനാണോ, പുനർനിർമ്മാണത്തിനാണോ സർക്കാർ ഉപയോഗിക്കാൻ പോകുന്നത്? പുനർനിർമ്മാണത്തിന് എല്ലാവരും പണം തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ പുനർ നിർമ്മാണത്തെപ്പറ്റി ഒരു നാല് വാചകമെങ്കിലും വ്യക്തതയോടെ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചോദിച്ച പണം കേന്ദ്രസർക്കാർ തന്നില്ല. കേന്ദ്രം അവഗണിച്ചു, ചെയ്തത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ഒരുപാടുപേർ പറയുന്നു. അതവിടെ നിൽക്കട്ടെ, കേന്ദ്ര പദ്ധതികളിൽ പെടുത്തി പണം നൽകാമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനമുണ്ടായിരുന്നു. കേരളം പദ്ധതിരേഖ ഉണ്ടാക്കിയിട്ടുണ്ടോ? പ്രളയശേഷം ഭൂഗർഭ ജലനിരപ്പ് താഴ്ന്നുപോകുന്നതിനെപ്പറ്റി പഠിക്കാൻ ആരെയാണ് നിയോഗിച്ചിരിക്കുന്നത്? ഇടുക്കിയിലും വയനാട്ടിലും ഭൂമി വിണ്ടുകീറുന്നുണ്ട്. ആരാണ് ഈ പ്രതിഭാസം പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നത്? ഓഖി കാലത്തുതന്നെ പുനസംഘടിപ്പിക്കാൻ തീരുമാനിച്ച ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യം എന്തായി? മന്ത്രി വിഎസ് സുനിൽ കുമാറിനെയും സർക്കാർ നയത്തേയും പരസ്യമായി തള്ളിപ്പറഞ്ഞ റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനെതിരെ മന്ത്രി തന്നെ നൽകിയ പരാതിയിൽ നടപടി ഉണ്ടായോ? പ്രളയജലം ഇറങ്ങിയതിന് ശേഷം നാടും നാട്ടുകാരും ചോദിക്കുന്ന ഇത്തരം ചോദ്യങ്ങൾ നാട്ടിലെ മന്ത്രിസഭ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതല്ലേ? പിണറായി വിജയൻ വന്നിട്ട് മാത്രമേ എല്ലാം ചർച്ച ചെയ്ത് തീരുമാനിക്കൂവെന്ന് എങ്ങനെ പറയാനാകും. പണപ്പിരിവ് നടത്തുന്നതിന് മാത്രമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ആവശ്യമില്ലാത്തത്. ദുരിതാശ്വാസം സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതിന് പണം കണ്ടെത്തേണ്ട ബാധ്യത സർക്കാരിനുള്ളതാണ്. ആളുകൾ സ്വമനസാലെ തന്നാൽ നല്ലത്. നവകേരള നിർമ്മാണം വളരെ നല്ല ആശമയമാണ്. പക്ഷെ, എന്ത് നിർമ്മിക്കുന്നു എന്നറിയാതെ എന്തിന് പണം തരണം എന്ന് തിരിച്ചു ചോദ്യം വന്നാൽ ഉത്തരം പറയണം. ദുരിതാശ്വാസവും പുനർനിർമ്മാണവും രണ്ടായി കണ്ട് രണ്ട് അക്കൗണ്ട് ഉണ്ടാക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.

ശമ്പളവും പെൻഷനുമാണ് സർക്കാരിന്‍റെ ഏറ്റവും വലിയ ചെലവ്

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിവിന് ഏർപ്പെടുത്തിയാൽ അതിന് പിന്നിൽ വലിയ അഴിമതി നടക്കുമെന്ന് വിഡി സതീശൻ എംഎൽഎ പറയുന്നു. 25 ലക്ഷം രൂപ ടാർഗറ്റിട്ട് ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനോട് പണം പിരിക്കാൻ പറഞ്ഞാൽ അവൻ ഒരു കോടി രൂപ പിരിക്കും. 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും, ഉദ്യോഗസ്ഥർമാരെക്കൊണ്ട് പണം പിരിപ്പിക്കുന്ന നാണം കെട്ട പരിപാടിയാണ് നടക്കുന്നത്. ഇതാണ് സതീശന്‍റെ വിമർശനം. ഈ സാഹചര്യത്തിൽ വേണം സാലറി ചലഞ്ച് എന്ന ഓമനപ്പേരിൽ ഒരു മാസത്തെ ശമ്പളം പിടിച്ചുവാങ്ങുന്നതിനെപ്പറ്റി പറയാൻ.

ശമ്പളവും പെൻഷനുമാണ് സർക്കാരിന്‍റെ ഏറ്റവും വലിയ ചെലവ്. സർക്കാർ ഒരു പദ്ധതിക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ സർക്കാരിന്‍റെ ശമ്പളം വാങ്ങുന്ന  ജീവനക്കാർ പല ഘട്ടങ്ങളായാണെങ്കിലും ഒരു മാസത്തെ ശമ്പളം നൽകേണ്ടതാണ്. അത് നൽകാനുള്ള മാനസികമായ, ധാർമ്മികമായ ബാധ്യത ഉദ്യോഗസ്ഥർക്കുണ്ട്. കൃത്യമായി ശമ്പളം കിട്ടുന്നുണ്ട്. ഇടക്കിടെ വർദ്ധന ഉണ്ടാകുന്നുണ്ട്. ഡിഎ കിട്ടുന്നുണ്ട്. അവധികളുണ്ട്, ആനുകൂല്യങ്ങളുണ്ട്, വിരമിച്ചാൽ കൃത്യമായി പെൻഷനുമുണ്ട്. ഇത്രയും സുഖസൗകര്യങ്ങളുള്ള സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകില്ല എന്നുപറയുന്നത് ശരിയായ കാര്യമല്ല. പക്ഷേ, സർക്കാർ ഈ ശമ്പളം പിടിച്ചുവാങ്ങാനായി ഇറങ്ങരുത്. കൊടുക്കാൻ പറ്റാത്തവർക്ക് അറിയിക്കാം എന്നതാണ് സർക്കാർ നയം. പക്ഷെ, അത് അറിയിച്ചയാളെ സ്ഥലം മാറ്റി, അത് വാർത്തയായപ്പോൾ ആ ഉത്തരവ് റദ്ദാക്കി. എന്ത് സന്ദേശമാണ് സർക്കാർ ശമ്പളം നൽകാൻ സന്നദ്ധമല്ല എന്നറിയിക്കാനിരിക്കുന്ന ജീവനക്കാർക്ക് നൽകുന്നത്?

യുഡിഎഫ് സർക്കാർ ലീവ് സറണ്ടർ ഇല്ലാതാക്കുകയും ഡിഎ മരവിപ്പിക്കുകയും,  അഡ്വാൻസ് സമ്പ്രദായം ഇല്ലാതാക്കുകയും, പുതിയതായി സർവീസിലേക്ക് വരുന്നവർക്ക് അടിസ്ഥാനശമ്പളം മാത്രം നൽകുകയും ഒക്കെ ചെയ്ത 2002 മറക്കണ്ട എന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. അങ്ങനെ വരെ അന്നത്തെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സംഭാവന നൽകാൻ തയ്യാറല്ലെങ്കിൽ വേണ്ട എന്നു പറഞ്ഞാൽ മതി എന്നാണ് സർക്കാരിന്‍റെ നയം, അതിന് ചെറിയ ചമ്മലുണ്ടാകും, ബഹളത്തിന്‍റേയും സമരത്തിന്‍റേയും ആവശ്യമെന്താണെന്നും ഐസക് ചോദിക്കുന്നു.

എന്നാൽ, മുഖ്യമന്ത്രി മരണ വീട്ടിലെ പോക്കറ്റടിക്കാരനായി മാറിയിരിക്കുകയാണ് എന്നാണ് കെ.മുരളീധരന്‍റെ പരിഹാസം. ദുരന്തത്തിൽ പെട്ടവരുടെ പോക്കറ്റുപോലും കൊള്ളയടിക്കുന്ന കേരള ചരിത്രത്തിൽ ആദ്യമാണെന്നും മുരളീധരന്‍റെ വിമർശനം. കേരളത്തിലെ പ്ലാന്‍റേഷനുകളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാത്തത് എന്തെന്ന് പിടി തോമസ് ചോദിക്കുന്നു. നിയമസഭാ കമ്മിറ്റിയടക്കം നികുതിഘടന പുനസംഘടിപ്പിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. അപ്രകാരം പുനസംഘടിപ്പിച്ച് പിരിഞ്ഞുകിട്ടാനുള്ള കോടിക്കണക്കിന് രൂപയുടെ നികുതി പിരിച്ചെടുക്കാത്തതെന്തേ എന്നും പിടി തോമസിന്‍റെ ചോദ്യം. സർക്കാർ ജീവനക്കാരടക്കമുള്ളവരെ ഭയപ്പെടുത്തി മുൾമുനയിൽ നിർത്തി പണം പിരിച്ചെടുക്കുന്നത് നവകേരള സൃഷ്ടിക്ക് നല്ലതല്ല, ചൈനയിലോ പണ്ടത്തെ സോവിയറ്റ് റഷ്യയിലോ ഒക്കെ ചെയ്യാവുന്ന കാര്യമാണെന്നും പിടി തോമസ്. പിടിതോമസ് ഇങ്ങനെയൊന്നും ചോദിക്കരുത്. ഇതുപോലെ ഒരുപാട് വഴികൾ വേറെയുമുണ്ട്.

ഓഖി കാലത്ത് ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം നക്കാപ്പിച്ച സംഭാവന കൊടുത്ത വാർത്ത വരുന്നുണ്ട്

മനസാക്ഷിയും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഏതൊരാൾക്കും യോജിക്കാവുന്ന ഇതിൽക്കൂടുതൽ ഉദാരപരമായ ഒരു സമീപനം സർക്കാരിന്‍റെ ഭാഗത്തുനിന്ന് വരാനില്ലെന്ന് സർക്കാർ അനുകൂല സംഘടനയായ കേരള എൻജിഒ യൂണിയൻ നേതാവ് ടിസി മാത്തുക്കുട്ടി പറയുന്നു. സർക്കാരിനെ ഒരു മാനേജ്മെന്‍റായി കണ്ടാൽ അതിന്‍റെ തൊഴിലാളികളാണ് ജീവനക്കാർ. മാനേജ്മെന്‍റ് ഒരു പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ, കേരളത്തിന്‍റെ, നഷ്ടത്തിന്‍റെ സ്ഥിതിയറിഞ്ഞ് പൂർണ അർത്ഥത്തിൽ സഹകരിക്കും എന്നും അദ്ദേഹം പറയുന്നു.  പ്രതിപക്ഷ അനുകൂല സംഘടനയായ FETO നേതാവ് പി.സുനിൽ കുമാറിന്‍റെ അഭിപ്രായം മറിച്ചാണ്. സംഭാവന പിരിക്കാൻ സർക്കുലർ ഇറക്കാം, എന്നാൽ, നിയമവിരുദ്ധമായി ഈടാക്കാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടും.

ഓഖി കാലത്ത് ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം നക്കാപ്പിച്ച സംഭാവന കൊടുത്ത വാർത്ത വരുന്നുണ്ട്. സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ സമാന സ്ഥിതിയാണ്. ഈ സാഹചര്യത്തിലും നിയമപരമായി സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇതൊക്കെ ഒരു മാനസികനിലയാണ്. ഉള്ളതിൽ നിന്ന് ഒരുപങ്ക് സഹജീവികൾക്ക് കൊടുക്കാം എന്ന് വിചാരിക്കുന്നത് ഒരു നില. സ്വന്തം കാര്യം കഴിഞ്ഞിട്ടുമതി എന്ന് തീരുമാനിക്കുന്നത് മറ്റൊരു നില. കുറേക്കൂടി സമ്പാദിച്ചിട്ടുമതി എന്നത് വേറൊരു നിലപാട്. ഈ നിലപാടുകൾ വ്യക്ത്യാധിഷ്ടിതമാണ്. അതിന് വ്യക്തികൾക്ക് സ്വാതന്ത്ര്യവുമുണ്ട്. സർക്കാർ, ആ സ്വാതന്ത്ര്യത്തിൽ ബലപ്രയോഗം നടത്തുന്നത് ശരിയല്ല. അല്ലെങ്കിൽ പിന്നെ യുവജനോത്സവത്തിന്‍റെ ഗ്രേസ് മാർക്ക് പോലെ ഒരു പ്രോത്സാഹനം ജീവനക്കാ‍ർക്കായി പ്രഖ്യാപിക്കേണ്ടിയിരുന്നു. സ്വയം പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് പണം മുടക്കാൻ ആളുകൾക്ക് മടി വരുന്നത് സ്വാഭാവികമായ കാര്യമാണ്.

കഴിവിനൊത്ത സംഭാവന സ്വീകരിക്കാതെ നിർബന്ധം പിടിച്ച് സർക്കാർ ജീവനക്കാരെ നികൃഷ്ട ജീവികളായി കണക്കാക്കുന്നു എന്നാണ് എൻജിഒ അസോസിയേഷന്‍റെ വിമർശനം. സർക്കാർ നിർബന്ധം പിടിക്കുന്നു എന്ന് പറയുന്നത് ശരിയാണ്. ഇത് നാടിന് വേണ്ടിയാണ്, പല ഘട്ടങ്ങളായി കൊടുത്താൽ മതി, സഹജീവികൾക്കായി അൽപ്പം കഷ്ടപ്പാട് സഹിക്കാം എന്ന് സംഘടനാ അംഗങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം കൂടി യുഡിഎഫ് സംഘടനാ നേതൃത്വം കാണിക്കേണ്ടിയിരുന്നു. അങ്ങനെ ഒരു ക്രിയാത്മക വശം കൂടി സംഘടനാ പ്രവർത്തനത്തിന് ഉണ്ട്. ഇതൊക്കെ പറയുമ്പോഴും വീണ്ടും കവർ സ്റ്റോറി ആവർത്തിക്കുകയാണ്. നവകേരള നിർമ്മിതിയെപ്പറ്റി വ്യക്തതയോടെ കുറച്ചു കാര്യങ്ങളെങ്കിലും പറഞ്ഞിട്ട്, ‘പണം താ, പണം താ’ എന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിൽ എത്രയോ നന്നായിരുന്നേനെ? അതിനും മുഖ്യമന്ത്രി വരാൻ കാത്തിരിക്കുകയാണോ?
 

Follow Us:
Download App:
  • android
  • ios