Asianet News MalayalamAsianet News Malayalam

ശബരിമലയിലെ അടിസ്ഥാന സൗകര്യം:  ഉത്തരവാദി കേരളസര്‍ക്കാര്‍ മാത്രമാണ്

തെരുവിലിറങ്ങിയ സ്ത്രീകളുടെ കൂട്ടത്തില്‍ പല രാഷ്ട്രീയകക്ഷികളിലുമുള്ളവരുണ്ട്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാരലംഘനമാകും എന്ന് കരുതുന്നവര്‍. ഇവരുടെ ബലത്തിലും ദൗര്‍ബല്യത്തിലുമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയക്കണ്ണ്.- സിന്ധു സൂര്യകുമാര്‍ എഴുതുന്നു

Cover story  on Sabarimala by Sindhu Suryakumar
Author
Thiruvananthapuram, First Published Nov 20, 2018, 5:44 PM IST

അതുകൊണ്ട് ഭാര്‍ഗവറാമായാലും കെ.പി.ശശികലയായാലും അതല്ല, അമിത് ഷാ തന്നെ വന്നാലും പൊലീസ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ചേ പറ്റൂ. പക്ഷേ, നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കരുത്. 

Cover story  on Sabarimala by Sindhu Suryakumar

കോടതിവിധി നടപ്പാക്കും എന്ന് പറയുകയും ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു ഭാഗത്ത്. ഏത് കോടതി പറഞ്ഞാലും യുവതികളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും പറയുന്ന ബിജെപി മറുഭാഗത്ത്. സര്‍ക്കാരിനൊപ്പം നില്‍ക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, ബിജെപിക്കൊപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട് - ഏതാണ്ട് ബിജെപിക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് വേറൊരു ഭാഗത്ത്. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ മണ്ഡല-തീര്‍ഥാടനകാലം തുടങ്ങിയിരിക്കുന്നത്. 

യഥാര്‍ഥവിശ്വാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ആചാരലംഘനം എന്നാല്‍ വിശ്വാസലംഘനമാണെന്ന് കരുതുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. സര്‍ക്കാര്‍ കുറച്ച് നേരത്തേ തന്നെ സാവകാശം തേടി സുപ്രീംകോടതിയില്‍ പോകേണ്ടതായിരുന്നു എന്ന് കരുതുന്ന ഈ ജനവിഭാഗം യഥാര്‍ത്ഥത്തിലുള്ള വിശ്വാസികളാണ്. ഇവരുടെ ബലത്തിലാണ് ബിജെപിയും കോണ്‍ഗ്രസും ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയക്കണ്ണോടെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നതും.

തെരുവിലിറങ്ങിയ സ്ത്രീകളുടെ കൂട്ടത്തില്‍ പല രാഷ്ട്രീയകക്ഷികളിലുമുള്ളവരുണ്ട്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാരലംഘനമാകും എന്ന് കരുതുന്നവര്‍. ഇവരുടെ ബലത്തിലും ദൗര്‍ബല്യത്തിലുമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയക്കണ്ണ്. നുണകളുടെ മഹാപ്രവാഹത്തില്‍ സത്യത്തിനും വസ്തുതകള്‍ക്കും സ്ഥാനമില്ലാതെയായ കാലമാണിത്. 1991 വരെ മാസപൂജാ സമയത്ത് യുവതികള്‍ ദര്‍ശനത്തിനെത്തിയിരുന്നു എന്ന് തന്ത്രികുടുംബമടക്കം നല്‍കിയ രേഖകള്‍ സുപ്രീംകോടതിയിലുണ്ട്. ശബരിമല ക്ഷേത്രം പണം വാങ്ങി പന്തളം രാജകുടുംബം കൈമാറിയതാണ് എന്ന് ചരിത്രരേഖകള്‍. ഇതെല്ലാം മറച്ചുവയ്ക്കുകയും ശബരിമലയുടെ ചരിത്രം 1991-ന് ശേഷം മാത്രമെന്ന് ചുരുക്കുകയും ചെയ്ത് പ്രചരിപ്പിക്കുകയുമാണ് തല്‍പ്പരകക്ഷികള്‍ ചെയ്തത്.  

നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കരുത്. 

ആചാരങ്ങള്‍ പാലിക്കാനും അതിന് വേണ്ടി വാദിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. പക്ഷേ അതിന് വേണ്ടി ഇപ്പോള്‍ നടക്കുന്നത് ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങളാണ്. ശബരിമലയില്‍ വിശ്വാസികള്‍ തീര്‍ഥാടനത്തിനെത്തുമ്പോള്‍ അവിടെ രാഷ്ട്രീയക്കണ്ണിടുന്നത് നെറികേടാണ്. 

''മരക്കൂട്ടത്തിനടുത്ത് കിടന്നുറങ്ങുകയായിരുന്ന എന്നെ ഏറെക്കുറെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായി. ഇരുമുടിക്കെട്ട് മുദ്രയുമായി വന്നതാണ് ഞാന്‍'', എന്നാണ് കെ.പി.ശശികല അറസ്റ്റിലായി കോടതിയിലേക്ക് പോകുംമുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്.  

ശബരിമലയിലെത്തുന്ന യഥാര്‍ത്ഥ വിശ്വാസികളുടെ കുത്തകാവകാശികളല്ല ഭാര്‍ഗവറാമും കെ.പി.ശശികലയും. അവര്‍ ഒരു സംഘടനയുടെ നേതാക്കളാണ്. ശബരിമലയില്‍ സമാധാനപൂര്‍വം തീര്‍ഥാടനം നടക്കണമെങ്കില്‍ അവിടെ കലാപം ഉണ്ടാകരുത്. അതുറപ്പ് വരുത്തേണ്ടത് പൊലീസിന്റെ ചുമതലയാണ്. 

നരേന്ദ്രമോദി സര്‍ക്കാര്‍, അഥവാ കേന്ദ്രസര്‍ക്കാര്‍ ശബരിമലയിലുണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് പിണറായി സര്‍ക്കാരിന്, അഥവാ കേരളസര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതനുസരിച്ച് പൊലീസിന് കരുതലെടുക്കേണ്ടതുണ്ട്. അവസരം മുതലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, അതുകൊണ്ട് പാസേര്‍പ്പെടുത്തുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞല്ലോ. കലാപം ഉണ്ടാക്കാനുള്ള ശ്രമമുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച കമ്മീഷണറാണ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പിണറായി വിജയന്റെപൊലീസല്ല.   

അതുകൊണ്ട് ഭാര്‍ഗവറാമായാലും കെ.പി.ശശികലയായാലും അതല്ല, അമിത് ഷാ തന്നെ വന്നാലും പൊലീസ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ചേ പറ്റൂ. പക്ഷേ, നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കരുത്. 

രാത്രി തങ്ങാന്‍ അനുവദിയ്ക്കില്ല, നട അടയ്ക്കുന്ന 10 മണിയോടെ അപ്പം-അരവണ കൗണ്ടര്‍ അടയ്ക്കണം, 11 മണിയോടെ അന്നദാനകേന്ദ്രങ്ങള്‍ അടയ്ക്കണം, ദേവസ്വം ബോര്‍ഡിന്‍േറതുള്‍പ്പടെ കെട്ടിടങ്ങള്‍ ആര്‍ക്കും വാടകയ്ക്ക് നല്‍കരുത് - എന്നിവയൊക്കെയായിരുന്നു പൊലീസ് ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍.

വൈകിട്ട് മല കയറുന്ന തീര്‍ഥാടകര്‍ പൊതുവെ വിരി വച്ച് സന്നിധാനത്ത് തങ്ങി പുലര്‍ച്ചെ ദര്‍ശനം നടത്തി നെയ്യഭിഷേകം നടത്തിയ ശേഷമാണ് മലയിറങ്ങിയിരുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന അപ്പം-അരവണ കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്ന വരുമാനം ചില്ലറയല്ല. അതുകൊണ്ടുതന്നെയാണ് നിയന്ത്രണങ്ങളില്‍ തുറന്ന അതൃപ്തി രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്.  

''ആചാരപരമായ ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് ഉദ്ദേശിക്കുന്നില്ല'' എന്ന് തന്നെയാണ് പൊലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ശേഷം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. അപ്പം-അരവണ കൗണ്ടറുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് പിന്നീട് ഡിജിപി വിശദീകരിച്ചു.

ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്ന, തല്‍പ്പരകക്ഷികള്‍ക്ക് ആയുധമേകുന്ന പണി പൊലീസ് നിര്‍ത്തിയാലേ തീര്‍ഥാടനകാലം സുഗമമായി കൊണ്ടുപോകാനാകൂ. ഒരു ശശികലയ്ക്ക് പൊലീസ് നിയന്ത്രണം ബാധകമാക്കരുത് എന്ന പേരിലാണ് ഹിന്ദു സംഘടനകള്‍ സംസ്ഥാനത്താകെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് അക്രമം നടത്തി തീര്‍ഥാടകരെയടക്കം വലച്ചത്. ശശികലയും ഭാര്‍ഗവറാമും ഏത് വിശ്വാസിയ്ക്ക് വേണ്ടിയാണ് നില്‍ക്കുന്നതെന്ന് വ്യക്തമായി. 

തെരുവിലിറങ്ങിയ സ്ത്രീകളുടെ കൂട്ടത്തില്‍ പല രാഷ്ട്രീയകക്ഷികളിലുമുള്ളവരുണ്ട്.

ഇനി അടുത്ത കാഴ്ച! 

''ഞങ്ങളെ പേടിയുള്ളതുകൊണ്ടല്ലേ വിമാനത്താവളം മുതല്‍ പ്രതിഷേധം തുടങ്ങിയത്? ഇത് ഞങ്ങളുടെ വിജയമാണ്. പമ്പയിലോ, നിലയ്ക്കലോ എത്തിയാല്‍ ഞങ്ങള്‍ മല കയറി ദര്‍ശനം നടത്തുമെന്ന് അവര്‍ക്കറിയാം. ഇവിടെ തുടര്‍ന്നാല്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ട് തല്‍ക്കാലം മടങ്ങുന്നു. ക്രമസമാധാനം തകര്‍ക്കുകയോ അക്രമമുണ്ടാക്കുകയോ അല്ല ഞങ്ങളുടെ ലക്ഷ്യം. ഉടന്‍ ശബരിമലയില്‍ വരും. അന്ന് ഇത് പോലെ നേരത്തേ പ്രഖ്യാപിച്ചിട്ടല്ല വരിക. ഗറില്ലാ തന്ത്രത്തിലൂടെ ശബരിമലയിലെത്തും.'' 

മടക്കയാത്രയ്ക്ക് മുമ്പ് തൃപ്തി ദേശായി പറഞ്ഞ വാക്കുകളാണിത്. അവര്‍ ദര്‍ശനം നടത്താനെത്തി. സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്ത് എത്തിക്കാന്‍ പോലും പിണറായി വിജയന്റെ പൊലീസിനായില്ല. കാരണമെന്താ? 

''വലിയ വിശ്വാസിയായ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അവരെ പറഞ്ഞ് മടക്കി അയക്കാവുന്നതാണെന്നാണ് എനിയ്ക്ക് തോന്നുന്നത്. കാരണം അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പൂനെ മുന്‍സിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസും പിന്നെ ബിജെപിയും. കാവിക്കൊടി പിടിച്ച് നില്‍ക്കുന്ന തൃപ്തി ദേശായിയുടെ ഫോട്ടോയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇവര്‍ രണ്ട് പേരും കൂടി പറഞ്ഞാല്‍ അവരങ്ങ് മടങ്ങിപ്പൊക്കോളും. അതിന് പകരം പ്രാകൃതമായ തരത്തിലുള്ള ചെറുത്തുനില്‍പ് സംഘടിപ്പിച്ച് സഞ്ചാരസ്വാതന്ത്ര്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയാണ് നമ്മളവിടെ കാണുന്നത്'' - എന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു.

തൃപ്തി ദേശായിയെ മുംബൈയില്‍ നിന്ന് ഒരു പ്രതിഷേധവും കൂടാതെ കയറ്റിവിട്ട ബിജെപിക്കാര്‍ കൊച്ചിയിലെത്തിയപ്പോള്‍ അവരെ തടഞ്ഞു. അതിന് കാരണമെന്താ?

''തൃപ്തി ദേശായി തിരിച്ചുപോവുക എന്നതല്ലാതെ സമവായം സാധ്യമല്ല. ആചാരം ലംഘിക്കാന്‍ സര്‍ക്കാര്‍ അവരെ പിന്തുണയ്ക്കരുത്'' - എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബു ആവശ്യപ്പെട്ടത്. 

രണ്ട് കൂട്ടര്‍ക്കും തൃപ്തിയായി! ദര്‍ശനം നടത്താന്‍ ഒരു ശ്രമം നടത്തി നോക്കി എന്ന തൃപ്തി, തൃപ്തി ദേശായിക്കും കിട്ടി! പ്രത്യേകിച്ച് ഒരു കാര്യവും തങ്ങള്‍ ചെയ്തില്ലെങ്കിലും, ശബരിമലയില്‍ ആചാരലംഘനമുണ്ടായില്ലല്ലോ എന്ന തൃപ്തി കോണ്‍ഗ്രസിനുമുണ്ടായി! 

ഒരു ദിവസം മുഴുവന്‍ ഈ നാടകം നല്‍കി മാധ്യമങ്ങളും അത് കണ്ട് കാഴ്ചക്കാരും തൃപ്തരായി. ഒടുവില്‍ അവര്‍ മടങ്ങിയപ്പോള്‍ സര്‍വത്ര സംതൃപ്തി! 

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്, പല തവണ. ഇതുവരെ പറ്റിയില്ല. ആദ്യം വന്ന വിശ്വാസി മാധവിയെ കൊണ്ടുപോയില്ല. രണ്ടാമത് സുഹാസിനി രാജെന്ന മാധ്യമപ്രവര്‍ത്തകയെ മരക്കൂട്ടം വരെ എത്തിച്ചു. മൂന്നാമത് വന്നത് രഹ്‌ന ഫാത്തിമയായിപ്പോയി. നാലാമത്തെയാള്‍ മഞ്ജുവിന് പശ്ചാത്തലം പോരത്രേ! അഞ്ചാമത്തെയാളായ ബിന്ദു തങ്കം കല്യാണിയെയും പശ്ചാത്തലം പോരാത്തതിനാല്‍ പൊലീസ് ഉപദേശിച്ച് തിരിച്ചയച്ചു. 

കോടതിവിധി നടപ്പാക്കുമെന്ന നിലപാട് മാറ്റിയിട്ടില്ല കേരളസര്‍ക്കാര്‍. പക്ഷേ, അല്‍പം സാവകാശം വേണമെന്ന് ഇപ്പോള്‍ പിണറായി വിജയന് തോന്നിയിരിക്കുന്നു. വൈകി വന്ന തോന്നലാണെന്ന് നമ്മള്‍ എല്ലാവര്‍ക്കും അറിയാം. 'ലേറ്റാ വന്താലും ലേറ്റസ്റ്റ വരുവേന്‍' എന്നതാണ് നയമെന്ന് പിണറായി ഭക്തര്‍. അതിനുവേണ്ടി ഈ വാചകമടി നടത്തും, പൊലീസ് ഈ ഉപദേശിപ്പണിയും! അതുകൊണ്ട് വിശ്വാസികളാരും ഭയപ്പെടേണ്ട, ആചാരലംഘനത്തിന് സാധ്യത വളരെക്കുറവാണ്.

മഹാപ്രളയം കേരളത്തെ വിഴുങ്ങിയിട്ട് ആറ് മാസം പോലും തികഞ്ഞിട്ടില്ല. പക്ഷേ, ആ മഹാദുരന്തത്തെ വിസ്മൃതിയിലേക്ക് മാറ്റുകയാണ് നമ്മള്‍. ഒരുപാടാളുകള്‍, ആയിരക്കണക്കിനാളുകള്‍ ജീവിതം തിരിച്ചുപിടിയ്ക്കാന്‍ ബാക്കിയുണ്ട്. ഒരുപാട് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു, തൊഴിലിടങ്ങള്‍ നഷ്ടപ്പെട്ടു. ജീവിതോപാധികള്‍ തന്നെ ഇല്ലാതായി. സര്‍ക്കാരിന്റെ സഹായം ഒരു തരി പോലും കിട്ടാത്തവരുണ്ട്. 

ഇതിന്റെയൊന്നും, ഒരു ബാധ്യതയും പേറാത്ത വകുപ്പാണ് ദേവസ്വംബോര്‍ഡും ദേവസ്വംവകുപ്പും. ഈ മണ്ഡലകാലത്തിന് മുമ്പ് ശബരിമലയില്‍, പമ്പയില്‍ പ്രളയം വിഴുങ്ങിയതിന് ശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തേണ്ടിയിരുന്നു. ഇതൊന്നും കൃത്യമായി നടത്താന്‍ ദേവസ്വംവകുപ്പിനും ബോര്‍ഡിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. നവകേരളവും നവോത്ഥാനവുമൊക്കെ പ്രസംഗിക്കുന്നതിനിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന അടിസ്ഥാനപരമായ കാര്യം സര്‍ക്കാരും ദേവസ്വംവകുപ്പും സൗകര്യപൂര്‍വം മറന്നു കളഞ്ഞു. 

ഇതിന്റെ ഉത്തരവാദിത്തം ബിജെപിക്കും കോണ്‍ഗ്രസിനുമല്ല, കേരളസര്‍ക്കാരിന് മാത്രമാണ്. 

2018 നവംബര്‍ 15 -ന്, അതായത് മണ്ഡലകാലം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞങ്ങള്‍ എരുമേലിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലെ പ്രധാനപ്പെട്ട ബേസ് ക്യാംപുകളിലൊന്നായ എരുമേലിയില്‍ ഭക്തര്‍ കുളിക്കുന്ന ഇടങ്ങളില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. കരാര്‍ ഒരു മാസം മുമ്പ് നല്‍കിയിരുന്നെങ്കിലും എന്ത് ചെയ്യണമെന്ന കാര്യം കരാറുകാരനെ അറിയിച്ചത് മണ്ഡലകാലം തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രം. 

ഒരു സൗകര്യങ്ങളുമില്ലെന്ന് തീര്‍ഥാടകര്‍ തന്നെ പരാതി പറയുന്നത് നമ്മള്‍ കേട്ടു.

പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണ് എടുത്തു വിറ്റാല്‍ കിട്ടുന്ന പണം ആരെടുക്കുമെന്ന ചെറിയ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ താമസിപ്പിച്ചത് ആരുടെ കുറ്റമാണ്? വൃശ്ചികം ഒന്നിന് മണ്ഡലകാലം തുടങ്ങുമെന്നത് പുതിയ അറിവല്ല. എന്നിട്ടും ഇക്കാര്യത്തില്‍ കാണിച്ചത് കുറ്റകരമായ അലംഭാവമാണ്. ഇത് എരുമേലിയിലെ മാത്രം സ്ഥിതിയല്ല.

ഒരു സൗകര്യങ്ങളുമില്ലെന്ന് തീര്‍ഥാടകര്‍ തന്നെ പരാതി പറയുന്നത് നമ്മള്‍ കേട്ടു. ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ നിലയില്‍ മാത്രമാണ് ചികിത്സ നടത്താവുന്ന അവസ്ഥയിലുള്ളത്. അവിടെത്തന്നെ പലപ്പോഴും ഒരു ഡോക്ടറും കുറച്ചു മരുന്നുമാണുള്ളതെന്ന് ഞങ്ങളുടെ പ്രതിനിധി അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. രോഗികള്‍ക്ക് കിടക്കാന്‍ കട്ടിലുകളുണ്ടായിരുന്നില്ല. മറ്റ് സാധനങ്ങള്‍ പെട്ടി പോലും പൊളിക്കാതെ കൂട്ടിയിട്ട അവസ്ഥയിലായിരുന്നു.

പമ്പയിലെ ശുചിമുറികളില്‍ വൃത്തിയുണ്ടായിരുന്നില്ല, മനുഷ്യവിസര്‍ജ്യം കെട്ടിക്കിടന്ന് അകത്തേയ്ക്ക് കയറാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു. വെള്ളം പോലും ശുചിമുറിയികളിലെത്തിയിരുന്നില്ല. ദേവസ്വം മന്ത്രി വന്ന് സന്ദര്‍ശിക്കുകയും വാര്‍ത്തകള്‍ വരികയും ചെയ്തതോടെ കക്കൂസുകളില്‍ വെള്ളമെത്തി.

രണ്ടോ നാലോ ദിവസം കഴിഞ്ഞാല്‍ സൗകര്യങ്ങളെല്ലാം ശരിയാക്കാം, ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കരുതെന്നാണ് ദേവസ്വംമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നിട്ടല്ല മന്ത്രീ, സൗകര്യങ്ങളൊരുക്കേണ്ടത്. ഇതിലൊക്കെയായിരുന്നു ആദ്യമേ ശ്രദ്ധിയ്‌ക്കേണ്ടത്. അടിസ്ഥാനസൗകര്യങ്ങളില്ലാതെ നവകേരളമോ നവോത്ഥാനകേരളവും വരില്ല. 

''വിശ്വാസികള്‍ക്ക് എല്ലാ വിധ സംരക്ഷണവും കൊടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരിക എന്നത് തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാവശ്യമായ ക്രമീകരണങ്ങളാണ് ഉണ്ടാക്കുന്നത്.'' എന്ന് മുഖ്യമന്ത്രി.

 പറഞ്ഞാല്‍ മാത്രം പോര, ഇതൊക്കെ പ്രവൃത്തിയിലും കാണണം. 25 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ടാറ്റാ പ്രോജക്ട് ലിമിറ്റഡ് സൗജന്യമായാണ് സര്‍ക്കാരിന് ചെയ്തുകൊടുത്തത്. നിലയ്ക്കലിലും പമ്പയിലും മറ്റും അടിസ്ഥാനസൗകര്യങ്ങളൊരുക്കലൊക്കെ നല്ല കാര്യം തന്നെ. പക്ഷേ, അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമാണ്. അതിന്റെ കാര്യം എന്താണ്? 

സുപ്രീംകോടതി വിധിയെക്കുറിച്ച് പലപ്പോഴും പല തരത്തില്‍ പറഞ്ഞുകൊണ്ടിരുന്ന ദേവസ്വംബോര്‍ഡിനും പ്രസിഡന്റിനും ഇതൊന്നും അന്വേഷിക്കാന്‍ സമയം കിട്ടിക്കാണില്ല. പക്ഷേ, ഇതെല്ലാം സത്യത്തില്‍ സര്‍ക്കാരിന്റെ ചുമതലയാണ്. 

വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെത്തുന്നതോടെ സ്ഥിതി മോശമാകരുത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഉദ്‌ഘോഷിക്കുന്ന കേരളത്തില്‍ ദൈവദര്‍ശനത്തിനെത്തുന്നവര്‍ വെള്ളവും വെളിച്ചവും ആഹാരവും വിരി വയ്ക്കാനിടവുമില്ലാതെ വലയരുത്, ദര്‍ശനവും വഴിപാടുകളും തടസ്സമില്ലാതെ നടത്താനാകണം. അതിനാവണം സര്‍ക്കാരിന്റെയും പ്രഥമപരിഗണന.

Follow Us:
Download App:
  • android
  • ios