കോടതിയിലേക്ക് കൊണ്ടുവരുമ്പോഴും തിരിച്ചുകൊണ്ടുപോകുമ്പോഴും പ്രതികളെന്ന വ്യാജേന രണ്ട് പേരെക്കൂടി കൊണ്ടുവരികയാണ് അന്ന് പൊലീസ് ചെയ്തത്. അവർ പ്രതികളല്ലെന്നും മഫ്തിയിലുള്ള പൊലീസുകാരാണെന്നും ആദ്യം തിരിച്ചറിഞ്ഞത് കോടതിയിലുണ്ടായിരുന്ന ചില അഭിഭാഷകരാണ്.
പൊലീസ് എന്നല്ല, ഭരണവ്യവസ്ഥയുടെ ഏത് സംവിധാനത്തിനെതിരെയും പോരാടാനിറങ്ങുന്ന സാധാരണ മനുഷ്യൻ ഒറ്റപ്പെടും. പോരാട്ടം തുടരാൻ വലിയ പാടാണ്. ഒരു മനുഷ്യന്‍റെ വിലാപം കാണുമ്പോഴെങ്കിലും ആ സംവിധാനം നന്നാകുമോ, അതുമില്ല.

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് പറയുന്നത് വിശ്വസിക്കരുത്. ചില മനുഷ്യർ ഒരു കാര്യം പറഞ്ഞ് അതിൽ മുറുക്കിപ്പിടിച്ചാൽ പിടിവിടാതെ നിൽക്കും, അത് എന്ത് വന്നാലും. ചില സംവിധാനങ്ങൾ അവരുടെ നിലപാടും നടപടിയും മാറ്റമില്ലാതെ നിലനിർത്തും, എന്തൊക്കെ ആക്ഷേപം കേട്ടാലും എത്ര പേർക്ക് നാശമുണ്ടായാലും. ആദ്യം പറഞ്ഞ വ്യക്തികളുടെ മാറ്റമില്ലാത്ത പോരാട്ടവും നിലപാടുമാണ് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ. രണ്ടാമത് പറഞ്ഞ ഒരിക്കലും നല്ല മാറ്റമുണ്ടാകാത്ത സംവിധാനമാണ് പൊലീസ്. മാധ്യമങ്ങളും, മാധ്യമപ്രവർത്തനവും ഭക്തസംഘങ്ങളിൽ നിന്നും നിരീക്ഷകരിൽ നിന്നും വിമർശനം കേൾക്കുന്ന കാലത്ത് ഉദയകുമാർ എന്ന പാവം ചെറുപ്പക്കാരന്‍റെ കൊല അവരെങ്ങനെ കൈകാര്യം ചെയ്തു എന്നോർക്കുന്നത് നല്ലതാണ്.
2005 സെപ്റ്റംബർ 28നാണ് ഉദയകുമാർ എന്ന ചെറുപ്പക്കാരൻ ആദ്യം വാർത്തയാകുന്നത്. തലേന്ന് ഉച്ചയ്ക്ക് അറസ്റ്റിലായ ഒരു ചെറുപ്പക്കാരൻ രാത്രി മരിക്കുന്നു. പിറ്റേദിവസം മോർച്ചറിയിലെത്തുന്നു. ആദ്യദൃശ്യങ്ങളിൽ തന്നെ കാണാമായിരുന്നു ക്രൂരമർദ്ദനത്തിന്‍റെ അവശേഷിപ്പുകൾ. ഉദയകുമാറിന്‍റെ ശരീരത്തിൽ മുറിവുകളും ചതവുകളും കണ്ട നാട്ടുകാരാണ് അന്ന് അന്വേഷണത്തിന് മുറവിളി കൂട്ടിയത്. എ.ഐ.വൈ.എഫിന്‍റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. ഇതിനിടെ രണ്ട് പൊലീസുകാരെയും ഒരു സി.ഐയെയും സസ്പെന്‍റ് ചെയ്തു. അറസ്റ്റ് ഉണ്ടായില്ല. അന്ന് ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ മാധ്യമങ്ങളോട് സംസാരിക്കാൻ ഉമ്മൻചാണ്ടിക്ക് ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷെ അതുകൊണ്ട് മാധ്യമങ്ങളുടെ ഓമനയുമല്ലായിരുന്നു. 2005 ഒക്ടോബർ മാസം ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേക്ഷണം ചെയ്ത കണ്ണാടി ഇപ്പോൾ ഓർക്കുന്നത് നല്ലതാണ്. അന്ന് ഉരുട്ടിക്കൊലയെക്കുറിച്ച് ഉമ്മൻചാണ്ടി സ്വീകരിച്ച നടപടിയെ ടി.എൻ ഗോപകുമാർ വിമർശിച്ചത് ഇങ്ങനെയായിരുന്നു.
"ഉരുട്ടിക്കൊലയിൽ ഉടൻ തന്നെ പ്രതികരിക്കാൻ ഉമ്മൻചാണ്ടി തയ്യാറായി, നല്ല കാര്യം. എന്നാൽ ഇക്കൂട്ടത്തിൽ അദ്ദേഹം നൽകിയ വിശദീകരണം പൊലീസ് സേനയുടെ ഇത്തരം ദുർനടപടികൾ കേരളത്തിൽ തുടരുന്നതിന് ന്യായമായ വിശദീകരണമായില്ല. "
ഭരണകൂടം അന്നും ഇരകൾക്ക് വീടും ധനസഹായവും പ്രഖ്യാപിക്കുമായിരുന്നു. പൊലീസാകട്ടെ, കൊലയാളികളായ സഹപ്രവർത്തകരെ രക്ഷിക്കാനും പുറംലോകത്ത് നിന്ന് മറച്ചുപിടിക്കാനും ഒത്തുപിടിച്ചു. കോടതിയിലേക്ക് കൊണ്ടുവരുമ്പോഴും തിരിച്ചുകൊണ്ടുപോകുമ്പോഴും പ്രതികളെന്ന വ്യാജേന രണ്ട് പേരെക്കൂടി കൊണ്ടുവരികയാണ് അന്ന് പൊലീസ് ചെയ്തത്. അവർ പ്രതികളല്ലെന്നും മഫ്തിയിലുള്ള പൊലീസുകാരാണെന്നും ആദ്യം തിരിച്ചറിഞ്ഞത് കോടതിയിലുണ്ടായിരുന്ന ചില അഭിഭാഷകരാണ്. അവർ അത് വിളിച്ചുപറഞ്ഞതോടെ നാട്ടുകാർ പൊലീസ് ജീപ്പ് തടഞ്ഞു. ജീപ്പിലുണ്ടായിരുന്നവരുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അന്ന് പൊലീസ് നടത്തിയ ആൾമാറാട്ടത്തിന്‍റെയും നാടകത്തിന്‍റെയും ദൃശ്യങ്ങളും അന്ന് കൊടുത്ത വാർത്തയും ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളുടെ വീഡിയോ ലൈബ്രറികളിൽ സുരക്ഷിതമായുണ്ട്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെത്തന്നെ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഉരുട്ടിക്കൊല സ്ഥിരീകരിച്ചു. മൂന്ന് പൊലീസുകാർ പ്രതികളായി. രണ്ട് എസ്.ഐമാരും സി.ഐയും അടക്കം 9 പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശയുമായി. ഇതിനിടെ ഉമ്മൻചാണ്ടി മാറി. 2006 മേയ് 18ന് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി, കോടിയേരിയാണ് ആഭ്യന്തരമന്ത്രി. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച വീട് പൂർത്തിയാക്കി പ്രഭാവതിയമ്മയ്ക്ക് കൈമാറിയത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ്. ഇക്കാലമത്രയും പ്രഭാവതിയമ്മ എന്ന അമ്മ പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യമാണ് , 'മകന് നീതി കിട്ടണം'.
കൊലയാളിപ്പൊലീസിനെ രക്ഷിക്കാൻ സഹപൊലീസന്വേഷകർ ശ്രമിച്ചുകൊണ്ടേയിരുന്നു. 34 സാക്ഷികളിൽ മുഖ്യസാക്ഷിയടക്കം കൂറുമാറി. നീതികിട്ടില്ലെന്ന് ഉറപ്പായ പ്രഭാവതിയമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. 'കൂട്ടിലടച്ച തത്ത' 2008 ആഗസ്റ്റിൽ അന്വേഷണം ഏറ്റെടുത്തു.
പൊലീസിനെ ആദ്യം ഭരിച്ചത് ഉമ്മൻചാണ്ടി, പിന്നെ കോടിയേരി. അവരുടെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. 'ഞങ്ങൾ കൊന്നാൽ ഞങ്ങൾ തന്നെ അന്വേഷിച്ച് ഞങ്ങൾ തന്നെ രക്ഷിക്കുമെന്ന' ഇന്നും തുടരുന്ന നിലപാട്. വലിയ പിൻബലവും ധനസ്ഥിതിയുമില്ലാത്ത പ്രഭാവതിയമ്മയ്ക്ക് പിന്തുണ നൽകിയത് അന്ന് AIYF ഉം ഇന്ന് സി.പി.ഐ നേതാവ് പി.കെ. രാജുവും മാത്രം. കൊലയാളി പൊലീസിന് തൂക്കുകയർ വാങ്ങിക്കൊടുക്കാൻ ശ്രമിച്ചത് സിബിഐ, കൊടുത്തത് കോടതി. ഇന്നിപ്പോൾ മേനി നടിക്കാൻ ഒരുപാടു പേരുണ്ടെങ്കിലും സത്യം മറക്കാതിരിക്കാം. അന്വേഷണം ഏൽപ്പിച്ചപ്പോൾ ഹൈക്കോടതി ഒന്നുകൂടി പറഞ്ഞു. ഉദയകുമാറിനെതിരെ ഉണ്ടായ വ്യാജകേസും അന്വേഷിക്കണം. അങ്ങനെയാണ് ഉന്നതർ കുടുങ്ങിയത്. അവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും ആഭ്യന്തരവകുപ്പ് വച്ചുതാമസിപ്പിച്ചു. എന്നുവച്ചാൽ നമ്മുടെ പൊലീസ് നമ്മുടെ പൊലീസുകാർക്കെതിരായ ഉരുട്ടിക്കൊലക്കേസ് അന്വേഷിച്ചപ്പോൾ ഉന്നതരെയെല്ലാം രക്ഷിക്കാൻ ശ്രമിച്ചു. സിബിഐ അന്വേഷിച്ചതുകൊണ്ട് മാത്രമാണ് അവരെല്ലാം കുടുങ്ങിയതെന്ന് അർത്ഥം. ഒടുവിൽ കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകി. എന്നിട്ടും പ്രഭാവതിയമ്മയ്ക്ക് ഒരുപാട് നിയമപോരാട്ടങ്ങൾ നടത്തേണ്ടിവന്നു, വിചാരണ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ വരെ. ഒടുവിൽ വിധി വന്നപ്പോഴും അവർ പറഞ്ഞത് മകൻ കൊല്ലപ്പെട്ട സമയത്ത് പറഞ്ഞ അതേ കാര്യം.
പൊലീസ് എന്നല്ല, ഭരണവ്യവസ്ഥയുടെ ഏത് സംവിധാനത്തിനെതിരെയും പോരാടാനിറങ്ങുന്ന സാധാരണ മനുഷ്യൻ ഒറ്റപ്പെടും. പോരാട്ടം തുടരാൻ വലിയ പാടാണ്. ഒരു മനുഷ്യന്‍റെ വിലാപം കാണുമ്പോഴെങ്കിലും ആ സംവിധാനം നന്നാകുമോ, അതുമില്ല. അതുകൊണ്ടാണ് ഉമ്മൻചാണ്ടിക്കും വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മുഖ്യമന്ത്രിക്കസേരയിലിരുന്ന് പൊലീസിനെപ്പറ്റി ഒരേ കാര്യം പറയേണ്ടിവരുന്നത്.
പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ കണ്ട് നന്ദി പറഞ്ഞു. ഇതാണ് സാധാരണ മനുഷ്യർക്ക് ഭരണകൂടത്തിലുള്ള വിശ്വാസം. ഭരണകൂടത്തിന്‍റെ ഒരു സംവിധാനം അവരുടെ മകനെ കൊന്നുകളഞ്ഞു, ആ ഘാതകരെ കാലമിത്രയും രക്ഷിക്കാൻ ശ്രമിച്ചു അതേ ഭരണകൂടത്തിന്‍റെ അതേ സംവിധാനം. ഒടുവിൽ സിബിഐയും കോടതിയും വഴി നീതികിട്ടുമ്പോഴും ഭരണകൂടത്തിലുള്ള വിശ്വാസം അവർക്ക് നഷ്ടപ്പെടുന്നില്ല. ഒരേ സമയം ഇതൊരു നിസ്സഹായാവസ്ഥയുമാണ്. ഉദയകുമാറിന്‍റെ അമ്മയ്ക്ക് കിട്ടിയ നീതി തൃശ്ശൂരിലെ വിനായകന്‍റെ അമ്മയ്ക്കും കോട്ടയത്തെ സിബിയുടെ അമ്മയ്ക്കും മരടിലെ സുഭാഷിന്‍റെ അമ്മയ്ക്കും പാലക്കാട്ടെ സമ്പത്തിന്‍റെ അമ്മയ്ക്കും വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ അമ്മയ്ക്കും നെയ്യാറ്റിൻകരയിലെ ശ്രീജിത്തിന്‍റെ അമ്മയ്ക്കും കിട്ടണം. അത് നേടിക്കൊടുക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം. ഈ പട്ടികയിൽ ഇനി അമ്മമാർ ഉണ്ടാകരുത്. ആ നിലയിലേക്ക് കേരള പൊലീസിനെ മാറ്റിയെടുക്കണം.
