യുഎസ് ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്ന് ഡൊണാൾഡ് ട്രംപ്. ഡെൻമാർക്കിൽ നിന്ന് ദ്വീപ് വാങ്ങാനുള്ള താൽപര്യം പലതവണ പ്രകടിപ്പിച്ച ട്രംപിന്റെ നീക്കത്തിനെതിരെ ഗ്രീൻലാൻഡും ഡെൻമാർക്കും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലോകരാജ്യങ്ങളെ നോക്കുകുത്തിയാക്കി വെനിസ്വേലയുടെ പരമാധികാരത്തെ വെല്ലുവിളിച്ച ട്രംപ്, വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ പുതിയ ചില ഏറ്റെടുക്കൽ കൂടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. അതിൽ മുന്നിൽ നിൽക്കുന്നത് ഗ്രീൻലാൻഡാണ്. യുഎസിന്‍റെ പ്രതിരോധത്തിനായി ഗ്രീൻലാൻഡ് തീർച്ചയായും ആവശ്യമാണെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഡെൻമാർക്കിൽ നിന്ന് ആർട്ടിക് ദ്വീപ് വാങ്ങാനും നിയന്ത്രണം ഏറ്റെടുക്കാനും ട്രംപ് പലതവണ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യം
ഫ്ലോറിഡയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്, യുഎസിന്‍റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്നായിരുന്നു. ധാതുക്കൾക്കും എണ്ണയ്ക്കും മറ്റെല്ലാത്തിനും വേണ്ടിയുള്ള ധാരാളം സ്ഥലങ്ങൾ നമുക്കുണ്ട്. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ എണ്ണ നമ്മുടെ പക്കലുണ്ട്. എന്നാൽ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് നമുക്ക് ആവശ്യമാണെന്നായിരുന്നു. ഗ്രീന്‍ലാൻഡിന് ചുറ്റും റഷ്യൻ, ചൈനീസ് കപ്പലുകളാണ് ഉള്ളത്. ഇതിനാൽ യുഎസിന്‍റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പിന്നാലെ യുഎസ് പതാകയുള്ള ഗ്രീൻലാൻഡ് ഭൂപടം വൈറ്റ് ഓഫ് ടോപ്പ് വൈറ്റ് ഉദ്യോഗസ്ഥ പ്രസിദ്ധീകരിച്ചു. ഇതോടെ യുഎസിന്‍റെ അടുത്ത അധിനിവേശത്തിന് കളമൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകൾ. ട്രംപിന്‍റെ പ്രസ്ഥാവനയ്ക്ക് മുമ്പ് വലതുപക്ഷ പോഡ്‌കാസ്റ്ററും ഡൊണാൾഡ് ട്രംപിന്‍റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസിയും, സ്റ്റീഫൻ മില്ലറുടെ ഭാര്യയുമായ കാറ്റി മില്ലർ, "ഉടൻ" എന്ന അടിക്കുറിപ്പോടെ നക്ഷത്രങ്ങളും വരകളും കൊണ്ട് നിറഞ്ഞ ഗ്രീൻലാൻഡിന്‍റെ ഭൂപടം എക്സിൽ പങ്കുവച്ചിരുന്നു.
‘രാജ്യം വില്പനക്കുള്ളതല്ല’
നാറ്റോ സഖ്യത്തിന്‍റെ ഭാഗമായ അതേസമയം ധാതു സമ്പന്നമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുസിന്‍റെ ഭീഷണിയോട് ഡെൻമാർക്കിലും ഗ്രീൻലാൻഡിലും വലിയ പ്രതിഷേധമുയർന്നു. 'നമ്മുടെ രാജ്യം വിൽപ്പനയ്ക്കുള്ളതല്ല, സോഷ്യൽ മീഡിയ പോസ്റ്റുകളല്ല നമ്മുടെ ഭാവി തീരുമാനിക്കുന്നതെന്നായിരുന്നു ട്രംപിന്‍റെ പ്രസ്ഥാവനകളോട് പ്രതികരിക്കവെ ഗ്രീൻലാൻഡിലെ പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ പറഞ്ഞത്. രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും അന്താരാഷ്ട്ര നിയമത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം ട്രംപിനെ ഓർമ്മപ്പെടുത്തി.


