Asianet News MalayalamAsianet News Malayalam

കെ.സുരേന്ദ്രൻ ഇനി എന്തുപണി ചെയ്യണം എന്ന് ആരെങ്കിലും പറയണോ?

ജനത്തെ പറ്റിച്ചവരും വായ്പ്പാത്തട്ടിപ്പ് നടത്തിയവരുമൊക്കെ ഇന്ത്യക്കു പുറത്ത് സുഖവാസത്തിലാണ്. രൂപയുടെ മൂല്യം ഇടിഞ്ഞും പോയി. ചുരുക്കത്തിൽ നോട്ടുനിരോധനം വിജയിച്ചു എന്നു പറയാൻ മനുഷ്യന്‍റെ മുന്നിൽ തെളിവുകളൊന്നും ഇല്ല.

cover story sindhu sooryakumar
Author
Thiruvananthapuram, First Published Sep 3, 2018, 6:36 PM IST

കെ.സുരേന്ദ്രൻ ഇനി എന്തുപണി ചെയ്യണം എന്ന് ആരെങ്കിലും പറയണോ? പെട്രോളിനും ഡീസലിനും ഇപ്പോഴത്തെ വില എത്രയാണെന്ന് കെ.സുരേന്ദ്രന് അറിയാമോ? വേറെയെന്തെങ്കിലും പണി ചെയ്തില്ലെങ്കിലും സാരമില്ല, ഇപ്പോഴത്തെ വാചകമടിപ്പണി കെ.സുരേന്ദ്രന് നിർത്താവുന്നതാണ്. മോദിജിയുടെ നോട്ടുനിരോധനത്തെ മോദിജിക്കുവേണ്ടി ന്യായീകരിച്ച് ആപ്പിലായിപ്പോയ വിശാരദനൻമാർക്ക് നിരോധിക്കാത്ത നോട്ടുകൾകൊണ്ട് ഒരു പൂമാലയെങ്കിലും മോദിജി വക നൽകേണ്ടതാണ്.

cover story sindhu sooryakumar

നോട്ടുനിരോധനം വിജയിച്ചോ എന്നു ചോദിച്ചാൽ, ഇല്ല. വിജയിച്ചില്ലേ എന്നു ചോദിച്ചാൽ, അയ്യോ ഉവ്വ്. ഇങ്ങനെ രണ്ടുതരമാണ് ഉത്തരം. താത്വികമായി വിശദീകരിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. ആദായനികുതിയിൽ കൂടുതൽ വരുമാനം ഉണ്ടായില്ലേ? ആളുകൾക്ക് പേടി വന്നില്ലേ? എന്നൊക്കെ ചോദിക്കുന്നവർ. പക്ഷെ, നോട്ടുമാറാൻ വെയിലത്ത് കാത്തുകെട്ടി കിടന്നവർ. ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാത്തവർ. മോദിജി വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം 'ദാ ഇപ്പോ അക്കൗണ്ടിലെത്തും' എന്നുകരുതി കാത്തിരുന്നവർ. അവർക്ക് നോട്ടുനിരോധനം വമ്പൻ പരാജയമാണ്. ഒരുപാടുപേരെ വെറുതേ ബുദ്ധിമുട്ടിക്കലാണ്. ഒരുപാടുപേരുടെ ജീവിതം തകർത്തുകളഞ്ഞ നടപടിയാണ്. എന്നിട്ടും ഇതുവരെ മോദിജി അതേക്കുറിച്ച് ഒരു വിശകലനം നടത്തുകയോ സ്വന്തം പരാജയം സമ്മതിക്കുകയോ ചെയ്തിട്ടില്ല.

നരേന്ദ്രമോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് പറഞ്ഞ ചില വാക്കുകൾ ഓർമ്മിക്കാം. " രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നിൽ ചില ഗൂഢാലോചനകളുണ്ട്. ചില കള്ളക്കളികൾ നടക്കുന്നുണ്ട്. സർക്കാർ മറുപടി പറയണം. ശ്രീലങ്കയുടേയും, നേപ്പാളിന്‍റേയും, പാകിസ്ഥാന്‍റെയും കറൻസി മൂല്യം താഴേക്ക് പോകുന്നില്ല. ഇന്ത്യൻ രൂപയുടെ മൂല്യം ദുർബലമാകുന്നതിന്‍റെ കാരണം എന്താണ്?"

പുതിയ രണ്ടായിരം രൂപ നോട്ടൊക്കെ ഫോട്ടോസ്റ്റാറ്റ് മെഷീൻ വച്ചല്ലേ അച്ചടിച്ചിറക്കുന്നത്!

രൂപയുടെ മൂല്യമിടിയുന്നതിനെപ്പറ്റി മറുപടി പറഞ്ഞേ പറ്റൂവെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോട് ഗംഭീരമായി ചോദിക്കുമ്പോൾ അതൊരു ബൂമെറാംഗ് ആകുമെന്ന് മോദിജി ഓർത്തുകാണില്ല. നോട്ടുനിരോധനം കഴിഞ്ഞ് തിരിച്ചുവന്ന പണത്തിന്‍റെ കണക്കുകൾ പുറത്തുവിടാതെ റിസർവ് ബാങ്ക് ഒരുപാട് നാൾ പിടിച്ചുനിന്നതാണ്. ഇപ്പോൾ വാർഷിക പ്രവർത്തന റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ എല്ലാ കണക്കുകളും സമ്പൂർണ്ണമായി പുറത്തുവന്നുകഴിഞ്ഞു. 

99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. നിരോധനകാലത്ത് ഇടക്കിടെ നിബന്ധനകൾ മാറ്റിമാറ്റി ബുദ്ധിമുട്ടിച്ചില്ലായിരുന്നു എങ്കിൽ ബാക്കികൂടി തിരിച്ചെത്തിയേനെ എന്നാണ് 'ബിസിനസ് സ്റ്റാൻഡേർഡ്' പോലെയുള്ള സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരോധനമൊന്നും സമയത്തും കാലത്തും അറിഞ്ഞില്ലെങ്കിലും പരാതിയില്ലാത്ത ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി അതിനെ ന്യായീകരിക്കാൻ അന്നുമുതലേ മുന്നിലുണ്ട്. നോട്ടുനിരോധനം ധനമന്ത്രി ജെയ്റ്റ്‍ലിയെ അറിയിക്കാതെ നടത്തുക. റഫാൽ ഇടപാട് പ്രതിരോധ ചുമതലയുണ്ടായിരുന്ന മനോഹർ പരീക്കറെ അറിയിക്കാതിരിക്കുക. ഇതൊക്കെയാണ് പ്രധാനമന്ത്രിയുടെ ഇതുവരെയുള്ള പ്രവർത്തന ശൈലി. കള്ളപ്പണം തിരിച്ചെത്തിയതുമില്ല, കള്ളനോട്ട് ഇല്ലാതായതുമില്ല. പുതിയ രണ്ടായിരം രൂപ നോട്ടൊക്കെ ഫോട്ടോസ്റ്റാറ്റ് മെഷീൻ വച്ചല്ലേ അച്ചടിച്ചിറക്കുന്നത്!

2016 നവംബർ മാസത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞു.

"ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്നുലക്ഷം കോടി രൂപയുടെ ലയബിലിറ്റിയിൽ കുറവ് റിസർവ് ബാങ്കിനില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാൻ ഞാൻ തയ്യാറാണ്. ഇതെല്ലാവരുടേയും മുമ്പിലാണ് പറയുന്നത്. മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസർവ് ബാങ്കിന് ലയബിലിറ്റിയിലുണ്ടാകും. അതുറപ്പാണ്. പതിനാല് ലക്ഷം കോടിയിൽ ഒരു പതിനൊന്ന് ലക്ഷം കോടിയിൽ കൂടുതൽ നോട്ട് തിരിച്ചുവരാൻ പോകുന്നില്ല. തോമസ് ഐസക് പറഞ്ഞ കാര്യം നടക്കാൻ പോകുന്നില്ല. ഞാൻ ഉറപ്പിച്ചു പറയുന്നു."

ചെറുകിട വ്യവസായ മേഖലകളും അസംഘടിത തൊഴിൽ മേഖലകളുമെല്ലാം തക‍ർന്നുപോയി.

കെ.സുരേന്ദ്രൻ ഇനി എന്തുപണി ചെയ്യണം എന്ന് ആരെങ്കിലും പറയണോ? പെട്രോളിനും ഡീസലിനും ഇപ്പോഴത്തെ വില എത്രയാണെന്ന് കെ.സുരേന്ദ്രന് അറിയാമോ? വേറെയെന്തെങ്കിലും പണി ചെയ്തില്ലെങ്കിലും സാരമില്ല, ഇപ്പോഴത്തെ വാചകമടിപ്പണി കെ.സുരേന്ദ്രന് നിർത്താവുന്നതാണ്. മോദിജിയുടെ നോട്ടുനിരോധനത്തെ മോദിജിക്കുവേണ്ടി ന്യായീകരിച്ച് ആപ്പിലായിപ്പോയ വിശാരദനൻമാർക്ക് നിരോധിക്കാത്ത നോട്ടുകൾകൊണ്ട് ഒരു പൂമാലയെങ്കിലും മോദിജി വക നൽകേണ്ടതാണ്.

ഇന്ധനവില കുറഞ്ഞില്ല, തൊഴിലവസരങ്ങൾ ഉണ്ടായതുമില്ല. അതുമാത്രമല്ല, ചെറുകിട വ്യവസായ മേഖലകളും അസംഘടിത തൊഴിൽ മേഖലകളുമെല്ലാം തക‍ർന്നുപോയി. ഇനി കഴിഞ്ഞവാരം രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ. "പതിനഞ്ചോ ഇരുപതോ കുത്തക മുതലാളിമാർക്ക് വേണ്ടിയാണ് മോദി നോട്ട് നിരോധിച്ചത്. അഴിമതിക്കാരും അതിസമ്പന്നരും നിരോധനത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു."

കുംഭകോണമൊന്നും രാജ്യത്തിന് പുത്തരിയല്ല. ബൊഫോഴ്സ് മുതൽ ടുജി വരെ എത്രയോ കണ്ടു. റഫാലും നോട്ടുമൊക്കെ ആ പാതയിലേക്ക് വരുന്നതല്ലേ ഉള്ളൂ. ആദായനികുതിയുടെ വല വലുതാകാൻ നോട്ടുനിരോധനം ഒന്നും വേണ്ട. അതാണ് നോട്ടുനിരോധനത്തിന്‍റെ മേൻമ എന്നുപറയുന്നത് സംവിധാനത്തിന്‍റെ വീഴ്ച അംഗീകരിക്കലാണ്. ഈ കാലയളവിൽ ബിജെപിയുടേത് അടക്കം പല മുതിർന്ന നേതാക്കളുടേയും ബന്ധുക്കൾ നടത്തിയ ഇടപാടുകളും അക്കൗണ്ടിലേക്ക് വന്ന പണവുമൊക്കെ പലകുറി വാർത്ത ആയതാണ്. നൂറ് ജീവനുകളുടേയും ഒന്നരക്കോടി തൊഴിലവസരങ്ങളുടേയും നഷ്ടം. പിന്നെ ആഴ്ചകളോളം പണിയില്ലാതിരുന്ന ലക്ഷക്കണക്കിന് മനുഷ്യർ. ഇതിനെല്ലാം ഏക ഉത്തരവാദി നോട്ടുനിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സംയുക്ത പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് ഇനിയും വന്നിട്ടില്ല. സർക്കാരിന്‍റെ നേട്ടപ്പട്ടികയിൽ, പുതിയ പദ്ധതികളെപ്പറ്റിയുള്ള പ്രസംഗങ്ങളിൽ ഒന്നും മോദി നോട്ടുനിരോധനത്തെപ്പറ്റി പറയാറുമില്ല.

ജനത്തെ പറ്റിച്ചവരും വായ്പ്പാത്തട്ടിപ്പ് നടത്തിയവരുമൊക്കെ ഇന്ത്യക്കു പുറത്ത് സുഖവാസത്തിലാണ്. രൂപയുടെ മൂല്യം ഇടിഞ്ഞും പോയി. ചുരുക്കത്തിൽ നോട്ടുനിരോധനം വിജയിച്ചു എന്നു പറയാൻ മനുഷ്യന്‍റെ മുന്നിൽ തെളിവുകളൊന്നും ഇല്ല.

മോദിജിയെപ്പറ്റി കാർട്ടൂൺ വരച്ചാൽ, കാർട്ടൂണിസ്റ്റിന്‍റെ പണി പോകും. വാർത്തകൾ വന്നാൽ ആ സ്ഥാപനം ഉത്തരം പറയേണ്ടിവരും

2016 നവംബർ 13ന് നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ നോക്കുക: "അമ്പത് ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30 വരെ കാത്തിരിക്കണം. എന്‍റെ തീരുമാനം തെറ്റെന്ന് തെളിഞ്ഞാൽ നിങ്ങൾ പറയുന്നിടത്ത് വന്ന് നിങ്ങൾ നൽകുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാകും. നിങ്ങളെന്നെ പച്ചക്ക് കത്തിച്ചോളൂ.." മോദിജിയെ വിമർശിക്കുന്ന വാർത്തകളും പരിപാടികളും ആരാധകർ അരിച്ചുപെറുക്കി പരാതികളുണ്ടാക്കി അതതു കേന്ദ്രങ്ങളിലേക്ക് അയക്കുന്നുണ്ട്. മോദിജിയെപ്പറ്റി കാർട്ടൂൺ വരച്ചാൽ, കാർട്ടൂണിസ്റ്റിന്‍റെ പണി പോകും. വാർത്തകൾ വന്നാൽ ആ സ്ഥാപനം ഉത്തരം പറയേണ്ടിവരും. നിലവിലെ സ്ഥിതി ഇതാണ്. അപ്പോൾ പിന്നെ മോദിജി തന്നെ പറഞ്ഞാലും അദ്ദേഹത്തെ ആര് കത്തിക്കാനാണ്.

നമ്മുടെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിജി. അദ്ദേഹം പണ്ട് എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും, ചെയ്തിട്ടുണ്ടാകും. അതൊക്കെ അധികാരത്തിൽ വരുമ്പോൾ ശരിയാക്കും എന്നാരും കരുതരുത്. പിന്നെ, അദ്ദേഹം വലിയ പ്രാസംഗികനാണ്. നന്നായി പ്രസംഗിക്കുന്നവർ പ്രസംഗസമയത്ത് ഒരാവേശത്തിന് പലതും പറയും. പല ഉപമകളും പറയും, പൊടിക്കൈകൾ പ്രയോഗിക്കും, ആവേശം വാരി വിതറും. അതൊന്നും കാര്യമാക്കേണ്ട. അതിലൊക്കെ ഇത്രക്കിത്രക്കേ ആത്രമാർത്ഥതയുള്ളൂ എന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളൂ നമ്മുടെയൊക്കെ പ്രശ്നം.

Follow Us:
Download App:
  • android
  • ios