തെര‍ഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും കെപിസിസിയുടെ യോഗങ്ങൾ കൂടുന്നുണ്ട്. നേതാക്കളൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്. ആകെയുള്ളത് ഇരുപത് സീറ്റ്. ഘടകകക്ഷികൾക്കുള്ളത് കൊടുത്തിട്ട് ബാക്കി വരുന്നത് പതിനാറ് സീറ്റ്. അതിൽ എത്ര സിറ്റിംഗ് എംപിമാർ സീറ്റ് വേണ്ടെന്നുവയ്ക്കും, അതിൽ എത്രപേരെ പാർട്ടി വേണ്ടെന്നുവയ്ക്കും? പിന്നെ എന്തിനാണ് ഇത്ര കോലാഹലം എന്നാർക്കും അറിയില്ല. പക്ഷേ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിൽ ഉത്സവസമാനമായ അവസ്ഥയാണ്. ഉത്സവം കഴിഞ്ഞാൽ പിന്നവിടെ ബാക്കിയൊന്നും ഉണ്ടാകില്ല എന്നുമാത്രം.

മുസ്ലീം ലീഗിന് രണ്ടു സീറ്റുണ്ട്. കേരളാ കോൺഗ്രസിന് ഒന്നു കിട്ടും. ആ‍ർഎസ്പിയിലെ എൻ.കെ.പ്രേമചന്ദ്രൻ ഇത്തവണയും യുഡിഎഫിൽ ഉണ്ടെങ്കിൽ ഒന്നു വേണ്ടിവരും. ഒന്നധികം വേണമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്. കാസർകോട്, വടകര അല്ലെങ്കിൽ വയനാട് മതിയത്രേ. എം.ഐ.ഷാനവാസിന്‍റെ വയനാട് മാത്രമാണ് പുതിയൊരാൾക്ക് അവസരം ഉറപ്പുനൽകുന്നത്. അവിടെ ഡിസിസി ഭാരവാഹി അബ്ദുൾ മജീദിനെ നിർത്തിയാൽ ബന്ധുവായ പി.കെ.കുഞ്ഞാലിക്കുട്ടി ഒന്ന് അയഞ്ഞേക്കും എന്ന തോന്നൽ കോൺഗ്രസിനുണ്ട്.

രസകരമാണ് കോൺഗ്രസിലെ രീതികൾ

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കുറി മത്സരിക്കുന്നുണ്ടോ? പഴയ കെപിസിസി അധ്യക്ഷൻ എംഎൽഎ ആയി ഇരുന്നിട്ടുണ്ട്. ഏറെ പാടുപെട്ടാണ് ഒരു മന്ത്രിസ്ഥാനം നേടിയത് എന്ന കാര്യം മുല്ലപ്പള്ളി മറക്കരുത്. ഇപ്പോഴാണെങ്കിൽ അധികാരം ഉറപ്പുമല്ല. തെരഞ്ഞെടുപ്പിന്‍റെ അവസാന മുഹൂ‍ർത്തത്തിലാണ് കോൺഗ്രസ് പതിവായി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതെന്നും ആ നില മാറണമെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ എ.കെ.ആന്‍റണി പറയുന്നു. മുകൾപ്പരപ്പിലുള്ള ഏതാനും നേതാക്കൾ കൂടിയിരുന്ന് സ്ഥാനാർത്ഥികളെ വിശ്ചയിക്കുന്ന പതിവും ഇനി ഉണ്ടാകാൻ പോകുന്നില്ല എന്നാണ് ആന്‍റണിയുടെ അഭിപ്രായം. ഇത്തവണ ഫെബ്രുവരി മാസം അവസാനം തന്നെ ഇന്ത്യയൊട്ടുക്കും മത്സരിക്കുന്ന എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും എ.കെ.ആന്‍ണി അറിയിക്കുന്നു.

തിരുവനന്തപുരത്ത് ശശി തരൂർ മത്സരിക്കുന്നുണ്ടോ? ആന്‍റോ ആന്‍റണിക്ക് സീറ്റ് നിഷേധിക്കുന്നുണ്ടോ? കെസി വേണുഗോപാൽ മത്സരിക്കേണ്ട എന്നു പറയുമോ? കൊടിക്കുന്നിൽ ഇനി എംപിയാവേണ്ട, വർക്കിംഗ് പ്രസിഡന്‍റായി തുടർന്നാൽ മതിയെന്ന് കെപിസിസി പറയുമോ? മത്സരിക്കാൻ ആഗ്രഹിക്കുന്ന പി.സി.ചാക്കോയും ടി.എൻ.പ്രതാപനും ഷാനിമോളും ഒക്കെ മാറിനിൽക്കുന്നുണ്ടോ? എന്ത് പ്രാതിനിധ്യത്തെപ്പറ്റിയാണ്, എന്തു പുതുമയെപ്പറ്റിയാണ് എ.കെ.ആന്‍റണിയടക്കമുള്ള നേതാക്കൾ പ്രവർത്തകരോട് പറയുന്നത്?

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി സർക്കാരുണ്ടാക്കുമ്പോൾ ഏത് വകുപ്പ് ഭരിക്കണം എന്നാലോചിച്ചിരിക്കുന്ന ചിലരെങ്കിലും സ്വന്തം സീറ്റ് വേണ്ടെന്നു വയ്ക്കുമ്പോള്‍ ആഗോള പൗരൻ, പുരോഗമന വാദി, ദില്ലി നായർ ശശി തരൂർ തിരുവനന്തപുരത്തെ വിശ്വാസികളുടെ വോട്ടുറപ്പിക്കാനായി മാത്രം ശബരിമല വിഷയത്തിൽ ചാടിക്കളിക്കുന്നുണ്ട്. രസകരമാണ് കോൺഗ്രസിലെ രീതികൾ. കാസർകോട് മുതൽ നാലു ജില്ലകളിൽ ദേശീയ നേതാവിന്‍റെ പര്യടനവും കൂടക്കാഴ്ചകളും കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ 'ശക്തി' ആപ്പും പരിചയപ്പെടുത്തി. അങ്ങേരിനി തെക്കും മധ്യത്തിലും പര്യടനം നടത്തുന്നുണ്ട്.

അതൊരു വശം. ഇനി ഇവിടെ മുല്ലപ്പള്ളിയും ഒസിയും ആർസിയും ചേർന്ന് ഒരു പട്ടികയുണ്ടാക്കും. പിന്നെ അതും കൊണ്ട് ദില്ലിയിൽ രണ്ടോ മൂന്നോ ചർച്ച. ഒക്കെ കഴിയുമ്പോൾ ഗ്രൂപ്പ് തിരിച്ചും ജാതി തിരിച്ചും ഒരു പട്ടിക വരും. നമ്മൾ ഇപ്പോൾ കാണുന്നവരൊക്കെ തന്നെ. ജയസാധ്യതയാണ് ഇത്തവണ നോക്കിയത് എന്നൊരു പ്രഖ്യാപനവും. ടോം വടക്കനും പി.സി.വിഷ്ണുനാഥും സജീവ് ജോസഫും മണക്കാട് സുരേഷുമൊക്കെ ഒക്കെ ഒന്നു മത്സരിച്ചുനോക്കട്ടെ, എന്നിട്ടല്ലേ ആർക്കല്ലേ കൂടുതൽ ജയസാധ്യത എന്ന് തീരുമാനിക്കേണ്ടത്.

ഏതായാലും ഇത്തവണ പ്രചാരണം പൊടിപൊടിക്കും. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി എ.കെ.ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയെ നിയമിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവേശനം അല്ല, രാഷ്ട്രീയത്തിലെ സാങ്കേതിക മേഖലാ പ്രവേശനം ആണത്രേ. കുഴപ്പമില്ല, ജി.കാർത്തികേയന്‍റെ മകൻ ശബരീനാഥ് മത്സരരംഗത്തേക്ക് നേരിട്ടെത്തിയതാണ്. സി.എൻ.ബാലകൃഷ്ന്‍റെ മകളെ മത്സരിപ്പിക്കണം എന്ന ആവശ്യം നേരത്തേയുണ്ട്. ചാണ്ടി ഉമ്മൻ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തനപരിചയം ഉള്ള മകനാണ്. ഈ നിരയിലേക്കാണ് അനിൽ ആന്‍റണി വരുന്നത് എന്ന ഭയം യുവനേതാക്കൾക്കുണ്ട്.

കെഎസ്‍യുവിന്‍റേയും യൂത്ത് കോൺഗ്രസിന്‍റേയും മണ്ഡലം തലം മുതൽ പ്രവ‍ർത്തിച്ചു വരുന്ന നൂറുകണക്കിന് ചെറുപ്പക്കാർ പാർട്ടിയിൽ ഒരു പദവിയും കിട്ടാതെ പുറത്തുനിൽക്കുമ്പോഴാണ് പാർട്ടിയിലെ ഉന്നതനായ നേതാവിന്‍റെ മകനാണ് എന്ന ഒറ്റക്കാരണം കൊണ്ട് യാതൊരു പ്രവർത്തന പാരമ്പര്യവും ഇല്ലാത്ത അനിൽ ആന്‍റണിയെ കെപിസിസി ഭാരവാഹിക്ക് തത്തുല്യമായ ഒരു പദവിയിലേക്ക് അവരോധിച്ചത് എന്നാണ് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ആർ.എസ്.അരുൺ രാജ് ഉയർത്തുന്ന വിമർശനം. ശശി തരൂരിനെ ഐടി സെല്ലിന്‍റെ ചുമതലക്കാരനായി നിയമിച്ചപ്പോൾ വെറും ഒരു പത്രക്കുറിപ്പ് മാത്രം ഇറക്കിയ നേതൃത്വം ദില്ലിയിൽ വാർത്താസമ്മേളനം വിളിച്ച് അനിൽ ആന്‍റണിയെ ഈ പദവിയിലേക്ക് നിയോഗിച്ച വിവരം പ്രഖ്യാപിച്ചത് ഗൂഢലക്ഷ്യങ്ങൾ മനസിൽ വച്ചാണെന്നും അരുൺ രാജ് ആരോപിക്കുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ അടിയൊഴുക്കുകൾ നടക്കുന്ന ഈ സമയത്ത് ഇത്തരം ഒരു നീക്കത്തിൽ നിന്നും നേതൃത്വം പിന്തിരിയണമെന്നും ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാർ പറയുന്നു.

സാരമില്ല അരുൺ രാജേ, ഇതൊക്കെ കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണ്. രാഹുൽ ഗാന്ധിയും സച്ചിൻ പൊലറ്റും മിലൻ ദിയോറയും ജ്യോതിരാജിത്യ സിന്ധ്യയുമൊക്കെ തിളങ്ങുകയല്ലേ? അവരുടെ തിളക്കം കൂട്ടുകയാണ് നിങ്ങളുടെ ജോലി. കെ.കരുണാകരൻ മൂത്രമൊഴിക്കാൻ പോയ സമയത്താണ് അദ്ദേഹമറിയാതെ എ.കെ.ആന്‍റണി കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കിയത്. മുരളിയെന്താ മോശക്കാരനാണോ? എ.കെ.ആന്‍റണി അറിയാതെയാണ് മുല്ലപ്പള്ളി അനിലിന് ചുമതല നൽകിയതത്രേ. ശ്രീരാമന് ഹനുമാൻ എങ്ങനെയോ അതുപോലെയാണ് എ.കെ.യ്ക്ക് മുല്ലപ്പള്ളി എന്ന് ദുഷ്ടശക്തികൾ പറയുന്നുണ്ട്. എന്നുവച്ചാൽ ശ്രീരാമന്‍റെ മനമറിഞ്ഞ് ഹനുമാൻ പ്രവർത്തിക്കും എന്നർത്ഥം. ഇനി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചക്കിടെ എകെയ്ക്കോ ഒസിക്കോ മൂത്രശങ്ക ഉണ്ടാവല്ലേയെന്ന് യുവനേതാക്കൾ ആത്മാർത്ഥമായൊന്ന് പ്രാർത്ഥിച്ചാട്ടെ.

ആരൊക്കെ ബിജെപിയിലേക്ക് പുതുതായി പോകും എന്ന ആശങ്ക എല്ലാ ഭാഗത്തുമുണ്ട്

തെരഞ്ഞെടുപ്പുകോലഹലം തുടങ്ങിക്കഴിഞ്ഞു. എല്ലാ മുന്നണികളിലും സീറ്റുവിഭജന ചർച്ചകൾ ആദ്യഘട്ടത്തിലാണ്. ബിഡിജെഎസിന് എത്ര സീറ്റുവേണം, എത്ര കൊടുക്കാൻ പറ്റും എന്ന് ബിജെപി ആലോചിക്കുന്നു. ലീഗിന് അധികസീറ്റ് വേണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എൽഡിഎഫിൽ ഒന്നും പരസ്യമായി കേട്ടുതുടങ്ങിയിട്ടില്ല. ആരൊക്കെ ബിജെപിയിലേക്ക് പുതുതായി പോകും എന്ന ആശങ്ക എല്ലാ ഭാഗത്തുമുണ്ട്. മറ്റുവിഷയങ്ങൾ എങ്ങനെ പരിഹരിക്കും എന്ന ആശങ്ക വേറെയും. ഇതെല്ലാം കൂടി പരിഹരിക്കാൻ മുന്നോക്കസംവരണം കൊണ്ടുവന്നാൽ എന്തുണ്ടാകുമെന്ന് ആ‍ർക്കും അറിയില്ല. ഏതായാലും വരും ദിവസങ്ങളിൽ ഈ കോലാഹലം കൂടിവരും, ആകെ ജഗപൊകയായും എന്ന പ്രതീക്ഷയിൽ തൽക്കാലം നിർത്തുന്നു. ബാക്കി അടുത്ത ആഴ്ചയിൽ.