തിരുവനന്തപുരം: നമ്മുടെ മനസ്സിലിരിപ്പുകളും നമ്മളെക്കുറിച്ച് നാമറിയാത്ത നിഗൂഢതകളും പരസ്യപ്പെടുത്തുന്ന ആപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല കാലമാണ്. എത്ര പേര്‍ നമ്മെ പ്രണയിക്കുന്നുവെന്ന് പരസ്യപ്പെടുത്തുന്ന അത്തരത്തിലൊരു ആപ്പാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ട്രെന്റ്.  'ഡാഡിസ് ഗെയിം' എന്ന് പേരിട്ടിരിക്കുന്ന ഗെയിം കൗതുകകരമായ പലതരം ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തുന്നത്. ആ ഉത്തരങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരുമെല്ലാം വ്യാപകമായി ഷെയര്‍ ചെയ്യുന്ന സാഹചര്യത്തില്‍, ഇത്തരം ഗെയിമുകളുടെ രാഷ്ട്രീയം എന്താണ് എന്ന ആലോചന പ്രാധാന്യം അര്‍ഹിക്കുന്നതാണ്. റസീന റാസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യമാണ്. 

ഇത്രയും സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒരു ഇടത്തില്‍ പോലും ആണുങ്ങളുടെ കൗതുകങ്ങള്‍ മാത്രം തൃപ്തിപ്പെടുത്തുന്നതാണ് ഈ ഗെയിമെന്ന് തുറന്നെഴുതുകയാണ് റസീന. ചെയ്ത ആള്‍ക്ക് സംഭവിച്ച നിസ്സാരമായ ഒരു കരുതല്‍ കുറവ് അല്ല അത്. ആണ്‍കുട്ടിക്ക് ഫുടബോളും പെണ്‍ കുട്ടിക്ക് വെളുത്തു തുടുത്ത പാവക്കുട്ടിയും കളിപ്പാട്ടമായി വാങ്ങികൊടുക്കുന്നത് പോലുള്ള പൊതുബോധം തന്നെയാണിവിടെയും വില്ലന്‍. അത്തരം വിഡ്ഢിത്തം ആണ് ഈ ആപ്പിനെ ന്യായീകരിക്കുന്നവരും നടത്തുന്നത് എന്ന് റസീന റാസ് എഴുതുന്നു.

ഇതാണ് റസീനയുടെ ഫേസ് ബുക്ക് പോസ്റ്റ്:

പല സ്ത്രീ പ്രൊഫൈലുകളിലും നിങ്ങളെ ഇത്രയും സ്ത്രീകൾ പ്രണയിക്കുന്നു എന്ന സ്റ്റാറ്റസ് കണ്ടപ്പോൾ ആണ് "ഡാഡിസ് ഗെയിം" ശ്രദ്ധിക്കുന്നത്. ഇതെന്താ ഇങ്ങിനെ എന്ന് കൗതുകം തോന്നി ഓരോ ഗെയിമും പലയാവർത്തി ട്രൈ ചെയ്തു. സ്ത്രീകൾ പരസ്പരം പ്രണയിക്കുക മോശം ആണെന്നു കരുതുന്നില്ല. LGBT ഫ്രണ്ട്‌ലി ആയ ആപ്പുകൾ ഒക്കെ വന്നു തുടങ്ങിയോ എന്ന് അതിശയം തോന്നി. ഉറപ്പ് വരുത്താനായി അതേ ഗെയിം ഒരു പുരുഷ സുഹൃത്തിനോടും ട്രൈ ചെയ്തു റിസൾട്ട്‌ നോക്കാൻ ഏല്പിച്ചു. അദേഹത്തെ പ്രണയിക്കുന്നത് സ്ത്രീകൾ തന്നെ !! അപ്പൊ സംഗതി LGBT യെ സ്നേഹിച്ചത് അല്ല.

നിങ്ങളുടെ സ്വഭാവം ഉള്ള സിനിമാ കഥാപാത്രം എന്ന് ട്രൈ ചെയ്യുമ്പോൾ ആൺ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ ഉത്തരത്തിൽ. നിങ്ങളുടെ സ്വഭാവവും ആയി സാമ്യം ഉള്ള രാഷ്ട്രീയ നേതാവ്, വരും ജന്മം നിങ്ങൾ ആരെ പോലെ ആവും അങ്ങിനെ പലതിലും ആണിനെ തൃപ്തിപ്പെടുത്തും മട്ടിൽ ഉള്ള ഉത്തരങ്ങൾ മാത്രമേ എനിക്ക് ലഭിച്ചുള്ളൂ. ചോദ്യങ്ങളോ ഉത്തരങ്ങളോ സ്ത്രീകളെ ഉൾക്കൊള്ളുന്നില്ല.

ഇത്രയും സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു ഇടത്തിൽ പോലും ആണുങ്ങളുടെ കൗതുകങ്ങൾ മാത്രം തൃപ്തിപ്പെ്ടുത്തുന്ന ഒരു ഗെയിം സെറ്റ് ചെയ്യുന്നത് ഗുരുതരമായ വിഷയം ആയി തന്നെയാണ് കാണുന്നത്. ചെയ്ത ആൾക്ക് സംഭവിച്ച നിസാരമായ ഒരു കരുതൽ കുറവ് അല്ല അത്‌. ആൺകുട്ടിക്ക് ഫുഡ്‌ ബോളും പെൺ കുട്ടിക്ക് വെളുത്തു തുടുത്ത പാവക്കുട്ടിയും കളിപ്പാട്ടമായി വാങ്ങികൊടുക്കുന്നതിനോളം പോന്ന ഒരു വിഢിത്തം ആണ് ഈ ആപ്പിനെ ന്യായീകരിക്കുന്നവരും നടത്തുന്നത്.

നേർച്ച ചോറ് വാങ്ങാൻ സ്ത്രീകൾ വരേണ്ട എന്ന് നോട്ടീസ് ഇറക്കുന്നവരും, പുരുഷന്‍റെ മുമ്പിൽ മാത്രം മെനു കാർഡും ബില്ലും കൊണ്ടുവെക്കുന്ന ഹോട്ടൽ വെയ്‌റ്ററും ഒക്കെ ഈ ആപ്പിന്‍റെ പ്രാകൃത രൂപങ്ങൾ തന്നെ. ഹരമുള്ളതൊക്കെ ആണിനാണ്. അതിപ്പോ കാൽപന്ത് ആയാലും രഹസ്യ പ്രണയം ആയാലും. നിന്‍റേതല്ല ഈ ലോകം എന്ന ശബ്ദത്തിന് നിരന്തര ചികിത്സ ആവിശ്യമുണ്ട്. പലതട്ടിൽ, പല കോലത്തിൽ! ആൺ ലോകത്ത് നിന്നുകൊണ്ട് സ്ത്രീകളെ കാണുന്നവർക്ക് ഇതൊക്കെ 'വിട്ടുകള കൊച്ചേ 'എന്ന് നിസാരമായിരിക്കും. പക്ഷെ, പിൻവാതിലിൽ മറഞ്ഞു നില്‍ക്കാൻ നിർദേശം കിട്ടിയ ഒരു തലമുറയെ ഉള്ളിൽപ്പേറുന്നവർ കോപ്പിലെ ആപ്പ്, എടുത്തോണ്ട് പോടെയ് എന്ന് നീട്ടി എറിയും. ആപ്പിലും ആപ്പിളിലും വേണം തുല്യത .