ചണ്ഡിഗഢ്: പഞ്ചാബില്‍ പട്ടാപ്പകല്‍ ദലിത് യുവതിയെ ഓഫീസില്‍നിന്ന് പിടിച്ചു വലിച്ചു കൊണ്ടുപോയ ശേഷം ബലാല്‍സംഗം ചെയ്തു. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസിനോട് ദേശീയ പട്ടിക ജാതി കമീഷന്‍ വിശദീകരണം തേടി. അതിനിടെ, യുവതിയെ ഓഫീസില്‍നിന്ന് ഒരാള്‍ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയില്‍ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നിട്ടും സഹായത്തിനു വേണ്ടി ആര്‍ത്തുനിലവിളിക്കുന്ന യുവതിയെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

യുവതി പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. ഓഫീസില്‍നിന്ന് യുവാവ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്ത ശേഷം കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 25ന് മുക്ത്‌സാര്‍ നഗരത്തിലാണ് സംഭവം. 24കാരിയായ ദലിത് യുവതിയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. യുവാവ് ഫാം ഹൗസില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവതി പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. ഓഫീസില്‍നിന്ന് യുവാവ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്ത ശേഷം കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ യുവതിയുടെ സമീപ ഗ്രാമവാസിയാണ് എന്നും യുവതിക്ക് ഇയാളെ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. 

അതിനിടെ, സംഭവത്തില്‍ പൊലീസ് അനാസ്ഥ കാട്ടിയതായി യുവതിയും പിതാവ് ദേശീയ പട്ടിക ജാതി കമീഷന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ പൊലീസിനോട് വിശദീകരണം ചോദിച്ചു. 

സംഭവത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വശം പൊതുജനങ്ങളുടെ സമീപനമാണ്. യുവതിയെ പട്ടാപ്പകല്‍ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുമ്പോഴും ഇത് കണ്ടു നില്‍ക്കുകയായിരുന്നു നാട്ടുകാര്‍. സഹായത്തിന് വേണ്ടി യുവതി നിലവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നിട്ടും ആരും സഹായിക്കാനോ യുവാവിനെ പിടിച്ചു മാറ്റാനോ തയ്യാറായില്ല.