ഒടുവില്‍ കോടതി പറഞ്ഞു:'കുഞ്ഞിനൊപ്പം ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെയാണ്, സോഫിയ, നീയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്തുകൊന്നത്'  ദീജു ശിവദാസ് എഴുതുന്നു

ഓസ്‌ട്രേലിയയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സാം എബ്രഹാം കൊലക്കേസിന്റെ വിധി കഴിഞ്ഞ ദിവസം വന്നു. മലയാളിയായ സാം സയനൈഡ് അകത്തുചെന്നാണ് കൊല്ലപ്പെട്ടത്. സാമിന്റെ ഭാര്യയും കാമുകനുമായിരുന്നു പ്രതികള്‍. ഇരുവരും മലയാളികള്‍. ജൂറി വിചാരണയിലൂടെയായിരുന്നു ഇരു പ്രതികള്‍ക്കും വിക്‌ടോറിയന്‍ കോടതി ശിക്ഷ വിധിച്ചത്. കേസ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമം എസ്ബിഎസ് റേഡിയോ മലയാളത്തിന്റെ എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍ ദീജു ശിവദാസ് കേസിന്റെ അറിയാക്കഥകള്‍ എഴുതുന്നു

മലയാളിയെന്നും കേരളമെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ ഏറ്റവുമധികം കേട്ടത് ഈ കേസിലൂടെയാണ്. ഒരുപക്ഷേ ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടുള്ള ഏറ്റവും വലിയ കേസും.


'സ്വന്തം കുഞ്ഞിനൊപ്പം വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന നിന്റെ ഭര്‍ത്താവിനെയാണ്, സോഫിയ സാം, നീയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് വിഷം കൊടുത്തു കൊലപ്പെടുത്തിയത്'

വിക്‌ടോറിയന്‍ സുപ്രീം കോടതിയിലെ ഗ്രീന്‍ കോടതിമുറിയില്‍, ജഡ്ജി പോള്‍ കോഗ്ലന്‍ വിധിപ്പകര്‍പ്പില്‍ നിന്ന് ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍ സോഫിയ സാം നിശ്ചലയായി ഇരുന്നു. ജഡ്ജിയില്‍ മാത്രം കണ്ണുകളുറപ്പിച്ച്, ചുറ്റും നടക്കുന്നത് എന്തെന്നു പോലും അറിയാതെ, പ്രതിക്കൂട്ടിനുളളില്‍...രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഇറ്റുവീണുകൊണ്ടിരുന്നു.

തൊട്ടപ്പുറത്ത്, രണ്ടു പോലീസുകാരുടെ മാത്രം അകലത്തില്‍, അരുണ്‍ കമലാസനനും.

ഈ കൊലപാതകത്തിന്റെ സൂത്രധാരനും ചാലകശക്തിയും എന്ന് ജസ്റ്റിസ് കോഗ്ലന്‍ വിശേഷിപ്പിച്ച അരുണ്‍ നിര്‍വികാരനായിരുന്നു. വിധി കേട്ടിട്ടും ഒരു മാറ്റവുമില്ലാതെ.

മെല്‍ബണ്‍ സ്വദേശി സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തി എന്ന കേസില്‍ ഭാര്യ സോഫിയ സാമിന് 22 വര്‍ഷവും, കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് കോടതി തടവുശിക്ഷ വിധിച്ചത്. പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി, മൂന്നു വര്‍ഷം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം എന്ന പ്രോസിക്യൂഷന്‍ കേസ് അംഗീകരിച്ചുകൊണ്ടുള്ള കോടതിവിധി.

മലയാളിയെന്നും കേരളമെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ ഏറ്റവുമധികം കേട്ടത് ഈ കേസിലൂടെയാണ്. ഒരുപക്ഷേ ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടുള്ള ഏറ്റവും വലിയ കേസും.

സാമും സോഫിയയും കുട്ടിയും. വലത്ത്, കോടതിയിലേക്ക് പോവുന്ന സോഫിയ

അതിനാടകീയം, അന്വേഷണം
33 വയസുള്ള സാം എബ്രഹാം ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നുമരിച്ചു എന്ന വാര്‍ത്ത ഏറെ വേദനയോടെയായിരുന്നു മെല്‍ബണിലെ മലയാളി സമൂഹം കേട്ടത്. പള്ളിയിലും സുഹൃത്തുക്കള്‍ക്കിടയിലും ഏറെ പ്രിയങ്കരനായ ഒരു സൗമ്യശീലന്‍.

2015 ഒക്‌ടോബര്‍ 14നായിരുന്നു സാം എബ്രഹാമിനെ മെല്‍ബണിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പക്ഷേ പത്തു മാസങ്ങള്‍ക്കിപ്പുറം ഒരു വെളളിടി പോലെ ആ വാര്‍ത്ത പുറത്തുവന്നു. സാം എബ്രഹാമിന്റെ ഭാര്യ സോഫിയയെയും, സോഫിയയുടെ കാമുകന്‍ അരുണ്‍ കമലാസനനെയും വിക്‌ടോറിയ പൊലീസ് അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത. ഭാര്യയും കാമുകനും ചേര്ന്ന് സയനൈഡ് കൊടുത്ത് സാമിനെ കൊലപ്പെടുത്തി എന്ന പൊലീസ് കേസ് മെല്‍ബണിലെ ദ ഹെറാള്‍ഡ് സണ്‍ പത്രമായിരുന്നു പുറത്തുവിട്ടത്.

ഹോളിവുഡ് സിനിമാക്കഥകളെപ്പോലും വെല്ലുന്ന അതിനാടകീയമായ അന്വേഷണമായിരുന്നു വിക്‌ടോറിയ പൊലീസിന്‍േറത്. കേസിന്റെ വിചാരണഘട്ടത്തില്‍ പൊലീസ് തന്നെ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍.

ഹൃദയാഘാതമാണ് മരണകാരണമെന്ന ഭാര്യയുടെയും ബന്ധുക്കളുടെയും വിശ്വാസം പൊലീസ് നിഷേധിച്ചില്ല. സാം എങ്ങനെ മരിച്ചുവെന്നറിയാന്‍ അഞ്ചു തവണ സോഫിയ സാം പൊലീസിനെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും പൊലീസ് നല്‍കിയില്ല. അഞ്ചാം തവണയ്ക്കപ്പുറം സോഫിയ പൊലീസിനോട് വിളിച്ചന്വേഷിച്ചതുമില്ല.

മറിച്ച്, പോസ്റ്റ്‌മോര്ട്ടത്തില്‍ സയനൈഡാണ് മരണകാരണം എന്നറിഞ്ഞതുമുതല്‍ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങുകയായിരുന്നു. സോഫിയയെ നിരീക്ഷിക്കാന്‍ രഹസ്യപ്പൊലീസുകാരെ നിയോഗിച്ച്, അതിലൂടെ അരുണ്‍ കമലാസനിലേക്കുമെത്തി, അവരുടെ ഒരുമിച്ചുളള യാത്രകളും, അതിലെ നിഗൂഢതകളും, മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണങ്ങളും എല്ലാം കണ്ടെത്തിയുള്ള അന്വേഷണം.

അതിനിടയില്‍ രഹസ്യപ്പോലീസുകാര്‍ അരുണ്‍ കമലാസനന്റെ വിശ്വാസം കവര്‍ന്ന് അറിയേണ്ട രഹസ്യങ്ങളെല്ലാം ചോര്‍ത്തിയെടുത്തിരുന്നു. താനാണ് സാമിനെ കൊന്നതെന്ന് അരുണ്‍ സമ്മതിക്കുന്നതും, എങ്ങനെ കൊലപാതകം നടത്തിയെന്ന് വരച്ചുകാട്ടുന്നതും വീഡിയോയിലും ഓഡിയോയിലും പകര്‍ത്തി പൊലീസ് വല വിരിച്ചു.

സയനൈഡ് എങ്ങനെ സാമിന്റെ ശരീരത്തിലെത്തിയെന്നും, അത് എങ്ങനെ മരണകാരണമായെന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ വിദഗ്ധരുടെ സഹായവും തേടി. വലക്കണ്ണികളെല്ലാം മുറുകിയെന്നുറപ്പിച്ച ശേഷം മാത്രമായിരുന്നു പൊലീസിന്റെ അടുത്ത നടപടി. സോഫിയയെയും അരുണിനെയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതും, പിന്നാലെ അറസ്റ്റ ചെയ്തതും.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം നിഷേധിച്ചെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ അതു മതിയായിരുന്നില്ല. 2016 ഓഗസ്റ്റ്് 18 മുതല്‍ ഇരുവരും തടവറയ്ക്കുള്ളിലായി. പിന്നീടും അന്വേഷണം തുടര്‍ന്ന പൊലീസ് അരുണും സോഫിയയും തമ്മിലുള്ള ബന്ധവും, പരസ്പര ധാരണകളും തെളിയിക്കാനായി അവരുടെ ഡയറിക്കുറിപ്പുകളും, സംയുക്ത ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും, സാമിന്റെ കാര്‍ മരണശേഷം അരുണിന്റെ പേരിലേക്ക് മാറ്റിയ രേഖകളും എല്ലാം ശേഖരിച്ചാണ് വിചാരണയ്ക്ക് എത്തിയത്.

 സോഫിയ കോടതിയില്‍

സാധാരണക്കാര്‍ പറഞ്ഞ വിധി
വിക്‌ടോറിയന്‍ നിയമപ്രകാരം ക്രിമിനല്‍ കേസുകളില്‍ ജൂറി വിചാരണയാണ് പതിവ്. അതായത്, പ്രതികള്‍ കുറ്റം ചെയ്‌തോ എന്ന് തീരുമാനിക്കുന്നത് സാധാരണക്കാരാണ്. ജഡ്ജിയല്ല.

നിയമപ്രകാരമാണ് വിചാരണ നടക്കുന്നതെന്ന് ഉറപ്പാക്കാനും, ജൂറി തീരുമാനമെടുത്താല്‍ നിയമപ്രകാരമുള്ള ശിക്ഷ വിധിക്കാനുമാണ് ജഡ്ജിയുടെ അധികാരം. ജൂറിയുടെ ഉത്തരവുകള്‍ അപൂര്‍വം ചില സാഹചര്യങ്ങളില്‍ മാത്രമേ ജഡ്ജിക്ക് മറികടക്കാന്‍ കഴിയൂ.

പൊതുവില്‍ പന്ത്രണ്ട് അംഗങ്ങളാണ് ജൂറിയിലുള്ളത്. വെറും സാധാരണക്കാരായ പന്ത്രണ്ടുപേര്‍. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ആരെ വേണമെങ്കിലും ജൂറിയിലേക്ക് വിളിക്കാം. വിളിച്ചാല്‍ ജൂറിയില്‍ അംഗമാകേണ്ടത് ഓസ്‌ട്രേലിയന്‍ നിയമപ്രകാരമുള്ള ഉത്തരവാദിത്തമാണ്.

ഇന്ത്യയില്‍ സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ നിന്ന് എട്ടു വര്‍ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, കോടതി റിപ്പോര്‍ട്ടിംഗിന്റെ പുതിയ ഒരു പാഠമായിരുന്നു ഈ വിചാരണ.

കോടതിയില്‍ നിന്ന് എന്തു റിപ്പോര്‍ട്ട് ചെയ്യാം, എന്തു റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്ന കാര്യത്തില്‍ വ്യക്തവും സുനിശ്ചിതവുമായ നിയമങ്ങള്‍, മാധ്യമങ്ങള്‍ നിയമപരിപാലനത്തിന്റെ അവിഭാജ്യഘടകമാണെന്ന് തിരിച്ചറിഞ്ഞ് അവയ്ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കുന്ന കോടതികള്‍, റിപ്പോര്‍ട്ടിംഗ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഓരോ മാധ്യമസ്ഥാപനത്തിനും സ്വന്തമായി ലീഗല്‍ ടീം.

മാധ്യമവിചാരണ എന്ന, മലയാളിക്ക് ചിരപരിചിതമായ, വാക്ക് തീര്‍ത്തും അന്യമാണ് ഓസ്‌ട്രേലിയന്‍ നിയമസംവിധാനത്തില്‍ എന്നതാണ് ഇതിന്റെ ആകെത്തുക. വിചാരണഘട്ടത്തിലിരിക്കുന്ന ഒരു കേസിനെക്കുറിച്ച്, കോടതിയില്‍ അന്നന്ന് നടക്കുന്നതിനപ്പുറം ഒരു വാക്കു പോലും പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമില്ല. കോടതിയില്‍ നടക്കുന്ന കാര്യങ്ങളാകട്ടെ, എന്തൊക്കെയെന്ന് വളരെ കൃത്യമായി രേഖാമൂലം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്യും. വാദങ്ങളും പ്രതിവാദങ്ങളും മൊഴികളും ഉള്‍പ്പെടെ.

കോടതി മുറിയിലെ മൈക്കും ഓഡിയോ-വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനവും എല്ലാം ഉപയോഗിച്ച്, ഒരു ആശയക്കുഴപ്പത്തിന് പോലും വക നല്‍കാതെയാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്.

കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞപ്പോഴും, പ്രതികള്‍ക്ക് ശിക്ഷ വിധിച്ചപ്പോഴുമെല്ലാം ഇതിന്റെ പ്രയോജനം നേരില്‍ കണ്ടു. ജഡ്ജി വിധി പ്രസ്താവിക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിന്റെ ശബ്ദസംപ്രേഷണം തത്സമയം നല്‍കി. റിപ്പോര്‍ട്ടിംഗില്‍ ഒരു തെറ്റുപോലും വരാതിരിക്കാന്‍. 

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തന കാലത്ത് സുപ്രീം കോടതി റിപ്പോര്‍ട്ടിംഗിനെക്കുറിച്ച് പങ്കെടുത്ത ഒരു ശില്‍പശാലയാണ് മെല്‍ബണ്‍ കോടതിയില്‍ നിന്നപ്പോള്‍ ഓര്‍മ്മ വന്നത്. ജഡ്ജിമാര്‍ പറയുന്നതില്‍ പകുതിയും കേള്‍ക്കാന്‍ കഴിയാറില്ലെന്നും, എന്തുകൊണ്ട് മുമ്പിലുള്ള മൈക്രോഫോണ്‍ ഉപയോഗിച്ചുകൂടെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'ബോധപൂര്‍വമാണ് മൈക്ക് ഉപയോഗിക്കാത്തത്' എന്നായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസിന്റെ മറുപടി!

അരുണ്‍ കമലാസനന്‍ കോടതിയില്‍

കോടതിയില്‍ കേള്‍ക്കാത്ത കഥകള്‍
ഈ കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ കൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാക്കാനാകില്ല. സോഫിയയെ നിരീക്ഷിക്കാന്‍ മറ്റേതോ ഒരു സ്ത്രീ പൊലീസിനോട് വിളിച്ചുപറഞ്ഞതോടെയാണ് വിക്‌ടോറിയന്‍ പൊലീസ് അന്വേഷണം തുടങ്ങിയത് എന്നാണ് നിരവധി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍ കേസ് കോടതിയില്‍ വന്ന ആദ്യ ദിവസം മുതല്‍, വിധി പറഞ്ഞ ജൂണ്‍ 21 വരെ ഒരു ഘട്ടത്തിലും ഇത്തരമൊരു സ്ത്രീയുടെയോ ഫോണ്‍ കോളിന്റെയോ കാര്യം പൊലീസ് പറഞ്ഞിട്ടേയില്ല.

'സാം മരിക്കുമെന്ന് താന്‍ കരുതിയില്ല' എന്ന് സോഫിയ പറഞ്ഞതായാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇത്തരമൊരു വാചകവും ഒരു ഘട്ടത്തിലും സോഫിയയുടെ ഭാഗത്തു നിന്ന് കോടതിയിലുണ്ടായിട്ടില്ല. മാത്രമല്ല, ശിക്ഷ തീരുമാനിക്കുന്നതിനായുള്ള വാദം നടക്കുമ്പോള്‍ സാമിന്‍േറത് കൊലപാതകം തന്നെയാണ് എന്ന് സമ്മതിക്കുകയാണ് സോഫിയയുടെ അഭിഭാഷകര്‍ ചെയ്തത്. പക്ഷേ അതില്‍ സോഫിയയ്ക്ക് അറിവോ പങ്കോ ഇല്ല എന്നായിരുന്നു അവരുടെ വാദം.

പ്ലംബറായും ഇലക്ട്രീഷ്യനായും പോസ്റ്റുമാനായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൊലീസോ, പ്രോസിക്യൂഷനോ, കോടതിയോ ഒരു ഘട്ടത്തിലും പറയാത്ത മറ്റൊരു കാര്യം. മാത്രമല്ല, അഥവാ പറഞ്ഞാല്‍ പോലും മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അവകാശമില്ലാത്ത കാര്യം.