Asianet News MalayalamAsianet News Malayalam

കത്തിയെടുത്തതിന് അവളെ കുറ്റപ്പെടുത്തുന്ന 'നല്ല മനുഷ്യരോട്' ചില ചോദ്യങ്ങള്‍

Deepa Praveen on Woman who cut off godmans  genitals in Kerala
Author
Thiruvananthapuram, First Published May 22, 2017, 11:29 AM IST

Deepa Praveen on Woman who cut off godmans  genitals in Kerala

പഠിച്ച നിയമങ്ങള്‍ മാറ്റി വെച്ച് ഈ ഇരുണ്ട കാലത്തു സ്ത്രീയുടെ ശരീരത്തിനും മനസിനും മേല്‍ 'മൃഗാധിപത്യം' പുലര്‍ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന അനേക ഉടലുകള്‍ക്കിടയില്‍ ജീവിക്കുന്ന വെറുമൊരു സാധാരണ സ്ത്രീയായാണ് ഇത് കുറിയ്ക്കുന്നത്.

ഇത് കുറിക്കാന്‍ കാരണം, കഴിഞ്ഞ രണ്ടു ദിവസമായി കേള്‍ക്കുന്ന ചില ചോദ്യങ്ങളാണ്.

1.  പെണ്‍കുട്ടി എന്ത് കൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല.
2.  അവള്‍ പ്രതികരിക്കാനെടുത്ത കാലതാമസം.

3. പെണ്‍കുട്ടിയ്ക്ക് നിയമം കൈയിലെടുക്കാനുളള അധികാരമുണ്ടോ?

ഇതിനുള്ള ഉത്തരത്തിലേക്ക് വരും മുമ്പ് എനിക്ക് നിങ്ങളോടു മെലിസയെ കുറിച്ച് പറയണം. (പേര് സാങ്കല്‍പ്പികം).

ആ പെണ്‍കുട്ടികള്‍ പറഞ്ഞത്
ക്രിമിനോളജി പഠനത്തിന്റെ ഭാഗമായുള്ള റിസര്‍ച്ച്, ലൈംഗിക അതിക്രമത്തിന് ഇരയായായവരെ കുറിച്ചുള്ളതായിരുന്നു. അതിന്റെ ഭാഗമായി കണ്ടു സംസാരിച്ച രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു മെലീസയും മറ്റൊരു പെണ്‍കുട്ടിയും. അവര്‍ വിദ്യാര്‍ത്ഥികളാണ്. ലൈംഗികതൊഴിലാളികളുമാണ്.

ആ ദിവസങ്ങളില്‍ ഞാന്‍ പലരെയും കണ്ടിരുന്നു കണ്‍മുന്നില്‍ നിസഹായരായി ഇരുന്ന ഒരു പാട് 'survivors'/ അതി ജീവിച്ചവര്‍.

ഒരു വിദേശ രാജ്യം സമ്മാനിക്കുന്ന പ്രത്യേക ജീവിത വ്യവസ്ഥയും, ജീവിച്ചിരിക്കുന്നതില്‍ കുറച്ചു കൂടി മാന്യതയും, സമൂഹത്തിന്റെ തുറിച്ചു നോട്ടക്കുറവും, കുറ്റപ്പെടുത്തലുകളും, ഒഴിവാക്കലുകളും 'വിക്ടിം shaming' എന്ന പുനര്‍സമൂഹതുടര്‍വിചാരണയും കുറവെങ്കിലും അവരില്‍ പലരും സംസാരിച്ചത്, അത് ഹൃദയത്തിലേറ്റ മായിക്കാനാവാത്ത മുറിവ് എന്ന് തന്നെയാണ്.

ഏതാണ്ട് 50 വയസ്സുളള ഒരു അമ്മ പറഞ്ഞത്: 
'It is a permanent scar not on my body but over my self esteem'. എന്റെ സ്ത്രീത്വമല്ല സ്വന്തം 'സ്വത്വം' അഥവാ എക്‌സിസ്റ്റന്‍സ് ആണ് അവിടെ നഷ്ടപ്പെട്ടത്. ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ സമ്മതമില്ലാതെ നടന്ന ആ 'accident' എന്നെ വര്‍ഷങ്ങളോളം ആത്മഹത്യാപ്രവണതയിലേയ്ക്കും, വിഷാദരോഗത്തിലേയ്ക്കും, ആരെയും വിശ്വസിക്കാനാവാത്ത ഒരു അവസ്ഥയിലേയ്ക്കും, സെക്‌സ് എന്ന ഓര്‍മ്മ പോലും ഏറ്റവും ഭീതിജനിക്കുന്ന ഒരു ട്രോമാ ആകുന്ന അവസ്ഥയിലേക്കും മാറി. ഒരു അമ്മയാകുന്നതില്‍ നിന്ന് പോലും അത് എന്നെ അകറ്റി നിറുത്തി. ഒരു അമ്മയാകാന്‍ പിന്നീട് എനിയ്ക്കു വൈദ്യ സഹായം വേണ്ടി വന്നു.

ഏതാണ്ട് ഈ ഒരു ഉത്തരം തന്നെയായിരുന്നു അക്രമത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ഞാന്‍ സംസാരിച്ച പലരും പറഞ്ഞത്.

എന്നാല്‍ മലീസയുടെ ഉത്തരം വ്യത്യസ്!തമായിരുന്നു:
മുമ്പ് പറഞ്ഞത് പോലെ മലീസ ഒരു സെക്‌സ് വര്‍ക്കര്‍ ആണ്. ഒപ്പം നേഴ്‌സിംഗും പഠിക്കുന്നു. ഒരു ഫോസ്റ്റര്‍ കുടുംബത്തില്‍ നിന്നാണ് മെലീസ വരുന്നത്. അവള്‍ക്കു ഒപ്പം വന്ന പെണ്‍കുട്ടിയും സമാനമായ ജീവിതാവസ്ഥയില്‍ നിന്ന് വരുന്നു. ആ കുട്ടി അവളുടെ ജീവിതം പറഞ്ഞു നിറുത്തിയത്, യാന്ത്രികമായി ഞാന്‍ എന്റെ പേപ്പറിലേയ്ക് പകര്‍ത്തി. അപ്പോഴേയ്ക്കും ഒരര്‍ത്ഥത്തില്‍ പലതും യാന്തികമായ വാക്കുകള്‍ ആയിത്തീര്‍ന്നിരുന്നു. കേട്ട് തഴമ്പിച്ച വാക്കുകള്‍, abuse, trauma, abuse from position of trust, നിസ്സഹായാവസ്ഥ, പലരും ചേക്കേറുന്ന ഡ്രഗ്‌സ് എന്ന ഇടത്താവളം, പോലീസ് കേസ്, കുറ്റപ്പെടുത്തലുകള്‍. ഒരു യാന്ത്രികമായ ചക്രം പോലെയാണത് അതിന്റെ അച്ചുതണ്ടില്‍ ജീവിതം കൊരുത്തു ശ്വാസം കിട്ടാതെ പിടയുന്ന ഒരു survivor ഉം. അവരില്‍ നിന്ന് മെലീസയെ വ്യത്യസ്തയാക്കിയത് അവളുടെ ഉത്തരമായിരുന്നു.

13 വയസ്സ് മുതല്‍ ഏതാണ്ട് 16 വയസ്സു വരെ അവളുടെ സമ്മതില്ലാതെ അവളെ ആക്രമിച്ചിരുന്ന ഒരാള്‍ ഉണ്ടായിരുന്നു. ആദ്യം ഒന്നും അവള്‍ക്കു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞില്ല എന്നാല്‍ തിരിച്ചറിവിന്റെ ഒരു രാവില്‍ അവള്‍ ചെയ്തത് അവളുടെ വാക്കുകളില്‍ പറഞ്ഞാല്‍

'I smashed his worthless balls with my high heel shoes?'

സാമാന്യ ബോധം നുരയ്ക്കുന്ന ആ ചോദ്യം തന്നെയാണ് എന്റെ നാവില്‍ നിന്നും ഉയര്‍ന്നത്. എന്ത് കൊണ്ട് പരാതിപ്പെട്ടില്ല? അവിടെ അതിനു സഹായിക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ലേ? പരാതിപ്പെടുടുകയല്ലേ വേണ്ടത്?

അയാളെ കുറിച്ച് പിന്നീട് അവള്‍ പരാതിപ്പെടുന്നുണ്ട്, എങ്കിലും അവള്‍ ചെയ്തതില്‍ അവളുടേതായ ഒരു ശരിയുണ്ട്. ആ ശരി സാമാന്യ നീതിയ്ക്ക് മനസിലാകുന്നതല്ല.

അവളുടെ നീണ്ട ഉത്തരത്തില്‍ നിന്ന് ഞാന്‍ കണ്ടെടുത്ത എന്റെ വ്യക്തിപരമായ ചിന്തയാണ് ചുവടെ. (നിയമവശമല്ല).

അവരെന്തിനാണ് ആയുധമെടുത്തത്?

മെലീസയും നമ്മുടെ 'പെണ്‍കുട്ടിയും' എന്തിനാണ് തിരിച്ച് ആയുധമെടുത്ത്?

അതിലേയ്ക്ക് അവരെ എത്തിക്കുന്ന ഒരു സമൂഹവ്യസ്ഥ ഇവിടെ നിലനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും) ഇവിടെ ലൈംഗികമായി ആക്രമിക്കപ്പെടുന്നു. അതിനെ ഫലപ്രദമായി തടയാന്‍ കഴിയുന്ന ഒരു നിയമസംവിധാനമുണ്ടോ?

അതായത്, ക്രൈം നടന്നു കഴിഞ്ഞാല്‍ അത് സ്റ്റേറ്റിനു എതിരായ കുറ്റകൃത്യം കൂടിയാണ്. അതിനെ തടയാനും പ്രതിരോധിക്കാനും സ്‌റ്റേറ്റിന് കഴിയണം. ഒപ്പം കുറ്റവാസനയുള്ളവര്‍ക്ക് ഒരു താക്കീതാവാനും കഴിയണം.

സമൂഹത്തിലെ കുറ്റകൃത്യം ഇല്ലായ്മ ചെയ്യാന്‍ ശിക്ഷയ്ക്കു കഴിയണമെങ്കില്‍ ആ ശിക്ഷ ഇനി താഴെ പറയുന്ന രീതിയില്‍ ഉള്ള ഉദ്ദേശ ലക്ഷ്യങ്ങള്‍ ഉള്ളതാവണം എന്ന് പൊതുവില്‍ ഒരു വാദം നിലനില്‍ക്കുന്നു,
അതായത്

1 . ശിക്ഷയ്ക്കു ഒരു Deterrence (അനന്തരഫലങ്ങളെക്കുറിച്ചുള്ള ഭയംകൊണ്ടു പിന്‍തിരിപ്പിക്കാന്‍ കഴിയണം) ഉണ്ടാവണം
2 . കുറ്റവാളിയെ/ ക്രിമിനലിനെ പൊതു ധാരയില്‍ നിന്ന് മാറ്റി നിറുത്തുക വഴി കുറ്റകൃത്യം കുറയ്ക്കണം. Incapacitation എന്ന് ക്രിമിനോളജിയില്‍ പറയും.
3. കുറ്റം ചെയ്ത ആളില്‍ നിന്ന് കുറ്റ വാസന ഇല്ലാതാക്കാന്‍ ഉതകുന്ന കൗണ്‍സിലിങ് അടക്കമുള്ള തിരുത്തല്‍ നടപടികള്‍ കൊടുക്കുക. അത് വഴി ഈ ക്രൂരകൃതം സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റുക. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍-വളരെയധികം സമയം, മൂലധനം, ആള്‍ശേഷി ഇതെല്ലാം വേണ്ട ഒരു കാര്യമാണിത്.

4 . Expiate എന്ന മറ്റൊരു രീതിയുണ്ട്. പ്രായശ്ചിത്തം ചെയ്യിക്കുക/ പ്രായശ്ചിത്തം ചെയ്യാനുളള ഒരു ബോധമുണ്ടാകുക എന്നതാണ് അത്, അതിനു കുറ്റവാളിയില്‍ ആദ്യം ചെയ്തത് കുറ്റമാണ് എന്ന ബോധമുണ്ടാകണം.

5 . Rteribution ചെയ്ത അതെ കുറ്റത്തിന്റെ പ്രൊപോര്‍ഷനില്‍ കുറ്റവാളിയെയും ശിക്ഷിക്കുക.

നമ്മള്‍ ഇന്ന് കാണുന്ന ശിക്ഷാ നടപടികളില്‍ എല്ലാം ഈ പറഞ്ഞ ഘടകങ്ങള്‍ പല അനുപാതത്തില്‍ ഉണ്ട്. എന്നിട്ടും ഇവിടെ ഒരു പെണ്ണിന്റെ മേലേയ്ക്ക് അതിക്രമിച്ചു കയറുന്ന അപരനെ ഇതൊന്നും സ്വാധീനിക്കുന്നില്ല അവിടെയാണ് ഇത്തരം സന്ദര്‍ഭങ്ങളിലെ 'സെല്‍ഫ് ഡിഫെന്‍സ്' അഥവാ സ്വയരക്ഷ എന്ന നിയമ നിര്‍വചനത്തിനു പുതിയ മാനങ്ങള്‍ വേണ്ടത്.

എന്താണ് സ്വയരക്ഷ?
അന്തരാരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തമായ ഒരു നിര്‍വ്വചനം, GP Fletcher പറഞ്ഞതാണ്. 'Domination in the Theory of Justification and Excuse ല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ തിയറി അനുസരിച്ചു തങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നതോ അതുപോലെ അപകടകരമായ ഒരു അവസ്ഥയിലേയ്ക്ക് തങ്ങളെ എത്തിക്കുന്നതോ ആയ ഒരു അവസ്ഥയില്‍ ഒരുവന് തങ്ങളെ രക്ഷിക്കാന്‍ സ്വയ പരിരക്ഷ നേടാം. ഇത് സ്‌റ്റേറ്റിന്റെ ഔദാര്യമല്ല. മറിച്ചു സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി അനുസരിച്ചു സ്‌റ്റേറ്റ് എന്ന മെഷിനറി അതിന്റെ പ്രജകളെ സംരക്ഷിച്ചു കൊള്ളും എന്ന ഉറപ്പില്‍ നമ്മള്‍ അടിയറവെയ്ക്കുന്ന അനേകം അവകാശങ്ങളില്‍ ഇത് പെടില്ല. ഈ അവകാശം ഒഴിച്ചാണ് നമ്മള്‍ സ്‌റ്റേറ്റിനു നല്‍കുന്നത്. (എന്നാല്‍ സെല്‍ഫ് ഡിഫന്‍സ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉപാധികള്‍ ഉള്ള ഒരു ഡിഫെന്‍സ് ആയാണ് നല്‍കിയിരിക്കുന്നത് എന്നത് മറക്കുന്നില്ല).

ചോദ്യം : പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇത് എങ്ങനെ സെല്‍ഫ് ഡിഫെന്‍സ് ആകും. കാരണം ഇവിടെ കുറെ ഏറെ നാളുകളായി കുട്ടിയെ പീഡിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ എങ്ങനെയാണ് സെല്‍ഫ് ഡിഫെന്‍സ് വരുക. കുട്ടിയ്ക്ക് ഈ കുറ്റത്തെക്കുറിച്ചു നേരത്തെ അറിവുള്ളതല്ലേ?

ഒരു പാട് നിയമനിര്‍വചനങ്ങളില്‍ ബഹുമാനപ്പെട്ട കോടതികള്‍ പറഞ്ഞിട്ടുണ്ട്, 'സ്വയരക്ഷ നടപടി' എന്ന പരിഗണന കിട്ടാന്‍ പെട്ടെന്ന് ഉണ്ടായ ഒരു പ്രകോപനം അല്ലാത്ത സന്ദര്‍ഭങ്ങളും പരിഗണിക്കാമെന്ന്. അതായതു തുടര്‍പീഡന ഇരകള്‍ക്കു (പ്രത്യേകിച്ചും ഗാര്‍ഹിക പീഡനം പോലെയുള്ള ഇരകള്‍ക്കു) പലപ്പോഴും പ്രതികരിക്കാനുള്ള ശക്തി ഉണ്ടാവുക എന്നത് പല കാരണങ്ങള്‍ കൊണ്ടും വളരെ വൈകിയാവും. പലരും ആദ്യ കാലങ്ങളില്‍ പീഡനങ്ങള്‍ നിശ്ശബ്ദമായി സഹിക്കുകയാണ് പതിവ്. പിന്നീട് ഒരു പ്രത്യേക സന്ദര്‍ഭം ഉണ്ടാകുമ്പോഴാണ് അവര്‍ പ്രതികരിക്കുന്നത്. ഇവിടെയും സംഭവിച്ചത് അതാണ്.

ഇവിടെ ആ കുട്ടി നിയമം കൈയിലെടുത്തു എന്ന് പറയാന്‍ കഴിയില്ല. അവളുടെ മുന്നില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. കാരണം അവളും, അതുപോലെ ആ അവസ്ഥയിലൂടെ കടന്നു പോകുന്ന കടന്നു പോയേക്കാവുന്ന ഞാന്‍ അടക്കമുള്ള ഓരോ സ്ത്രീയും, ഒരു നിമിഷം ഒന്ന് ആലോചിക്കും, എന്താണ് ചെയ്യേണ്ടത് എന്ന്. 

ഇതുപോലെ ഒരു നരാധമനെ നിയമത്തിനു മുന്നില്‍ ചൂണ്ടിക്കാണിച്ചാല്‍, അവിടെ മുമ്പേ പറഞ്ഞു വെച്ച ശിക്ഷ ഫലപ്രദമായി നടപ്പിലായി എന്ന് എനിയ്ക്കു എന്റെ മനസാക്ഷിയോട് പറയാന്‍ കഴിയുമോ? ഇയാള്‍ ശിക്ഷിക്കപ്പെടുമോ?  ആ ശിക്ഷയ്ക്ക് ഒരു deterrent (സമാനമായ കുറ്റവാളികളെ കുറ്റകൃത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശക്തി) ഉണ്ടാവുമോ? ഈ കുറ്റവാളിയെ ഞാന്‍ കൊടുക്കുന്ന ഒരു കേസ് കൊണ്ട് പൊതു സമൂഹം അകറ്റി നിറുത്തുമോ? അതോ മൊഴിയെടുപ്പ്ു, തെളിവെടുപ്പ്, ഇതിനെല്ലാമായി ഷാളുകൊണ്ടു മുഖം മറച്ചു കോടതി വരാന്തയില്‍ കുത്തിയിരിക്കുന്ന ഇവളുടെ നേരെ നീളുന്ന കൂര്‍ത്ത നോട്ടങ്ങള്‍ക്കു ഇടയിലൂടെ അയാള്‍ വീണ്ടും ഇവിടെ ഈ പൊതു മധ്യത്തില്‍ വാഴും. 

അങ്ങനെയല്ലെങ്കില്‍ ഇങ്ങനെ!
മറ്റു രാജ്യങ്ങളില്‍ ലൈംഗിക കുറ്റവാളി രജിസ്റ്റര്‍ എന്ന ഒരു വ്യവസ്ഥ എങ്കിലും ഉണ്ട്. അതില്‍ പേരുള്ളവര്‍ക്ക് ജോലിക്കും തൊഴില്‍ അവസരങ്ങള്‍ക്കും നിഷേധമുണ്ട്. ഒപ്പം ഇയാള്‍ ഒരു ലൈംഗീക കുറ്റവാളി ആയിരുന്നു എന്ന തെളിവുണ്ട്. ഇവിടെയോ? അയാള്‍ മറ്റേതൊരു പൗരനും ഉള്ള എല്ലാ പ്രത്യേകാവകാശങ്ങളും അനുഭവിക്കുന്നു. നീതി നിഷേധിക്കപ്പെടുന്നത് ഇവിടെ ആര്‍ക്കാണ്? ഇത്തരം കുറ്റവാളികളെ നവീകരിക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ ഏറ്റവും ശ്രമകരമായ ഒരു കാര്യമാണ്. കാരണം സമൂഹത്തിന്റെ, നല്ലൊരു വിഭാഗത്തിന്റെ പൊതു ബോധത്തില്‍ പോലും തീവ്രമായ ആണ്‍കോയ്മായും, സ്ത്രീ എന്നാല്‍ ഒരു ലൈംഗികഉപകരണമാണ് എന്ന ചിന്താധാരയും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്.

ലിംഗഭേദമില്ലാതെ നമ്മുടെ ഓരോരുത്തരുടെയും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വീട്ടില്‍ നിന്ന്, വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന്, സമൂഹത്തില്‍ നിന്ന് നമ്മുടെ ചിന്തയെ സ്വാധീനിക്കുന്ന പല ഘടകങ്ങളില്‍ സ്ത്രീ എന്നാല്‍, പുരുഷന് ലൈംഗിക തൃപ്തിക്കുള്ള ഒരു ഉപകരണമാണ് എന്ന ബോധം വേരോടുന്നുണ്ട്. അത് നമ്മുടെ തന്നെ ഭാഗമാകുന്നുണ്ട്. അതിന്റെ ഏറ്റവും ക്രൂരവശമായ, മനസ്സുകൊണ്ടോ ശരീരംകൊണ്ടോ ബലപ്രയോഗം നടത്തി സ്ത്രീയെ കീഴ്‌പ്പെടുത്തണം എന്ന അക്രമവാസനയെ അത്ര പെട്ടെന്ന് നമുക്കു മാറ്റിയെടുക്കാന്‍ കഴിയില്ല. ഇനി ഒരു സെല്ലിനകത്തോ, ഒരു കൗണ്‍സലിങ് സെഷന് ശേഷമോ 'നവീകരിക്കപ്പെട്ടു' പുറത്തു വന്നാലും കാത്തിരിക്കുന്നത്. ഇതര ശരീരത്തെ കാമത്തോടെ നോക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ്. ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ കാണുന്നത് ആ സമൂഹത്തെയാണ്. അപ്പൊള്‍ എങ്ങനെയാണ് ആ സമൂഹത്തിന്റെ ശിക്ഷാരീതികളില്‍ മാത്രം ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുക?

ശശി തരൂര്‍ പറയുന്നുണ്ട്. പെണ്‍കുട്ടി നിയമം കൈയിലെടുത്തു എന്ന്. സാര്‍ ശരിയാവാം. എന്നാലും പറയട്ടെ ചിലര്‍ സാമാന്യ നിയമത്തിന്റെ 'നീതിക്ക്' അര്‍ഹരല്ല. ചിലര്‍ക്ക് ചില മറുപടികള്‍ ആവശ്യമാണ്. അത് കാലത്തിന്റെ അനിവാര്യതയാണ്.

ഈ കുറിപ്പ് ഒരു നിയമ നിഷേധത്തെ സാധൂകരിക്കുന്നതോ ന്യായീകരിക്കുന്നതോ അല്ല. മറിച്ചു ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ആ ചോദ്യങ്ങളുടെ ഉത്തരം നമ്മുടെ ഉള്ളില്‍ നിന്ന് വരട്ടെ.

(ദീപ പ്രവീണ്‍: നിയമത്തിലും ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദധാരി. യു.കെയിലെ സ്വാന്‍സീ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിമിനോളജിയില്‍ ബിരുദാന്തര ബിരുദം.)

Follow Us:
Download App:
  • android
  • ios