Asianet News MalayalamAsianet News Malayalam

സത്യമാണ്, അവള്‍ മരിക്കണം  എന്ന് ഞാനും ആഗ്രഹിച്ചു!

  • ദീപ സൈറ എഴുതുന്നു
  •  
Deepa Saira on Passive Euthanasia

ആദ്യ പ്രസവത്തില്‍ അനസ്‌തേഷ്യയില്‍ വന്ന പിഴവ് മൂലം ദേഹം മുഴുവന്‍ തളര്‍ന്നു, കൈ കാലുകളിലെ പേശികള്‍ മുഴുവന്‍ ബലപ്പെട്ടു ,നിവര്‍ത്താന്‍ കഴിയാതെ,  ശരീരം മുഴുവന്‍ വ്രണങ്ങളുടെ (pressure sore) വേദനയുമായി കിടന്ന അനിത എന്ന പേഷ്യന്റിനെ ഓര്‍ക്കുന്നു. 22 വയസ്സ് മാത്രം പ്രായം. ഓര്‍മയുടെ നൂലിഴകളെല്ലാം പൊട്ടിപ്പോയെങ്കിലും ഇടയ്ക്ക് എപ്പോഴോ മയക്കം നിറഞ്ഞ ഒരു ഉണര്‍വ് അവള്‍ കാണിക്കും. ഒരു നിമിഷം മാത്രം. അങ്ങനെയൊരു നിമിഷം അവള്‍ എന്റെ കൈയ്യില്‍ തൊട്ടു ചോദിച്ചിട്ടുണ്ട്.. 

Deepa Saira on Passive Euthanasia

'മരിക്കാന്‍ അനുവദിക്കാമോ എന്നെ, ഒന്നു പറയാമോ എല്ലാവരോടും..'

Passive Euthanasia (നിഷ്‌ക്രിയ ദയാവധം) അനുവദനീയമാക്കികൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാനവിധി വന്നിരിക്കുന്നു. സ്വന്തം ജീവനു മുകളില്‍ ഉള്ള ഒരാളുടെ അവകാശം അംഗീകരിക്കല്‍ ആണോ, അതോ അതിക്രൂരമായ ഒന്നാണോ ദയാവധം എന്നത് ചര്‍ച്ചാവിഷയമാവുകയാണ്. Euthanasia എന്നാല്‍ നല്ല മരണം എന്നാണ് അര്‍ത്ഥം. 

ജീവിതത്തിലേക്ക് തിരികെ വരാനാവില്ല എന്നുറപ്പുള്ള, തീവ്രവേദന അനുഭവിക്കുന്ന രോഗിയ്ക്ക് മരണതാല്‍പര്യപത്രം (living will)എഴുതി വയ്ക്കാം.അല്ലെങ്കില്‍ അതില്‍ തീരുമാനമെടുക്കാനും നടപ്പാക്കാനും ഏറ്റവും അടുത്ത ബന്ധുവിന്റെ പേര് വില്‍പത്രത്തില്‍ നിര്‍ദ്ദേശിക്കാം. മരണം അനുവാര്യമെന്ന തീരുമാനത്തില്‍ എത്തി കഴിഞ്ഞാല്‍ ബന്ധുവിന്  ഈ വില്ലുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കാം. 20 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള വിവിധ മേഖലയിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന  മെഡിക്കല്‍ സംഘമാണ് ഇതിന്മേല്‍ തീരുമാനമെടുക്കേണ്ടത്. നിഷേധിക്കപ്പെട്ടാല്‍ അപ്പീല്‍ പോകാനും വകുപ്പുണ്ട്.

രോഗിയെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളില്‍ നിന്ന് വിഘടിപ്പിച്ചും മരുന്ന് നല്‍കാതെയും മരിക്കാന്‍ അനുവദിക്കുന്നതാണ് നിഷ്‌ക്രിയാ ദയാവധം.(passive euthanasia). മരുന്നു കുത്തി വച്ച് പെട്ടന്നുള്ള മരണം നല്‍കുന്നതാണ് സക്രിയ ദയാവധം.(active euthanasia).  ഇവിടെ അനുവദിച്ചിരിക്കുന്നത് ആദ്യത്തേതാണ്. 

ഇതിന്റെ രണ്ടു വശവും കാണേണ്ടതുണ്ട്. ജോലിക്കിടയില്‍ ആശുപത്രിയിലെയും രോഗികള്‍ക്കിടയിലെയും കാഴ്ചകളില്‍ നിന്ന് മാത്രമുള്ള എന്റെ  ചില ചിന്തകള്‍ കുറിക്കട്ടെ.

നല്ല വശങ്ങള്‍

1.വെന്റിലേറ്റര്‍ എന്ന ജീവന്‍ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണം ആശുപത്രികളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇന്നും. ആ ഉപകരണം ഇന്നും ഒരു ആര്‍ഭാടം തന്നെ ആണ്. ഒരു ദിവസം വെന്റിലേറ്ററില്‍ കിടക്കുന്നതിന് ആയിരങ്ങള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ  ഈടാക്കുന്ന ആശുപത്രികള്‍ ഉണ്ട്. 

ക്രിട്ടിക്കല്‍ അവസ്ഥയില്‍, പ്രത്യേകിച്ച് റോഡപകടങ്ങളില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു വരുന്നവര്‍ക്ക് ഉടനടി വെന്റിലേറ്റര്‍ സഹായം ലഭ്യമാക്കേണ്ടതുണ്ട്. അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ചികിത്സ ഫലം കണ്ടു തുടങ്ങുമ്പോള്‍ ഇവയില്‍ നിന്ന് ഇവരെ വിഘടിപ്പിക്കാം. എന്നാല്‍ ഞാന്‍ ആശുപത്രിയില്‍, പ്രത്യേകിച്ചു ന്യൂറോ ഐസിയുവില്‍ കണ്ടിട്ടുള്ള കാഴ്ച പറയട്ടെ..

കിടന്ന കിടപ്പില്‍ നിന്ന് ഇനി തിരിച്ചൊരു വരവില്ലെന്നു ഉറപ്പുള്ള രോഗികളുണ്ട്, പ്രത്യേകിച്ചു വൃദ്ധര്‍. ഇടവേളകില്‍ വല്ലപ്പോഴും ഓര്‍മ മിന്നിമറയുന്ന അവരുടെ  കണ്ണുകളില്‍ 'എന്നെ മരിക്കാന്‍ വിട്ടു കൂടെ' എന്ന ദയനീയത കാണാം.  എന്നാല്‍ ലോകരെന്ത് പറയും എന്നു ചിന്തിച്ചു മാത്രം പൈസ ചിലാവാക്കാന്‍ കഴിവും ആസ്തിയും ഉള്ള മക്കളും ബന്ധുക്കളും അവരെ മാസങ്ങളോളമാവും വെന്റിലേറ്ററില്‍ കിടത്തുക. ഇതേ സമയം, ചിലപ്പോള്‍ ഒരു ദിവസം അല്ലെങ്കില്‍ ഒരു നിമിഷം ആ  വെന്റിലേറ്ററിന്റെ താങ്ങ് ലഭിച്ചാല്‍ രക്ഷപ്പെട്ടേക്കാവുന്ന ചില ജീവനുകള്‍ ആംബുലന്‍സില്‍ പായുകയാവും. വെന്റിലേറ്റര്‍ ഒഴിവുള്ള ആശുപത്രി തേടി.. വെന്റിലേറ്റര്‍ പ്രോട്ടോക്കോള്‍ വേണം എന്ന അഭിപ്രായം പലയിടത്തു നിന്നും ഉയര്‍ന്നു വരുന്ന ഈ സാഹചര്യത്തില്‍ ദയാവധം ഒരുപക്ഷെ ഇവിടെയൊരു പ്രധാന പങ്കു വഹിച്ചേക്കാം. 

2. മാന്യമായി മരിക്കാന്‍ അനുവദിക്കുകയെന്നത് അടിസ്ഥാനപരമായി മനുഷനു ലഭിക്കേണ്ട മൗലിക അവകാശമാണ്. 

നരകിച്ചു ജീവിക്കാന്‍ എനിക്ക്  ഇഷ്ടമില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ മരിക്കാന്‍ എന്നെ അനുവദിക്കണം എന്റെ വേദന കണ്ടു നില്‍ക്കുന്ന എന്റെ ഭര്‍ത്താവോ, മകനോ, മാതാപിതാക്കളോ..'ഞങ്ങള്‍ക്ക് പഴി കേള്‍ക്കാതിരിക്കാന്‍ , അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെ എന്നും കണ്ടുകൊണ്ടിരിക്കാന്‍  ഈ വേദന മുഴുവന്‍ സഹിച്ചു നീ ജീവിച്ചേ മതിയാകൂ' എന്ന നിലപാടെടുത്താല്‍ അതവരുടെ സ്വര്‍ഥതയാണ്, എന്നോടുള്ള സ്‌നേഹമല്ലെന്നു ഞാന്‍ പറയും!

ആദ്യ പ്രസവത്തില്‍ അനസ്‌തേഷ്യയില്‍ വന്ന പിഴവ് മൂലം ദേഹം മുഴുവന്‍ തളര്‍ന്നു, കൈ കാലുകളിലെ പേശികള്‍ മുഴുവന്‍ ബലപ്പെട്ടു ,നിവര്‍ത്താന്‍ കഴിയാതെ,  ശരീരം മുഴുവന്‍ വ്രണങ്ങളുടെ (pressure sore) വേദനയുമായി കിടന്ന അനിത എന്ന പേഷ്യന്റിനെ ഓര്‍ക്കുന്നു. 22 വയസ്സ് മാത്രം പ്രായം. ഓര്‍മയുടെ നൂലിഴകളെല്ലാം പൊട്ടിപ്പോയെങ്കിലും ഇടയ്ക്ക് എപ്പോഴോ മയക്കം നിറഞ്ഞ ഒരു ഉണര്‍വ് അവള്‍ കാണിക്കും. ഒരു നിമിഷം മാത്രം. അങ്ങനെയൊരു നിമിഷം അവള്‍ എന്റെ കൈയ്യില്‍ തൊട്ടു ചോദിച്ചിട്ടുണ്ട്.. 

'മരിക്കാന്‍ അനുവദിക്കാമോ എന്നെ, ഒന്നു പറയാമോ എല്ലാവരോടും..'

സത്യമാണ് , അവള്‍ മരിക്കണം എന്ന് ഞാനും ആഗ്രഹിച്ചു. പക്ഷെ പറഞ്ഞില്ല. ആരോടും. ഇന്നുമുണ്ട് അവള്‍ അതേ കിടപ്പില്‍ ദേഹമാസകലം വ്രണവുമായി... എന്തിനു? ആര്‍ക്ക് വേണ്ടി?

3. ഒരു കുടുംബത്തിന്റെ അടിത്തറ ഇളക്കി കൊണ്ട് കടന്നു വരുന്ന ചില രോഗങ്ങള്‍ ഉണ്ട്.കാന്‍സറിന്റെ അവസാന സ്‌റ്റേജ് പോലെയുള്ളവ! ഇനി രക്ഷപ്പെടില്ല എന്നു ഡോക്ടര്‍മാര്‍ തീര്‍ത്തു പറഞ്ഞിട്ടും കടത്തിന് മേല്‍ കടമായി സ്വയം എരിഞ്ഞടങ്ങി ചികിത്സ തുടരുന്ന രോഗിയുടെ ഉറ്റവര്‍...ഒടുവില്‍ ആ ദേഹത്തെ മരണം കൊണ്ട് പോകുമ്പോഴേക്കും ജപ്തിയുടെയും ആത്മഹത്യയുടെയും വക്കില്‍ എത്തുന്ന കുടുംബം.മരണം കൊണ്ട് പോയവര്‍ മറ്റൊരു ലോകത്ത് സമാധാനം അനുഭവിക്കുമ്പോള്‍ ഈ ലോകത്ത് കഴിക്കാനും ഉടുക്കാനും പോലുമില്ലാതെ ജീവിക്കേണ്ടി വരുന്നവര്‍..

ഇതിനെല്ലാം ഒരു മറുമരുന്നായേക്കാം ദയാവധം.

ദോഷവശങ്ങള്‍
1.മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടാകുന്ന, അമ്മയെ കൊല്ലുന്ന, അനുജനെ സ്വത്തിനു വേണ്ടി കൊല ചെയ്യുന്ന ലോകമാണ് ഇത്. ഈ നിയമം ഏതൊക്കെ വിധത്തില്‍ അപകടകരമായി ദുര്‍വിനിയോഗം ചെയ്‌തേക്കാം എന്നാലോചിക്കേണ്ടതാണ. Living will എന്ന രേഖയില്‍ ആര്‍ക്കും കൃത്രിമത്വം കാണിക്കാവുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത്. അതെങ്ങനെ തടയാം എന്നതിന് ഒരു നിര്‍ദ്ദേശം ഈ വിധിക്ക് അനുബന്ധമായി വരേണ്ടതാണ്.

2.ആശുപത്രിയും വൈദ്യശാസ്ത്രവും ഇതില്‍ എന്ത് തീരുമാനം എടുക്കുന്നു എന്നതും പ്രധാനമാണ്. ഒരു രോഗിക്ക് മരണം അനുവദിക്കാം എന്നു തീരുമാനിക്കുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. വൈദ്യശാസ്ത്രം കൈവിട്ട ശേഷവും ജീവിതത്തിലേക്ക് തിരികെവന്നവര്‍ ഉണ്ടെന്നിരിക്കെ തീരുമാനമെടുക്കുക മെഡിക്കല്‍ രംഗത്തുള്ള ഓരോരുത്തര്‍ക്കും മാനസികമായി തന്നെ  വലിയ ഒരു പ്രതിസന്ധി തന്നെയായിരിക്കും. 

ഇതിനാല്‍ ,സര്‍ക്കാര്‍/മെഡിക്കല്‍ തലത്തില്‍ തീരുമാനങ്ങള്‍ വൈകാനും, ഈ നിയമം വഴി ഉറപ്പാക്കാന്‍ ശ്രമിക്കുന്ന right to die എന്നത്, രോഗിക്ക് ലഭിക്കുക അപ്രായോഗികമാവാനും സാധ്യത ഏറെ ആണ്. 

3. ഇനി വളരെ പ്രധാനപ്പെട്ടത്... വെന്റിലേറ്റര്‍ സഹായം എടുത്ത് മാറ്റിയാല്‍ പെട്ടന്ന് മരണത്തിലേക്ക് പോകുന്ന രോഗികള്‍ക്ക് (അതില്‍ മുന്‍പേ തന്നെ മസ്തിഷ്‌കമരണം നടന്നവരും ഉണ്ടായേക്കാം) നിഷ്‌ക്രിയ ദയവധത്തിലൂടെ ഉള്ള മരണം അനായാസമാണ്.

പക്ഷെ , വിധിയില്‍ പറയുന്ന മറ്റൊന്നുണ്ട്, സാവകാശം മരുന്നും ഭക്ഷണവും ചികിത്സയും കുറച്ചു കൊണ്ട് വന്നു , മെല്ലെ അവരെ മരണത്തിലേക്ക് എത്തിക്കുക. ഒന്നാലോചിച്ചാല്‍ അത് മരണത്തെക്കാള്‍ വലിയ പീഡനം അല്ലെ? മെല്ലെ മെല്ലെ മരണത്തിലേക്ക് എത്തുന്നത് വരെയുള്ള ദിവസങ്ങള്‍ രോഗി അനുഭവിക്കുന്ന വേദനയും നീറ്റലും എത്ര മാത്രമായിരിക്കും. പാലിയേറ്റിവ് കെയര്‍ എന്ന വരദാനം അവരെ കുറെയൊക്കെ ഈ ദിവസങ്ങളില്‍ സഹായിച്ചേക്കാം. എങ്കിലും അവിടെ 'ദയ' എന്ന വാക്കിന് അര്‍ത്ഥം ഇല്ലാതെയാകുന്നു.

എന്റെ അഭിപ്രായത്തില്‍ മസ്തിഷ്‌കമരണം നടന്നവര്‍,അല്ലെങ്കില്‍ വെന്റിലേറ്റര്‍ മാറ്റിയാല്‍  ഉടനെ മരണത്തിലേക്ക് പോകുന്നവര്‍ക്ക് നിഷ്‌ക്രിയ ദയാവധമാവാം. 

ക്രൂരമായി തോന്നുമെങ്കിലും ഒന്നു പറഞ്ഞോട്ടെ. മെല്ലെ മെല്ലെ ഭക്ഷണവും മരുന്നും നിര്‍ത്തി മരണത്തിലേക്ക് തള്ളി വിടേണ്ടി വരുന്ന മറ്റൊരു വിഭാഗം രോഗികള്‍ക്ക് സക്രിയാ ദയാവധം( active eusthanasia) തന്നെയാണ് നല്ലത്. മരുന്ന് കുത്തി വെച്ചു നല്‍കുന്ന പെട്ടന്നുള്ള മരണം അവര്‍ക്ക് രക്ഷയാണ്.. ശിക്ഷയല്ല..

4 . ചികില്‍സിക്കാന്‍ കഴിവില്ല, പണമില്ല എന്നതിന്റെ പേരില്‍ ദയാവധത്തിന് അപേക്ഷിക്കുന്നത് ഈ നിയമം സാധൂകരിക്കുന്നില്ല. ഈ നിയമം വരുന്നതിന് മുന്‍പും അങ്ങനെ ചില  അവസ്ഥകളില്‍ ഉള്ളവര്‍ ദയാവധത്തിന് അപേക്ഷ സമര്‍പ്പിച്ചതായി കേട്ടിട്ടുണ്ട്.  പണമില്ലെങ്കില്‍ അപേക്ഷിക്കേണ്ടത് ഗവണ്മെന്റ തലത്തില്‍ നിന്നുള്ള സഹായങ്ങള്‍ക്കാണ്... നന്മ വറ്റാത്ത സമൂഹത്തിന്റെ കരുണക്കാണ്.. ദയവധത്തിനല്ല 

അങ്ങനെ ഈ നിയമത്തെ ദുരൂപയോഗപ്പെടുത്താന്‍ ഉള്ള സാധ്യതകള്‍ അനവധിയാണ്.


ഇത്തരം ന്യൂനതകള്‍ പരിഹരിക്കുകയും, ദയവധത്തിനുള്ള നടപടിക്രമങ്ങള്‍ സുതാര്യവും വേഗത്തിലാവുകയും ചെയ്താല്‍ മാത്രമേ ഈ വിധി പ്രസക്തമാകൂ...

ചില നേരങ്ങളില്‍ മരണം ഒരു വിടുതലാണ്.

മാന്യമായി അനായസകരമായി മരിക്കാന്‍ നമ്മെ അനുവദിക്കുക എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. നിരാശയുടെയുംവേദനയുടെയും കഷ്ടപ്പാടിന്റെയും ഇടത്ത് നിന്ന് വേദനകളറിയാത്ത  ലോകത്തേക്കുള്ള നമ്മുടെ യാത്ര സുഗമമാവട്ടെ...

Follow Us:
Download App:
  • android
  • ios