കൈകൾ രണ്ടും ജീൻസിന്റെ പോക്കറ്റിൽ, ചെവിയിൽ തിരുകിവെച്ച ഇയർഫോൺ...   വിഷാദം എന്നിൽ ആവേശിച്ചുതുടങ്ങുമ്പോൾ മിക്കവാറും ഞാനിങ്ങനെയായിരിക്കും. ഒരിക്കൽ  വന്നുകേറിയാൽ, അതെന്നെ എളുപ്പം വിട്ടുപോവില്ല. എന്നുവെച്ച് ഞാനങ്ങനെ നിത്യദുഖിതയൊന്നുമല്ല കേട്ടോ. ഒരുവിധം സങ്കടങ്ങളെയൊക്കെ പുറംകാലുകൊണ്ട് തൊഴിക്കുന്നവളാണ് ഞാൻ. ഉച്ചിയിൽ വെയിലടിക്കും വരെ കിടന്നുറങ്ങാൻ എന്റെ മനസ്സെന്നോട് പറഞ്ഞാലും, അഞ്ചുമണിക്കൂറിൽ കൂടുതൽ ഞാനുറങ്ങാറില്ല.  ഒരു വറ്റുപോലും ഇറക്കരുതെന്ന് എന്റെ മനസ്സെന്നെ നിർബന്ധിച്ചാലും ഞാൻ മൂക്കുമുട്ടെ തിന്നെന്നിരിക്കും. സങ്കടങ്ങളുടെ ദിനങ്ങളിൽ  എന്റെ ഇൻഡോർ പ്ലാന്റുകൾ പരിപാലിച്ചുകൊണ്ട്, ചട്ടിവിട്ടിറങ്ങുന്ന വള്ളികൾ വെട്ടിയൊതുക്കിക്കൊണ്ട്  മുറിക്കുള്ളിൽത്തന്നെ ഒതുങ്ങിക്കൂടും.  

അന്നത്തെ ആ 'ടീനേജ് വിഷാദം' മാത്രം ഇന്നുമെന്നെ വിടാതെ പിന്തുടരുന്നു

വിഷാദം എന്നിൽ വിരുന്നുവരാൻ തുടങ്ങിയത് എന്നു മുതലാവും..? കുത്തുകൾ പിന്നിലേക്ക് യോജിപ്പിച്ചു പോയിക്കഴിഞ്ഞാൽ ചെന്നെത്തുന്നത് എന്റ ടീനേജ് പ്രായത്തിലാവും. സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചു തിമിർക്കുന്നതിനിടെ അറിയാതെ വന്നു പെട്ട ആ  ഒരു മന്ദത, കൂട്ടുകാരികൾക്കൊപ്പം ചിരിച്ചുമറിയുന്നതിനിടെ അറിയാതെ നെഞ്ചിൻകൂടിനുള്ളിൽ വന്നു നിറഞ്ഞ ഒരു മൗനം, പാതിരാത്രിക്ക് വിയർത്ത് വീർപ്പുമുട്ടി എഴുന്നേറ്റിരുന്ന്, കരഞ്ഞു കരഞ്ഞു തളർന്ന് വീണ്ടുമുറങ്ങിപ്പോയത്. ഇതൊക്കെയാണ് എന്റെ സ്‌കൂളോർമ്മകൾ. " സാരമില്ല, കുട്ടീ..  ഒക്കെ മാറിക്കോളും.. ഈ ഒരു പ്രായത്തിൽ ഇതൊക്കെ പതിവുള്ളതാ.. 'ഹോർമോണൽ ചേഞ്ചസ്'.. " എന്ന് ആരോ അന്ന് എന്നോട് പറഞ്ഞു.    എന്തോ.. പലതും മാറിയെങ്കിലും.. ഞാൻ തന്നെ പാടെ മാറിപ്പോയെങ്കിലും, അന്നത്തെ ആ 'ടീനേജ് വിഷാദം' മാത്രം ഇന്നുമെന്നെ വിടാതെ പിന്തുടരുന്നു.. 

ഇടക്ക്  ഞാനെന്റെ വിഷാദത്തെ തൊട്ടടുത്ത് നിന്നെന്നപോലെ ഉരിഞ്ഞിട്ട് പരിശോധിക്കും. വിശകലനം ചെയ്യും. വിഷാദം എന്നിൽ വന്നു കേറിയാൽ പിന്നെ ഞാൻ അതുവരെയുണ്ടായിരുന്ന 'റാഷണൽ ' ആയ ഞാനല്ല. വേറേതോ ഒരു ഭ്രമലോകത്തിലേക്ക് പതുക്കെ നടന്നുകേറും. എത്ര ശാന്തമാണെന്നോ എന്റെയാ ലോകം.. ജലപാതങ്ങളുടെ മർമ്മരവും, കാലടികളിലെ ചുള്ളിക്കമ്പുകളുടെ ഞെരിഞ്ഞമരലും, കിളികളുടെ കൂവലുകളും എല്ലാമെനിക്ക് വ്യക്തമായി കേൾക്കാം അവിടെ. ബകധ്യാനമെന്ന പോലെ സ്വസ്ഥശാന്തമായ ഒരവസ്ഥ. അപ്പോൾ ഞാൻ ചാൾസ് ബുക്കോവ്സ്കിയെപ്പോലെ തുരുതുരാ കവിതകൾ ഉറക്കെച്ചൊല്ലും.. പൂക്കൾ, ഇലകൾ, ചവറ്റുകുട്ടകൾ, എന്റെ കീറിയ ജീൻസ്.. അങ്ങനെയെന്തും ആ നാളുകളിൽ എന്റെ ആത്മ മിത്രങ്ങളാവും.  

ഇങ്ങനെയാവുക അത്രയെളുപ്പമല്ല.  ഇത് ഞാൻ വർഷങ്ങളുടെ സാധനയാൽ നേടിയെടുത്ത ഒരു പ്രതിരോധമാർഗ്ഗമാണ്.. 'മരവിപ്പ്' എന്ന കല..' The Art of Numbness' ഇപ്പോൾ എന്റെയാ കലാ സാധനയെപ്പറ്റി രണ്ടക്ഷരം കാല്പനികമായ കുറിക്കാമെന്നു വെച്ചപ്പോൾ അക്ഷരങ്ങളിൽ തടഞ്ഞു ഞാൻ വീണു പോവുന്നു.

              പണ്ട് സിൽവിയ പ്ലാത്ത്  പറഞ്ഞിട്ടുണ്ട്..    " കരയണമെന്നുണ്ട് എനിക്ക് ഈ നിമിഷം, എങ്കിലും ഞാൻ പുഞ്ചിരിക്കുന്നു.  രക്തതാഭമായ പാതിരാച്ചന്ദ്രൻ ബിയർക്യാനിന്മേൽ എന്നപോലെ, എന്റെ ലിപ് സ്റ്റിക്കും ഇവിടെ  ചോന്ന പാടുകൾ വീഴ്ത്തുന്നു.. "  പ്ലാത്തിന്റെ വരികൾ വായിക്കുമ്പോൾ അവരോട് വല്ലാത്ത അസൂയ തോന്നും. അതേസമയം, ഇത്രയെങ്കിലും എഴുതിപ്പിടിപ്പിക്കാനാവുന്നതിൽ അവനവനോട്  നന്ദിയും..  കവിതയുടെ ലേപനങ്ങളില്ലാതെ ആളുകൾ വിഷാദത്തിലൂടെ, സങ്കടത്തിലൂടെ, സംഘർഷങ്ങളിലൂടെ, നിസ്സഹായതകളിലൂടെ, നഷ്ടപ്പെടലുകളിലൂടെ ഒക്കെ കടന്നുപോവുന്നത് എങ്ങനെയാണാവോ.. ?  എനിക്കാണെങ്കിൽ   ഏറ്റവും ദുരിതം പിടിച്ച വിഷാദദിനങ്ങളെപ്പോലും മറ്റുള്ളവർക്കുമുന്നിൽ കാല്പനികതയുടെ നിറംപൂശി തുടുപ്പിക്കാനാവും..  ഈ ലോകത്ത് വിഷാദ രോഗത്തിന് അടിപ്പെട്ടിരിക്കുന്ന 32 കോടി ജനങ്ങൾക്ക് പക്ഷേ  അതിനു കഴിയുയാറില്ല.  അവരുടെ മനസ്സിനുള്ളിലെ ഇരുളടഞ്ഞ രാവണൻകോട്ടകളിലൂടെ അവർ വെള്ളിവെളിച്ചത്തിൽ ഒരു തരി തേടി തപ്പിത്തടഞ്ഞു നടക്കും. വിഷാദം കൊണ്ട് മുടി കൊഴിഞ്ഞുപോയവരെ ഞാൻ കണ്ടിട്ടുണ്ട്.. മെലിഞ്ഞു പോയവരെ, പ്രിയപ്പെട്ടവരിൽ നിന്നും അകന്നകന്നു പോയവരെ.. ഒന്നുകൊണ്ടും സങ്കടം മാറാഞ്ഞ് ജനലുകളിലൂടെ എടുത്തു ചാടിക്കളഞ്ഞവരെ.. 

എഴുതാൻ വാക്കുകൾ കിട്ടാത്തവർക്ക് പാട്ടുകൾ ലേപനമേകും. ഞാനെന്റെ  'മരവിപ്പ്' എന്ന ഈ  പ്രതിരോധത്തെ വളർത്തിയെടുക്കുന്നത് ഇരുളിലിരുന്ന് പാട്ടുകൾ കേട്ടുകൊണ്ടാണ്. എന്റെ തലക്കകത്ത് വല്ലാത്ത ശബ്ദങ്ങൾ കേട്ടുതുടങ്ങിയാൽ  ഉടനെ ഞാൻ ഹെഡ് ഫോണെടുത്ത് കാതിൽ തിരുകും.. തലക്കകത്തു വെളിപ്പെടുന്ന ശബ്ദങ്ങളെ അതിൽ നിന്നും പുറപ്പെടുന്ന സംഗീതം കൊണ്ട് തുരത്തി വെളിയിലിടും. ആ പാട്ടുകളുടെ ഓളമാവും എന്റെ തലയ്ക്കകത്ത് പിന്നെ.. അത്രയ്ക്കുണ്ട് എന്റെ പാട്ടിന്റെ ഒച്ച.. അതിന്റെ കൂടെ ഒച്ചയിട്ടെത്താൻ എന്റെയുള്ളിലെ നിലവിളികൾക്ക് കെല്പുണ്ടാവാറില്ല. എന്റെ വേദനകളെയും ഉന്മാദങ്ങളെയുമൊക്കെ ചവിട്ടിയരക്കുന്ന സംഗീതമാണത്. പലപ്പോഴും ഉച്ചത്തിലുള്ള ശബ്ദം സ്ഥിരം കേൾക്കുന്നതു കൊണ്ട് എന്റെ കാതുകൾക്കുണ്ടാക്കാവുന്ന നാശത്തെപ്പറ്റി ഞാനത്ര ബോധവതിയാവാറില്ല. പഴയൊരു പെൻഡുലം പോലെ തല ആട്ടിയാട്ടി ഞാനെന്റെ വിഷാദം അയവെട്ടിയിരിക്കും.  ഇത് എന്റെ മാത്രം 'സർവൈവൽ മെക്കാനിസ'മാണ്. 

വിഷാദത്തെ എതിരിടാൻ എല്ലാവർക്കും  അവരുടേതായ ഒരു പ്രതിരോധമുണ്ടാവും. സിൽവിയാ പ്ലാത്തിന് അത് കുളിയായിരുന്നു. " നല്ല ചൂടുവെള്ളത്തിലുള്ള ഒരു കുളി കൊണ്ട് സുഖപ്പെടാത്തതായി പല രോഗങ്ങളും കാണും.. എനിക്ക് പക്ഷേ അതിനെക്കുറിച്ചൊന്നും അറിയില്ല. എനിക്ക് വല്ലാത്ത സങ്കടം വരുമ്പോൾ, ചത്തുപോവുമെന്ന് എനിക്ക് തോന്നിത്തുടങ്ങുമ്പോൾ, ഉറങ്ങാൻ പറ്റാത്തത്ര നെഞ്ചിടിപ്പേറുമ്പോൾ, അടുത്തൊരാഴ്ച കാണാനേ പറ്റാത്ത ആരോടെങ്കിലും കലശലായ പ്രേമം ഉള്ളിൽ തോന്നുമ്പോൾ.. ആകെ തകർന്നടിഞ്ഞു പോവുമ്പോൾ.. ഞാൻ എന്നോട് തന്നെ പറയും, " നല്ല ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചാലോ..?"  " - എന്ന് പ്ലാത്ത് ഒരിക്കൽ എഴുതിയിട്ടുണ്ട്.

ചൂടുവെള്ളത്തിലുള്ള കുളിക്ക് പക്ഷേ സിൽവിയയെ  ഒരുദിവസം ഓവനിൽ തല വെച്ച് സ്വന്തം ജീവനെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാനായില്ല.    മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളികളെ കുറിച്ചോർക്കുമ്പോൾ ഇടക്ക് പകച്ചു നിൽക്കും ഞാൻ. ഇനിയും  വിഷാദത്തോട് എതിരിട്ട് തള്ളിനീക്കേണ്ട എന്റെ ആയുസ്സിൽ അവശേഷിക്കുന്ന വർഷങ്ങളെക്കുറിച്ചോർത്ത് നടുങ്ങും ഞാൻ. 

എന്നോട് വളരെ അടുപ്പമുണ്ടായിരുന്ന ഒരു കസിൻ എന്നെ വിട്ടുപിരിഞ്ഞത് ഈയടുത്താണ്

'വയ്യ.. മടുത്തു.. ' എന്ന് ഹതാശരായി പാതിവഴി മടങ്ങിയ പലരെയും അടുത്തറിയാം എനിക്ക്. താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ വിഷാദമെന്ന് പ്രഖ്യാപിച്ച് ഇടക്ക് ചാടിയിറങ്ങിപ്പോയവരെ. അവരുടെ വിചാരങ്ങളെയും എനിക്ക് മനസ്സിലാക്കാനാവും. എന്നോട് വളരെ അടുപ്പമുണ്ടായിരുന്ന ഒരു കസിൻ എന്നെ വിട്ടുപിരിഞ്ഞത് ഈയടുത്താണ്. ചിലപ്പോൾ എന്നെങ്കിലുമൊരു ദിവസം ഈ ശൂന്യതയിലേക്ക് ഞാനും വലിച്ചെടുക്കപ്പെടാം. അല്ലെങ്കിൽ ഞാൻ എന്നും ഇതുപോലെ മല്ലിട്ട് വിജയിച്ചെന്നും വരാം. ഏതിനും, വിഷാദത്തോട് ഇണങ്ങി ജീവിക്കാൻ, അതുമായി സമരസപ്പെടാൻ നമ്മൾ പരിശ്രമിച്ചേ പറ്റൂ.. എന്റെ വരയും,  പാട്ടും, ഞാനെടുത്തണിയുന്ന മറ്റു പ്രതിരോധങ്ങളും  ഒന്നും നൂറുശതമാനം 'ഫൂൾ പ്രൂഫ്' ആണെന്ന് ഞാൻ കരുതുന്നില്ല. അബദ്ധങ്ങളും, വീഴ്ചകളും, ജാഗ്രതക്കുറവും, പിഴവുകളും ഡയറിയിലെ അസംബന്ധ പ്രഖ്യാപനങ്ങളും, പാതിരകളിൽ എന്റെ പ്രിയപ്പെട്ടവരേ വിളിച്ചുണർത്തുന്ന വേവലാതി തുളുമ്പുന്ന ഫോൺ കോളുകളും ഒക്കെ ഉൾപ്പെട്ട ഒന്നാണ് അത്. എന്നിരുന്നാലും, വിഷാദവുമായി ഇണങ്ങി ജീവിക്കുന്ന നമുക്കൊക്കെയും വേണം ഇങ്ങനെ പലയിനം പ്രതിരോധങ്ങൾ..

നമ്മൾ എന്നും വിഷാദത്തോട് ഇതുപോലെ മല്ലിട്ടുകൊണ്ടേയിരിക്കും.. അതിനോടിണങ്ങാൻ പരമാവധി നമ്മൾ പരിശ്രമിച്ചുകൊണ്ടേയിരിക്കും.. എന്നിട്ടും, എന്നെങ്കിലുമൊരു പാതിരയ്ക്ക് ഓവൻ നമ്മളെ മാടിവിളിച്ചാലും, തല അകത്തേക്ക് വെക്കാൻ നിർബന്ധിച്ചാലും, അതിന്റെ വാതിൽ വലിച്ചടച്ച് നമ്മുടെ  ജീവിതങ്ങളിലേക്ക് തിരിഞ്ഞു നടക്കാൻ നമുക്കൊക്കെ സാധിക്കും.... ഉറപ്പ്..!

(ARRE.co.in പ്രസിദ്ധീകരിച്ച'Defying Depression: How I Mastered the Art of Numbness' എന്ന ലേഖനം. 
വിവർത്തനം : ബാബു രാമചന്ദ്രൻ. )