അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ഓരോ പ്രവാസിക്കും നാട്ടിലേക്കുള്ള തിരിച്ചുപോക്ക് എന്നുവെച്ചാൽ അത്രമേൽ സന്തോഷം നിറഞ്ഞ സൗഭാഗ്യനിമിഷങ്ങൾ ആണ്. വിമാനത്തിൽ കൂടെ യാത്ര ചെയ്യുന്ന ഓരോ മുഖങ്ങളും കണ്ടാലറിയാം എത്രത്തോളം സന്തോഷം അവരിൽ നിറഞ്ഞു നിൽക്കുന്നുവെന്നത്. പക്ഷെ, എനിക്കിന്ന് അങ്ങനെയല്ല ഓരോ നിമിഷവും പിന്നിടും തോറും സ്വയം ഞാൻ എരിഞ്ഞു തീരുന്നപോലെ.. വിമാനത്തില്‍ കയറിയത് മുതൽ ഭീതിയും വിഷമവും വീണ്ടും കൂടി കൂടി വരുന്നു. ജനൽ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു കുറച്ച് നേരമായിരുന്നു..

ആ നിമിഷങ്ങളിൽ എല്ലാം എനിക്ക് അച്ഛനോട് ദേഷ്യമായിരുന്നു മനസ്സിൽ

പഴയ തറവാട്ടിലെ ഒരുപാട് പേർ അടങ്ങുന്ന കൂട്ടുകുടുംബത്തിലേക്ക് എന്റെ അച്ഛനും അമ്മയ്ക്കും മൂന്നാമത്തെ കുട്ടിയായിട്ടാണ് ഞാൻ ജനിച്ചു വീണത്. ചെറുപ്പം നല്ല നാളുകൾ നിറഞ്ഞതായിരുന്നു. പക്ഷെ, വളരുന്തോറും അവിടുത്തെ സന്തോഷം നിറഞ്ഞ അന്തരീക്ഷം മാറിത്തുടങ്ങി.
വളരെ വേഗത്തിലായിരുന്നു, ഓരോ പ്രശ്നങ്ങളായി ഉടലെടുത്തതും അതിലൂടെ പല പിണക്കങ്ങളും അകൽച്ചയും എല്ലാം ഉണ്ടായിത്തീർന്നതും. 

ഓർമവെച്ച നാളു മുതൽ ഞാൻ അച്ഛനിൽ ഒരു കർക്കശകാരനെയായിരുന്നു കണ്ടിരുന്നത്. ചിരിക്കാനോ തമാശ പറയാനോ അറിയാത്ത ഒരാളെപോലെ. പലപ്പോഴും ഭയമായിരുന്നു മുന്നിൽ ചെന്ന് നില്ക്കാൻ പോലും.

ചെറുപ്പത്തിൽ കൂട്ടുകാരെല്ലാം ആർത്തുല്ലസിക്കുമ്പോൾ അച്ഛന്‍റെ പലചരക്കുകടയിലെ നാലുചുവരുകള്‍ക്കിടയിൽ പലപ്പോഴും ഒതുങ്ങി പോയി ഞാനും ചേട്ടനും. ആ നിമിഷങ്ങളിൽ എല്ലാം എനിക്ക് അച്ഛനോട് ദേഷ്യമായിരുന്നു മനസ്സിൽ നിറഞ്ഞിരുന്നത്. ജീവിതത്തിലെ ഓരോ പടവുകൾ പിന്നിടുമ്പോഴും അച്ഛൻ കൂടുതൽ നിയന്ത്രണങൾ തീർത്തു കൊണ്ടിരുന്നു.

വീണ്ടും എല്ലാവരും വന്നുചേർന്നു

വീട്ടിൽ ശബ്ദത്തോടെ സംസാരിക്കുന്നതിനു പോലും വിലക്ക്. പലപ്പോഴും ഈ ജന്മത്തെ പോലും വെറുത്തു. അതിനിടയിലാണ് അച്ഛന്‍റെ ബിസിനസുകൾ ഓരോന്നായി തകരാൻ തുടങ്ങിയത്. ഒടുവിൽ നാട്ടിൽ നില്‍ക്കാൻ സാധിക്കാതെ വന്നപ്പോൾ അച്ഛൻ തിരഞ്ഞെടുത്തത് ഒരു യാത്ര ആയിരുന്നു. എല്ലാ ബന്ധങ്ങളെയും വിട്ട് കണ്ണെത്താ ദൂരത്തേക്കുള്ള യാത്ര. പക്ഷെ, ബാക്കിയുള്ളതെല്ലാം നേരിടേണ്ടി വന്നത് ഞാനും അമ്മയും ചേച്ചിയും ചേട്ടനും അടങ്ങുന്നവരായിരുന്നു. അച്ഛൻ ആരൊക്കെയോ ആയിരുന്ന സമയത്ത് കൂടെ നിന്നിരുന്ന പല മുഖങ്ങളും മുഖം തിരിച്ചു നടന്നു.. 

അറിയില്ലായിരുന്നു ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന്.. നാട്ടുകാരുടെ ഓരോ കളിയാക്കലും കുത്തുവാക്കുകളും, കടം വാങ്ങിയവരുടെ ചോദ്യങ്ങളും നേരിടാൻ കഴിയാതെ ഒടുവിൽ അമ്മ സ്വന്തം വീട്ടിലേക്ക് മാറേണ്ടിവന്നു. ശരിക്കും ഒറ്റപ്പെട്ടു പോയ നാളുകൾ.. ജീവിതത്തോട് ഒരുതരം വെറുപ്പായിരുന്നു ആ നാളുകളിൽ. ബന്ധങ്ങൾ ഒരുപാട് ഉണ്ടെങ്കിലും പെട്ടെന്ന് അനാഥനായി തീർന്ന അവസ്ഥ. ശരിക്കും എല്ലാ ദേഷ്യങ്ങളും നൊമ്പരങ്ങളും എന്റെ ഡയറിക്കും പേനക്കു മാത്രമായിരുന്നു അറിയാവുന്നത്. ഓരോ പരാതികളും പരിഭവങ്ങളും ഞാൻ അവരോട് മാത്രം പങ്കുവെച്ചു...

അച്ഛന്റെ അനിയനായിരുന്നു പിന്നീട് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ഏഴാം ക്ലാസ് തൊട്ട് മുന്നോട്ടുള്ള പഠനവും ചെലവുകളും എല്ലാം പാപ്പൻ എന്ന് ഞാൻ വിളിക്കുന്ന ഇദ്ദേഹം ആയിരുന്നു നോക്കിയത്. ചേട്ടൻ പഠിക്കുന്ന സമയവും ഹാഫ് ടൈം ജോലി ചെയ്താണ് അവനും പഠിച്ചിരുന്നത്.

പിന്നീട് ജീവിതത്തോട് വാശി ആയിരുന്നു. ഒന്നിന് മുന്നിലും തോൽക്കില്ലെന്ന വാശി. കോളേജ് കഴിഞ്ഞു ഇലക്ട്രിക്കൽ പഠിച്ചു. തുടർന്ന് അഞ്ച് വർഷത്തോളം ആ ഫീൽഡിൽ. അതിനിടയിലാണ് നീണ്ട ആറു വർഷത്തെ ഇടവേളക്കു ശേഷം അച്ഛന്റെ തിരിച്ചു വരവ്.. വീണ്ടും എല്ലാവരും വന്നുചേർന്നു. പക്ഷെ, മനസ്സിന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അച്ഛനെന്ന സ്ഥാനം പോലും കൊടുക്കാതെ ഞാൻ പലപ്പോഴും പെരുമാറിയിട്ടുണ്ട്.

അത് പതിയെ മാറിത്തുടങ്ങി. അതിനിടെ വീണ്ടും കുടുംബത്തിൽ ഓരോരോ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. എടുത്തു ചാട്ടമായിരുന്നു അച്ഛന്റെ വേറൊരു കൂട്ട്.. ഒടുവിൽ, ജനിച്ചു വളർന്ന വീട് വിട്ടിറങ്ങാൻ അച്ഛൻ തീരുമാനിച്ചു. ആർക്കും മാറ്റാൻ പറ്റിയില്ല അത്.

പുതിയ വീട്ടിലെ ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ആണ് ശരിക്കും ഞാൻ അച്ഛനെ മനസ്സിലാക്കാൻ തുടങ്ങുന്നത്. അച്ഛൻ ശരിക്കും വിധിയോട് പൊരുതുകയായിരുന്നു. ജീവിതത്തിൽ തോൽക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഓരോ കാട്ടിക്കൂട്ടലുകളും. ഒരുപക്ഷെ, താൻ തോറ്റ പോലെ സ്വന്തം മക്കൾ തോൽക്കാതിരിക്കാൻ ജീവിതം ചെറുപ്പത്തിലേ പഠിപ്പിക്കുകയായിരുന്നു. പക്ഷെ, ഒടുവിൽ എല്ലാം തകർന്നപ്പോൾ പിടിച്ചു നില്‍ക്കാൻ വയ്യാതെയാണ് നാടു വിടേണ്ടി വന്നതെന്ന് ഞാൻ എറെ വൈകിയാണ് മനസ്സിൽ ആക്കിയത്. സന്തോഷത്തോടെയുള്ള കുറച്ച് നാളുകൾ..

ചേട്ടന് ആയിടയ്ക്ക് ഒരു വിസ റെഡി ആയി അവൻ സൗദിക്കു പോയി. ഒരു സാധാരണ ജീവിതം മുന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ വീടെന്ന സ്വപ്നം നിറവേറ്റാൻ വേണ്ടി ഞാന്‍ പ്രവാസം തിരഞ്ഞെടുക്കാൻ അച്ഛന് തന്നെയായിരുന്നു കൂടുതൽ ആഗ്രഹം. ഒരിക്കലെങ്കിലും തോറ്റു പോയ വിധിയോട് ജയിക്കാനെന്ന പോലെ..

ആ മനസ്സിലുള്ള സ്നേഹം ഞാൻ ശരിക്കും കാണുന്നത് നാടുവിട്ട് ഈ പ്രവാസ ജീവിതത്തിലേക്ക് യാത്ര തിരിക്കാൻ ഇറങ്ങുമ്പോഴാണ്. കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും അച്ഛന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ കണ്ടിട്ടില്ലായിരുന്നു. പക്ഷെ, ആന്ന് ആ കണ്ണുകൾ ഒരു മഴപോലെ എന്റെ മുന്നിൽ ഒഴുകി. ശരിക്കും എനിക്ക് കണ്ടുനിൽക്കാൻ തന്നെ വയ്യായിരുന്നു. അതുവരെ നിയന്ത്രിച്ചു നിർത്തിയ എന്‍റെ കണ്ണുകളും ആ നിമിഷം തൊട്ട് നിറഞ്ഞൊഴുകി. 

ഇന്നലെ രാത്രിയിലെ ഉറക്കത്തിൽ നിന്നും അച്ഛൻ ഉണർന്നില്ല

അന്ന് തീരുമാനിച്ചതാണ്, ആ കണ്ണുകൾ ഇനി ഒരിക്കലും നിറയരുതെന്ന്. ഒരു ദിവസം പോലും മുടങ്ങാതെ ഞങ്ങൾ തമ്മിൽ സംസാരിക്കുമായിരുന്നു. അച്ഛനും മകനുമായല്ല നല്ല സുഹൃത്തുക്കളെ പോലെ.. ഒരുപാട് കാലം മറച്ചു വെച്ച നല്‍കാൻ കഴിയാത്ത സ്നേഹം രണ്ടു പേരും പങ്കുവെച്ചു. അന്നും ഒരുപാട് നേരം സംസാരിച്ചു. നാല് ദിവസം മുമ്പ് ചേട്ടൻ നാട്ടിൽ എത്തിയിരുന്നു. അതിന്റെ സന്തോഷവും നന്നായി ഉണ്ടായിരുന്നു ഓരോ വാക്കുകളിലും.. ഒടുവിൽ നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെക്കുമ്പോൾ നേരം 10.30 ആയിരുന്നു.

സാധാരണ വെള്ളിയാഴ്ച്ച മതിമറന്നുള്ള ഉറക്കത്തിൽ ആര് വിളിച്ചാലും ഉണരാത്ത ഞാൻ 3.50 ഒക്കെ ആയപ്പോള്‍ ഞെട്ടി ഉണർന്നു. എന്തെന്നില്ലാത്ത ദാഹം.. ഒരുപാട് വെള്ളം കുടിച്ചു വീണ്ടും കിടന്നു. കാലത്ത് 9.00 -ന് സുഹൃത്തായ വിഷ്ണു തട്ടി വിളിച്ച് എണീറ്റപോൾ പ്രമോദ് ചേട്ടനാണ് പറഞ്ഞത് നാട്ടിലേക്ക് വിളിക്കാൻ. അച്ഛന് തീരെ വയ്യ എനിക്ക് വിളിച്ചിരുന്നെന്നും...

ചുറ്റും കൂടിയ ആളുകളുടെ നോട്ടങ്ങളിൽ നിന്നും എന്തോ പന്തികേട് തോന്നി. ചേച്ചിയുടെ ഭർത്താവിനെ വിളിച്ചു. ആ മറുപടി മുഴുവൻ കേൾക്കാൻ എനിക്ക് പറ്റിയില്ല. തളർന്നുപോയി ശരിക്കും.. ഇന്നലെ രാത്രിയിലെ ഉറക്കത്തിൽ നിന്നും അച്ഛൻ ഉണർന്നില്ല, ആരോടും ഒന്നും പറയാതെ വീണ്ടും യാത്രയായി.. പക്ഷെ, ഇനി തിരിച്ചു വരാൻ പറ്റാത്ത അത്ര ദൂരത്തേക്കായിരുന്നു അത്. 

കാലങ്ങൾക്ക് മുൻപ് വേരറ്റു പോയ പല ബന്ധങ്ങളും, അന്ന് ഏതോ നിമിത്തം പോലെ അച്ഛനെ കാണാൻ വന്നിരുന്നത്രെ.. ദൈവം അവസാനമായി നൽകിയ സന്തോഷം പോലെ..

മനസ്സിൽ വീണ്ടും ഭീതിയേറുകയാണ്.. എന്നും ചിരിച്ചു കാണാൻ ഞാൻ ആഗ്രഹിച്ച ആ മുഖം ഇനി എന്നെ നോക്കി ചിരിക്കില്ല. വാത്സല്യത്തോടെ യുള്ള ആ സ്പർശനം ഇനിയി. ഒരുപാട് സ്വപ്നങ്ങൾ പകുതിയിൽ വെച്ച് എന്റെ അച്ഛനെ വിധി വീണ്ടും തോൽപ്പിച്ചു..

മനസ്സിൽ കാർമേഘം പോലെ നീറുന്ന വേദനയും സങ്കടവും നിറഞ്ഞു നിൽക്കുകയാണ്. ഇല്ല തളരാൻ പാടില്ല മനസ്സിനോട് ഞാൻ പറയുന്നുണ്ട്. പക്ഷെ, എന്റെ അമ്മയെയും വീട്ടുകാരെയും ജീവനില്ലാത്ത എന്റെ അച്ഛന്റെ ശരീരത്തെയും ഞാൻ എങ്ങനെ നേരിടുമെന്ന് എനിക്കറിയില്ല. ആ നിമിഷം തന്നെ എനിക്ക് ഓർക്കാൻ പറ്റുന്നില്ല. അടക്കി നിർത്തിയ എന്റെ മനസ്സുപോലും കൈവിട്ടു പോകുന്നു. ഓരോ നിമിഷം പിന്നിടുമ്പോഴും.. 

സമയം നാല് കഴിഞ്ഞു. ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. കൈകൾക്ക് ശക്തി കുറയുന്ന പോലെ.. മണ്ണിനും അകാശത്തിനും നടുവിൽ പറക്കുന്ന വിമാനം പോലെ തന്നെ എന്റെ മനസ്സും.. എന്നിൽ നിന്നും വഴുതി കൊണ്ടിരുന്നു. ഏറെ നേരത്തെ യാത്രക്ക് ശേഷം ഒടുവിൽ വിമാനം കോഴിക്കോട് എയർപോർട്ടിൽ പറന്നിറങ്ങിയപ്പോൾ ലഗേജോ മറ്റു സാധനങ്ങളോ ഇല്ലാത്തതിനാൽ പെട്ടെന്ന് പുറത്തിറങ്ങാൻ പറ്റി. 

പുറത്തേക്ക് ഇറങ്ങുന്ന നേരം തന്നെ കാണാം ഏട്ടൻമാരെയും അളിയനെയും ചെറിയച്ഛനെയും മറ്റും.. ഒരു വർഷം മുൻപ് എന്നെ വിദേശത്തേക്ക് യാത്രയാക്കാൻ നിറമിഴികളോടെ ഉണ്ടായിരുന്ന അച്ഛൻ ഒഴികെ.. അറിയാതെ വീണ്ടും കണ്ണുകൾ നിറഞ്ഞു. അവരെ കണ്ടതും ചേർത്തു പിടിച്ചതും കൂടി ആയപ്പോൾ..

അച്ഛൻ കണ്ടിരുന്ന ആ സ്വപ്നങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം

പാതി ചത്ത മനസ്സുമായി അച്ഛന്‍റെ കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കി. അച്ഛൻ പാതിയിൽ വെച്ചു നിർത്തിയ കാര്യങ്ങളുടെയും ചുമതലകളുടെയും എല്ലാം ഉത്തരവാദിത്വവും ഏറ്റെടുത്ത് തീർന്നപ്പോഴേക്കും കുടുംബത്തിന്‍റെ മെഴുകിതിരി നാളമായ ഈ പ്രവാസിക്കും അനുവദിച്ചു കിട്ടിയ പതിനഞ്ചു ദിവസത്തെ അവധി ദിനങ്ങൾ കഴിഞ്ഞിരുന്നു..

ഒരായിരം വേദനകൾ മനസ്സിൽ നിറച്ചു കൊണ്ട് പെറ്റമ്മയെയും ബന്ധങ്ങളെയും വിട്ട് വീണ്ടും പ്രവാസത്തിന്‍റെ നോവും വിയർപ്പും നിറഞ്ഞ വേഷം അണിയുമ്പോൾ മനസ്സിൽ ഒരിത്തിരി മോഹങ്ങൾ ഉണ്ട്. അച്ഛൻ കണ്ടിരുന്ന ആ സ്വപ്നങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം. ജന്മനാട്ടിലേക്ക് തിരികെ പോരണം എന്നൊക്കെ.. ഒരുപാട് പ്രതീക്ഷയോടെ ഞാനും, ഇന്നീ മണ്ണിൽ, ജന്മം നൽകിയ നാടിനെയും, അന്നം നൽകുന്ന ഈ നാടിനെയും ഒരുപോലെ ഇഷ്ടപ്പെട്ടു കൊണ്ട്..