Asianet News MalayalamAsianet News Malayalam

കടവും കടപ്പാടുമായി പ്രവാസകാലം

ദേശാന്തരത്തില്‍ അന്‍വര്‍ ഷാ

deshantharam anwar sha
Author
Thiruvananthapuram, First Published Aug 10, 2018, 4:15 PM IST

പിന്നീട് ഞാനത് മറന്നു. അദ്ദേഹം മറന്നോ എന്നറിയില്ല. പക്ഷെ ചോദിച്ചില്ല. അഞ്ഞൂറ് ദിർഹം കടമായി അങ്ങനെ കിടന്നു.

deshantharam anwar sha

ഏകദേശം നാലുവർഷങ്ങൾക്ക് മുമ്പാണ്. ശ്വാസതടസ്സം നേരിട്ടത് കൊണ്ട് ദിബ്ബ ഹോസ്പിറ്റലിലെ ICU വിൽ രണ്ടു ദിവസം കിടക്കേണ്ടി വന്നു. രണ്ടാം ജന്മം എന്ന് തന്നെ പറയാം. ഒരു ദിവസത്തെ ഒട്ടും ഓർമ്മകൾ അവശേഷിപ്പിക്കാത്ത മയക്കത്തിന് ശേഷം ഓർമകളും കാഴ്ചകളും തിരിച്ചു ലഭിക്കുന്ന നിമിഷങ്ങൾ ഇപ്പോഴും മറന്നിട്ടില്ല. അന്ന് അടുത്തുണ്ടായിരുന്നവർ, കൂടെ നിന്നവർ, ദിബ്ബയിലെ ഹോസ്പ്പിറ്റലിലേക്ക് എനിക്ക് മധുരവും ആശ്വാസവും കൊണ്ടുവന്നവർ, ആപത്തിൽ കൂടെയുണ്ടാകും എന്ന് തെളിയിച്ച കൂട്ടുകാർ. പ്രകാശേട്ടനും ബിജുവേട്ടനും ഗഫൂർ ഇക്കയും ഡോക്ടർ സഫറുല്ലയും നജീബ്‌ സാറും സുനിലും ലിയാക്കത്തും സന്തോഷും ഓഫീസിലെ സ്റ്റാഫും.

നാട്ടിൽ നിന്നും വന്നിട്ട് വെറും മൂന്ന് മാസം ആയത് കൊണ്ട് വീണ്ടും നാട്ടിലേക്ക് പോകുക എളുപ്പമായിരുന്നില്ല, നല്ല ചികിത്സ നടത്തേണ്ടതുണ്ട്. സ്വാമിയേട്ടൻ (സുബ്രഹ്മണ്യൻ സുകുമാരൻ ) എന്ന, പ്രസുവിലൂടെ (പ്രസന്നൻ ധർമപാലൻ) സോഷ്യൽ മീഡിയ സമ്മാനിച്ച പ്രിയപ്പെട്ട സഹോദരൻ നാട്ടിൽ നിന്നും തന്ന ധൈര്യത്തിൽ ദിബ്ബയിൽ നിന്നും നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു . ചില സുഹൃത്തുക്കൾ സാമ്പത്തികമായി ചോദിക്കാതെ തന്നെ സഹായിക്കാൻ തയ്യാറായി. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം വ്യക്തിപരമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും ഞാൻ നാട്ടിൽ പോകുന്ന ദിവസം അയാൾ എന്നെ കാണാൻ വന്നു. മോശമല്ലാത്ത ബിസിനസ്സ് നടത്തുന്ന അദ്ദേഹം എനിക്ക് 500 ദിർഹം തന്നിട്ട് പറഞ്ഞു. "വേണ്ട എന്ന് പറയണ്ട, ഇത് കടമായിട്ട് തരുന്നതാണ്, തിരിച്ചു തരണം". വേണ്ട എന്ന് ഞാനും പറഞ്ഞില്ല.

ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ഞാൻ തിരിച്ചു വന്നു. കടം തന്ന സുഹൃത്തുക്കളുടെ പണമെല്ലാം തിരിച്ചു കൊടുത്തു. എങ്കിലും 500 ദിർഹം തന്നയാളെ വിളിച്ചെങ്കിലും പുള്ളിയുടെ തിരക്ക് കാരണം തിരികെ കൊടുക്കാൻ പറ്റിയില്ല. പിന്നീട് ഞാനത് മറന്നു. അദ്ദേഹം മറന്നോ എന്നറിയില്ല. പക്ഷെ ചോദിച്ചില്ല. അഞ്ഞൂറ് ദിർഹം കടമായി അങ്ങനെ കിടന്നു.

നാല് വർഷങ്ങൾ, ദിബ്ബയും കാലാവസ്ഥയും ഒക്കെ മാറി. പുതിയ സൗഹൃദങ്ങൾ, അനുഭവങ്ങൾ, നിലപാടുകൾ. കഴിഞ്ഞ ദിവസം നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് 500 ദിർഹം കടം തന്നയാൾ എന്നെ വിളിച്ചു. ബിസിനസ്സെല്ലാം തകർന്ന് സ്ഥാപനം പൂട്ടുന്നതിനെ കുറിച്ച് പുള്ളി പലരോടും സംസാരിച്ചതായി ഞാനും കേട്ടിരുന്നു. നേരിട്ട് കാണുവാൻ വന്നു. കുടുംബത്തെ നാട്ടിൽ വിട്ടു, ബിസിനസ്സില് വിജയിക്കാൻ പറ്റിയില്ല, ഇനി എവിടെയെങ്കിലും ജോലിക്ക് കയറണം. കുറെ കടങ്ങൾ ഉണ്ട്, വീട്ടണം. വിസയും സ്ഥാപനലൈസൻസും ക്യാൻസൽ ചെയ്യണം. ഔട്ട്പാസിന്‍റെ ആനുകൂല്യം കിട്ടുമോ എന്ന് നോക്കണം.

ദിബ്ബ റാഷിദിയയിലെ ടീ ഷോപ്പിൽ നിന്നും ചായ കുടിച്ച് ഞങ്ങള്‍ റാഷിദിയയിലെ ഇരുണ്ട വഴികളിലൂടെ കുറെ നടന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും പറ്റി പറഞ്ഞു. പരാതികളല്ല, അനുഭവങ്ങൾ. ഒരു മനുഷ്യന് എന്തൊക്കെ ജീവിതത്തിൽ അനുഭവിക്കാം അതൊക്കെ ഒരു കഥപോലെ ഞാൻ കേട്ട് നടന്നു. ഇടക്കെപ്പോഴോ ഞാൻ അദ്ദേഹത്തിന് കൊടുക്കുവാനുള്ള 500 ദിർഹത്തെ കുറിച്ച് എനിക്ക് ഓർമ്മ വന്നു. അദ്ദേഹം സനയ്യയിലേക്കും ഞാൻ സൂഫി ഫ്‌ളാറ്റിലേക്കും. പിരിയാൻ നേരം അഞ്ഞൂറ് ദിർഹം എടുത്ത് ഞാൻ അയാൾക്ക് നീട്ടി. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് കടം തന്ന കാര്യം പറഞ്ഞു. അയാളുടെ കണ്ണുകൾ നിറഞ്ഞു, "ഈ അഞ്ഞൂറു ദിര്‍ഹത്തിന് അൻപതിനായിരം ദിര്‍ഹത്തിന്‍റെ വിലയുണ്ട് ഇപ്പോൾ." പിന്നീട് ഒന്നും പറയുവാനോ എനിക്ക് ഒന്നും കേൾക്കുവാനോ ഉണ്ടായിരുന്നില്ല .

രണ്ടു വഴികളിലൂടെ ഞങ്ങൾ ഞങ്ങളിലേക്ക് യാത്ര തിരിച്ചു. മനസ്സിനും ശരീരത്തിനും അപ്പോൾ ഭാരം കൂടുതലായിരുന്നു. എങ്കിലും തസ്ഹീലിന്ന് മുന്നിലെ മഞ്ഞ വെളിച്ചം എനിക്ക് ആശ്വാസം നൽകി. ഞാൻ അവിടെ ഉള്ള ഇടത്തോളം ആർക്കെങ്കിലും ഒക്കെ ആശ്വാസം ആകുമെന്ന വിശ്വാസത്തോടെ സൂഫി ഫ്‌ളാറ്റിലേക്ക്. അവിടെ ചപ്പാത്തിയും കറിയും ഗസലും കാത്തിരിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios