Asianet News MalayalamAsianet News Malayalam

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

Deshantharam Aysha Sana
Author
Thiruvananthapuram, First Published Aug 23, 2017, 1:58 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam Aysha Sana

എന്നും അതെനിക്കു തലചുറ്റിക്കുന്ന കാഴ്ചയാണ്. നിവൃത്തിയുണ്ടെങ്കില്‍ ഞാനങ്ങോട്ടു നോക്കാതിരിക്കാന്‍ ശ്രമിക്കും. പക്ഷേ, എത്ര വേണ്ടെന്നുവച്ചാലും ശരി, ആകാശമാളികകള്‍ക്കു മുകളില്‍ തൂങ്ങിയാടുന്ന ആ പാവം മനുഷ്യരെ കാണാതെ ലോകത്തെ വന്‍നഗരങ്ങളിലൊന്നും ഒരാള്‍ക്കും സഞ്ചരിക്കാനാവില്ല, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. 

മേഘങ്ങളെയും കടന്ന് അപ്പുറമെത്തിയെന്നു തോന്നിപ്പിക്കുംവിധം മുകളിലേക്കു കെട്ടിപ്പൊക്കിയിരിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍, അവയുടെ ഉച്ചിയില്‍നിന്ന് താഴേക്കു കിടക്കുന്ന കയറുകള്‍, ആ കയറുകളില്‍ തൂങ്ങിനിന്ന് ആ മണിമാളികകളുടെ പുറംകണ്ണാടികള്‍ കഴുകിയും തുടച്ചും വൃത്തിയാക്കുന്ന മനുഷ്യര്‍, അവരുടെ തലയ്ക്കു തൊട്ടുമുകളില്‍ സര്‍വക്രോധത്തോടെയും എരിഞ്ഞു നില്‍ക്കുന്ന സൂര്യന്‍! ലോകത്തെ ഏതൊരു മഹാനഗരത്തിന്റെയും ഒഴിവാക്കാനാവാത്ത കാഴ്ചയാണിത്. 

ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫപോലും ഇപ്പോഴും വൃത്തിയാക്കുന്നത് ഇതേ മനുഷ്യപ്രയത്‌നത്തിലൂടെയാണ്. വാഷിങ്ടണിലും ന്യയോര്‍ക്കിലും ദുൈബയിലും ഷാങ്ഹായിലും എന്നുവേണ്ട, രാജ്യ വ്യത്യാസമില്ലാതെ ലോകത്തെ വലിയ നഗരങ്ങളിലൊക്കെ കാണാം, ആകാശത്തും ഭൂമിയിലുമല്ലാതെ ജീവിതത്തിന്റെ ഞാണിന്‍മേല്‍ തൂങ്ങിയാടുന്ന ഈ മനുഷ്യരെ. 

Deshantharam Aysha Sana വലിയ നഗരങ്ങളിലൊക്കെ കാണാം, ആകാശത്തും ഭൂമിയിലുമല്ലാതെ ജീവിതത്തിന്റെ ഞാണിന്‍മേല്‍ തൂങ്ങിയാടുന്ന ഈ മനുഷ്യരെ. 

 

പല നാടുകളില്‍ പല പേരുകളിലാണ് ഈ തൊഴില്‍ ചെയ്യുന്ന മനുഷ്യര്‍ അറിയപ്പെടുന്നത്. വിന്‍ഡോ ക്ലീനര്‍, റോപ് ആക്‌സസേഴ്‌സ്, സ്ൈക സ്‌ക്രാപ്പര്‍ ക്ലീനര്‍, വിന്‍ഡോ വാഷര്‍ എന്നൊക്കെ. വര്‍ഷത്തില്‍ ആറു മാസവും നല്ല മഴ കിട്ടുന്ന കേരളത്തില്‍ ഒരു പക്ഷേ ഇതൊരു തൊഴില്‍മേഖലയായി മാറാനുള്ള സാധ്യത കുറവാണ്. പക്ഷേ സദാ വരണ്ടുപൊള്ളിയ ഗള്‍ഫ്‌നാടുകളിലെ മണല്‍ക്കാറ്റില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍ മാസത്തില്‍ ഒരിക്കലെങ്കിലും പുറംചില്ലുകള്‍ കഴുകി വൃത്തിയാക്കിയേ തീരൂ. എങ്കിലേ അവയങ്ങനെ തിളങ്ങിനില്‍ക്കൂ. മൂന്നോ നാലോ നിലകളുള്ള ചെറിയ കെട്ടിടങ്ങള്‍മുതല്‍ 160 നിലകളുള്ള ബുര്‍ജ്ഖലീഫവരെ വൃത്തിയാക്കുന്നത് പൊരിവെയിലില്‍ കയറില്‍തൂങ്ങിനില്‍ക്കുന്ന മനുഷ്യരാണ്. 

ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്, കടലിന്റെ അടിത്തട്ടു മുതല്‍ സൗരയൂഥത്തിനപ്പുറംവരെ പോകാന്‍ശേഷിയുള്ള യന്ത്രങ്ങള്‍ കണ്ടെത്തിയ മനുഷ്യര്‍ എന്തുകൊണ്ടാവും, അവര്‍ കെട്ടിപ്പൊക്കിയ അംബരചുംബികളുടെ പുറം വൃത്തിയാക്കാന്‍ കഴിയുന്നൊരു യന്ത്രം കണ്ടെത്താത്തത് എന്ന്. ബ്രഷും ബക്കറ്റുമൊക്കെയായി ആകാശമാളികകളില്‍ തൂങ്ങിയാടുന്ന മനുഷ്യരുടെ ജീവിതസര്‍ക്കസിനെ ഒരു സാങ്കേതികവിദ്യകൊണ്ടും മറികടക്കാന്‍ കഴിയില്ലേ? അടുത്തിടെ എവിടെയോ വായിച്ചിരുന്നു, പ്രത്യേക റോബട്ടുകളെ ഉപയോഗിച്ച് കെട്ടിടം വൃത്തിയാക്കാന്‍ ഏതോ നഗരത്തില്‍ ശ്രമം നടന്നുവെന്ന്. 

ഈ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍കാരനായ അലിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു, 'ഈ കൊടും ചൂടില്‍ ഉത്ര ഉയരത്തില്‍ എങ്ങനെ മണിക്കൂറുകള്‍ നില്‍ക്കാന്‍ കഴിയുന്നു'-അപ്പോള്‍, പൊള്ളി കരുവാളിച്ച മുഖത്തൊരു ചിരിപടര്‍ത്തി വയറ്റില്‍ തൊട്ടുകാണിച്ചുകൊണ്ട് അലി പറഞ്ഞു, 'ബഹന്‍, പേഡ് കെ അന്തര്‍ കീ ഗര്‍മീ ഇസെ ഭീ ബഡേ ഹെ..' 

വയറ്റിലെ വിശപ്പിന്റെ ചൂടുണ്ടല്ലോ, അതാണ് ഏറ്റവും വലുതെന്ന്! 

അലി പറഞ്ഞതു ശരിയായിരുന്നു. ലോകത്തെ ഏറ്റവും അപകടം പിടിച്ച തൊഴിലുകളിലൊന്നായിട്ടും ലോകത്തെ പട്ടിണിനാടുകളില്‍നിന്ന് ചെറുപ്പക്കാര്‍ ഒഴുകുകയാണ്, ലോകനഗരങ്ങളിലേക്ക് ഈ തൊഴിലിനായി. ലോകത്തെ പല രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിച്ച് വിന്‍ഡോ വാഷിങ് പരിശീലിപ്പിച്ച് അവരെ ഉപയോഗിച്ച് സര്‍വീസ് ചെയ്തുകൊടുക്കുന്ന കോടികളുടെ ബിസിനസ് ഈ രംഗത്തു നടക്കുന്നു. അനവധി വിന്‍ഡോ വാഷിങ് കമ്പനികളാണ് ഓരോ നഗരത്തിലുമുള്ളത്. നേപ്പാള്‍, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിന്‍ഡോവാഷിങ് തൊഴിലാളികളില്‍ അധികവും. ഈ രംഗത്തുള്ള ഒരു കമ്പനിയുടെ മേധാവി അടുത്തിടെ പറഞ്ഞതായി വായിച്ചു, 'എത്ര അപകടമുള്ള പണിയാണെങ്കിലും ശരി, ആളുകളെ കിട്ടാന്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഈ ജോലിക്കായും ചെറുപ്പക്കാര്‍ ഞങ്ങളെ ഇങ്ങോട്ടു സമീപിക്കുന്നു'.

Deshantharam Aysha Sana അലിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു, 'ഈ കൊടും ചൂടില്‍ ഉത്ര ഉയരത്തില്‍ എങ്ങനെ മണിക്കൂറുകള്‍ നില്‍ക്കാന്‍ കഴിയുന്നു

 

വിന്‍ഡോവാഷിങ് ജോലിക്കായുള്ള ഇന്റര്‍വ്യൂതന്നെ  ചെയ്യാന്‍പോകുന്ന തൊഴിലിന്റെ പേടിപ്പിക്കുന്ന വീഡിയോദൃശ്യങ്ങള്‍ കാണിച്ചാണ്. മിക്കവരും അതോടെ ജോലി ആഗ്രഹം ഉപേക്ഷിച്ചു മടങ്ങും. പക്ഷേ, വിശപ്പിനെക്കാള്‍ വലിയ ഭീതികളൊന്നും ലോകത്തില്ലല്ലോ. അതറിയാവുന്നവര്‍ എന്തിനും തയാറായി ഇറങ്ങും. അവര്‍ക്ക് കമ്പനികള്‍ മാസങ്ങള്‍ നീളുന്ന കഠിന പരിശീലനം നല്‍കും. വലിയൊരു ബഹുനില കെട്ടിടത്തില്‍ പുലര്‍ച്ച അഞ്ചു മുതല്‍ സന്ധ്യവരെ നീളുന്ന പരിശീലനം. പതിയെ പതിയെ വിറയലും പേടിയും മാറും, ഭൂമിയുടെ ആഴങ്ങെളാന്നും ആഴങ്ങളല്ലെന്ന് തോന്നിത്തുടങ്ങും, ജീവിതത്തിന്റെ  ഉയരങ്ങളൊന്നും ഉയരങ്ങളല്ലെന്നും! അങ്ങനെ പരിശീലനത്തിലൂടെ പാകപ്പെട്ട ചെറുപ്പക്കാര്‍ മാനത്തും മണ്ണിലുമല്ലാത്ത ഈ ജോലിയിലേക്ക് ഇറങ്ങുന്നു. 

രണ്ടു പതിറ്റാണ്ട് മുമ്പുവരെ മിക്ക മഹാനഗരങ്ങളിലും സ്‌കൈ സ്‌ക്രാപ്പര്‍ ക്ലീനര്‍മാരുടെ അപകടമരണം പതിവുസംഭവമായിരുന്നു. ജീവിതംതേടി അംബരചുംബികളുടെ മുകളിലേക്ക് കയറിയ മനുഷ്യര്‍ ഏതോ ഒരു കാലിടറലില്‍ മണ്ണിലേക്കു വീണ് ചിതറിയൊടുങ്ങി. അവരുടെ ചോരകൂടി കഴുകിത്തുടച്ച് നഗരങ്ങള്‍ മുഖംമിനുക്കി. പക്ഷേ, പിന്നീട് പല രാജ്യങ്ങളും കര്‍ശന സുരക്ഷാനിയമങ്ങള്‍ കൊണ്ടുവന്നു. ഇന്നിപ്പോള്‍ ദുബൈയിലൊക്കെ സ്‌കൈ സ്‌ക്രാപ്പര്‍ അപകടങ്ങള്‍ വളരെ കുറവാണ്. 

എങ്കിലും ആ കാഴ്ചയൊരു വേദനയാണ്. ദുബൈയില്‍ എത്ര ശീതീകരിച്ച മുറിയ്ക്ക് ഉള്ളിലാണെങ്കിലും ശരി, ചില്ലുകള്‍ക്ക് അടുത്തെത്തിയാല്‍ ഒരു ചൂടുകാറ്റ് നമ്മുടെ മുഖത്തേക്ക് തട്ടും. അമ്പതു ഡിഗ്രി കടന്ന പുറംചൂടിനെപ്പറ്റിയോര്‍ത്ത് നമ്മളങ്ങനെ നില്‍ക്കുമ്പോള്‍ ചില്ലിനപ്പുറം പുറത്തു കാണാം, കത്തിയെരിയുന്ന ചൂടില്‍ കയറില്‍ തൂങ്ങി മനുഷ്യര്‍.  വെള്ളവും ക്ലീനിങ് ബ്രഷും ഒക്കെയായി വായുവിലെവിടെയോനിന്ന് ഒരു മഹാനഗരത്തിന്റെ അഴുക്കുപാടുകള്‍ കഴുകി വൃത്തിയാക്കുകയാണവര്‍. 

Deshantharam Aysha Sana എത്ര സുരക്ഷിതമായ കയറിലാണെങ്കിലും ശരി, കാറ്റില്‍ ബാലന്‍സ്‌ചെയ്ത് നില്‍ക്കുന്ന ജീവന്റെ ഉള്ളില്‍ ഒരു ആന്തലുണ്ടാവും. 

 

അലി അന്ന് എന്നോട് പറഞ്ഞിരുന്നു, കാറ്റാണ് ഈ ജോലിയുടെ ഏറ്റവും വലിയ ശത്രുവെന്ന്.  മുന്നൂറോ നാനൂറോ മീറ്ററര്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ മണല്‍ത്തരികളുയര്‍ത്തി പാറി വന്നടിക്കുന്ന ഉഷ്ണക്കാറ്റ്. എത്ര സുരക്ഷിതമായ കയറിലാണെങ്കിലും ശരി, കാറ്റില്‍ ബാലന്‍സ്‌ചെയ്ത് നില്‍ക്കുന്ന ജീവന്റെ ഉള്ളില്‍ ഒരു ആന്തലുണ്ടാവും. 

അലി അതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, 'ഇത്ര മുകളില്‍നിന്ന് താഴേക്കു നോക്കിയാല്‍പേടിയാവില്ലേ?' 

നിസ്സാരമായൊരു ചിരിയോടെ അയാള്‍ മറുപടി പറഞ്ഞു, 'നോക്കാറില്ല ബഹന്‍, നോക്കാന്‍ സമയം കിട്ടാറില്ല!'

ശരിയാണ്, പിന്തിരിഞ്ഞു നോക്കാന്‍ സാവകാശം കിട്ടാത്ത പാച്ചിലാണ് മനുഷ്യജീവിതം. ആകാശക്കയറുകളില്‍ ജീവന്‍ ബാലന്‍സ് ചെയ്യുന്ന ഈ മനുഷ്യര്‍ക്കാവും അത് ശരിക്കും മനസ്സിലാവുക!

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

 

 
Follow Us:
Download App:
  • android
  • ios