Asianet News MalayalamAsianet News Malayalam

'നോ കോട്ട്, നോ സൂട്ട്, ആൻഡ് യു റണ്ണിങ് ഫ്രം ഓഫീസ്...'

പുള്ളിയുടെ സൂട്ടും കോട്ടുമെല്ലാം ബഹിഷ്കരിച്ചു സർവസംഗപരിത്യാഗിയായി   ഇങ്ങിനെ കുട്ടിനിക്കറുമിട്ട് ഓടാൻ തക്ക കാരണമെന്തുണ്ടായി? അതോ ഇനി, ഞാൻ അറിയാതെ, ഓഫിസിനുള്ളിൽ വിദേശ വസ്ത്രം ബഹിഷ്‌ക്കരിയ്ക്കാൻ പുതിയ വല്ല നിയമവും ഇട്ടോ? 

deshantharam liz joseph
Author
Thiruvananthapuram, First Published Feb 16, 2019, 3:52 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam liz joseph

വൈകിട്ട് അഞ്ചരമണിയ്ക്ക് ഓഫിസ് വിട്ടു, കാർ എടുക്കാൻ കാർ പാർക്കിങ്ങിലേയ്ക്ക് നടക്കുന്ന സമയം. മഴക്കോളുള്ളതിനാൽ മഴയ്ക്ക് മുമ്പേ വീട്ടിലെത്തണമെന്നു വിചാരിച്ചു കാറിനെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു തുടങ്ങുമ്പോൾ, അതാ നമ്മുടെ ഓഫിസിലെതന്നെ ഒരു ജോർദാനി മാനേജർ മുട്ടുവരെയില്ലാത്ത ഒരു ട്രൗസറും, കയ്യില്ലാത്ത ബനിയനുമിട്ട്, ക്യാൻവാസ് ഷൂസും ധരിച്ച്,  തോളിൽ ഒരു സ്‌കൂൾ ബാഗുമിട്ട്, ഓഫിസിൽ നിന്നിറങ്ങി,  തന്റെ കാറിനെ ലക്ഷ്യമാക്കി വേഗത്തിൽ പായുന്നു. 

ഇതെന്താ സംഭവം? 

വർഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്ന മനുഷ്യനാണ്. ഇന്ന് രാവിലെയും കൂടി അങ്ങേരെ കണ്ടതാണ്. സൂട്ടും കോട്ടും ടൈയുമൊക്കെ കെട്ടി, അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയും വെല്ലുന്ന ഭാവത്തിൽ ഓഫിസിലിരിക്കുന്നത്! എന്തായാലും നമ്മളൊക്കെ മനുഷ്യരല്ലേ? ഒരത്യാഹിതത്തിൽ പരസ്പരം ചോദിച്ചറിഞ്ഞു സഹായിക്കണ്ടേ? 

തന്‍റെ കാറിനെ ലക്ഷ്യമാക്കി ഓടുന്ന പുള്ളിയുടെ പുറകെ ഞാനും അതിവേഗത്തിൽ പാഞ്ഞു

പുള്ളിയുടെ സൂട്ടും കോട്ടുമെല്ലാം ബഹിഷ്കരിച്ചു സർവസംഗപരിത്യാഗിയായി   ഇങ്ങിനെ കുട്ടിനിക്കറുമിട്ട് ഓടാൻ തക്ക കാരണമെന്തുണ്ടായി? അതോ ഇനി, ഞാൻ അറിയാതെ, ഓഫിസിനുള്ളിൽ വിദേശ വസ്ത്രം ബഹിഷ്‌ക്കരിയ്ക്കാൻ പുതിയ വല്ല നിയമവും ഇട്ടോ? 

എന്തായാലും ചോദിക്കുക തന്നെ!!  സാ...ർ, സാ...ർ... ഞാനുറക്കെ വിളിച്ചു! എവിടെ കേൾക്കാൻ? ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, പാഞ്ഞോടുകയാണ്! എന്തായാലും കാര്യം അറിയണമല്ലോ! തന്‍റെ കാറിനെ ലക്ഷ്യമാക്കി ഓടുന്ന പുള്ളിയുടെ പുറകെ ഞാനും അതിവേഗത്തിൽ പാഞ്ഞു. കാറിന്റെ ഡോർ തുറന്നു ആശാൻ അകത്ത് കടക്കുന്നതിനു മുൻപേ, ഞാൻ പിടിച്ചു നിർത്തി ചോദിച്ചു. "വാട്ട് ഹാപ്പൻഡ് സാർ?'' (എന്തോ പറ്റി സാർ ? ). പുള്ളി തിരിഞ്ഞ് എന്നെ നോക്കി, "വാട്ട്"  ("നിനക്കെന്താ പറ്റിയെ? എന്ന ഭാവം മുഖത്ത്)

മനുഷ്യൻറെ സമയം മെനക്കെടുത്താൻ ഒരോ മാരണങ്ങൾ

"സാർ, നോ കോട്ട്, നോ സൂട്ട്, ആൻഡ് യു റണ്ണിങ് ഫ്രം ഓഫീസ്... "  (രാവിലെ ഇട്ടോണ്ട് വന്ന, സൂട്ടും കൂട്ടുമൊന്നുമില്ലാതെ   സാർ  ഓഫിസിൽ നിന്ന് ഇറങ്ങി ഓടാൻ,  എന്ത് പറ്റിയെന്ന് ഞാൻ..)
"സീ ഗേൾ, ഐ ആം ആൾറെഡി ലേറ്റ് ടു ജിം"    
("ഹും..മണ്ടിപ്പെണ്ണേ, എന്നെ സമയത്ത് ജിമ്മിലെത്താൻ സമ്മതിക്കൂല്ലേ", എന്ന്   നസീർ ഭാവത്തിൽ എന്നോട് ചോദിച്ചുകൊണ്ട്, കാറിൽ കയറി, ആശാൻ  ഒറ്റ വിടീൽ!!) മനുഷ്യൻറെ സമയം മെനക്കെടുത്താൻ ഒരോ മാരണങ്ങൾ, എന്ന് മനസ്സിലോർത്തു ഞാനും സ്ഥലം വിട്ടു. അല്ലെങ്കിലും ഇക്കാലത്ത് ആരോടും ഒന്നും ചോദിക്കരുത്. 
 

Follow Us:
Download App:
  • android
  • ios