Asianet News MalayalamAsianet News Malayalam

ആ പ്രവാസിയുടെ മകന്‍ ഈ കുറിപ്പ് വായിച്ചിരുന്നെങ്കില്‍...

ഫ്‌ളൈറ്റിലേക്ക് കയറാന്‍ ഇനിയുമേറെ സമയമുണ്ട്. കാത്തിരിപ്പിനിടെയാണ് സമീപത്തെ കസേരയിലിരുന്നയാള്‍ വളരെ മനോഹരമായി ചിരിച്ചത്. നാട്ടിലേക്ക് പോകുന്ന പ്രവാസിയുടെ എല്ലാ കെട്ടും മട്ടും സന്തോഷവുമൊക്കെയുണ്ടാ മധ്യവയസ്‌കനില്‍. കൈകൊടുത്തു. മാവേലിക്കരക്കാരനാണ്. രണ്ടുവര്‍ഷമായി അബുദാബിയില്‍. രണ്ടുമാസത്തെ ഇടവേളയാണ്. സംസാരത്തിനിടെ അദ്ദേഹത്തിന് കൂടുതലായി എന്തൊക്കെയോ പറയണമെന്നുള്ളതുപോലെ. ചെവികൊടുത്തു, ജീവിതം പറഞ്ഞു തുടങ്ങി... 

deshantharam t s nisamudheen
Author
Thiruvananthapuram, First Published Feb 15, 2019, 3:45 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam t s nisamudheen

'സര്‍, ഏക് മിനിറ്റ്...'

ഗ്ലൗസിട്ട തന്റെ കൈയിലുണ്ടായിരുന്ന ടവ്വല്‍ കൊണ്ട് അവന്‍ ആ യൂറോപ്യന്‍ ക്ലോസറ്റിന്റെ മേല്‍ഭാഗം തുടച്ചു വൃത്തിയാക്കി. ശേഷം, ഇറങ്ങിവന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു, സര്‍ പ്ലീസ്...

അവനാ വാതില്‍ അടച്ചിട്ട് ചെയ്തിരുന്നുവെങ്കിലെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചുപോയ നിമിഷം. കയറണമോ, മടങ്ങണമോയെന്ന് പലവട്ടം ആലോചിച്ചു നിന്നു. അവന്‍ കൈകൊണ്ടു തുടച്ചു വൃത്തിയാക്കിയ ക്ലോസറ്റ് ഉപയോഗിക്കാനുള്ള മനോവിഷമം ഒരുവശത്ത്. കയറിയില്ലെങ്കില്‍ അവന്റെ പെരുമാറ്റത്തില്‍ ഞാന്‍ തൃപ്തനല്ലെന്ന് കരുതുമോയെന്ന ചിന്ത മറുവശത്ത്...

അവന്‍ എനിക്കു നല്‍കിയ പാഠം ചെറുതല്ല

ജോലിയില്‍ കയറി ദിവസങ്ങള്‍ക്കകം നാട്ടിലേക്കു മടങ്ങാൻ അവിചാരിതമായുണ്ടായ സാഹചര്യത്തില്‍ അബുദാബി എയര്‍പോര്‍ട്ടില്‍ എത്തിയതാണു ഞാന്‍. എയര്‍പോര്‍ട്ട് ക്ലീനിങ് വിഭാഗത്തിലെ ജോലിക്കാരനാണാ ഇന്ത്യക്കാരനായ യുവാവ്. "സര്‍ പ്ലീസ്" എന്ന് എന്നോട് അവന്‍ പറയുമ്പോ, ഞാന്‍ ആ കണ്ണുകളിലേക്കാണ് നോക്കിയത്. എത്ര തിളക്കമാണാ കണ്ണുകള്‍ക്ക്. പ്രതീക്ഷയുടെ, ചാരിതാര്‍ഥ്യത്തിന്റെ.... എന്തായിരിക്കാം അവന്റെ മനസില്‍, അവനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉറ്റവരുടെ മുഖം തന്നെയായിരിക്കുമല്ലേ അവന്‍റെയുള്ളിലും... 

ഒരു മനുഷ്യന് ജോലി, അതെന്തുമാവട്ടെ, ആ ജോലിയിലുണ്ടാവുന്ന സംതൃപ്തി നമുക്കെല്ലാം ഇന്നേറെ പ്രശ്‌നമാണ്. അസംതൃപ്തിയോടെ ജോലി ചെയ്യുന്നവര്‍ ഒരിക്കല്‍പ്പോലും ആലോചിക്കാറില്ല. എന്റെ ജോലി എത്രയോ മികച്ചതാണെന്ന്. 12 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനു താല്‍ക്കാലിക വിരാമമിട്ട്, ഗള്‍ഫിലേക്കു പറന്ന എനിക്ക്, പുതിയ ജോലിയോട് പൊരുത്തപ്പെട്ടുവരുന്നതിനിടെയാണ് ആ യുവാവിന്റെ 'പ്രഫഷനലിസം' നേരിട്ട് അനുഭവിക്കാനായത്. അവന്‍ എനിക്കു നല്‍കിയ പാഠം ചെറുതല്ല. പുതിയ മേഖലയിലെ പുത്തന്‍ അറിവുകള്‍ മനസ്സിലാവാതെ വരുമ്പോള്‍, വിഷമിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്നത് അവന്റെ മുഖമാണ്, 'സര്‍.. ഏക് മിനിറ്റ്' എന്ന ധ്വനിയും..

ഫ്‌ളൈറ്റിലേക്ക് കയറാന്‍ ഇനിയുമേറെ സമയമുണ്ട്. കാത്തിരിപ്പിനിടെയാണ് സമീപത്തെ കസേരയിലിരുന്നയാള്‍ വളരെ മനോഹരമായി ചിരിച്ചത്. നാട്ടിലേക്ക് പോകുന്ന പ്രവാസിയുടെ എല്ലാ കെട്ടും മട്ടും സന്തോഷവുമൊക്കെയുണ്ടാ മധ്യവയസ്‌കനില്‍. കൈകൊടുത്തു. മാവേലിക്കരക്കാരനാണ്. രണ്ടുവര്‍ഷമായി അബുദാബിയില്‍. രണ്ടുമാസത്തെ ഇടവേളയാണ്. സംസാരത്തിനിടെ അദ്ദേഹത്തിന് കൂടുതലായി എന്തൊക്കെയോ പറയണമെന്നുള്ളതുപോലെ. ചെവികൊടുത്തു, ജീവിതം പറഞ്ഞു തുടങ്ങി... 

"പോയിട്ടു മടങ്ങിവരണം മോനെ" എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറി

പ്രവാസത്തിന്റെ 37-ാം ആണ്ടാണിത്. 35 വര്‍ഷവും സൗദിയില്‍ പാചകമായിരുന്നു തൊഴില്‍. വീടുവച്ചു. തരക്കേടില്ലാത്ത സമ്പാദ്യമുണ്ടാക്കി. പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു നാട്ടിലേക്കു മടങ്ങി. ബിസിനസ് തുടങ്ങി - ചകിരിയുല്‍പ്പന്ന നിര്‍മാണ കമ്പനി. കയര്‍ ആയിരുന്നു പ്രധാന ഉല്‍പ്പാദനം. സഹായത്തിന് അടുത്ത ബന്ധുക്കളിൽ ചിലരെയും കൂട്ടി. ചകിരിയടക്കം നിര്‍മാണ സാമഗ്രികള്‍ വാങ്ങാന്‍ രാവും പകലുമില്ലാതെ ആ പാവം നാടൊട്ടുക്കും ഓടിക്കൊണ്ടിരുന്നു. കൈയിലുള്ള പണം കുറഞ്ഞുവരുന്നു, തിരികെ കൈയിലെത്തുന്നില്ല. തുടക്കമല്ലേ, ശരിയാവുമെന്നു കരുതി. ആദ്യം കടംവാങ്ങി. ശേഷം, വട്ടിപ്പലിശക്കെടുത്തു. പിന്നീട് വീടും പുരയിടവും വച്ച് ബാങ്കില്‍ നിന്ന് ലോണെടുത്തു. കണക്കുകള്‍ കൂട്ടിമുട്ടിയില്ല. ബിസിനസ് തകര്‍ന്നു, ഒപ്പം ആ പ്രവാസിയും. ഇതിനിടെ തന്നോടൊപ്പം വളരാന്‍ ചേര്‍ത്തുനിര്‍ത്തിയ ബന്ധുക്കള്‍ മാത്രം തടിച്ചുകൊഴുത്തിരുന്നു...

ഉള്ളതെല്ലാം വിറ്റുപെറുക്കി കടംവീട്ടി. ചിലരോട് സാവകാശം ചോദിച്ചു. ഭാര്യയെയും മക്കളെയും കൂട്ടി വാടകവീട്ടിലേക്കു മാറി. വീണ്ടും പ്രവാസത്തിലേക്ക്. മകളെ കെട്ടിച്ചു. മകനെ പഠിപ്പിച്ചു ബിടെക്കുകാരനാക്കി. ചെറിയ വീട് വച്ചു. അബുദാബിയിലും പാചകക്കാരനാണ്. "പോയിട്ടു മടങ്ങിവരണം മോനെ" എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറി. 

അദ്ദേഹം പറഞ്ഞ ഒരു വാചകത്തിന്റെ ബാക്കിയാണ് ആ സ്വരമിടറാന്‍ കാരണമായതെന്ന് എനിക്കു മനസ്സിലായി. അല്ല എന്റെ ചോദ്യമാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. 'ബിടെക്ക് കഴിഞ്ഞ മകനെ ഗള്‍ഫിലേക്ക് കൊണ്ടുവന്ന് ജോലിക്കു കയറ്റിക്കൂടെ..? സഹായമാവുമല്ലോ'യെന്ന എന്റെ ചോദ്യം. അവന്‍ ഇനി ബിടെക്കില്‍ കിട്ടാനുള്ള പേപ്പര്‍ എഴുതുന്നില്ലത്രേ, ഗള്‍ഫിലേക്കുമില്ല. നാട്ടില്‍ തന്നെ നില്‍ക്കാനാണിഷ്ടം. ഉപ്പ ഒരു ഓട്ടോറിക്ഷ വാങ്ങിക്കൊടുത്താല്‍ മതി പോലും. ഇവിടെയാണ് ഞാന്‍ ആദ്യം പറഞ്ഞ യുവാവിനെയും ബിടെക്കില്‍ നിന്ന് ഓട്ടോ ഡ്രൈവറിലേക്കു ചേക്കാറാനൊരുങ്ങുന്ന ആ പ്രവാസിയുടെ മലയാളി മകനെയും നിങ്ങളുടെ മുന്നിലേക്ക് സമര്‍പ്പിക്കുന്നത്. 

ആ മകന്‍ ഈ കുറിപ്പ് വായിക്കുമോയെന്ന് എനിക്കറിയില്ല

നാട്ടില്‍ നിന്ന് മടങ്ങി അബുദാബിയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ആ യുവാവിന്റെയും, പ്രവാസിയായ പിതാവിന്റെും മുഖവും ശബ്ദവും മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു, പങ്ക് വയ്ക്കണമെന്നു നിരന്തരം ഓര്‍മപ്പെടുത്തുംപോലെ.

ആ മകന്‍ ഈ കുറിപ്പ് വായിക്കുമോയെന്ന് എനിക്കറിയില്ല. പ്രിയ കൂട്ടുകാരാ... നാളെ നീയും പിതാവാകും. നിന്റെ പിതാവ് നിന്നെ പോറ്റും പോലെ ഏറെ കഷ്ടപ്പെട്ട് പ്രതീക്ഷയോടെ അവരെയും നീ വളര്‍ത്തും... 

താമസിച്ചുപോയിട്ടില്ല നിനക്ക്.... ആ പിതാവിന്റെ മുഖത്തേക്കൊന്ന് നീ നോക്കിയാല്‍ മാത്രം മതി, സഹാനുഭൂതിയുടെ ഒറ്റനോട്ടം..


 

Follow Us:
Download App:
  • android
  • ios