Asianet News MalayalamAsianet News Malayalam

ഓരോ പ്രവാസിയും യുദ്ധമുഖത്താണ്, ആ യുദ്ധം നാട്ടിലുള്ളവര്‍ക്ക് വേണ്ടിയാണ്

എന്‍റെ ജന്മദിനം! വീട്ടിൽ ആരും തന്നെ മനസുതുറന്നു സന്തോഷിച്ചു കാണില്ല. അത്രയും ദിവസമായിട്ടും അച്ഛന്റെ ഒരു വിവരവും ഉണ്ടായില്ല എന്നത് തന്നെ കാരണം. ഞാൻ ജനിച്ചപ്പോൾ തന്നെ അച്ഛൻ ഒരു അഭയാർത്ഥിയായി മാറി എന്നത് ഇപ്പോഴും എന്നെ അലട്ടാറുണ്ട്. 

deshantharam varun rathnakaran
Author
Thiruvananthapuram, First Published Feb 12, 2019, 2:58 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam varun rathnakaran

പ്രവാസം മിക്കപ്പോഴും വേര്‍പാടിന്‍റെയും, ത്യാഗത്തിന്‍റെയും, വിട്ടുകൊടുക്കലിന്‍റെയുമൊക്കെ കഥകളാണ്. അവിടെ ചെന്ന് സമ്പന്നരും നിറമുള്ള ഒരുപിടി ഓർമകളും മാത്രം സ്വന്തമാക്കുന്നവർ ന്യൂനപക്ഷം മാത്രമാണ്. പക്ഷെ, അവർക്കും കാണും ഞാൻ മേൽ പറഞ്ഞ അനുഭവങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രവാസിയായ ഓരോരുത്തർക്കും കാണും ഇത്തരം അനുഭവങ്ങൾ. എന്‍റെ അനുഭവങ്ങളും വ്യത്യസ്തമല്ല. 

ഞാൻ ജനിക്കുന്നതിനും എത്രയോ മുമ്പേ പ്രവാസിയായതാണ് എന്‍റെ അച്ഛൻ. 1990 ഓഗസ്റ്റ്‌ 4 എന്ന ദിവസത്തിന് അച്ഛന്‍റെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന എങ്കിലും, മറക്കാനാവാത്ത മുറിവുകൾ ഉണ്ടാക്കിയ ദിവസമാണ്. സദ്ദാം ഹുസൈന്‍റെ ഇറാഖ് കുവൈറ്റിൽ അധിനിവേശം പൂർത്തിയാക്കിയിരുന്നു അന്നത്തേക്കും! 

പക്ഷെ, കുവൈറ്റിൽ നിന്ന് ജോർദാനിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല

യാദൃശ്ചികമെന്നോണ്ണം അന്നു തന്നെയാണ് അച്ഛൻ നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തത്. അധിനിവേശം പൂർത്തിയായതും വിമാനത്താവളം അടച്ചു. അങ്ങനെ അച്ഛന്റെ യാത്രയും മുടങ്ങി. ഒരുപക്ഷെ, അതിന്‍റെ മുമ്പിലത്തെയോ മറ്റോ ദിവസം അച്ഛൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരുന്നെങ്കിൽ എന്നെ അച്ഛന് ജനിച്ചപ്പോൾ തന്നെ കാണാമായിരുന്നു. പ്രവാസിയായ ഏതൊരാളെയും പോലെ ഭാര്യയുടെ പ്രസവത്തിനുവേണ്ടി നാട്ടിലേക്ക് വരാൻ ഇരുന്നതായിരുന്നു അച്ഛൻ. യുദ്ധം ലോകത്ത് എവിടെ ഉണ്ടായാലും അത്‌ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ നിരത്തിയിട്ടുള്ളൂ. ഗൾഫ് യുദ്ധ കാലത്തും അവസ്ഥ വേറൊന്നായിരുന്നില്ല. പ്രത്യയശാസ്ത്രങ്ങളും വ്യക്തികളും മാത്രം മാറി. യുദ്ധം അതിന്‍റെ സർവ്വസംഹാരവുമായി മുന്നോട്ട് പോയി.

1990 ഓഗസ്റ്റ് 11
എന്‍റെ ജന്മദിനം! വീട്ടിൽ ആരും തന്നെ മനസുതുറന്നു സന്തോഷിച്ചു കാണില്ല. അത്രയും ദിവസമായിട്ടും അച്ഛന്റെ ഒരു വിവരവും ഉണ്ടായില്ല എന്നത് തന്നെ കാരണം. ഞാൻ ജനിച്ചപ്പോൾ തന്നെ അച്ഛൻ ഒരു അഭയാർത്ഥിയായി മാറി എന്നത് ഇപ്പോഴും എന്നെ അലട്ടാറുണ്ട്. ബഹുഭൂരിപക്ഷം ഇന്ത്യക്കാരെ പോലെ അച്ഛനും ഇറാഖ് വഴി പലായനം ചെയ്ത് ജോർദാനിൽ എത്തി. അവിടെ നിന്ന് ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമായ 'എയര്ലിഫ്ട്' വഴി നാട്ടിലേക്ക് എത്തിയത് ചരിത്രം. പക്ഷെ, കുവൈറ്റിൽ നിന്ന് ജോർദാനിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഓഗസ്റ്റ് മാസം ഗൾഫിൽ എല്ലായിടത്തും വേനൽ കനക്കുന്ന സമയമാണ്. ആ കാലാവസ്ഥയിൽ മരുഭുമിയിലൂടെയുള്ള യാത്ര എത്ര കഠിനമാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ. നാളെ എന്താകുമെന്നറിയാത്ത, നാട്ടിൽ എന്താണ് നടക്കുന്നതെന്നറിയാതെ ഉള്ള യാത്ര. 

നിസ്വാർത്ഥമായ ആ യുദ്ധം അവർ ചെയ്യുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്

മരുഭൂമിയിലെ കൂടാരങ്ങളിൽ കഴിഞ്ഞതും അവിടെ നിന്ന് ഉഗ്രവിഷമുള്ള പാമ്പിന്റെയും തേളിന്റെയും കടിയേറ്റ് കൂടെയുണ്ടായിരുന്നവർ മരിച്ചു വീഴുന്നതും കണ്ടുള്ള യാത്ര. ഒരുപക്ഷെ, ആ യാത്ര അച്ഛനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി കാണണം. നാളെ എന്താണ് സംഭവിക്കുക എന്നോർത്ത് പേടിക്കാതെ ജീവിക്കാൻ അച്ഛൻ പഠിച്ചിട്ടുണ്ടാവണം. എന്തായാലും അനിശ്ചിതത്വം നിറഞ്ഞ ആ യാത്ര അച്ഛൻ ഒരിക്കലും മറക്കാൻ തരമില്ല. ഈ യാത്രയെപ്പറ്റി അച്ഛൻ പറഞ്ഞപ്പോഴെല്ലാം ഞാൻ വളരെ ശ്രദ്ധയോടുകൂടി തന്നെ കേട്ടിരുന്നിട്ടുണ്ട്. ആ അവസ്ഥയെ പറ്റി പലകുറി ആലോചിച്ചിട്ടുണ്ട്. എന്റെ ഭാവനയിൽ അച്ഛൻ എപ്പോഴും ഒരു നായകൻ തന്നെയാണ്. യുദ്ധത്തെ അതിജീവിച്ചു വന്ന നായകൻ.

തിരിച്ചെത്തിയതും എന്നെ ആദ്യമായി കണ്ടതുമൊക്കെ പറയുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാവുന്ന സന്തോഷം ഒരു പ്രവാസിയുടെ ജീവിത രേഖയാണ് എന്റെ മുന്നിൽ തുറന്നിടുന്നത്. എല്ലാ പ്രവാസിയും ഓരോ ദിവസവും ഒരു യുദ്ധമുഖത്തെന്നപോലെ പൊരുതി ജീവിക്കുന്നവരാണ്. അവർ ഓരോരുത്തരും ആ യുദ്ധം ചെയ്യുന്നത് തനിക്കുവേണ്ടിയല്ല. മറിച്ചു നാട്ടിലുള്ള അവന്റെ വേണ്ടപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടിയാണ്. നിസ്വാർത്ഥമായ ആ യുദ്ധം അവർ ചെയ്യുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്. അതിൽ തളർന്നുവീണവരുണ്ട്, സാമ്പത്തിന്റെ അങ്ങേയറ്റം സ്വന്തമാക്കിയവരുണ്ട്. അവരെല്ലാരും നായകനോ നായികയോ തന്നെയാണ്.
 

Follow Us:
Download App:
  • android
  • ios