ഘാനയില്‍ വളരെ വ്യത്യസ്തമായ ചില ശവപ്പെട്ടികള്‍ കാണാം. മരിച്ചു പോയ ആളോട് ഏറ്റവും ആദരവ് കാണിക്കണമെന്നും അവര്‍ അര്‍ഹിക്കുന്ന രീതിയിലുള്ള ശവമടക്ക് നടത്തണമെന്നും ഉള്ളത് കൊണ്ടാണ് ഇത്ര വ്യത്യസ്തമായ ശവപ്പെട്ടികളുണ്ടാക്കുന്നത്. ഇവ പരമ്പരാഗതമായി ഉണ്ടാക്കി വരുന്നതാണ്. 

മരിച്ചുപോയവരുടെ ജോലി, സാമൂഹികാവസ്ഥ ഇവയെല്ലാം നോക്കിയാണ് ശവപ്പെട്ടികള്‍ തയ്യാറാക്കുക. ലോകത്തിലെ ഏറ്റവും അധികം കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഘാന. അതുകൊണ്ട് തന്നെ ഉള്‍ഗ്രാമങ്ങളിലെ മനുഷ്യര്‍ ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കൊക്കോയുടെ ആകൃതിയിലുള്ള ശവപ്പെട്ടി നിര്‍മ്മിക്കാനായി നല്‍കാറുണ്ട്. അമ്പതിനായിരത്തിന് മുകളിലാണ് ഇത്തരം ശവപ്പെട്ടികള്‍ക്ക് വില. കര്‍ഷകരെ സംബന്ധിച്ച് ഈ തുക വളരെ വളരെ വലുതാണ്. 

മിക്കപ്പോഴും ഒരാള്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടതോ, സ്വഭാവവുമായി ബന്ധപ്പെട്ടതോ, സോഷ്യല്‍ സ്റ്റാറ്റസുമായി ബന്ധപ്പെട്ടതോ ആയ ശവപ്പെട്ടിയായിരിക്കും ഉണ്ടാക്കുകയെന്ന് അമ്പത് വര്‍ഷങ്ങളായി ഇതിന്‍റെ ബിസിനസ് നടത്തുന്ന എറിക് പറയുന്നു. ഉദാഹരണത്തിന് നല്ല ചുവന്ന നിറത്തിലുള്ള മുളകിന്‍റെ ആകൃതിയിലാണ് പെട്ടിയെങ്കില്‍ മരിച്ച ആള്‍ ഹോട്ടും ഒരല്‍പം ധിക്കാരിയും ഒക്കെ ആയിരിക്കും. 

മെഴ്സിഡസ് ബെന്‍സിന്‍റെ രൂപത്തിലാണ് ശവപ്പെട്ടിയെങ്കില്‍ അസുഖബാധിതന്‍ പണക്കാരനായിരിക്കും. മാത്രവുമല്ല, ആള്‍ക്ക് ഒരു ജര്‍മ്മന്‍ നിര്‍മ്മിത കാറും ഉണ്ടാകും. ഈ തരത്തിലുള്ള ശവപ്പെട്ടികളാണ് കൂടുതലും ഉണ്ടാക്കിക്കുന്നതെന്ന് പെട്ടിയുണ്ടാക്കുന്ന സ്റ്റീവ് അന്‍സാ പറയുന്നു. 

ഓരോ ഡിസൈനിനു പിറകിലും ഒരു കഥയുണ്ടാകും. വിമാനത്തിന്‍റെ ആകൃതിയിലാണ് ശവപ്പെട്ടിയെങ്കില്‍ അത് കുഞ്ഞുങ്ങള്‍ക്കുള്ളതായിരിക്കും. മരണശേഷവും സുഖമായി യാത്ര ചെയ്യാനാകട്ടെ എന്നതാണത്രേ അര്‍ത്ഥം. 

അടുത്തിടെ നിരവധി പേര്‍ ഈ ബിസിനസിലേക്ക് തിരിയുന്നുണ്ട്

കടപ്പാട് : ബിബിസി