കൊച്ചി: മറ്റുമതങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടന്‍ തുടങ്ങിയ ഡിങ്കമതം പിളര്‍ന്നു. ഡിങ്കോയിസത്തിന്‍റെ കേരളത്തിലെ പ്രമുഖ പ്രയോക്താവും പ്രചാകരനും ആദ്ധ്യാത്മിക ആചാര്യന്‍മാരില്‍ ഒരാളും ആയ സമൂസ ത്രികോണാധ്യായയെ ഡിങ്കോയിസത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് വിവരം. അദ്ദേഹം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

തന്‍റെ ഡിങ്കോയിസം (മ) എന്നാണ് അറിയപ്പെടുക എന്ന് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഹോമിയോ ചികിത്സയുടെ ശാസ്ത്രീയത സംബന്ധിച്ച തര്‍ക്കമാണ് ലോകത്തിലെ ഏറ്റവും പുതിയ മതത്തിന്‍റെ പിളര്‍പ്പിലേയ്ക്ക് നയിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന സൂചന. എങ്കിലും ശാസ്ത്ര സംബന്ധിയായ തര്‍ക്കത്തിലാണല്ലോ ഡിങ്കമതം പിളര്‍ന്നിരിയ്ക്കുന്നത് എന്നാണ് ഡിങ്കമത വിശ്വാസികളില്‍ ചിലര്‍ പറയുന്നത്.

പരമ്പരാഗത മതങ്ങളുടെ പൊള്ളത്തരങ്ങളെ പരിഹസിച്ചുകൊണ്ടും ശാസ്ത്രീയതയെ അടിസ്ഥാനമാക്കിയാണ് ഡിങ്കമതം ഉയര്‍ന്ന് വന്നത്. എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത കാണിയ്ക്കുന്ന മതമാണ് ഡിങ്കമതം എന്നായിരുന്ന പ്രയോക്താക്കളുടെ വാദം. കോഴിക്കോടും, കൊച്ചിയിലും നടന്ന ഡിങ്കമത സമ്മേളനങ്ങളുടെ പ്രമുഖ സംഘാടകനാണ് ഇപ്പോള്‍ ഡിങ്കമതത്തില്‍ നിന്നും പുറത്ത് പോകുന്ന സമൂസ ത്രികോണാധ്യായ. 

ഡിങ്കോയിസം(മ) ആണ് പുതിയ മതം. മാനവികത എന്നാണ് മ എന്നത് സൂചിപ്പിക്കുന്നത്. തത്കാലം ഈ മതത്തില്‍ താന്‍ മാത്രമേ ഉള്ളൂ എന്നാണ് സമൂസ പറയുന്നത്. അപ്പോള്‍ തന്‍റെ മതത്തില്‍ നിന്ന് ആരും പിരിഞ്ഞ് പോവില്ലല്ലോ എന്ന താത്വിക വിശദീകരണവും സമൂസ ത്രികോണാധ്യായ നല്‍കുന്നുണ്ട്.