ജീവനുണ്ടെന്ന് കണ്ടെത്തിയതിന് ശേഷവും നവജാതശിശുവിനെ മോർച്ചറിയിലെ ഫ്രീസറിൽ വച്ചതിന് രണ്ട് മുതിർന്ന ഡോക്ടർമാരെയും ഒരു മിഡ്‌വൈഫിനെയും ജയിലിലടച്ചു. കസാക്കിസ്ഥാനിലെ ഒരു കോടതിയാണ് വസ്തുത മറച്ചുവെക്കാൻ ശ്രമിച്ചതിനും, കുഞ്ഞിനെ മരിക്കാൻ വിട്ടതിനും കുറ്റവാളികളെ ജയിലിൽ അടച്ചത്. 2019 സെപ്റ്റംബർ 29 -ന് കസാക്കിസ്ഥാനിലെ അതിരാവു പെരിനാറ്റൽ സെന്ററിലാണ് സംഭവം നടന്നത്. സമയം തികയുന്നതിന് മുൻപ് ജനിച്ച ഒരു പെൺകുട്ടി അനക്കമില്ലാതായതോടെ മരിച്ചുവെന്ന് പ്രഖ്യാപിച്ചു ഡോക്ടർമാർ. എന്നാൽ, പിന്നീട് കാല് ചലിപ്പിക്കുന്നതുൾപ്പെടെ ജീവനുള്ളതിന്റെ പല അടയാളങ്ങളും കാണിച്ചിട്ടും, ഡോക്ടർമാർ അതെല്ലാം അവഗണിച്ച് ശിശുവിനെ ഫ്രീസറിൽ വയ്ക്കുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് പറഞ്ഞ് ഇതിനകം തന്നെ പുറത്തിറക്കിയ മെഡിക്കൽ ഡാറ്റാബേസ് തിരുത്താൻ മടിച്ചാണ് ജീവനോടെയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടും കുഞ്ഞിനെ കൊല്ലാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഡോക്ടർമാരുടെ അശ്രദ്ധ മറച്ചുവെക്കാനായി കുഞ്ഞിനെ മനഃപൂർവ്വം കൊന്ന കുറ്റത്തിനാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റർ അസ്കർബെക് എർമുക്കാഷെവ് പറഞ്ഞു.

കാല് അനക്കിയത് കണ്ടിട്ടും, കുട്ടിയെ ഫ്രീസറിൽ വയ്ക്കാൻ ഉത്തരവിട്ടതിന് ഹെഡ് ഫിസിഷ്യൻ കുവാനിഷ് നിസാബേവിനെ 'മെഡിക്കൽ ശിശുഹത്യ'യ്ക്ക് കോടതി 18 വർഷം തടവിന് ശിക്ഷിച്ചു. ഇയാളുടെ കൂട്ടാളികളായ ഗൈനക്കോളജിസ്റ്റ് അസ്‌കർ കെയ്‌ർഷാൻ, മിഡ്‌വൈഫ് ജാമിലിയ കുൽബതിരോവ എന്നിവർക്ക് യഥാക്രമം 16, 15 വർഷം തടവ് ശിക്ഷ വിധിച്ചു. തെറ്റുകൾ മറച്ചുവെക്കുക, നീണ്ട അവധിയെടുത്ത് വിദേശ രാജ്യങ്ങളിൽ കറങ്ങുക തുടങ്ങിയ കുറ്റങ്ങളും നിസാൻബേവിന്റെ മേലെ ചുമത്തപ്പെട്ടിട്ടുണ്ട്. വിചാരണയിൽ ലഭിച്ച തെളിവുകൾ അനുസരിച്ച് മൂന്നുപേരും അവരുടെ അശ്രദ്ധ മറച്ചുവെക്കുന്നതിനായി കുട്ടിയെ മനഃപൂർവ്വം കൊല്ലുകയായിരുന്നു എന്ന് വ്യക്തമാകുന്നു.  കൂടാതെ ഫ്രീസറിൽ വയ്ക്കുന്നതിന് മുൻപ് വെള്ളത്തിൽ മുക്കി കൊല്ലുന്നതിനെ കുറിച്ചും അവർ ആലോചിച്ചിരുന്നതായി തെളിവുകൾ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞ് ജീവനുള്ളതിന്റെ അടയാളങ്ങൾ കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രസവിച്ചതായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശരിയായ വൈദ്യസഹായം ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് വിദ​ഗ്ദ്ധർ പറഞ്ഞു. 

കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാതിരുന്നതിന് നിയോനാറ്റോളജിസ്റ്റുകളായ റുസ്ലാൻ നൂർമഖാൻബെറ്റോവ്, ഡാരിഗ ധുമബയേവ എന്നിവർക്കും ശിക്ഷ വിധിച്ചു. കൈക്കൂലി കേസിൽ നിസാബേവിന്റെ ഫോൺ തിരയുന്നതിനിടയിലാണ് ഭയാനകമായ ഈ കുറ്റകൃത്യം വെളിച്ചത്ത് വന്നത്. “ജനനത്തിനു ശേഷം, കുഞ്ഞിനെ അശ്രദ്ധമായി മരിച്ചുവെന്ന് രജിസ്റ്റർ ചെയ്തു. വാസ്തവത്തിൽ അതിന് ജീവനുണ്ടായിരുന്നു” പൊലീസ് മേധാവി കബ്ദുള പറഞ്ഞു.  2019 -ൽ കുറ്റകൃത്യം ആദ്യമായി കണ്ടെത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, പിന്നീട് ജീവനുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷം, ഡോക്ടർമാർ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുപകരം, ഇതിനകം മരിച്ചുവെന്ന് പ്രഖ്യാപിച്ച ആശുപത്രിയുടെ കമ്പ്യൂട്ടർ ഡാറ്റാബേസ് അനുസരിച്ച് കുഞ്ഞിനെ ശരിക്കും കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.  

2019 -ൽ കുഞ്ഞിന്റെ മരണത്തെത്തുടർന്ന് റീജിയണൽ ഹെൽത്ത് മേധാവി മൻഷുക് ഐമുർസീവ രാജിവച്ചു. കുറ്റകൃത്യത്തെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. ഡോക്ടർമാർക്കെതിരായ ഇത്തരം ആരോപണം തന്നെ ഭയപ്പെടുത്തുന്നു എന്ന് മാത്രം അവർ പറഞ്ഞു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് അശ്രദ്ധ കാണിച്ചതിന് എമുർസീവയ്ക്ക് കോടതി 8,750 ഡോളർ പിഴ ചുമത്തി. മരണത്തെ തുടർന്ന് കുട്ടിയുടെ കുടുംബത്തോട് കസാക്കിസ്ഥാൻ ഉപ ആരോഗ്യമന്ത്രി മാപ്പ് പറയുകയുണ്ടായി.