ബെയ്റൂട്ട് സ്ഫോടനം നടന്നിട്ട് ഒരു മാസമായി. സ്ഫോടനത്തിന്‍റെ ഫൂട്ടേജുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ, ലോകം ഒരു ഞെട്ടലോടെയാണ് അത് കണ്ടത്. ഒരു നിമിഷം കൊണ്ട് അവരുടെ ലോകം ഇരുളുന്നത് ലോകം വേദനയോടെ നോക്കിനിന്നു. കാതടപ്പിക്കുന്ന ആ ശബ്ദത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന അനേകായിരങ്ങളെയും നമ്മളന്ന് കണ്ടു. അക്കൂട്ടത്തിൽ ഒരു ആഫ്രിക്കൻ ജോലിക്കാരി സ്വന്തം ജീവൻ അപായപ്പെടുത്തി രണ്ട് കുട്ടികളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്ന കാഴ്ചയുമുണ്ടായിരുന്നു.

എന്നാൽ, ഇന്ന് അവരെപ്പോലുള്ള നിരവധി ആയമാർ ബെയ്റൂട്ടിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. മിക്കവരും കൊടുംപട്ടിണിയിലാണ്. സ്ഫോടനത്തിന് മുമ്പുതന്നെ അവരുടെ അവസ്ഥ ശോചനീയമായിരുന്നു. മഹാമാരി മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല വീട്ടുടമസ്ഥരും ജോലിക്കാർക്ക് ശമ്പളം കൊടുക്കാതായി. പലരും ജോലിക്കാരെ തിരിച്ച് എംബസികളുടെ മുന്നിൽ കൊണ്ടുപോയി ഉപേക്ഷിക്കാൻ തുടങ്ങി. കഴിഞ്ഞ ജൂണിൽ മാത്രം നൂറിലധികം എത്യോപ്യൻ വീട്ടുജോലിക്കാരെയാണ് അവരുടെ രാജ്യത്തിന്റെ കോൺസുലേറ്റിന് മുന്നിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അവരിൽ പലരും ഇപ്പോൾ തെരുവിൽ കഷ്ടപ്പെടുകയാണ്. ആഹാരമോ, കിടക്കാനൊരിടമോ അവർക്കില്ല.  

ആഫ്രിക്കൻ വംശജയായ വീട്ടുജോലിക്കാരിയാണ് ക്രിസ്റ്റീന. ഇന്നവർ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആഫ്രിക്കൻ സ്ത്രീകളെ അവരുടെ സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയക്കാനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. കോൺസുലേറ്റുകൾ, സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അഴിമതി നിറഞ്ഞ  ലെബനൻ സർക്കാർ കാര്യങ്ങൾ വേണ്ടരീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നവർ ആരോപിച്ചു. പുറത്തുകടക്കാൻ ആവശ്യമായ പേപ്പർവർക്കുകൾക്ക് തൊഴിൽ മന്ത്രാലയം കനത്ത ഫീസാണ് ഈടാക്കുന്നത്. യാത്രാ ചെലവിന് പുറമെയാണിത്. ലെബനനിൽ നിന്ന് ആഫ്രിക്കയിലേക്കുള്ള ഫ്ലൈറ്റ് യാത്ര ചെലവേറിയതാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇതിനെല്ലാത്തിനും ആവശ്യമായ പണം കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. എത്യോപ്യൻ കുടിയേറ്റ തൊഴിലാളികൾ തിരിച്ച് നാട്ടിലേയ്ക്ക് പോകണമെന്ന് പറയുമ്പോൾ, പലപ്പോഴും കിട്ടുന്ന ഉപദേശം അവരുടെ തൊഴിലുടമകളുടെ അടുത്തേയ്ക്ക് തന്നെ മടങ്ങിപ്പോകാനാണ്.

ഈ മനുഷ്യാവകാശ പ്രതിസന്ധിയുടെ മൂലകാരണം കുടിയേറ്റ തൊഴിലാളികളുടെ ഇടയിൽ നിലനിൽക്കുന്ന സ്പോൺസർഷിപ്പ് സംവിധാനമാണ്. ഇത് തൊഴിലുടമകൾക്ക് തൊഴിലാളികളുടെ മേൽ പൂർണമായ അധികാരം നൽകുന്നു. ഇതുവഴി തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പലപ്പോഴും തടഞ്ഞുവയ്ക്കാനും, അവരെ മടക്കി നാട്ടിലേയ്ക്ക് അയക്കാതിരിക്കാനും ഉടമകൾക്ക് കഴിയുന്നു. കരാറ് അവസാനിക്കുന്നതിനുമുമ്പ് നാട്ടിൽ പോകണമെന്ന് പറയുന്ന തൊഴിലാളികളോട് ഏജൻസികൾക്ക് നൽകിയ ഭീമമായ ഫീസ് തിരിച്ചു നൽകിയാൽ മാത്രം വിട്ടയക്കാമെന്ന് ഉടമകൾ നിബന്ധന വയ്ക്കുന്നു. എന്നാൽ, അത്ര വലിയ തുക കൈയിലില്ലാത്ത തൊഴിലാളികൾ പലപ്പോഴും അവിടെ നിന്ന് ഓടിപ്പോകാൻ നിർബന്ധിതരാകുന്നു. അത് മാത്രവുമല്ല, പലപ്പോഴും ആ വീടുകളിൽ ജോലിക്കാർക്ക് അനുഭവിക്കേണ്ടി വരുന്നത് കൊടുംപീഡനങ്ങളാണ്.  

'ലെബനനിലെ എല്ലാ കുടിയേറ്റത്തൊഴിലാളികളും കഷ്ടപ്പെടുകയാണ്' ക്രിസ്റ്റിൻ പറഞ്ഞു. എന്നാൽ, ആഫ്രിക്കൻ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്, കാരണം അവരെ മനുഷ്യരായി ആരും കണക്കാക്കുന്നില്ല. എല്ലാവരും അവരെ അവഗണിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തിരിച്ചു പോകാൻ വഴിയില്ലാതെ, തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വരുമോ എന്ന് ഭയന്നു പലരും ഇപ്പോൾ ശമ്പളമില്ലാതെ പോലും ജോലി ചെയ്യാൻ തയ്യാറാവുകയാണ്.