1940 മുതല്‍ അവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട്. ഈ പ്രായത്തിലും അവര്‍ വിരാറില്‍ നിന്ന് ബാന്ദ്ര വരെ യാത്ര ചെയ്യുന്നത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനാണ് എന്നും ദീപിക എഴുതുന്നു.
രൂപവും വേഷവും നോക്കി ആള്‍ക്കാരെ വിലയിരുത്തുന്നതില്‍ ആരുമത്ര മോശക്കാരല്ല. അങ്ങനെ പലരെയും പലരും മാറ്റിനിര്‍ത്താറുമുണ്ട്. അങ്ങനെ വേഷത്തിലോ ഭാവത്തിലോ ഒട്ടും പരിഷ്കൃതയാണെന്ന് തോന്നാത്ത സ്ത്രീയെ ട്രെയിനില്‍ വെച്ച് ആള്‍ക്കാര്‍ അവഗണിച്ചു. ഇരിക്കാന്‍ സീറ്റും നല്‍കിയില്ല. എന്നാല്‍ ദീപിക എന്ന സഹയാത്രികയ്ക്ക് അങ്ങനെ ചെയ്യാനായില്ല. അവര്‍ സ്ത്രീക്ക് ഇരിക്കാന്‍ സീറ്റ് കൊടുത്തു. ദീപിക അതിനു ശേഷം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച അനുഭവക്കുറിപ്പ് വൈറലായി. 'നെവര്‍ ഫിയര്‍ ടു സ്പീക് ദി ട്രൂത്ത്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ദീപിക സ്ത്രീയെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
വിരാറില്‍ നിന്ന് ചര്‍ച്ച്ഗേറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദീപിക. അപ്പോഴാണ് ആ സ്ത്രീയെ കണ്ടത്. മുഷിഞ്ഞ വേഷം, കയ്യില്‍ വസ്ത്രങ്ങളടങ്ങിയ ബാഗ്. അപ്പോള്‍ സീറ്റുകളിലെല്ലാം ആളുകളിരുന്നിരുന്നു. അവര്‍ക്ക് ഇരിക്കാനാകട്ടെ ഒരു സീറ്റുണ്ടാക്കാനായി ആരും ശ്രമിച്ചിരുന്നുമില്ല.
പോസ്റ്റില്‍നിന്ന്: അവര്‍ മെലിഞ്ഞിട്ടായിരുന്നു. വളരെ കുറച്ച് സ്ഥലം മതിയായിരുന്നു ഇരിക്കാന്‍. എല്ലാവരും ഒതുങ്ങിയിരുന്നാല്‍ തനിക്കും ഇരിക്കാമെന്ന് ആ സ്ത്രീ അവരോട് പറഞ്ഞിരുന്നു. പക്ഷെ, ആരും അനങ്ങിയില്ല. പകരം ഒട്ടും സ്ഥലമില്ലാതാക്കാന്‍ വിസ്തരിച്ചിരുന്നു. ഒന്നൊതുങ്ങിയിരുന്നാല്‍ അവര്‍ക്കവിടെ ഇരിക്കാമെന്നും അവരോട് കുറച്ച് ദയ കാണിക്കണമെന്നും ഞാനും അവരോട് പറഞ്ഞു. പക്ഷെ, അവര്‍ക്ക് ആ സ്ത്രീയുടെ വേഷവും മറ്റും വെറുപ്പുണ്ടാക്കി. അവരുടെ അടുത്ത് ആ സ്ത്രീ ഇരിക്കുന്നതില്‍ താല്‍പര്യമില്ലെന്നും വേണമെങ്കില്‍ എന്‍റെ അടുത്ത് ഇരുത്തിക്കോ എന്നും പറഞ്ഞു.
എനിക്ക് സന്തോഷം തോന്നി. വേഷവും രൂപവും കൊണ്ട് എങ്ങനെയാണൊരാളെ വിധിക്കുന്നതെന്ന് ഞാന്‍ വിഷമിച്ചിരുന്നു. അതില്‍ വിഷമിക്കേണ്ടെന്നും ഞാനാ സ്ത്രീയോട് പറഞ്ഞു. അവര്‍ തിരിച്ചു പറഞ്ഞത് തനിക്കതില്‍ വിഷമമില്ല. ഒരു മണിക്കൂറിലെ യാത്രാസമയത്തല്ലേ അവരിങ്ങനെ പറയൂ, 65 വര്‍ഷത്തെ യാത്രയില്‍ ആ പരാമര്‍ശങ്ങളൊന്നും ഒരു മാറ്റവുമുണ്ടാക്കില്ലെന്നുമായിരുന്നു.
പിന്നെയാണ് ആ സ്ത്രീയോട് സംസാരിക്കുന്നത്. അവര്‍ അവരുടെ ചെറുപ്പത്തില്‍ സംസ്ഥാനതല ഹോക്കിതാരമായിരുന്നു. അവര്‍ ഫ്രഞ്ച് എംബസിയില്‍ ജോലി ചെയ്തിരുന്നു. കൂടാതെ പാര്‍ട് ടൈം മോഡലായിരുന്നു. ഭര്‍ത്താവും ഏകമകളും മരിച്ചിട്ടും അവര്‍ തളര്‍ന്നില്ല. തീര്‍ന്നില്ല. അവരുടെ യാത്ര ആദ്യമായിട്ടല്ല. 1940 മുതല്‍ അവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട്. ഈ പ്രായത്തിലും അവര്‍ വിരാറില്‍ നിന്ന് ബാന്ദ്ര വരെ യാത്ര ചെയ്യുന്നത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനാണ് എന്നും ദീപിക എഴുതുന്നു.
ആളുകളുടെ വേഷവും രൂപവും നോക്കി അവരെ വിലയിരുത്തുന്നവരെ വിമര്‍ശിച്ചാണ് ദീപിക പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇനിയെങ്കിലും അങ്ങനെ ചെയ്യരുത് എന്ന താക്കീതുമുണ്ട് ദീപികയുടെ പോസ്റ്റില്‍.
