എഴുപതുകളുടെ തുടക്കത്തിൽ ഒരു ദിവസം, മഹാരാഷ്ട്രയിലെ ദണ്ഡരായണ വനത്തിലൂടെ നടക്കുകയായിരുന്നു ഡോ. പ്രകാശ് ആംതെയും ഭാര്യ ഡോ. മന്ദാകിനി ആംതെയും. പോകുന്ന വഴിയിൽ ഒരുകൂട്ടം ആദിവാസികൾ ഒരു ചത്ത കുരങ്ങിനെ തോളിലേറ്റി വരുന്നത് കണ്ടു. കുറച്ച് കൂടി അടുത്ത് വന്നപ്പോൾ, ആ ചത്ത കുരങ്ങിന്റെ ശരീരത്തിൽ അതിന്റെ കുഞ്ഞ് അള്ളിപ്പിടിച്ച് ഇരിക്കുന്നത് ഇവർ കണ്ടു. തന്റെ അമ്മ ചത്തുവെന്നറിയാതെ അത് അമ്മയുടെ പാൽ കുടിക്കാനുള്ള ശ്രമമായിരുന്നു. ഈ കാഴ്ച ആ ദമ്പതികളുടെ ഹൃദയത്തെ നീറ്റി. വേവലാതിയോടെ പ്രകാശ് അയാളോട് ചോദിച്ചു, “നിങ്ങൾ ഈ ചത്ത കുരങ്ങിനെ എന്ത് ചെയ്യാൻ പോവ്വാ?” തിന്നാനാണ് അതിനെ കൊണ്ടുപോകുന്നത് എന്നയാൾ മറുപടി പറഞ്ഞു. “അപ്പോഴീ കുട്ടി കുരങ്ങിന്റെ കാര്യമോ?” അദ്ദേഹം വീണ്ടും ചോദിച്ചു. “ഞങ്ങൾ അതിനെയും തിന്നും” അവർ മറുപടി പറഞ്ഞു. എന്നാൽ ഇത് കേട്ട ദമ്പതികൾക്ക് ആ കുട്ടിക്കുരങ്ങിനെ മരണത്തിന് വിട്ടു കൊടുക്കാൻ തോന്നിയില്ല. അവർ അതിനെ അവരുടെ കൈയിൽ നിന്ന് വാങ്ങി വീട്ടിലേയ്ക്ക് കൊണ്ടുവന്നു. 

അവനെ അവർ ബബ്ലി എന്ന് വിളിച്ചു. വീട്ടിലെ ഒരംഗത്തിനെ പോലെ അവൻ അവിടെ വളർന്നു. വീട്ടിലെ നായയുമായി ബബ്ലി സൗഹൃദത്തിലായി. അവരുടെ കളികളും തമാശയും കണ്ട ദമ്പതികൾ ഒരു കാര്യം ഉറപ്പിച്ചു: തങ്ങളുടെ വീട് അനാഥരായ മൃഗങ്ങൾക്കായി തുറന്നു കൊടുക്കും.   ഇതിനായി ഗോത്രവർഗക്കാരുമായി അവർ ഒരു ഉടമ്പടിയിലെത്തി. കുഞ്ഞു മൃഗങ്ങളെയും, പരിക്കേറ്റ മൃഗങ്ങളെയും തനിക്ക് തരണമെന്ന് ഡോ. പ്രകാശ് അവരോട് ആവശ്യപ്പെട്ടു. പതുക്കെ വീട്ടിലെ അംഗസംഖ്യ കൂടാൻ തുടങ്ങി. കുറുക്കൻ, പുള്ളിപ്പുലി, കാട്ടുപൂച്ച, മലമ്പാമ്പ്, മുതല, കരടി എന്നിവ അവിടെ താമസമാക്കി. മൃഗങ്ങളുടെ എണ്ണം കൂടിയപ്പോൾ അവർക്കായി ഒരഭയകേന്ദ്രം തുറക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ അനിമൽ ആർക്ക് എന്ന പേരിൽ മൃഗങ്ങൾക്കായി ഒരു കേന്ദ്രം തുറന്നു. ഒരു ഘട്ടത്തിൽ, മുന്നൂറോളം മൃഗങ്ങൾക്ക് വരെ അത് അഭയം നൽകി.  

ഈ മൃഗങ്ങളെ പരിപാലിക്കാൻ എട്ട് മുഴുവൻ സമയ സന്നദ്ധപ്രവർത്തകരുണ്ട് അവിടെ. റാബിസിന് പതിവായി വാക്സിനേഷൻ അവിടെ നൽകപ്പെടുന്നു. ഓരോ കൂട്ടിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ചൂട് കുറയ്ക്കാൻ കൂടുകൾ പച്ചത്തുണികൊണ്ട് മൂടുന്നു. കൂടാതെ, താപനില നിയന്ത്രിക്കാൻ കൂളറുകളോ ഫാനുകളോ ഉപയോഗിക്കുന്നു. കൂടുകളിലാണെങ്കിലും സ്വാതന്ത്ര്യത്തിനും കുടുംബം അവയോട് കാണിക്കുന്ന സ്നേഹത്തിനും ഒരു കുറവുമില്ല. പക്ഷേ, ചിലപ്പോളെങ്കിലും ഈ സ്നേഹം അദ്ദേഹത്തെ അപകടത്തിലാക്കാറുമുണ്ട്. 2006 -ൽ, പ്രകാശിനെ ഒരു പാമ്പ് കടിക്കുകയും ഒരു മാസത്തോളം നാഗ്പൂർ ആശുപത്രിയിൽ ചികിത്സിയിൽ കഴിയുകയുമുണ്ടായി. എന്നിരുന്നാലും അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. 

അതേസമയം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമൂഹ്യസേവനം. സാമൂഹ്യപ്രവർത്തകനായിരുന്ന ബാബാ ആംതെയുടെ മകനാണ് ഡോ. പ്രകാശ് ആംതെ. അദ്ദേഹത്തിന്റെ അച്ഛൻ ആനന്ദ്വാനിലെ നിരവധി കുഷ്ഠരോഗികളുടെ ജീവിതത്തിൽ മാറ്റം വരുത്തിയപ്പോൾ, മകൻ ഗോത്രവർഗ്ഗക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങി തിരിച്ചു. റോഡുകളോ വൈദ്യുതിയോ ഇല്ലാതെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട കഴിയുന്ന കഴിയുന്ന മാഡിയ-ഗോണ്ടിലെ ഗോത്രവർഗ്ഗക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം പരിശ്രമിക്കുന്നു. ഡോ. 

പ്രകാശും ഭാര്യയും ഗോത്രവർഗക്കാർക്ക് സൗജന്യമായി ചികിത്സ നൽകുന്ന ഒരു ആശുപത്രി സ്ഥാപിച്ചു. ഗോത്ര വർഗ്ഗത്തിലെ കുട്ടികളെ അവർ പഠിപ്പിക്കാൻ തുടങ്ങി. ഗ്രാമീണരുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവർ പ്രവർത്തിച്ചു. ആ മരങ്ങൾക്ക് കീഴിൽ ഇരുന്ന് പഠിച്ച കുട്ടികൾ ഇന്ന് ഡോക്ടർമാരും അധ്യാപകരും എഞ്ചിനീയർമാരും ഒക്കെ ആയിത്തീർന്നിരിക്കുന്നു. ആശുപത്രിയിൽ ഇപ്പോൾ ആധുനിക സൗകര്യങ്ങളുണ്ട്. അവർ ആരംഭിച്ച പ്രാദേശിക സ്കൂളിൽ നാന്നൂറോളം ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നു. പ്രകാശ്, മന്ദാകിനി ആംതെയുടെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് 2008 -ൽ റാമോൺ മഗ്‌സസെ അവാർഡും ഡോ. പ്രകാശിന് പത്മശ്രീ അവാർഡും ലഭിച്ചു.