കാൻസർ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഒരു അമ്മ വർഷങ്ങൾക്ക് മുൻപ് നഷ്ടമായ തന്റെ രണ്ട് ആൺമക്കൾക്കായുള്ള തെരച്ചിലിലാണ് ഇന്ന്. മരിക്കുന്നതിന് മുൻപ് തന്റെ മക്കളെ ഒരുനോക്ക് കാണണം എന്ന ആഗ്രഹമേ 72 -കാരിയായ ആൻ ജെമ്മലിന് ഇപ്പോഴുള്ളൂ. എന്നാൽ, ആ മക്കളാകട്ടെ ഇതൊന്നുമറിയാതെ മറ്റേതോ വീടുകളിൽ കഴിയുകയാണ്. 70 -കളുടെ തുടക്കത്തിലാണ് ആൻ ഭർത്താവ് ജോൺ ജെമ്മലിനെ ഉപേക്ഷിച്ച് എല്ലെസ്മെർ പോർട്ടിലേയ്ക്ക് വന്നത്. ആ വിവാഹത്തിൽ ഉണ്ടായ ഗെയിൽ, ഡെറക്, ജെയ്ൻ എന്നിവരെ അമ്മൂമ്മയുടെ അടുത്ത് ഏല്പിച്ച് അവൾ പുതിയൊരിടത്ത് ജീവിതം കെട്ടിപ്പടുക്കാൻ തീരുമാനിച്ചു. താൻ എത്ര കഷ്ടപ്പെട്ടാലും, പട്ടിണി കിടന്നാലും തന്റെ മക്കൾ വീട്ടിൽ അമ്മയോടൊപ്പം സുഖമായിരിക്കുന്നല്ലോ എന്നതായിരുന്നു അവളുടെ ആശ്വാസം.  

കാലം കടന്ന് പോയി അവൾ പുതിയൊരു വിവാഹം കഴിച്ചു. അതിൽ അവൾക്ക് എഡ്വേർഡ്, ഫ്രെഡറിക് എന്നീ രണ്ട് മക്കളുണ്ടായി. അപ്പോഴും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന അവൾക്ക് മക്കളെ നേരാംവണ്ണം നോക്കാനുള്ള പ്രാപ്തിയില്ലായിരുന്നു. ജീവിതദുരിതത്തിന്റെ തീച്ചൂളയിലേയ്ക്ക് മക്കളെ എറിഞ്ഞു കൊടുക്കാൻ എന്തോ ആ അമ്മയ്ക്ക് മനസ്സ് വന്നില്ല. ഒടുവിൽ 1970 -കളിൽ അവർ രണ്ട് ദമ്പതികൾക്ക് തന്റെ മക്കളെ നൽകി. എന്നാൽ, ദത്തെടുത്ത ശേഷം പിന്നീട് ഒരിക്കൽ പോലും ആ മക്കളെ കാണാനോ, സംസാരിക്കാനോ അവർക്ക് അനുവാദമുണ്ടായിരുന്നില്ല. 

ഇപ്പോൾ, അമ്മയുടെ മരണക്കിടക്കയിൽ, അവളുടെ മൂത്ത മകൾ ഗെയിൽ, തന്റെ സഹോദരന്മാർ എവിടെയാണെന്ന് അന്വേഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കയാണ്. തന്റെ സഹോദരങ്ങളെ കുറിച്ച് ഗെയിൽ അറിയുന്നത് 12 -ാം വയസ്സിലാണ്. ക്രിസ്മസ് സമ്മാനങ്ങൾ കണ്ടെത്താൻ ഒരു കട്ടിലിനടിയിൽ തെരഞ്ഞപ്പോഴാണ് അവൾ ദത്ത് നൽകിയതിന്റെ രേഖകൾ കണ്ടത്. അങ്ങനെ അവൾ വിവരങ്ങൾ തിരക്കി അറിഞ്ഞു. "രണ്ടാം ഭർത്താവായ എഡ്ഡി ഡോചെർട്ടിയുമായി അമ്മയ്ക്ക് യോജിച്ച് പോകാൻ കഴിഞ്ഞില്ല. അവർക്കിടയിൽ എപ്പോഴും പ്രശ്‍നങ്ങളായിരുന്നു. ഒടുവിൽ അമ്മ ഞങ്ങളുടെ അടുത്തേയ്ക്ക് തിരികെവന്നു. എന്നാൽ അമ്മൂമ്മയ്ക്ക് ഇനിയൊരു കുഞ്ഞിനും കൂടി ആഹാരം കൊടുക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. അവരെ പോറ്റാനുള്ള കഴിവില്ലാതിരുന്ന അമ്മ മനസ്സില്ലാമനസോടെ മക്കളെ ദത്ത് നൽകി" മകൾ പറഞ്ഞു.  

പിന്നീട് ആരോടും സംസാരിക്കാനാഗ്രഹിക്കാത്ത വേദനാജനകമായ ഒരു രഹസ്യമായി അത് തുടർന്നു. "എന്റെ അമ്മ ഒരിക്കലും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. പക്ഷേ, ഇപ്പോൾ ഈ അവസാനനാളിൽ അമ്മയുടെ മനസ്സ് എനിക്ക് കാണാൻ സാധിക്കുന്നു" ഗെയിൽ പറഞ്ഞു. മക്കളിൽ ഒരാൾ സ്കോട്ട്ലൻഡിലും, മറ്റൊരാൾ ഇംഗ്ലണ്ടിലുമാണുള്ളത്. അമ്മയ്ക്ക് കാൻസർ ഇപ്പോൾ വളരെ കൂടുതലാണെന്നും, ഈ ക്രിസ്മസിനു ഞങ്ങൾക്കൊപ്പം അമ്മ കാണുമോ എന്നറിയില്ലെന്നും ഗെയിൽ പറയുന്നു. പക്ഷേ, മരിക്കുന്നതിന് മുൻപ് മക്കളെ അമ്മയുടെ അടുത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അവൾ. മക്കൾ സുരക്ഷിതരാണെന്നും നല്ല രീതിയിൽ ജീവിക്കുന്നുവെന്നും അറിഞ്ഞാൽ മതിയെന്നായിരുന്നു അമ്മയുടെ ആദ്യമറുപടിയെന്നും അവൾ പറഞ്ഞു. മരണവുമായി മല്ലിടുന്ന അമ്മയെ കുറിച്ചറിയാതെ, തങ്ങൾ സഹോദരന്മാരാണെന്ന് അറിയാതെ ലോകത്തിന്റെ രണ്ടു കോണുകളിൽ ആ മക്കൾ ഇന്നും ജീവിക്കുന്നു എന്നതാണ് സങ്കടകരമായ കാര്യമെന്നും അവൾ കൂട്ടിച്ചേർത്തു.