Asianet News MalayalamAsianet News Malayalam

ലാറി ബേക്കര്‍: ചിരിക്കുന്ന വീടുകളുടെ തമ്പുരാന്‍

എച്ച്മുക്കുട്ടി എഴുതുന്നു

Echmu Kutti on Laurie baker

പ്രഭാത ഭക്ഷണം ഇന്ത്യന്‍ പ്രസിഡന്റിനൊപ്പം കഴിക്കുകയും, ഉച്ചയൂണു കഴിക്കുവാന്‍ ഞങ്ങളുടെ കൊച്ചുമുറിയില്‍ വരികയും ചെയ്യുക എന്നത്  ബേക്കര്‍ക്ക് മാത്രം  സാധിക്കുന്ന മഹനീയ ലാളിത്യമാണ്. 


Echmu Kutti on Laurie baker

കുട്ടിയായിരിക്കുമ്പോള്‍ ഒരു ദിവസം അച്ഛനാണ്  ലാറി  ബേക്കര്‍ എന്ന് ആദ്യമായി പറഞ്ഞു കേള്‍പ്പിച്ചത്. തിരുവനന്തപുരത്ത്  ബ്രിട്ടീഷുകാരനായ ഒരു  ആര്‍ക്കിടെക്ട് സായിപ്പുണ്ടെന്നും വിചിത്രമായ ചില  കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്റെ ജോലിയെന്നും അച്ഛന്‍ പറഞ്ഞു. സായിപ്പുണ്ടാക്കുന്ന വീടുകള്‍ പാട്ടു പാടുകയും  പല്ലു കാട്ടി ചിരിക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി. നല്ല കാറ്റും വെളിച്ചവുമുള്ള വീടുകളാണ് അവയെന്നാണ് അച്ഛന്‍ ഉദ്ദേശിച്ചത്. അത്തരം കെട്ടിടങ്ങളില്‍ സമൃദ്ധമായുണ്ടായിരുന്ന വിവിധ തരം ജാലി വര്‍ക്കുകളായിരുന്നു അച്ഛന്‍ ചൂണ്ടിക്കാട്ടിയ ചിരിക്കുന്ന പല്ലുകള്‍. അച്ഛന്റെ ഒരു സുഹൃത്ത് അതുമാതിരിയൊരു വീട്ടിലാണ് താമസിക്കുന്നതെന്നും ഇനി തിരുവനന്തപുരത്ത് പോകുമ്പോള്‍ ആ വീട്  കാണിച്ചു തരാമെന്നും അച്ഛന്‍  വാഗ്ദാനം ചെയ്തു. പിന്നീട് പലവട്ടം അച്ഛനൊപ്പം തിരുവനന്തപുരത്ത്  പോയെങ്കിലും ആ  വീട് ഞാനൊരിക്കലും കാണുകയുണ്ടായില്ല. 

നല്ലവണ്ണം മുതിര്‍ന്നതിനു ശേഷമാണ് ഒരിക്കല്‍, ഈ  ആര്‍ക്കിടെക്ട് സായിപ്പിന്റെ ക്ലാസ് കേള്‍ക്കാന്‍ അവസരമുണ്ടായത്. ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച എനിക്ക്, ശുദ്ധമായ ബ്രിട്ടീഷ് ശൈലിയില്‍ സായിപ്പ് പറഞ്ഞതൊന്നും തന്നെ കാര്യമായി  മനസ്സിലായില്ല. മനുഷ്യര്‍ കടം വാങ്ങി വീടു വെക്കുന്നുവെന്നും പിന്നീട് ആജീവനാന്തകാലം ആ കടം അടച്ച്  സ്വന്തം എന്നു കരുതപ്പെടുന്ന വീട്ടില്‍ വാടകക്കാരനായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെപ്പാടെ അതു മാത്രമാണ് എന്റെ തലയില്‍ കയറിയത് . എങ്കിലും  സദസ്സിലുണ്ടായിരുന്ന മഹാന്മാരും മറ്റു വിവരമുള്ളവരും  ചിരിക്കുമ്പോഴും തല കുലുക്കുമ്പോഴും എല്ലാം മനസ്സിലായ മട്ടില്‍ ഞാനും അവരെപ്പോലെ ചിരിക്കുവാനും  തല കുലുക്കുവാനും പണിപ്പെട്ടു. 

സായിപ്പുണ്ടാക്കുന്ന വീടുകള്‍ പാട്ടു പാടുകയും  പല്ലു കാട്ടി ചിരിക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി

അങ്ങേയറ്റം പ്രതികൂല  സാഹചര്യങ്ങളിലെ  ഒരു കെട്ടിട നിര്‍മ്മാണത്തിനിടയിലാണ് ഞാന്‍ പിന്നീട്  സായിപ്പിനെ കാണുന്നത്.  ചില കെട്ടിടങ്ങള്‍ അങ്ങനെയുമാവാറുണ്ടല്ലോ, ആഗ്രഹിച്ചു പണിയുമ്പോഴും നമ്മെ അടിമുടി  തകര്‍ത്തു കളയുന്നവ, ആശിച്ചും മോഹിച്ചും ഒന്നിക്കുമ്പോഴും നമ്മെ  നുറുങ്ങുകളായി  ചിതറിച്ചു കളയുന്ന ചില  ജീവിതങ്ങളെ പോലെ. അത്തരമൊരു  തീവ്രനൊമ്പരമായിരുന്നു ആ കെട്ടിട നിര്‍മ്മാണം. പടികള്‍ അടര്‍ന്നു പോയ  ഏണി  കയറി പെട്ടെന്ന്   മുമ്പില്‍ പ്രത്യക്ഷപ്പെട്ട  അദ്ദേഹത്തെ കണ്ട് ഞാന്‍ അമ്പരന്നു നിന്നു. അദ്ദേഹം വരുമെന്നുള്ളതിന്റെ ഒരു സൂചനയും എനിക്ക്  ലഭിച്ചിരുന്നില്ല.  അതുകൊണ്ടു തന്നെ ഒന്നു കൈകൂപ്പുവാനോ ഒരു ഗ്ലാസ് പച്ചവെള്ളം എടുത്തു കൊടുക്കുവാനോ പോലും അന്നെനിക്ക് സാവകാശമുണ്ടായില്ല. ബേക്കര്‍  ചിരിക്കുകയും കെട്ടിടവും വര്‍ക് സൈറ്റും എനിക്ക് ആഹ്ലാദം പകരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും  ചെയ്തു. ആ കെട്ടിടത്തിന്റെ മുക്കിലും മൂലയിലും പോലും അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടികള്‍ പതിയുന്നത് ഞാന്‍ വിസ്മയത്തോടെ വീക്ഷിച്ചു .

ദില്ലിയിലെ  ജോലിസ്ഥലത്തു വെച്ച്  ബേക്കറെ കാണുമ്പോള്‍  എന്റെ ജീവിത സാഹചര്യങ്ങളും  കാഴ്ചപ്പാടുകളും എന്തിനു  രൂപം തന്നെയും മാറിക്കഴിഞ്ഞിരുന്നു. തീരെ പരിമിത സാഹചര്യങ്ങളില്‍, അതീവ നിസ്സാരമെന്ന് എണ്ണപ്പെടാവുന്ന  ജോലി ചെയ്തിരുന്ന എന്നോടും  വലിയ  പരിഗണനയോടെ  അദ്ദേഹം  സംസാരിച്ചു. വളരെ ഉയര്‍ന്ന  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരൊന്നിച്ചു  വര്‍ക് സൈറ്റിലേക്ക് വന്ന ബേക്കറോട് നേരത്തെ കണ്ടിട്ടുണ്ടെന്ന്  പറയുവാനുള്ള ധൈര്യമോ മനസ്സാന്നിധ്യമോ ആത്മവിശ്വാസമോ  എനിക്ക്  ഉണ്ടായിരുന്നില്ല. ഏണിപ്പടികള്‍ കയറി കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് അദ്ദേഹം പോകുന്നത് നോക്കി ഞാന്‍ നിശ്ശബ്ദയായി നിന്നതേയുള്ളൂ.  

എന്നെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് മിനിറ്റിനകം ബേക്കര്‍  താഴെക്കു വന്നു. 'ഓ ഇറ്റ്‌സ് യൂ ...  ഇറ്റ്‌സ് യൂ'   എന്നായിരുന്നു  അദ്ദേഹത്തിന്റെ പ്രതികരണം. എന്നെ മറന്നുപോയതില്‍  ഞാന്‍ അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് പറഞ്ഞ ആ ശബ്ദത്തില്‍ സത്യസന്ധമായ ആത്മാര്‍ഥത തുളുമ്പിയിരുന്നു.  മനുഷ്യരില്‍ പൊതുവേ സുലഭമായി കാണാറുള്ള അല്‍പ്പത്തം  ബേക്കറെ തൊട്ടു തീണ്ടിയിരുന്നില്ല. ഇന്ത്യയുടെ  ക്യാബിനറ്റ് സെക്രട്ടറിയും  വര്‍ക് സൈറ്റില്‍ മണ്ണിഷ്ടിക എണ്ണുന്നവളും മനുഷ്യരെന്ന നിലയില്‍ തുല്യരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മനുഷ്യരില്‍ അധികം പേര്‍ക്കും ഇല്ലാത്ത, അതുകൊണ്ടു  തന്നെ  തികച്ചും അപൂര്‍വമായ   മാനവികതാ ബോധമായിരുന്നു അത്.

പിന്നീട് ദില്ലിയില്‍ എത്തുമ്പോഴൊക്കെയും ഞങ്ങളുടെ ചെറിയ മുറിയില്‍ അദ്ദേഹം വന്നു. പ്രഭാത ഭക്ഷണം ഇന്ത്യന്‍ പ്രസിഡന്റിനൊപ്പം കഴിക്കുകയും, ഉച്ചയൂണു കഴിക്കുവാന്‍ ഞങ്ങളുടെ കൊച്ചുമുറിയില്‍ വരികയും ചെയ്യുക എന്നത്  ബേക്കര്‍ക്ക് മാത്രം  സാധിക്കുന്ന മഹനീയ ലാളിത്യമാണ്. അതീവ ലളിതമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചുകൊണ്ട് ഒട്ടനവധി നേരമ്പോക്കുകള്‍ പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിക്കുകയും ഞങ്ങളെ എല്ലാവരേയും  ചിരിപ്പിക്കുകയും ചെയ്തു. അസുലഭമായ നര്‍മ്മ ബോധം ബേക്കറുടെ കൂടപ്പിറപ്പായിരുന്നുവല്ലോ. അപ്പൂപ്പന്മാരുടെ മടിത്തട്ടുകളില്‍ ഒരിക്കലും പൂര്‍ണമായും സ്വാഗതം ചെയ്യപ്പെട്ടിട്ടില്ലാത്ത എന്റെ മകള്‍ക്ക്  ആ  മടിയിലിരിക്കാനും ആ താടിയില്‍ റബര്‍ ബാന്‍ഡ് ചുറ്റി വിവിധ  സ്‌റ്റൈലുകള്‍ വരുത്താനും അനുവാദമുണ്ടായിരുന്നു. മകള്‍ വരച്ചയക്കാറുള്ള പിക്ചര്‍ പോസ്റ്റ് കാര്‍ഡുകളും 'ബേക്കര്‍ മുത്തശ്ശാ' എന്ന സംബോധനയും വളരെ സന്തോഷിപ്പിക്കാറുള്ളതായി, എപ്പോഴും അദ്ദേഹം പുഞ്ചിരി തൂകിയിരുന്നു.

ഒരു അധ്യാപികയാകാന്‍ ആഗ്രഹിച്ച മകളോട് അധ്യാപനമെന്ന അതീവ ഗൗരവതരമായ ചുമതലയെക്കുറിച്ചും  അധ്യാപകര്‍ നയിക്കേണ്ട കാപട്യമില്ലാത്ത മാതൃകാ ജീവിതത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.  ഭാവിയിലേക്ക് ചൂണ്ടപ്പെട്ട വിരലുകളാണ് അധ്യാപകന്‍േറതെന്നും ഭൂതകാലത്തില്‍ മാത്രം ജീവിക്കുന്നവര്‍ അധ്യാപകരാകുന്നത്  വിദ്യാര്‍ഥികളുടെ മാത്രമല്ല  ഒരു രാഷ്ട്രത്തിന്റെ  ഭാവിയെ സംബന്ധിച്ചു കൂടി ആത്മഹത്യാപരമാണെന്നും ബേക്കര്‍  വിശ്വസിച്ചിരുന്നു. അടിത്തട്ടു കാണാവുന്ന നൈര്‍മല്യവും നിരന്തരമായ ഒഴുക്കും ഉള്ള  ജലമാവണം  അധ്യാപകരെന്ന് അദ്ദേഹം കരുതി. അധ്യാപകരുടെ ചുമലുകള്‍ക്ക്  വിദ്യാര്‍ഥികളുടെ താങ്ങാവാനുള്ള അസാധാരണമായ  കരുത്തുണ്ടാവണമെന്ന്  അദ്ദേഹം മകളോട് പറഞ്ഞു. 
     
ബേക്കറുടെ  സമയ ബോധവും കൃത്യനിഷ്ഠയും അപാരമായിരുന്നു. തൊണ്ണൂറു വയസ്സിനടുത്തായിരിക്കുമ്പോഴും മഞ്ഞുകാലമോ മഴക്കാലമോ  വേനല്‍ക്കാലമോ എന്നില്ലാതെ കൃത്യസമയത്ത് അദ്ദേഹം വര്‍ക് സൈറ്റുകളില്‍ എത്തിയിരുന്നു. ഉയരങ്ങളിലും താഴ്ചകളിലും ഭയമോ ചാഞ്ചല്യമോ  കൂടാതെ അദ്ദേഹം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും  പരിശോധനകള്‍ നടത്തുകയും ചെയ്തു .   സാങ്കേതിക വിദഗ്ദ്ധരായ പല ചെറുപ്പക്കാര്‍ക്കും മറ്റു പല കാര്യങ്ങളിലുമെന്ന പോലെ  ഇക്കാര്യത്തിലും ബേക്കറോടൊപ്പമെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് മങ്ങിപ്പോയ കാഴ്ചയോടെ 'മൈ ഡ്രോയിംഗ് ഡേയ്‌സ് ആര്‍ ഓവര്‍' എന്നദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞത്. അനിവാര്യമായത്  ആരംഭിക്കുകയായിരുന്നു, അപ്പോള്‍. 

അതുകൊണ്ടാണ് മങ്ങിപ്പോയ കാഴ്ചയോടെ 'മൈ ഡ്രോയിംഗ് ഡേയ്‌സ് ആര്‍ ഓവര്‍' എന്നദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞത്

വാസ്തുവിദ്യയുടെ  അതി വിശാലമായ ലോകത്ത് ബേക്കര്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും വിലയിരുത്താനുള്ള  സാങ്കേതിക പരിജ്ഞാനമോ ബൗദ്ധിക വിജ്ഞാനമോ  ഒന്നും എനിക്കില്ല.  പക്ഷെ, നമ്മുടേതു മാതിരി ഒരു രാജ്യത്തില്‍ കഴിഞ്ഞ അഞ്ചു തലമുറകളായിപ്പോലും പാര്‍പ്പിടമില്ലാതെ ജീവിക്കുന്ന മനുഷ്യരുണ്ടെന്നും ഏകദേശം നാല്‍പത്തൊമ്പതിനായിരം ചേരികളിലായി പത്തുകോടിയോളം മനുഷ്യജന്മങ്ങള്‍ വെറും പുഴുക്കളെപ്പോലെ കഴിഞ്ഞു  കൂടുന്നുണ്ടെന്നും മിസോറാമില്‍  മാത്രമാണ് എല്ലാവരുടേയും തലയ്ക്കു മുകളില്‍  കൂരകളുള്ളതെന്നും ഞാനും മനസ്സിലാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും പാവപ്പെട്ടവരെ എങ്ങനെയെല്ലാമാണ് തെരുവോരങ്ങളിലേക്കും  പലപ്പോഴും ചക്രവാളത്തിന്റെ അതിരുകളിലേക്കും വരെ ഒതുക്കിക്കളയുന്നതെന്ന് കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും ന്യായീകരിക്കാനാവാത്ത പൊങ്ങച്ചവും ധൂര്‍ത്തും കോരിയൊഴിച്ച് നിര്‍മ്മിക്കപ്പെടുന്ന  അരോചകമായ കെട്ടിടങ്ങള്‍, എല്ലാവര്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ എവ്വിധമെല്ലാം  മാരകമായി കൊള്ളയടിക്കുന്നുവെന്ന് വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ദുശ്ശീലങ്ങളിലെല്ലാം തന്നെ  കെട്ടിടങ്ങളുടെ ഏറ്റവും വലിയ ജന്മിയായ  സര്‍ക്കാറും ഒരു കെട്ടിടമെങ്കിലും ഉണ്ടാക്കാന്‍ കഴിവുള്ള  സാധാരണ ജനങ്ങളും എപ്പോഴും ഞാനധികം ഞാനധികം എന്ന്  പരസ്പരം മല്‍സരിക്കുകയാണ് ചെയ്യാറ്.  അപ്പോഴെല്ലാം സ്വന്തം ജീവിതം കൊണ്ട്  ബേക്കര്‍ ചൂണ്ടിക്കാണിക്കാന്‍  ശ്രമിച്ച അതിനിശിതമായ ലാളിത്യവും മറ്റു മനുഷ്യരോടും പ്രകൃതിയോടുമുള്ള  ആ കരുതലും പരിഗണനയും ഏറ്റവും അത്യാവശ്യമായത് മാത്രം ചെയ്യുക എന്ന അദ്ദേഹത്തിന്റെ  സന്ദേശവും എത്രമാത്രം കൃത്യമാണെന്ന് ബോധ്യമാവാതെ വയ്യ. 

കൂടെ ജോലി ചെയ്തവര്‍ക്ക് അദ്ദേഹം  ഡാഡിയും ആ ജീവിതം മുഴുവന്‍ ഒന്നിച്ചു പങ്കിട്ട ഡോ.എലിസബെത്ത് ബേക്കര്‍ മമ്മിയുമായിരുന്നു.  മമ്മിയോട്  പ്രേമവും സ്‌നേഹവും മാത്രമല്ല,  നിറഞ്ഞ ബഹുമാനവും ആദരവും  കൂടി ഉണ്ടെന്ന് തുറന്നു സമ്മതിക്കാന്‍ അദ്ദേഹത്തിനു ഒരിക്കലും മടിയുണ്ടായിരുന്നില്ല. 

ഡാഡിയില്ലാതെ ജീവിയ്‌ക്കേണ്ടി വന്ന  കാലങ്ങളില്‍, തമ്മില്‍ കാണുമ്പോഴെല്ലാം മമ്മി സംസാരിച്ചിരുന്നത് അദ്ദേഹത്തെപ്പറ്റി മാത്രമായിരുന്നു. തൊണ്ണൂറു വയസ്സിനു മുകളില്‍ നിന്നുകൊണ്ട് അസാധാരണമായ സ്‌നേഹവായ്‌പോടെയും ഹൃദയംഗമമായ അടുപ്പത്തോടെയും  മമ്മി സംസാരിക്കുമ്പോള്‍ ലാറി ബേക്കര്‍ എന്ന പച്ചമനുഷ്യന് ആയിരം സ്‌നേഹസൂര്യന്മാരുടെ അതിശയപ്രഭയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.  
  
എപ്പോള്‍  കാണുമ്പോഴും അതീവ വാല്‍സല്യത്തോടെ ബേക്കര്‍ എന്നെ ആ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. അദ്ദേഹം കടന്നു പോയപ്പോള്‍ എനിക്കില്ലാതായത് ആ അടുപ്പവും കരുതലുമാണ്. സ്‌നേഹവും വാല്‍സല്യവും മിടിക്കുന്ന ആ നെഞ്ചോടു ചേര്‍ന്നു  നില്‍ക്കാനായിരുന്ന അപൂര്‍വ  സൗഭാഗ്യമാണ്. 

എന്റെ കണ്ണുകള്‍ ഇപ്പോള്‍ നിറയുന്നതും  അതുകൊണ്ടാണ്. 

Follow Us:
Download App:
  • android
  • ios