Asianet News MalayalamAsianet News Malayalam

വിവാഹവാര്‍ഷികമാഘോഷിക്കാന്‍ 56, 000 രൂപ മുടക്കി മുറി ബുക്ക് ചെയ്‌തു, ഒടുവിൽ പറ്റിക്കപ്പെട്ട് വൃദ്ധദമ്പതികൾ

ഇത് പ്രായമായവർക്കും രോഗികൾക്കും ഉപയോഗിക്കാൻ സാധിക്കുന്നതല്ലേ എന്ന് ജീവനക്കാരോട് പലതവണ തിരക്കിയതായും, അപ്പോഴെല്ലാം അവർ ഒന്നും പേടിക്കാനില്ലെന്ന് മറുപടി നൽകിയതായും വലേറി മാധ്യമങ്ങളോട് പറഞ്ഞു.

Elderly couples holiday ruined by Skyes
Author
Cornwall, First Published Oct 11, 2020, 9:48 AM IST
  • Facebook
  • Twitter
  • Whatsapp

യാത്ര ചെയ്യുമ്പോൾ മിക്കവരും ഇപ്പോൾ ഓൺലൈനിൽ മുൻകൂട്ടി ഹോട്ടൽ മുറികൾ ബുക്ക് ചെയ്തു പോവുകയാണ് പതിവ്. നമ്മുടെ സൗകര്യത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം ചിലപ്പോൾ നമുക്ക് തന്നെ പാരയാകാറുമുണ്ട്. ഓൺലൈനിൽ മുറി കണ്ടു ഇഷ്ടപ്പെട്ട് ബുക്ക് ചെയ്യും. എന്നാൽ, അവിടെ ചെല്ലുമ്പോൾ ആ കണ്ട മുറിയേ ആയിരിക്കില്ല നേരിൽ കാണുന്നത്. ചിലർക്കെങ്കിലും ഓൺലൈനിൽ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോൾ അത്തരം അബദ്ധങ്ങൾ പിണയാറുണ്ട്. ഈ അടുത്തകാലത്തായി ഈ വൃദ്ധ ദമ്പതികൾക്കും അത്തരമൊരു അനുഭവമുണ്ടായി.

 തങ്ങളുടെ 25 -ാം വിവാഹവാർഷികം ആഘോഷിക്കാനായി വലേരിയും ബിൽ ബാരറ്റും ഒരു അവധിക്കാല കോട്ടേജിലേക്ക് പോകാൻ തീരുമാനിച്ചു. അതിനായി ഓൺലൈനിൽ നോക്കിയപ്പോൾ, സ്കൈസ് ഹോളിഡേ കോട്ടേജിന്റെ കീഴിലുള്ള ട്രെസെല കോട്ടേജിന്റെ ചിത്രങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ടു. വാതിൽക്കൽ എത്താൻ ആറ് പടികൾ ഉണ്ടായിരുന്നെങ്കിലും, അത് എങ്ങനെയെങ്കിലും മാനേജ് ചെയ്യാം എന്നവർ കരുതി. കോട്ടേജിന്റെ ചിത്രങ്ങൾ കണ്ടിഷ്ടപ്പെട്ട അവർ അത് ബുക്ക് ചെയ്യുകയും ചെയ്‌തു. 

എന്നാൽ, സെപ്റ്റംബർ 19 -ന്  അവിടെ ചെന്ന അവർ ഞെട്ടിപ്പോയി. ആറ് പടികൾക്ക് പകരം അമ്പതോളം പടികൾ കയറിയാൽ മാത്രമേ വാതിൽക്കൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ. വലേരിക്ക് 78 -ഉം ബില്ലിന് 79 -ഉം ആയിരുന്നു പ്രായം. എന്നാലും പണമടച്ചതല്ലേ എന്നോർത്ത് അവർ ഇരുവരും വളരെ പ്രയാസപ്പെട്ട് പടികൾ കയറാൻ ശ്രമിച്ചു. എന്നാൽ, പാതിവഴി എത്തിയപ്പോഴേക്കും ബില്ലിന് വയ്യാതായി. അങ്ങനെ അവർ അത് ഉപേക്ഷിച്ച് വീണ്ടും ഒരു 11, 000 രൂപയോളം മുടക്കി അന്ന് രാത്രി ഒരു കാരവൻ വാടകയ്ക്ക് എടുത്ത് അതിൽ കഴിഞ്ഞു. 13 ദിവസം അവിടെ തങ്ങാൻ ഉദ്ദേശിച്ചാണ് വന്നതെങ്കിലും പിറ്റേന്ന് തന്നെ അവർ മടങ്ങാൻ തീരുമാനിച്ചു. താമസവും, ആഘോഷവുമൊന്നും വേണ്ട എങ്ങനയെങ്കിലും വീടെത്തിയാൽ മതിയെന്ന അവസ്ഥയിലായി അവർ.  

Elderly couples holiday ruined by Skyes

തെറ്റായ ചിത്രം കാണിച്ച് പറ്റിച്ച കോൺ‌വാളിലെ കോട്ടേജിനെ വെറുതെ വിടാൻ പക്ഷേ അവർ ഒരുക്കമായിരുന്നില്ല. അത് മാത്രവുമല്ല, പണം തിരികെ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടപ്പോൾ, അവർ അതിന് സമ്മതിച്ചുമില്ല. എന്നാൽ പിന്നീട് മാധ്യമങ്ങൾ ഇടപെടാൻ തുടങ്ങിയപ്പോഴാണ് ഒടുവിൽ അവർ പണം തിരികെ നൽകിയത്. ഇത് പ്രായമായവർക്കും രോഗികൾക്കും ഉപയോഗിക്കാൻ സാധിക്കുന്നതല്ലേ എന്ന് ജീവനക്കാരോട് പലതവണ തിരക്കിയതായും, അപ്പോഴെല്ലാം അവർ ഒന്നും പേടിക്കാനില്ലെന്ന് മറുപടി നൽകിയതായും വലേറി മാധ്യമങ്ങളോട് പറഞ്ഞു.

'ബിൽ കുറച്ച് അവശനാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അദ്ദേഹത്തിന് ഒരു വലിയ ശസ്ത്രക്രിയ നടന്നു. ഇപ്പോൾ കുറച്ച് ദൂരം മാത്രമേ അദ്ദേഹത്തിന് നടക്കാൻ കഴിയൂ. അദ്ദേഹം യാത്ര ചെയ്യാൻ മൊബിലിറ്റി സ്കൂട്ടറാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള ഒരാൾ ഇത്രയധികം പടികൾ കയറുന്നത് ആലോചിക്കാൻ കൂടി സാധിക്കില്ല," അവർ പറഞ്ഞു.  ഹൃദ്രോഗം മുതൽ പ്രമേഹം വരെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള അവർ തീർത്തും പറ്റിക്കപ്പെടുകയായിരുന്നു. “ഞങ്ങളുടെ 25 ആം വിവാഹ വാർഷികം ആഘോഷിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. എന്റെ ഭർത്താവ് ഗുരുതര ഹൃദ്രോഗമുള്ള ആളാണ്. വേദനയും, മരുന്നുകളുമായി കഴിയുന്ന അദ്ദേഹത്തിന് ഒരല്പം ആശ്വാസമാകട്ടെ എന്നോർത്താണ് ഇവിടെ റൂം ബുക്ക് ചെയ്യ്തത്. ഞങ്ങൾ 2019 ഒക്ടോബറിൽ 56 ,000 രൂപയ്ക്കാണ് അത് ബുക്ക് ചെയ്യ്തത്. ജനുവരി മുതൽ ഞങ്ങൾ തവണകളായി തുക അടക്കുന്നു. സമയം അടുക്കുന്തോറും ഞാൻ പലതവണ അവർക്ക് ഫോൺ ചെയ്തു, പ്രശ്‌നമൊന്നുമില്ലല്ലോ എന്ന് തിരക്കിയതാണ്. എന്നാൽ അവർ പറഞ്ഞത് വെറും കള്ളമായിരുന്നു എന്ന് അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് മനസ്സിലായി," വലേരി പറഞ്ഞു. ഇതുപോലെ അനവധി പേരാണ് ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത്.  
 

Follow Us:
Download App:
  • android
  • ios