Asianet News MalayalamAsianet News Malayalam

''ഇനി നമുക്ക് വേറെ കുഞ്ഞു വേണ്ടെടീ, നിന്നെ ഇനിയും കീറി മുറിക്കുന്നത് കാണാൻ വയ്യ''


അല്‍പം കഴിഞ്ഞു കുഞ്ഞിനെ പുറത്തേക്കു കൊണ്ട് പോയി. എന്നെ അവിടെ തന്നെയുള്ള  ഒരു റൂമിലേക്കും  മാറ്റി. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പഴേക്കും തന്ന അനസ്തേഷ്യയുടെ  എഫക്ട് അങ്ങട് മാറി പതുക്കെ വേദന തുടങ്ങി. ആ വേദന കൂടിക്കൂടി വന്നു. തിരിയാനും  വയ്യ, മറിയാനും  വയ്യാത്ത അവസ്ഥ. ഒന്നിനും കഴിയുന്നില്ല. പതിയെ ഒന്ന് തുമ്മിയാൽ  പോലും വയർ പൊട്ടുന്ന വേദന... രാത്രി മുഴുവൻ വേദനയെടുത്ത് ഉറക്കെ കരഞ്ഞു.

enikkum chilath parayanund achu vipin
Author
Thiruvananthapuram, First Published Jan 15, 2019, 6:21 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilath parayanund achu vipin

''അതേയ് സിസേറിയൻ ആയിരുന്നല്ലേ? അത്  നന്നായിട്ടോ  പ്രസവിച്ചപ്പോ ഒരു വേദനയും അറിഞ്ഞില്ലല്ലോ... സിസേറിയൻ ഒക്കെ സുഖോള്ള  ഏർപ്പാടല്ലേ മോളെ  എന്തൊക്കെ പറഞ്ഞാലും നൊന്തു  പെറുന്ന  അമ്മമാരോടു മാത്രേ മക്കൾക്കു സ്നേഹം കാണൂ.'' സിസേറിയൻ കഴിഞ്ഞ ശേഷം മോനെയും കൊണ്ട് ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നു വെട്ടിയിട്ട ചക്ക പോലെ അനങ്ങാൻ  വയ്യാതെ കിടക്കുന്ന എന്നെ നോക്കി അടുത്തുള്ള വീട്ടിലെ ഒരു ചേച്ചി പറഞ്ഞ വാക്കുകൾ ആണിത്.

എല്ലാരെയും പോലെ ഞാനും ഭർത്താവും ഒത്തിരി സന്തോഷിച്ചു

ഇനി കാര്യത്തിലേക്കു കടക്കാം. കുട്ട്യോൾ ആയില്ലേ? വിശേഷം ഒന്നുമില്ലേ? ആർക്കാ കുഴപ്പം? തുടങ്ങിയ ചോദ്യങ്ങൾക്ക് ഷട്ടർ ഇട്ടു കൊണ്ട് 2015 ഒക്ടോബറിൽ  ആണ് ഞാൻ ഒരു അമ്മയാകാൻ  പോകുന്നു എന്ന സന്തോഷ വാർത്ത അറിയുന്നത്. എല്ലാരെയും പോലെ ഞാനും ഭർത്താവും ഒത്തിരി സന്തോഷിച്ചു. പിന്നെയുള്ള നാളുകൾ  കുഞ്ഞിനെ കുറിച്ചുള്ള ഓരോ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.

ഓരോ മാസം കഴിയുന്നതിനനുസരിച്ച് വയർ വീർത്തു വീർത്തു വന്നു. എല്ലാ ഗർഭിണികൾക്കുമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും  എനിക്കും ഉണ്ടായിരുന്നു. രാത്രിയിൽ ഉള്ള കാലുവേദന, ഉറക്കമില്ലായ്മ, കാലിൽ നീര്, ഛർദിൽ തുടങ്ങിയവ കൊണ്ട് ഞാൻ കഷ്ടപ്പെട്ടു പോയി. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന ഭർത്താവിന് രാത്രി കാൽ തടവി തരുന്നതും  ഒരു സ്ഥിരം ജോലി ആയിരുന്നു. അങ്ങനെ സ്വതവേ ഗുണ്ടുമണി ആയിരുന്ന ഞാൻ നല്ല ഫുഡ് ഒക്കെ കഴിച്ചു കഴിച്ചു ഒന്നൂടെ തടിച്ചു ചക്കക്കുട്ടിയായി...

വൈറ്റില ജോയ്‌സ് ഹോസ്പിറ്റലിലെ ഡോക്ടർ ആനി ജോയ് ആണ് എന്നെ നോക്കിയിരുന്നത്. അങ്ങനെ നാളുകൾ തള്ളി നീക്കി. ഒമ്പതാം മാസത്തെ സ്കാനിങ്ങിനു ഞാൻ ഹോസ്പിറ്റലിൽ ചെന്നു. വെയ്റ്റു നോക്കാനായി മെഷിനിൽ കയറി നിന്നു താഴേക്ക് നോക്കിയ ഞാൻ ഒന്ന് ഞെട്ടി 101 കിലോ. കർത്താവെ!! എന്ന ഒരു വിളിയോടെ  ഡോക്ടർ കസേരയിലേക്കിരുന്നു  പോയി.

തന്നെ ഞാൻ ഇനി എങ്ങനെ പ്രസവിപ്പിക്കുമെടോ  എന്നൊരു ചോദ്യം കൂടി ഡോക്ടർ എന്‍റെ നേരെ നോക്കി ചോദിച്ചു. സ്കാൻ ചെയ്തപ്പോ കുഞ്ഞിനും ഭാരം കൂടുതൽ ആണ്. പേടി കൊണ്ടാണോ ആവോ അന്ന് തന്നെ ഡോക്ടർ എന്നെ അവിടെ അഡ്മിറ്റ്‌ ചെയ്തു. കൃത്യമായി  പറഞ്ഞാല്‍ ജൂൺ 12ന്.  പ്രസവിക്കാൻ ഇന്നു  വേദന വരും, നാളെ വരും എന്നൊക്കെ പ്രതീക്ഷിച്ചിരുന്ന  എന്‍റെ കണക്കുകൂട്ടലുകൾ  അപ്പാടെ  തെറ്റിപ്പോയി. കൂടെ വന്നവർ ഒക്കെ പ്രസവിച്ചു കുഞ്ഞുമായി ചിരിച്ചോണ്ട്  പോകുന്നത്  ആശുപത്രി വരാന്തയിൽ നിന്ന് വേദനയോടെ ഞാൻ കണ്ടു.

രണ്ടു വേദനയും  തിന്നുന്ന അവരുടെ കാര്യം ആരേലും ചിന്തിച്ചിട്ടുണ്ടോ?

ദിവസങ്ങൾ കടന്നു പോകുന്നു 19,20,21,22... എനിക്ക് പ്രസവ വേദന വരുന്നില്ല. ദൈവമേ, ഇവിടെ നിന്നും പെറ്റു പോയവരുടെ  കുട്ട്യോൾടെ 28 ആയാലും ഞാൻ പ്രസവിക്കുമോ എന്ന് വരെ ചിന്തിച്ചു പോയി. ജൂൺ 16 -ന് ആണ് എനിക്ക് തീയതി പറഞ്ഞത്. അതും കഴിഞ്ഞു പത്തു ദിവസം ആയി ജൂൺ 26 -ന് രാവിലെ വന്നു ഡോക്ടർ PV ചെയ്തു... ( യൂട്രെസ് വികസിച്ചോ എന്നറിയാൻ വേണ്ടി യോനിയിൽ കൂടി വിരൽ അകത്തു കയറ്റി നോക്കുന്ന രീതി) ഞാൻ നക്ഷത്രo എണ്ണിപോയി...

ഡോക്ടർ നിരാശയോടെ എന്‍റെ ഭർത്താവിന്‍റെ നേരെ നോക്കി... മിസ്റ്റർ വിപിൻ, കുട്ടിയുടെ തല ഇറങ്ങി വരുന്നില്ല. മാത്രമല്ല കുഞ്ഞിന് ഭാരവും കൂടുതൽ ആണ്. ഇനിയും നമുക്ക് നോക്കിയിരിക്കണോ? ഭർത്താവ് മിണ്ടാൻ പോലും വയ്യാതെ വിഷമിച്ചു ആകെ ഒരുമാതിരി അവസ്ഥയിൽ നിക്കുവാണ്... സിസേറിയൻ ചെയ്യട്ടെ ഞാൻ? ഡോക്ടർ മനസ്സില്ലാ  മനസ്സോടെ ചോദിച്ചു.

''ചെയ്‌തോ ഡോക്ടർ ഇനി വൈകിക്കണ്ട...'' ഭർത്താവു പറഞ്ഞു. അത് കേട്ട് കുഞ്ഞിനെ നൊന്തു പ്രസവിക്കണം എന്ന എന്‍റെ സ്വപ്നം ഒക്കെ തകർന്നു പോയി. ഒടുക്കം വയർ ഒക്കെ കഴുകി നീല കളർ ഉടുപ്പൊക്കെ  ഇടീച്ചു മുടിയൊക്കെ പിന്നിക്കെട്ടി എന്നെ ഓപ്പറേഷൻ തീയറ്ററിൽ  കയറ്റി... മരവിപ്പിക്കാൻ  വേണ്ടി നട്ടെല്ലിൽ സൂചി കുത്തി അനസ്തേഷ്യയും തന്നു.

അഞ്ചു നിമിഷം കൊണ്ട് അരക്കു  താഴെ മരവിച്ചു  പോയി. പിന്നെ, അവിടെ നടന്നതൊന്നും ഞാൻ അറിഞ്ഞില്ല. 13 മിനിട്ടിനു(ജൂൺ 26 വൈകിട്ട് 6.45)  ശേഷം വയറിനകത്തു  നിന്നും ഡോക്ടർ കുഞ്ഞിനെ എടുത്ത് എന്‍റെ നെഞ്ചിലേക്ക് കിടത്തി. ''അതേയ് അച്ചു, മോനാണ് കേട്ടോ''. എന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാനും ഒരമ്മ ആയിരിക്കുന്നു. ഞാൻ ചിരിച്ചു, രണ്ടു കണ്ണും സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി... 

അല്‍പം കഴിഞ്ഞു കുഞ്ഞിനെ പുറത്തേക്കു കൊണ്ട് പോയി. എന്നെ അവിടെ തന്നെയുള്ള  ഒരു റൂമിലേക്കും  മാറ്റി. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പഴേക്കും തന്ന അനസ്തേഷ്യയുടെ  എഫക്ട് അങ്ങട് മാറി പതുക്കെ വേദന തുടങ്ങി. ആ വേദന കൂടിക്കൂടി വന്നു. തിരിയാനും  വയ്യ, മറിയാനും  വയ്യാത്ത അവസ്ഥ. ഒന്നിനും കഴിയുന്നില്ല. പതിയെ ഒന്ന് തുമ്മിയാൽ  പോലും വയർ പൊട്ടുന്ന വേദന... രാത്രി മുഴുവൻ വേദനയെടുത്ത് ഉറക്കെ കരഞ്ഞു.

എന്‍റെ കരച്ചിൽ കണ്ട് ''ഇനി നമുക്ക് വേറെ കുഞ്ഞു വേണ്ടെടീ നിന്നെ ഇനിയും കീറി മുറിക്കുന്നത് കാണാൻ വയ്യ'' എന്ന് ഈറൻ അണിഞ്ഞ കണ്ണുകളോടെ മുടിയിൽ തലോടി  കൊണ്ട് പറഞ്ഞ ഭർത്താവിന്‍റെ മുഖം ഇപ്പഴും മനസ്സിൽ ഉണ്ട്.

ഒരു കുഞ്ഞിന് വേണ്ടി ഇത്രയും നാൾ യാതൊരു കുഴപ്പവുമില്ലാത്ത ഒരു ശരീരം കീറി മുറിക്കുമ്പോൾ ഉണ്ടാകുന്ന വേദന എത്ര വലുതാണ് എന്ന്, സിസേറിയൻ സുഖം ആണെന്ന് പറയുന്ന ആർക്കേലും അറിയോ? ശരിക്കും ഇതൊരു മേജർ  സർജറി  ആണെന്ന് എത്ര പേർക്കറിയാo? നോർമൽ ഡെലിവറി കഴിഞ്ഞവർ രണ്ടു ദിവസം കഴിഞ്ഞു എണീറ്റിരുന്നു കുഞ്ഞിന് പാൽകൊടുക്കുമ്പോൾ  സിസേറിയൻ കഴിഞ്ഞവർ  ഇതിനൊന്നും കഴിയാതെ സ്വന്തം കുഞ്ഞിന് ഇച്ചിരി പാൽ പോലും കൊടുക്കാൻ ആകാതെ നിസ്സഹായർ  ആയി കിടക്കുകയാണ്. അവർക്ക് ഒന്നെണീക്കാൻ പോലും  പരസഹായം വേണം.

ഞാൻ ഒന്ന് ചോദിക്കട്ടെ, സിസേറിയൻ ചെയ്യുന്നവരുടെ  പ്രസവം എങ്ങനെ സുഖമുള്ള ഏർപ്പാട് ആകും? അവർ കുഞ്ഞിനെ പ്രസവിക്കുമ്പോൾ  വേദന അനുഭവിക്കുന്നില്ല എന്നത് ശരിയാണ് സമ്മതിക്കുന്നു. പക്ഷെ, അത് കഴിഞ്ഞുള്ള വേദനയോ? അത് വേദനയല്ലേ?  ചിലർ ഉള്ള പ്രസവ വേദന മുഴുവൻ അനുഭവിച്ചു ഒരു വഴിയും  ഇല്ലാതെ സിസേറിയൻ ചെയ്യും. രണ്ടു വേദനയും  തിന്നുന്ന അവരുടെ കാര്യം ആരേലും ചിന്തിച്ചിട്ടുണ്ടോ?

കുഞ്ഞിനെ കാണുമ്പോൾ സത്യത്തിൽ ആ വേദന മറക്കും എന്നത് വേറൊരു വശം

ഇനി തമാശക്കാണേലും ചുമ്മാ അങ്ങ് കേറി സിസേറിയൻ സുഖമുള്ള പരിപാടി ആണെന്ന് വിളിച്ചു പറയരുത്. ആ വേദന ഞാൻ അനുഭവിച്ചതാണ്. ഒന്ന് സൂചി കുത്തിയാല്‍ പോലും പേടിച്ചു കരയുന്ന എന്നെ ഓപ്പറേഷൻ തീയറ്ററിൽ  നിന്നും റൂമിലേക്ക് കൊണ്ട് വന്നു ബെഡിൽ കിടത്തുന്ന  കാഴ്ച കണ്ട് എന്‍റെ അമ്മ തല കറങ്ങി വീണതാണ്.

മൂന്നു ദിവസം ഞാൻ കിടന്ന കിടപ്പു തന്നെ കിടന്നു. അതിനിടക്ക് അന്ന് വരെ വരാത്ത ചുമയും  വന്നു. ചൊറിയണം  വീണവന്‍റെ  മേൽ  തിളച്ച വെള്ളം വീണാൽ  എങ്ങനെ ഇരിക്കും... പൊള്ളിയിട്ട് ഒന്ന് മാന്താനും  പറ്റാത്ത അവസ്ഥ അല്ലെ? ഒന്ന് ചെറുതായി ചുമച്ചാല്‍ പോലും വയർ വലിയുന്ന വേദന. കുഞ്ഞിനെ കാണുമ്പോൾ സത്യത്തിൽ ആ വേദന മറക്കും എന്നത് വേറൊരു വശം.

അഞ്ചാമത്തെ ദിവസം  എങ്ങനെയോക്കെയോ ഞാൻ ഒരു പ്രകാരത്തിൽ എണീറ്റിരുന്നു. വയർ എങ്ങാനും പൊട്ടി കുടൽ  മാല പുറത്തു വരുമോ എന്ന പേടിയായിരുന്നു  അപ്പഴും മനസ്സിൽ. ആറാം ദിവസം ഡോക്ടർ വന്നിട്ട് പറഞ്ഞു, പിറ്റേ ദിവസം വീട്ടിൽ പോകാം. പക്ഷെ വയറ്റിൽ നിന്നും മോഷൻ പോകണം, എന്നാലെ വീട്ടിൽ വിടുള്ളൂ അത്രേ...

വീട്ടിൽ പോകാലോ എന്ന സന്തോഷത്തോടെ ഞാൻ ടോയ്‌ലെറ്റിൽ  കയറി ഇരിപ്പു തുടങ്ങി എവിടെ വേദനിച്ചിട്ടും ഒന്ന് മുക്കാൻ  പോലും പറ്റുന്നില്ല. കരഞ്ഞു കരഞ്ഞു അവിടെ നിന്നും എണീറ്റ് പോയി കട്ടിലിൽ കിടന്നുറങ്ങി. പിറ്റേ ദിവസം കുറെ പഴം ഒക്കെ തിന്നിട്ടു പ്രതീക്ഷയോടെ പോയിരുന്നു. മൂന്നു മണിക്കൂറത്തെ  ശ്രമത്തിനൊടുവിൽ എന്റെ വയറു കാലിയായി. ഇത്രേം സമയവും ആ ടോയ്‌ലെറ്റിനുള്ളിൽ വേദന കൊണ്ട് കരഞ്ഞു കൊണ്ടിരുന്ന എന്റെ പുറം  തടവി എന്റെ ഭർത്താവും നിന്നു എന്നത് വലിയൊരാശ്വാസം ആയിരുന്നു.

മക്കൾക്ക് അമ്മമാരോട് സ്നേഹം ഉണ്ടാവാൻ നൊന്തു പ്രസവിക്കണം എന്നൊന്നുമില്ല

കുഞ്ഞിനേം കൊണ്ട് ഒരുമാസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ ചെന്നപ്പോ ആദ്യം ഞാൻ പറഞ്ഞ കൊനിഷ്ടു പിടിച്ച കുറെ ചോദ്യങ്ങളുമായി  ഓരോരുത്തർ വന്നുകൊണ്ടിരുന്നു. എനിക്ക്  ഇവരോടൊക്കെ  ഇത്രേ പറയാൻ ഉള്ളു സിസേറിയൻ ചെയ്ത അമ്മമാരും കുഞ്ഞിനെ ഒമ്പതുമാസം  വയറ്റിൽ ചുമന്നിട്ടു  തന്നാ പ്രസവിക്കുന്നത്.... മാത്രമല്ല ഓപ്പറേഷൻ ചെയ്യുമ്പോ ഡോക്ടർ  വയറ്റിൽ മയിൽപീലികൊണ്ട് തടവുകയല്ല മറിച്ചു കത്തി കൊണ്ട് കീറുകയാണ് എന്നോർക്കണം. പ്രസവം കഴിഞ്ഞു വയർ കീറി ടേപ്പ് ഒട്ടിച്ചു കട്ടിലിൽ കിടത്തുമ്പോൾ ഒന്നും രണ്ടും ദിവസം അല്ല വയർ ഉണങ്ങുന്ന  ഈ വരെ വേദന സഹിക്കണം. കുഞ്ഞിനെ ഒന്നെടുക്കാനോ  കുനിയാനോ  നിവരാനോ  തിരിയാനോ  പറ്റാത്ത അവസ്ഥ എത്ര ദയനീയം ആണെന്നു നിങ്ങൾ ഒന്ന് ഓർത്തു നോക്ക്.

ഇനിയെങ്കിലും സിസേറിയൻ സുഖമുള്ള പരിപാടിയാണെന്ന്  പറയാതിരിക്കൂ  സുഹൃത്തുക്കളെ.. മക്കൾക്ക് അമ്മമാരോട് സ്നേഹം ഉണ്ടാവാൻ നൊന്തു പ്രസവിക്കണം എന്നൊന്നുമില്ല. അവരെ നല്ലവണ്ണം  സ്നേഹിച്ചു വളർത്തിയാല്‍ മതി. മാത്രമല്ല കൊടുക്കുന്നത് തിരിച്ചു കിട്ടുക തന്നെ ചെയ്യും. കേട്ടിട്ടില്ലേ  വിതച്ചതേ  കൊയ്യൂ എന്ന്.

Follow Us:
Download App:
  • android
  • ios