Asianet News MalayalamAsianet News Malayalam

വിതയ്ക്കപ്പെടുന്ന വിത്തുകൾക്ക് മുളയ്ക്കാനുള്ള വയലല്ല സ്ത്രീ ശരീരം..

നിങ്ങളുടെ ആൺമക്കളെ പറഞ്ഞു പഠിപ്പിക്കുക. മാറിപ്പോകുന്ന വസ്ത്രഭാഗങ്ങൾ വെളിപ്പെടുത്തുന്ന ഇറച്ചിക്കഷണമല്ല പെണ്ണെന്ന്. അവളുടെ മുലകൾ, ഗർഭപാത്രം, തുടകൾ, നാഭി ഇവയൊന്നും അവർക്ക് ചവച്ചു തുപ്പാനുള്ളതല്ല, അവരുടെ വൈകൃതങ്ങൾ ശമിപ്പിക്കാനുള്ളതുമല്ല എന്ന്.
അവയൊക്കെ അവൾക്ക്, തന്നെ പ്രണയിക്കുന്നവന്‍റെയും തന്‍റെയും കുഞ്ഞുങ്ങൾക്കും അവർക്കു തന്നെയും സന്തോഷിക്കാനുള്ളവയാണെന്ന്. പുരുഷന്മാരെപ്പോലെ തന്നെ പെൺകുട്ടികൾക്കും അവരുടെ ശരീരം വേണ്ടതാണെന്ന്.
 

enikkum chilath parayanund geetha thottam
Author
Thiruvananthapuram, First Published Feb 26, 2019, 1:09 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilath parayanund geetha thottam

ശരീരമാണ്, അതിന്റെ പരിശുദ്ധിയാണ്, നിങ്ങളുടെ ജീവന്റെ വില നിശ്ചയിക്കുന്നത് എന്ന അവസ്ഥ മാറണം. നിങ്ങളുടെ സമ്മതം കൂടാതെ ആരെങ്കിലും അതിനെ ഉപദ്രവിക്കുകയോ ഉപയോഗിക്കുകയോ അപമാനിക്കുകയോ ചെയ്തു എന്നിരിക്കട്ടെ അതിൽ നിങ്ങളുടെ കുറ്റം എന്താണ്?
നിങ്ങൾക്ക് എന്താണ് നഷ്ടപ്പെട്ടത്?

ചാരിത്ര്യം/പരിശുദ്ധി എന്നു വിളിക്കപ്പെട്ടു വരുന്ന സാധനം പെണ്ണിന്റെ ശരീരത്തിൽ എവിടെയാണാരിക്കുന്നത്? അത് മാറിലോ തുടകൾക്കിടയിലോ സ്ഥിതി ചെയ്യുന്ന ഒന്നാണോ? കന്യാചർമ്മം എന്ന പാട പൊട്ടിപ്പോകുന്നതാണോ നിങ്ങളുടെ സങ്കടം? തീർച്ചയായും അതിക്രമിച്ചു കടക്കൽ നിങ്ങളിൽ ശാരീരിക ക്ഷതങ്ങൾ ഉണ്ടാക്കിയേക്കാം. ശരീരത്തിൽ അഴുക്കു പുരണ്ടേക്കാം. ശരീരത്തിന്റെ വൃത്തിയും ശുദ്ധിയും കുറച്ചൊക്കെ നഷ്ടപ്പെടുന്നുണ്ടവിടെ. അത് സ്വയമോ, ആവശ്യമെങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടെയോ പരിഹരിക്കാവുന്ന ഉപരിപ്ലവമായ/ശാരീരികം മാത്രമായ ക്ഷതങ്ങളാണ്. മനസ്സിലായോ നിങ്ങൾക്ക്? വെറും ശാരീരികം മാത്രം. 

അതിലുപരി അതിനെ വൈകാരികമായി കണ്ട്, 'എന്റെ പരിശുദ്ധി നഷ്ടപ്പെട്ടു, ജീവിതം തുലഞ്ഞു, ഞാൻ കന്യകയല്ലാതായി ഇനി ആരെന്നെ വിവാഹം ചെയ്യും' എന്നിങ്ങനെ വ്യാകുലപ്പെട്ടു നടക്കേണ്ടതില്ല. പിന്നെ, ഒരുവനോ പലരോ സമ്മതം കൂടാതെ ലൈംഗികമായി ഉപയോഗിച്ചുവെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെക്കണ്ട് ഗർഭധാരണം നടക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഒരു പീഡകന്‍റെ ഗർഭം വഹിക്കുകയും പിന്നീടതിനെ (വൃത്തികെട്ട ഒന്നായിരിക്കും അത്) പെറ്റു വളർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട ബാധ്യത തീർച്ചയായും നിങ്ങൾക്കില്ല. അതിനെ അബോർട്ട് ചെയ്ത് സ്വന്തം ആരോഗ്യം നശിപ്പിക്കേണ്ട ബാധ്യതയും തീരെയില്ല. എത്രയും വേഗം വീട്ടുകാരുടെ സഹായത്തോടെ, അവർ സഹായിച്ചില്ലെങ്കിൽ ഒറ്റയ്ക്ക്, അല്ലെങ്കിൽ നല്ല സുഹൃത്തുക്കളുടെ സഹായത്തോടെ ഡോക്ടറെക്കണ്ട് കാര്യങ്ങൾ ശരിയാക്കുക.

ശരീരത്തെ ബാധിക്കുന്ന അശുദ്ധികൾ കഴുകിക്കളയാവുന്നതേയുള്ളൂ

വിവാഹം എന്നത് ഒരു പെണ്ണിന്റെ ജീവിതത്തിന്റെ അന്തിമ ലക്ഷ്യമല്ല എന്നും, അത് ഒരു ലക്ഷ്യം പോലുമായില്ലെങ്കിലും തരക്കേടൊന്നുമില്ലെന്നും തന്നോടു തന്നെ പറഞ്ഞുറപ്പിക്കുക. പിന്നെ, താൻ ബലാൽക്കാരത്തിനു വിധേയയായിട്ടുണ്ടെന്ന കാര്യം ഭർത്താവിനോട് പറയണോ വേണ്ടയോ എന്ന്!
ചെറുപ്പത്തിൽ പിച്ചവച്ചു നടക്കാൻ തുടങ്ങിയപ്പോൾ മുതൽ വീണതും, പനി വന്നതും, കാലൊടിഞ്ഞതും, പല്ലടപ്പിച്ചതും ഒക്കെ പറയുന്നെങ്കിൽ ഇതും പറയാം. അതേ ലാഘവത്തോടെയായിരിക്കണം എന്നു മാത്രം.

ഇനി മറ്റൊരു കാര്യം, നിങ്ങൾ ഒരാളുമായി പ്രണയത്തിൽ ആകുന്നു എന്നും പരസ്പര സമ്മതത്തോടെ ശരീരങ്ങൾ പങ്കു വയ്ക്കുന്നു എന്നും കരുതുക. അയാൾ കുറച്ചു കഴിയുമ്പോൾ നിങ്ങളെ ഉപേക്ഷിച്ചു പോയി എന്നും കരുതുക. അവിടെയും കുറ്റബോധത്തിന്റെ ആവശ്യമില്ല. പ്രണയത്തോടെ ചെയ്യുന്ന കാര്യങ്ങൾ തെറ്റാകുന്നതെങ്ങനെ? വഞ്ചിക്കപ്പെട്ടത് നിങ്ങളുടെ കുറ്റമാകുന്നതെങ്ങനെ? മറ്റൊരാളെ ഇനിയെങ്ങനെ വിവാഹം ചെയ്യും എന്ന കുറ്റബോധം തോന്നുന്നവർ ശാരീരിക ബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുക. തന്റെ ശരീരം എന്നത് ഒരാൾക്ക് ഉപയോഗിക്കാനായി വിട്ടു കൊടുക്കേണ്ടതില്ലെന്നും ലൈംഗികത എന്നാൽ ആവേശം തീർക്കലല്ലെന്നും കൂടി മനസ്സിലാക്കുക.

അവന്‍റേത് പ്രണയമാണ് എങ്കിൽ ശരീരമെന്നത് അവന്റെ ഏറ്റവും അവസാനത്തെ ആവശ്യമായിരിക്കും. അതല്ല ശരീരത്തിനാണ് നിങ്ങൾ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ അതിന്റെ വരുംവരായ്കകൾ കൈകാര്യം ചെയ്യാമെന്നുള്ളവർ മാത്രം അതിനെ കുറിച്ചു ചിന്തിക്കുക. വഞ്ചിക്കപ്പെട്ട കാര്യം ഭർത്താവ് അറിയണം എന്ന് നിർബന്ധമുള്ളവർ വഞ്ചിച്ചവന്റെ ഭാര്യയെയും അത് അറിയിക്കേണ്ടതല്ലെ എന്നൊരു സംശയം ഉയരുന്നുണ്ട് മനസ്സിൽ.

മാതാപിതാക്കളോട്, വിശേഷിച്ച് അമ്മമാരോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ പെൺമക്കളോട് നിർബന്ധമായും പറഞ്ഞ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ജീവനാണ് പ്രധാനം, ശരീരമല്ല എന്ന്. ശരീരത്തെ ബാധിക്കുന്ന അശുദ്ധികൾ കഴുകിക്കളയാവുന്നതേയുള്ളെന്ന്. വിശുദ്ധി/പരിശുദ്ധി എന്നൊന്ന് ഉണ്ടെങ്കിൽ അത് പുരുഷനെയും സ്ത്രീയേയും ഒരുപോലെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന്. വിതയ്ക്കപ്പെടുന്ന വിത്തുകൾക്ക് മുളയ്ക്കാനുള്ള വയലല്ല സ്ത്രീ ശരീരം, മറിച്ച് ഏതിനെ മുളപ്പിക്കണം, എന്തിനെയെങ്കിലും മുളപ്പിക്കേണ്ടതുണ്ടോ എന്നൊക്കെ തീരുമാനമെടുക്കാനുള്ള ഏകാധികാരിയാണ് താൻ എന്ന് അവളെ പറഞ്ഞു മനസ്സിലാക്കുക. കാറ്റിൽ പാറി വീഴുന്ന വിഷവിത്തുകൾക്കും കളവിത്തുകൾക്കും അവൾ വിളഭൂമിയാകേണ്ടതില്ല എന്നും.

നിങ്ങളുടെ ആൺമക്കളെ പറഞ്ഞു പഠിപ്പിക്കുക. മാറിപ്പോകുന്ന വസ്ത്രഭാഗങ്ങൾ വെളിപ്പെടുത്തുന്ന ഇറച്ചിക്കഷണമല്ല പെണ്ണെന്ന്. അവളുടെ മുലകൾ, ഗർഭപാത്രം, തുടകൾ, നാഭി ഇവയൊന്നും അവർക്ക് ചവച്ചു തുപ്പാനുള്ളതല്ല, അവരുടെ വൈകൃതങ്ങൾ ശമിപ്പിക്കാനുള്ളതുമല്ല എന്ന്.
അവയൊക്കെ അവൾക്ക്, തന്നെ പ്രണയിക്കുന്നവന്‍റെയും തന്‍റെയും കുഞ്ഞുങ്ങൾക്കും അവർക്കു തന്നെയും സന്തോഷിക്കാനുള്ളവയാണെന്ന്. പുരുഷന്മാരെപ്പോലെ തന്നെ പെൺകുട്ടികൾക്കും അവരുടെ ശരീരം വേണ്ടതാണെന്ന്.

അസമയത്ത് (അങ്ങനെയൊന്നുണ്ടോ?) തെരുവിൽ കാണുന്ന ഒരു പെണ്ണ് കൺവെട്ടത്ത് ഒരു പുരുഷനെ കണ്ടാൽ ഭയന്നോടുന്നതിനു പകരം ആശ്വസിക്കുന്ന കാലം വരേണ്ടതിന് അവർ തുടക്കം കുറിക്കണമെന്ന്. പുരുഷൻ എന്നാൽ പൂരകമാണ് ഭയക്കേണ്ട ഒന്നല്ല എന്ന് പെൺകുട്ടികൾ അവരെ കണ്ട് മനസ്സിലാക്കണമെന്ന്. ടൈം ബോംബു കൊണ്ടു നടക്കുന്ന പോലെ പെൺകുട്ടികൾ തങ്ങളുടെ ശരീരം കൊണ്ടു നടക്കാൻ അവർ കാരണക്കാരാകരുതെന്ന്.

ലിംഗനീതി വീടുകളിൽ ആണ് നടപ്പാക്കേണ്ടത്

ഒരു പെൺകുട്ടിയെ അവളുടെ സമ്മതമില്ലാതെ സ്പർശിക്കാൻ അവർക്ക് അവകാശമില്ലെന്ന്. പ്രണയത്തിന്റെ പാരമ്യത്തിൽ ഒരുവൾ തന്റെ പുരുഷന് അത് സ്വയം നൽകുകയാണ് ചെയ്യേണ്ടത്, അത് കവർന്നെടുക്കുകയോ ബലം പ്രയോഗിച്ച് ഉപയോഗിക്കുകയോ അല്ല വേണ്ടതെന്ന്. അങ്ങനെ ചെയ്താൽ അശുദ്ധരാകുന്നരും ആത്മഹത്യ ചെയ്യേണ്ടതും പെൺകുട്ടികളല്ല അവർ തന്നെയാണെന്നും ആൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.

മാതാപിതാക്കളെ, നിങ്ങളുടെ മക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ മടിക്കാതിരിക്കൂ. മടിയുള്ളവർ ആരോഗ്യകരമായ ലൈംഗിക സംവാദങ്ങൾ നടക്കുന്നിടങ്ങളിൽ അവരെ പങ്കെടുപ്പിക്കൂ. ലിംഗനീതി വീടുകളിൽ ആണ് നടപ്പാക്കേണ്ടത്. അത് നടപ്പായാൽ സ്വാഭാവികമായും തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും, സമൂഹത്തിലെ മറ്റിടങ്ങളിലും സ്വാഭാവികമായി നടപ്പിൽ വന്നുകൊള്ളും.

പെൺകുട്ടികളെ അച്ഛന്മാരിൽ നിന്ന് പേടിപ്പിച്ച് അകറ്റി നിർത്തേണ്ടതില്ല. ചില മാനസിക രോഗികൾ ഉണ്ടെന്നു കരുതി സ്നേഹസമ്പന്നരായ പിതാക്കന്മാരുടെ സ്നേഹം അവർക്ക് ലഭിക്കാതിരിക്കരുത്. അച്ഛൻമാരുടെ സ്നേഹചുംബനവും തലോടലിന്റെ ആശ്വാസവും നമ്മുടെ പെൺമക്കളെ വൈകാരികമായ പക്വതയിൽ എത്തിക്കും.

സംശയക്കണ്ണുകളോടെ മാത്രം അച്ഛനെ നോക്കാൻ പെൺമക്കളോട് ഓതിക്കൊടുക്കാതിരിക്കൂ. പിന്നീട്, സ്വന്തം ഭർത്താവിനെയടക്കം ലോകത്തിൽ ഒരാണിനെയും അവൾ വിശ്വസിക്കാതാവും. വൃത്തികെട്ടവനായ ഒരു ഭർത്താവിനെ ഭാര്യക്ക് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ ഭർത്താവ് പീഡോഫീലിയക്കാരനാണെങ്കിൽ കുട്ടിയോട് സൂക്ഷിക്കാൻ പറയുന്നതിന് പകരം അയാളെ ചവിട്ടിപ്പുറത്താക്കുക. അല്ലെങ്കിൽ, അയാളിൽ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറുക. വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് കുഞ്ഞുങ്ങളുടെ മനസ്സിൽ വിഷം നിറയ്ക്കാതിരിക്കുക.

കുട്ടികൾ (ആണും പെണ്ണും ) പൂമ്പാറ്റകളെപ്പോലെ പാറി നടക്കട്ടെ

സ്വന്തം കുടുംബത്തിലെങ്കിലും മകനെയും മകളെയും തുല്യതയോടെ വളർത്തുന്നുണ്ടോ നിങ്ങൾ? അരുതുകളുടെ ഒരു കനത്ത മതിൽ ജനിക്കുമ്പോൾ മുതൽ 'അവ'ളുടെ മുന്നിൽ പണിതു തുടങ്ങുന്നുണ്ടോ നിങ്ങൾ? എങ്കിൽ സ്വന്തം മക്കളുടെ ആത്മഹത്യക്കും പീഡനത്തിനും നിങ്ങളും പരോക്ഷമായി ഉത്തരവാദികളാണ്. ഇനി നിങ്ങളുടെ മതം നിങ്ങളിൽ വൈകല്യം കുത്തി നിറയ്ക്കുന്നുണ്ടെങ്കിൽ, സ്വതന്ത്ര ചിന്തകൾക്കുമേൽ മേൽ കറുത്ത തിരശ്ശീല വിരിക്കുന്നുണ്ടെങ്കിൽ അതിനെ തള്ളിപ്പറയാൻ മടിക്കേണ്ടതുണ്ടോ എന്നും ആലോചിക്കുക.

കുട്ടികൾ (ആണും പെണ്ണും ) പൂമ്പാറ്റകളെപ്പോലെ പാറി നടക്കട്ടെ. ചെന്നു പെട്ടേക്കാവുന്ന ചിലന്തിവലകളെ കുറിച്ച് അവർക്ക് മുന്നറിയിപ്പു കൊടുക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ ചിറകുകൾ മുറിച്ചുകളയുകയല്ല. ഇനിയും നിങ്ങൾ സംശയാലുക്കളെങ്കിൽ ചിലന്തികളെ നശിപ്പിക്കുകയാണ് വേണ്ടത് പൂമ്പാറ്റകള കൂട്ടിലടയ്ക്കുകയല്ല.

Follow Us:
Download App:
  • android
  • ios