Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങളില്‍ നിന്നും ചിലത് പഠിക്കാനുണ്ട്...

കുറച്ചു കഴിഞ്ഞു, ചീരു മാത്രമല്ല കുഞ്ചിയും ഇപ്പോൾ അവർക്കരികെ ഇരുന്ന് ചിരിച്ചു മറിയുന്നുണ്ട്. അല്‍പസമയം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവ് രണ്ടു ആൺകുട്ടികളെ കയ്യിൽ മുറുക്കെ പിടിച്ച് അവിടേക്ക് വന്നു. രണ്ടുപേർക്കും പത്തുവയസ്സിന് മുകളിലാണ് പ്രായം. എത്ര മുറുകെ പിടിച്ചിട്ടും രണ്ടുപേരും കൈ കുതറിക്കാൻ നോക്കുന്നുണ്ട്.

enikkum chilath parayanund lis lona
Author
Thiruvananthapuram, First Published Jan 28, 2019, 6:26 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilath parayanund lis lona

കുറച്ചു ദിവസമായുള്ള തിരക്കുകളും യാത്രകളുമൊക്കെ ഒരുവിധം കഴിഞ്ഞു. ഇനിയൊന്ന് സ്വസ്ഥമായി കിടന്നുറങ്ങിയൊക്കെ ആഘോഷിക്കാമെന്നോർത്തു ഞാൻ. പക്ഷേ, എന്നെയും കാത്ത് കുഞ്ചിയും ചീരുവും ജലദോഷത്തിന്‍റെ മൂർദ്ധന്യാവസ്ഥയിൽ മൂക്കും ഒലിപ്പിച്ചു കുത്തിയിരുപ്പായിരുന്നു. തണുപ്പ് പറ്റാഞ്ഞിട്ടാകും രണ്ടുപേർക്കും ചെറിയ ചൂടും നല്ല  ജലദോഷവും. അങ്ങനെ രണ്ടിനെയും പൊക്കിപിടിച്ചു ക്ലിനിക്കിലേക്ക് പോയി.

ടോക്കൺ നമ്പർ വരാനായുള്ള കാത്തിരുപ്പിനിടയിൽ എങ്ങനെയൊക്കെ എന്നെ ഓടിപ്പിക്കാമെന്നും ഒരു മിനിറ്റ് പോലും ചന്തി ഉറപ്പിച്ചു ഇരുത്താതിരിക്കാം എന്നതിൽ ചേച്ചിയും അനിയത്തിയും മത്സരമായിരുന്നു. കുറെ ഓടിമടുക്കുമ്പോൾ ഞാൻ ചെന്നിരിക്കും. മുൻ‌കൂർ ടോക്കൺ എടുത്തു വരാതിരുന്നതിനു സ്വയം പഴിച്ചു കൊണ്ട്. കണ്ണുരുട്ടി കാണിച്ചു കാണിച്ച് എന്റെ കണ്ണുകൾ പുറത്തേക്ക് ഉന്തി വരാറായിരുന്നു...

ചീരു മാത്രമല്ല കുഞ്ചിയും ഇപ്പോൾ അവർക്കരികെ ഇരുന്ന് ചിരിച്ചു മറിയുന്നുണ്ട്

അല്ലെങ്കിലും തനിയെ ഇതുങ്ങളെ  പുറത്തു  കൊണ്ടുപോകുക എന്ന ടാസ്കിന് തന്നെ ധീരതക്കുള്ള അവാർഡ് തരണം എന്നാണ് എന്റെ മനസ്സിൽ അതിന് കൂടെയാണ് അപ്പോയിന്‍മെന്‍റ് പോലും എടുക്കാതെയുള്ള ഡോക്ടറെ കാണാനുള്ള പ്രകടനം.

ഇടക്കിടെ പോയി വെള്ളം കുടിക്കലും വാഷ്‌റൂമിൽ പോകാൻ വന്നു ചോദിക്കലും ഒരിക്കലും തീരാത്ത സംശയങ്ങളും ഒക്കെയായി കുഞ്ചി ബുദ്ധിമുട്ടിക്കുന്നതിനിടയിൽ, നടക്കാനും ഓടാനും പഠിച്ച ചീരുവിന് എളിയിൽ നിന്ന് ഇറങ്ങി ഓടണം. മുന്നില്‍ നിൽക്കുന്നവരോടെല്ലാം അവൾക്കു ചിരിച്ചു കാണിച്ചു കൈ കൊടുത്തു ഹലോ പറയണം.

അങ്ങനെ ക്ഷമയുടെ നെല്ലിപ്പലകയുടെ പടിക്കെട്ടുകൾ തീരാനായി നിൽക്കുമ്പോഴാണ് കെട്ട്യോന്‍റെ ഫോൺ... 'കണ്ടുകഴിഞ്ഞോ'യെന്ന ചോദ്യവുമായി. തനിയെ വിട്ടതിനും പിള്ളേരുടെ കുരുത്തക്കേടിനും ഞാനങ്ങു ചൂടായതു കൊണ്ടാകും പെട്ടെന്നു ഫോൺ വച്ചു കളഞ്ഞു പുള്ളി.

എന്റെ ശ്രദ്ധ ഫോണിലേക്ക് പോയപ്പോഴേക്കും ചീരു ഓടിപ്പോയി എനിക്കെതിരെ ഇരിക്കുന്ന ഹിന്ദിക്കാരി സ്ത്രീയുടെ അടുത്ത് ചെന്ന് നിന്ന് അവരുടെ ബാഗിലെ കുഞ്ഞു പാവക്കുട്ടിയിൽ പിടുത്തമിട്ടു വലിക്കാൻ തുടങ്ങി. ഓടിച്ചെന്ന് അവരോട് സോറി പറഞ്ഞ് അവളെ എടുക്കാൻ നോക്കിയപ്പോഴേക്കും, അവരെന്നോട്, 'സാരമില്ല കുഞ്ഞവിടെ നിന്നോട്ടെ' എന്ന് പറഞ്ഞു ചിരിച്ചു.

കുറച്ചു കഴിഞ്ഞു, ചീരു മാത്രമല്ല കുഞ്ചിയും ഇപ്പോൾ അവർക്കരികെ ഇരുന്ന് ചിരിച്ചു മറിയുന്നുണ്ട്. അല്‍പസമയം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവ് രണ്ടു ആൺകുട്ടികളെ കയ്യിൽ മുറുക്കെ പിടിച്ച് അവിടേക്ക് വന്നു. രണ്ടുപേർക്കും പത്തുവയസ്സിന് മുകളിലാണ് പ്രായം. എത്ര മുറുകെ പിടിച്ചിട്ടും രണ്ടുപേരും കൈ കുതറിക്കാൻ നോക്കുന്നുണ്ട്.

ഉറക്കാത്ത കാൽവെയ്പുകളോടെ അച്ഛന്‍റെ കയ്യിലെ പിടി വിടുവിക്കാൻ ബലപ്രയോഗം നടത്തുന്നതിനിടയിലും പലദിശയിലേക്കും കണ്ണുകൾ മറിച്ചു നോക്കുന്നുണ്ട്. ആ വരവു കണ്ട് ഇതുവരെയും ഇങ്ങനെയുള്ള കുട്ടികളെ കാണാത്തതുകൊണ്ടാകും മക്കൾ ഓടിവന്നെന്നെ കെട്ടിപിടിച്ചു.

'പേടിക്കണ്ടാട്ടൊ വാവേ' എന്ന് പറഞ്ഞുള്ള ചിരിക്കിടയിലും ആ സ്ത്രീയുടെ മുഖത്തു കണ്ടത് കലങ്ങിയ കണ്ണുകളും സങ്കടത്താൽ വിതുമ്പുന്ന ചുണ്ടുകളുമാണ്. പറയാനറിയാത്ത ഒരു നൊമ്പരം വന്നെന്നെ മൂടി. ഒന്നും പറയാൻ കഴിയാതെ ഞാനവർക്ക് എതിരായി മക്കളെയും പിടിച്ചിരുന്നു.

പിന്നെയുള്ള പത്തു നിമിഷം ആ അമ്മയും മക്കളും എന്റെ മുന്നിൽ തീർത്ത ലോകം കണ്ട് എട്ടും പൊട്ടും തിരിയാത്ത എന്റെ കുഞ്ഞിമക്കളുടെ കുറുമ്പിൽ ഈർഷ്യപെട്ട് അസ്വസ്ഥതയോടെ ഇരുന്നിരുന്ന എന്നിലെ അമ്മയെ ഞാൻ കൊന്നുകളഞ്ഞു.

ഓട്ടിസം ബാധിച്ച മക്കളുടെ വികൃതികളും  ഉപദ്രവങ്ങളും  വാശികളും ആ അമ്മയെ തെല്ലു പോലും അലോസരപ്പെടുത്തുന്നില്ല. അല്‍പം പോലും ദേഷ്യപ്പെടാതെ അവർ മക്കളെ അനുനയിപ്പിച്ചുകൊണ്ട് അവർക്കൊപ്പം, എന്നാൽ വളരെ കരുതലോടെ അവരെ ശ്രദ്ധിച്ച്, കളിച്ചു ചിരിക്കുന്നത് കണ്ട് സന്തോഷമോ സങ്കടമോ... അറിയാതെ എന്റെ കണ്ണും നിറഞ്ഞു തുടങ്ങി.

അവർക്കരികിൽ ഇരുന്നിരുന്നവർ ആ മക്കളുടെ ബഹളം കേട്ട് മാറി ഇരുന്നു. ഇനിയും ചിലർ അവിടവിടെ മാറി നിന്ന് അമ്മയുടെ മുടി പിടിച്ചുവലിച്ചു ഫോണിനായി വാശി പിടിക്കുന്ന മകനെ പുരികം ചുളിച്ചു നോക്കി. ചിറകുകൾ വീശുന്ന പോലെ രണ്ടു കൈകളും ഇളക്കി കൊണ്ട് അവ്യക്തമായി എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞ് ഒരു മോൻ ബഹളം വച്ചപ്പോഴേക്കും എല്ലാവരുടെയും നോട്ടം അവരിലേക്കായി.

മുമ്പ് കണ്ട ഭയം ഇപ്പോളെന്റെ മക്കളുടെയും മുഖത്തില്ല

മനസ്സിലെ ഭാരം ഒഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞുങ്ങളെയും കൊണ്ട് അവർക്കരികിലേക്ക് ചെന്നിരുന്ന് "കണ്ടോ ചേട്ടന്മാരെ" എന്ന് പറഞ്ഞ് അവരെ പരിചയപ്പെടുത്തി കൊടുത്തു. അമ്മയുമൊത്തുള്ള ലോകത്തിലേക്ക് വന്ന പുതുമുഖങ്ങളെ അവർക്കൊട്ടും ഇഷ്ടപ്പെട്ടില്ല എന്നത് മുഖം താഴോട്ടാക്കിയുള്ള കുട്ടികളുടെ ഇരിപ്പ് വിളിച്ചു പറയുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവര്‍ രണ്ടുപേരും കയ്യിലുള്ള ഫോൺ മാറ്റിവച്ച് കുഞ്ഞുങ്ങളുടെ കൂടെ കളിയ്ക്കാൻ തുടങ്ങി. മുമ്പ് കണ്ട ഭയം ഇപ്പോളെന്റെ മക്കളുടെയും മുഖത്തില്ല.

ഡോക്ടറെ കാണാനുള്ള ടോക്കൺ ആയപ്പോഴേക്കും വിളിച്ചാൽ പോലും എന്‍റടുത്തേക്ക് വരാൻ കൂട്ടാക്കാത്ത വിധം അവരെല്ലാം കൂട്ടായിരുന്നു. ഒരുവിധത്തിൽ ഞാനവരെയും കൊണ്ട് ഡോക്ടറെ കണ്ടിറങ്ങി. മുറിക്ക് പുറത്തു അക്ഷമരായി കാത്തു നിന്ന ആ കുഞ്ഞുങ്ങളുടെ കൂടെ അവരെ കുറച്ചുസമയം കൂടി കളിക്കാൻ വിട്ടു. അവസാനം യാത്ര പറയാൻ നേരം ആ സ്ത്രീയെന്നെ പെട്ടെന്ന് കെട്ടിപിടിച്ചു.

ആ ഒറ്റ ഒരു നിമിഷം ഒന്നും പറയാതെ തന്നെ അവരുടെ  സങ്കടമെന്തിനായിരുന്നു എന്നെനിക്ക്  മനസിലായി. ഞാനവരുടെ പുറത്തു പതിയെ തട്ടി. രണ്ടു കുട്ടികളും ഇങ്ങനെ ആയതുകൊണ്ട് ആരും അവരുടെ മക്കളെ ഈ മക്കളുടെ കൂടെ ഇരിക്കാൻ പോലും അനുവദിക്കാറില്ലെന്ന്... കാണുന്നവർക്കെല്ലാം അറിയേണ്ടത് ഇവരെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നും, എന്തിനാ ദൈവം ഇങ്ങനെ ക്രൂരത കാട്ടിയത് എന്നൊക്കെയുള്ള കാര്യങ്ങളാണെന്നുമൊക്കെ പറയുമ്പോൾ അവർക്ക് തൊണ്ട ഇടറുന്നുണ്ടായിരുന്നു.

അവരുടെ ഫോൺ നമ്പർ ചോദിച്ചതല്ലാതെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല

ഒന്നും ചോദിക്കാതെയും മാറ്റി നിർത്താതെയും ഞാൻ മക്കളെ അവരുടെ കൂടെ കളിക്കാൻ വിട്ടതോടെ മനസ്സ് നിറഞ്ഞ സന്തോഷമാണ് ആ ആലിംഗനത്തിന്റെ അർത്ഥമെന്ന് അവർ പറഞ്ഞവസാനിപ്പിച്ചപ്പോഴും ഒന്നു ചിരിച്ചു അവരുടെ ഫോൺ നമ്പർ ചോദിച്ചതല്ലാതെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.

എന്തിനാണ് ദൈവം ഈ ക്രൂരത കാണിച്ചതെന്ന് സഹതപിക്കുന്നതിനേക്കാൾ ഇത്രയും സ്നേഹത്തോടെ ആ മക്കളെ വളർത്തുന്ന അച്ഛനെയും അമ്മയെയും ആ കുഞ്ഞുങ്ങൾക്ക് കൊടുത്തതിന് ദൈവത്തിനോട് നന്ദി പറയാനാണ് എനിക്ക് മനസ്സിൽ തോന്നിയത്. സഹതാപമല്ല സ്നേഹമാണ് ആ കുട്ടികൾക്ക് വേണ്ടതെന്ന് മക്കളോട് പറയാതെ പറയാൻ... വേർതിരിവ് കാണിക്കാതെ ഒറ്റപ്പെടുത്താതെ നാളെയും അവരെയും കൂടെക്കൂട്ടാൻ എന്റെ മക്കൾക്ക് കഴിയട്ടെ എന്ന് മാത്രമേ ഞാനും ആഗ്രഹിച്ചുള്ളൂ.

ഏതോ ഒരു സിനിമയിൽ കേട്ട പോലെ ഇങ്ങനുള്ള മക്കളെ ദൈവം കൊടുക്കുന്നതും ദൈവത്തിന് ഏറെ ഇഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ആയിരിക്കും എന്നാണ് ഞാനുമിപ്പോള്‍ കരുതുന്നത്.

Follow Us:
Download App:
  • android
  • ios