Asianet News MalayalamAsianet News Malayalam

ഹിഡുംബിക്ക് ഒരു ക്ഷേത്രം

ജയ ശ്രീരാഗം എഴുതുന്ന യാത്രാ കുറിപ്പുകള്‍. ഭാഗം രണ്ട് 

Kullu Manali travelogue by Jaya Sreeragam part 2
Author
Kullu, First Published Mar 5, 2019, 1:19 PM IST

നേരെ ഹിഡുംബി ക്ഷേത്രത്തിലേക്ക് പോയി. ഒറ്റത്തടിയില്‍, അധികം ശിഖരങ്ങള്‍ ഇല്ലാതെ, ഒരുപാട് ഉയരത്തിലേക്ക് വളര്‍ന്നുനില്‍ക്കുന്ന ദേവതാരുവൃക്ഷങ്ങളാണ് ചുറ്റും.  അതില്‍  തിങ്ങി നിറഞ്ഞ സൂചിമുനപോലുള്ള ഇലകള്‍. പെട്ടെന്നാണ് കാതില്‍ ഒരു മിണ്ടാപ്രാണിയുടെ പിടച്ചില്‍ കേട്ടത്.

Kullu Manali travelogue by Jaya Sreeragam part 2

അങ്ങനെ കുല്ലുവില്‍  എത്തി. ടാക്‌സി ഡ്രൈവറെ വിളിച്ചു ഞാന്‍ വിവരം അറിയിച്ചു. രണ്ടു മണിക്കൂറില്‍ ഞങ്ങള്‍ മണാലി എത്തും. ബസ് വീണ്ടും പോകാന്‍ തുടങ്ങി. ഹിമാലയത്തിനു അടുത്തേക്ക് പോകുകയാണ് ഞങ്ങള്‍. ഭൂമിയിലെ പറുദീസപോലെ സുന്ദരമായ കാഴ്ചകള്‍. ചുറ്റും മരങ്ങള്‍, പുഴ, മലനിരകള്‍. പിന്നെ അങ്ങ് ദൂരെ പര്‍വതങ്ങള്‍ക്കു മുകളില്‍ വെളുത്ത പരവതാനി പോലെ മഞ്ഞു കട്ടകള്‍. സൂര്യന്റെ വെളിച്ചം ടോര്‍ച്ച് വെളിച്ചം പോലെ കത്തിയും കെട്ടും മലനിരകളെ പുണരുന്നു. ഇടയ്ക്കു പുഴയിലേക്കും അത് പരക്കുന്നു.

സമയം രാവിലെ 7.30. ഞങ്ങള്‍ മണാലിയിലെത്തി. കാലാവസ്ഥ നിരീക്ഷണ പ്രവചനം വിശ്വസിച്ച്, കൊടുംതണുപ്പൊന്നും ഉണ്ടാകില്ലായെന്ന് വിചാരിച്ച്, തണുപ്പ് കുപ്പായങ്ങള്‍ വളരെ കുറച്ചു മാത്രമാണ് കരുതിയിരുന്നത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു. മണാലിയിലെ നിലത്തു കാലെടുത്തു വെച്ചപ്പോള്‍ തണുപ്പിന്റെ കാഠിന്യമറിഞ്ഞു. നാല് ഡിഗ്രി തണുപ്പ്. തണുത്തു വിറക്കുന്നുണ്ടായിരുന്നു എല്ലാവരും. ഒരിക്കല്‍ പോലും തണുക്കുന്നു എന്ന് പറയാത്ത ദയകുട്ടിപോലും വിറക്കുന്നുണ്ടായിരുന്നു.  എങ്കിലും ചുറ്റുമുള്ള കാഴ്ച ആ തണുപ്പിനെ ഒക്കെ മറികടന്ന് മനസ്സിലേക്ക് ഇളം വെയില്‍ പരത്തി. അവിടെ ഞങ്ങളുടെ ടാക്‌സി ഡ്രൈവര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്നും വെറും 10 മിനിട്ടു  ദൂരത്തായിരുന്നു ബുക്ക് ചെയ്ത ഹോട്ടല്‍. ഹോട്ടലില്‍ വെല്‍കം ഡ്രിങ്കായി ഒരു ചൂട് കാപ്പി. അത് തണുപ്പിനെ കുറച്ചൊന്നു ശമിപ്പിച്ചു.  കുറച്ചു നേരം വി്രശമിച്ച് ഫ്രഷായി വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ടാക്‌സി ഡ്രൈവര്‍ പോയി. 

സമതലപ്രദേശത്തു നിന്നും 6700 അടി ഉയരത്തില്‍, ഹിമാലയത്തിന്റെ തൊട്ടടുത്താണിപ്പോള്‍. ഹോട്ടല്‍ മുറിയില്‍നിന്നു കാണാം ദൂരെ മഞ്ഞു മൂടിയ മലനിരകള്‍. സമയം 12 മണി. പുറം കാഴ്ചകള്‍ കാണാനുള്ള തിടുക്കത്തിലായി ഞങ്ങള്‍. 

ഹോട്ടല്‍ മുറിയില്‍നിന്നു കാണാം ദൂരെ മഞ്ഞു മൂടിയ മലനിരകള്‍.

Kullu Manali travelogue by Jaya Sreeragam part 2

ഹിഡുംബിക്ക് ഒരു ക്ഷേത്രം 
ആദ്യം പോകാന്‍ തീരുമാനിച്ചത് ഹോട്ടലില്‍ നിന്നും നാല് കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ഹിഡുംബി ക്ഷേത്രത്തിലേക്കായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡിലൂടെ ഞങ്ങള്‍ ക്ഷേത്രത്തിന്റെ മുന്നിലെത്തി. അവിടെ ഹിഡുംബിയുടെ മകന്‍  ഘടോല്‍ക്കചനേയും പൂജിക്കുന്ന സ്ഥലവും കാണാം.   മഹാഭാരതകഥയിലെ നെടുംതൂണായ, രണ്ടാമൂഴത്തിലെ പ്രധാനകഥാപാത്രമായ ഭീമന്റെ പത്‌നിയുടെയും മകന്റെയും സാമിപ്യം. വെറും വലിയ രണ്ടു ദേവതാരു വൃക്ഷങ്ങളാണ് ഘടോല്‍ക്കചന്റെ പ്രതീകങ്ങള്‍. ഒരു മരത്തിനു ചുറ്റും തറ പോലെ കെട്ടിയിട്ടുണ്ട്. കല്ല് കൊണ്ട് ഉണ്ടാക്കിയ ചെറിയ കറുത്ത ആള്‍രൂപങ്ങളെ നിരത്തി വെച്ചിട്ടുണ്ട്.. ആ മരത്തിന്റെ താഴേക്ക് തൂങ്ങിയാടുന്നൊരു  കൊമ്പില്‍ വലിയൊരു പിച്ചളമണി. ചിലര്‍ വരുമ്പോഴും പോകുമ്പോഴും  കൈപൊക്കി മണിയടിക്കുന്നു. നോര്‍ത്ത് ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ പതിവാണിത്. മറ്റേ മരത്തിന്റെ തടിയില്‍ അസുരന്മാരുടെ തലയെ ഓര്‍മിപ്പിക്കുന്ന മൃഗങ്ങളുടെ തലയോട്ടിയും  കൊമ്പുകളും.    

ഒറ്റത്തടിയില്‍, അധികം ശിഖരങ്ങള്‍ ഇല്ലാതെ, ഒരുപാട് ഉയരത്തിലേക്ക് വളര്‍ന്നുനില്‍ക്കുന്ന ദേവതാരുവൃക്ഷങ്ങളാണ് ചുറ്റും

Kullu Manali travelogue by Jaya Sreeragam part 2

നേരെ ഹിഡുംബി ക്ഷേത്രത്തിലേക്ക് പോയി. ഒറ്റത്തടിയില്‍, അധികം ശിഖരങ്ങള്‍ ഇല്ലാതെ, ഒരുപാട് ഉയരത്തിലേക്ക് വളര്‍ന്നുനില്‍ക്കുന്ന ദേവതാരുവൃക്ഷങ്ങളാണ് ചുറ്റും.  അതില്‍  തിങ്ങി നിറഞ്ഞ സൂചിമുനപോലുള്ള ഇലകള്‍.

പെട്ടെന്നാണ് കാതില്‍ ഒരു മിണ്ടാപ്രാണിയുടെ പിടച്ചില്‍ കേട്ടത്. 'യാക്' വിളിക്കുന്ന മലമ്പശു. മൂക്കിലൂടെ പ്ലാസ്റ്റിക് കയറിട്ടു, വളരെ ക്രൂരമായി വലിച്ചിഴച്ചു അതിന്റെ പുറത്തു വിനോദസഞ്ചാരികളെ കയറ്റി ഇരുത്തി സവാരി ചെയ്യിപ്പിക്കുകയാണവിടെ.  തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് നിര്‍ത്തിയ ആ നിയമം എന്തേ ഞങ്ങളുടെ സംരക്ഷണത്തിന് വരാത്തതെന്ന് ദയനീയമായി ആ കണ്ണുകള്‍ എന്നോട്  ചോദിക്കുന്നുണ്ടായിരുന്നു. മറുത്തൊന്നും പ്രതികരിക്കാനാവാതെ ഞാന്‍ മുന്നോട്ടു നടന്നു.

പെട്ടെന്നാണ് കാതില്‍ ഒരു മിണ്ടാപ്രാണിയുടെ പിടച്ചില്‍ കേട്ടത്.

Kullu Manali travelogue by Jaya Sreeragam part 2

നിറയെ മരങ്ങള്‍ക്കിടയില്‍ നാല് തട്ടുകള്‍ പോലെ തോന്നിപ്പിക്കുന്ന പ്രത്യേകതരം കെട്ടിടം. കാട്ടിലെ ഒറ്റപ്പെട്ടുപോയൊരു കൊച്ചു കൊട്ടാരം. അവിടെ ഹിഡുംബിയുടെ ചിലങ്ക മണികളുടെ നാദം ഒറ്റത്തടി മരങ്ങളുടെ ഇലകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളിലെ മൂര്‍ത്തിയില്‍ ആവാഹിച്ച ഹിഡുംബിയെ എന്തുകൊണ്ടോ ഞങ്ങള്‍ കാണാന്‍ പോയില്ല.

ചെറിയ പടികള്‍ ഇറങ്ങി താഴേക്കു റോഡിലിറങ്ങി. സമയം 2 മണിയായി. എല്ലാവര്‍ക്കും വിശക്കുന്നുണ്ടായിരുന്നു. കുത്തനെ കയറ്റമുള്ള റോഡിലൂടെ 10 മിനിറ്റ് യാത്ര ചെയ്തു ഞങ്ങളൊരു ഹോട്ടലില്‍ കയറി. രണ്ടു നിലകള്‍ മാത്രമുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലായിരുന്നു ഭക്ഷണം. ഞങ്ങള്‍ ഗോവണി കയറി മുകളിലെത്തിയപ്പോള്‍ കണ്ട കാഴ്ച അക്ഷരങ്ങളിലൂടെ വര്‍ണ്ണിക്കാന്‍ കഴിയുന്നതല്ല.

ഇളം വെയില്‍  പരന്നു കിടക്കുന്ന വലിയ വരാന്തയിലായിരുന്നു ഇരിപ്പിടങ്ങള്‍. താഴേക്ക് നോക്കിയാല്‍ ബിയാസ് നദി. കണ്ണെത്തും ദൂരം മുഴുവന്‍ മലനിരകള്‍. അതിനു മുകളില്‍ പഞ്ഞി തൊപ്പിപോലെ മഞ്ഞു മൂടി കിടക്കുന്നു. തണുപ്പുള്ള കാറ്റിലും സന്തോഷം വന്നെന്നെ പൊതിഞ്ഞു. ഹോട്ടലിന്റെ പേര് തന്നെ വേള്‍ഡ് പീസ് എന്നായിരുന്നു. പേരിനൊത്ത സ്ഥലം. ഭൂമിയിലെ ഒരു കൊച്ചു സ്വര്‍ഗം. ഭക്ഷണം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വീണ്ടും  വരാമെന്നു ഹോട്ടല്‍കാരോടും ബിയാസ് നദിയോടും ഞങ്ങള്‍ യാത്ര പറഞ്ഞു.

ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് വെറും മരവും കല്ലും കൊണ്ട് മാത്രമാണ്.

Kullu Manali travelogue by Jaya Sreeragam part 2

വസിഷ്ഠ ക്ഷേത്രം 
അടുത്ത ലക്ഷ്യം അടുത്ത് തന്നെയുള്ള വസിഷ്ഠ  ക്ഷേത്രം. 4000 കൊല്ലം പഴക്കമുള്ള ക്ഷേത്രം. പണ്ട് വിശ്വാമിത്രമുനി വസിഷ്ഠ മുനിയുടെ മക്കളെ ശപിച്ചു കൊന്നു. അതില്‍ ഹൃദയം നൊന്ത് വസിഷ്ഠ മുനി  ബിയാസ് നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോയി. പക്ഷെ ബിയാസ് നദി മുനിയുടെ ജീവനെടുക്കാന്‍ വിസമ്മതിച്ചു.  പകരം നദിക്കരയില്‍ പുതിയൊരു ജീവിതം മുനിക്ക് സമ്മാനിച്ചു. വസിഷ്ഠ മുനിയുടെ ആശ്രമമാണ് പിന്നീട് ക്ഷേത്രമായത്..  ഗ്രാമം വസിഷ്ഠ ഗ്രാമം എന്നറിയപ്പെട്ടു.  മൈനസ് ഡിഗ്രി തണുപ്പിലും ചൂടുള്ള ഒരുറവ ഉണ്ടവിടെ.  അരിയും പരിപ്പും പോലും ആ ചൂട് വെള്ളത്തല്‍ വെന്തു കിട്ടുമെന്ന് പറയുന്നു. സള്‍ഫറിന്റെ അതിപ്രസരമുള്ള ഈ വെള്ളം എല്ലാ ത്വക് രോഗങ്ങള്‍ക്കും ഒറ്റമൂലിയാണത്രെ. 
 
ക്ഷേത്രത്തിനുളളില്‍ കറുത്ത കല്ലില്‍ കടഞ്ഞെടുത്ത ആരാധനാമൂര്‍ത്തിയെ മുണ്ടു ഉടുപ്പിച്ചിട്ടുണ്ട്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് വെറും മരവും കല്ലും കൊണ്ട് മാത്രമാണ്. മരത്തില്‍ കൊത്തുപണികള്‍ ചെയ്ത്  മേല്‍ക്കൂര ആകര്‍ഷകമാക്കിയിട്ടുണ്ട്. മോഡേണ്‍ ആര്‍ക്കിടെക്റ്റുകള്‍ പോലും തോറ്റുപോകുന്ന ഡിസൈനുകള്‍..

സമയം അഞ്ചു കഴിഞ്ഞു. തിരിച്ചു പോകേണ്ട സമയമായി. തണുപ്പും കൂടി കൂടി വരുന്നു. ഞങ്ങളെ മണാലിയിലെ മാള്‍ റോഡില്‍ ഇറക്കി കാബ് തിരിച്ചു പോയി. മാള്‍ റോഡ് മണാലിയിലെ  ഷോപ്പിങ് മാര്‍ക്കറ്റ് ആണ്. അവിടെ നിന്ന് ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അഞ്ച് മിനിട്ടു നടന്നാല്‍ മതി. അവിടെ ഒരു ബുദ്ധമത ടെമ്പിള്‍ ഉണ്ട്. വലിയൊരു  ബുദ്ധപ്രതിമയായിരുന്നു അകത്ത്. കനത്തൊരു നിശ്ശബ്ദത ബുദ്ധനെ കൂടുതല്‍ ധ്യാനനിരതനാക്കിയിയിട്ടുണ്ട്.  പുറത്ത്  പ്രദിക്ഷണവഴിയില്‍ 'മണിമന്ത്ര' എന്ന ചക്രം കൈകൊണ്ടു ഉരുട്ടാന്‍ പാകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവരും അത് ഉരുട്ടിയാണ് പ്രദിക്ഷണം വെക്കുന്നത്. അതിനു പുറത്തു വേറൊരു കെട്ടിടത്തില്‍ മേല്‍ക്കൂര മുതല്‍ തറ വരെ  വലിയൊരു മണിമന്ത്ര ചക്രം സ്ഥാപിച്ചിട്ടുണ്ട്.  ഒരാള്‍ക്ക് ഒറ്റയ്ക്കത്  തിരിക്കുക പ്രയാസം. അതിനൊരു കയറും കെട്ടിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാരും കൂടി ആ കയറില്‍ പിടിച്ചൊന്നു കറക്കി. അത് കറക്കുമ്പോള്‍ എന്തോ ഒരു മന്ത്രം കൂടി ചൊല്ലണം. 

പുറത്തു ഇരുട്ട് പരക്കാന്‍ തുടങ്ങി. മാര്‍ക്കറ്റ് സജീവമാണ്. നിറയെ ആളുകള്‍. ഇടയ്ക്കിടയ്ക്ക് ഇരിക്കാന്‍ സൗകര്യത്തില്‍ ബെഞ്ചുകളും ഉണ്ട്. എട്ടു മണിവരെ അവിടെ ചെലവഴിച്ചു തിരിച്ചു ഹോട്ടലിലേക്ക് പോയി. രാത്രി ഭക്ഷണം  താമസിക്കുന്ന ഹോട്ടലിലെ പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നു. തിരിച്ചു ഹോട്ടലില്‍ എത്തിയ ഞങ്ങള്‍ ക്യാമറയിലെ അന്നത്തെ ഫോട്ടോകള്‍ നോക്കിയിരുന്നു. മറക്കാനാവാത്ത നിമിഷങ്ങള്‍. തണുപ്പിന്റെ കാഠിന്യത്തിലും ഓര്‍മകളെ നിങ്ങള്‍ക്കെന്തൊരു ചൂട്!

(അടുത്ത ഭാഗം നാളെ) 
 

കുല്ലു മണാലി യാത്രാനുഭവം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

പാരീസ് യാത്രാകുറിപ്പുകള്‍
ലണ്ടന്‍ യാത്രാനുഭവങ്ങള്‍

 

 

Follow Us:
Download App:
  • android
  • ios