വടിയും കുത്തി കയറ്റം കയറുകയാണ്. അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം മനസ്സിലായി. കയറാന്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല.  കുറച്ചു വഴുക്കലുമുണ്ട്.. എനിക്ക് കഴിയുമെന്ന് തോന്നില്ല എന്ന് അപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചു.

രണ്ടാം ദിവസം. മണാലിയില്‍ നിന്നും 20 കിലോ മീറ്റര്‍ ദൂരെ ഗുലാബയിലേക്കായിരുന്നു യാത്ര. പിന്നെയും ഉയരത്തിലേക്കാണ് പോകുന്നത്. റോഡിന്റെ ഇരുവശത്തും ഭൂമിയുടെ ഹൃദയത്തിന്റെ ഇസിജി ഗ്രാഫ് പോലെ ഉയര്‍ന്നു താഴ്ന്ന് നില്‍ക്കുന്ന വലിയ പര്‍വതനിരകള്‍.  നിറയെ പൈന്‍ മരങ്ങളും ദേവതാരു വൃക്ഷങ്ങളും. കരിമ്പച്ച കാടുകള്‍. കുത്തനെയുള്ള കയറ്റം കാതില്‍ തേനീച്ചയുടെ മൂളലുണ്ടാക്കി. വേറെയും വിനോദയാത്രക്കാരുടെ വാഹനങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലും പിന്നിലും ഉണ്ടായിരുന്നു. പാതയോരത്ത് ഇടയ്ക്കിടെ തൂക്കിയിട്ടിരിക്കുന്ന ട്രാക്കിംഗ് ഡ്രസ് കാണാം. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ക്യാബ് ഒരു കടയുടെ മുമ്പില്‍ നിര്‍ത്തി. ഡ്രൈവര്‍ പറഞ്ഞു: 'നിങ്ങള്‍ക്കും ഈ ഡ്രസ് വാങ്ങേണ്ടിവരും. മുകളില്‍ മഞ്ഞും തണുപ്പും കൂടുതലാണ്'. നിങ്ങളുടെ പാകത്തിന് ഡ്രസുകള്‍ വാടകക്ക് കിട്ടുമെന്നും അയാള്‍ പറഞ്ഞു.  

ഞങ്ങള്‍ കടയില്‍ കയറി. അവിടെയും കുറെ ആളുകള്‍. ശരീരം മുഴുവന്‍ മറക്കുന്ന, സ്‌പോഞ്ച് ഉള്ളില്‍ നിറച്ച, ഒരുതരം ട്രാക് സ്യൂട്ട് പോലെയുള്ള ഒറ്റപ്പീസ് കുപ്പായമായിരുന്നു അത്. തൊപ്പിയും അതിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. കൂടെ വൂളന്‍ സോക്സും ബൂട്‌സും കയ്യിലിടാന്‍ ഹാന്‍ഡ്ഗ്ലൗസും. തണുപ്പിന്റെ കാഠിന്യം ഏതാണ്ട് മനസ്സിലായി. വീണ്ടും യാത്ര. ദൂരെ ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകള്‍. വളവും തിരിവുമുള്ള റോഡുകള്‍. ഡ്രൈവറുടെ മനസ്സാന്നിധ്യം അപാരമായിരുന്നു. കുറച്ചൊന്നു ശ്രദ്ധ തെറ്റിയാല്‍...ആലോചിക്കാന്‍ കൂടി വയ്യ. എങ്കിലും ആകാശം കൈയെത്തിപിടിക്കാന്‍ പോകുന്നൊരു  പ്രതീതിയായിരുന്നു. 

അവസാനം 'സോലാങ്വാലി'യെന്ന താഴ്‌വരയിലെത്തി. സോലാങ് വാലിയില്‍ നിന്നും ആറ് കിലോ മീറ്റര്‍  കൂടി പോയാല്‍ 'റോത്താങ് പാസ്' എന്ന സ്ഥലത്തെത്താം.  പക്ഷെ അവിടേക്കു പോകാനുള്ള റോഡ് ക്ലോസ് ചെയ്തിരിക്കുന്നു. .മഞ്ഞു വീഴ്ചയും മഴയുമാണ് കാരണം. 

പോകേണ്ടത് ഗുലാബയിലേക്കാണ്. മഞ്ഞു പെയ്യുന്ന ആ കുന്നിന്മുകളിലെത്താന്‍ ഇനിയും പോവണം. വണ്ടിയില്ല. നടത്തം തന്നെ ശരണം. ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കി. കുറെ ആളുകളുണ്ട്. കയറുന്നവരും  ഇറങ്ങുന്നവരും. എല്ലാവരുടെ കൈയ്യിലും ഊന്നുവടികള്‍. അപ്പോഴാണ് 20 രൂപക്കും 15 രൂപക്കും വടി വാടകയ്ക്ക് നല്‍കുന്നവരെ കാണുന്നത്. തിരിച്ചുവരുമ്പോള്‍ അതവര്‍ക്ക് തിരിച്ചു കൊടുത്താല്‍ മതി. 

മഞ്ഞു പെയ്യുന്ന ആ കുന്നിന്മുകളിലെത്താന്‍ ഇനിയും പോവണം.

പൂര്‍ണ്ണ ചന്ദ്രനെപോലെ ഒരാള്‍
ഊന്നുവടിയുമായി ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിക്കുന്നു. നോക്കിയപ്പോള്‍ സുമുഖനായ ഗോതമ്പു നിറമുള്ള ഒരു ചെറുപ്പക്കാരന്‍. കൂളിങ്ഗ്ലാസ്സ് ഒക്കെ വെച്ച് ഋതിക്റോഷന്‍ സ്‌റ്റൈലിലാണ്. 'കുട്ടിയെ മുകളിലെത്തിക്കാന്‍ ആളെ വേണോ' എന്നാണ് അയാളുടെ ചോദ്യം. നാലുവയസ്സുള്ള ദയകുട്ടിയെ മുകളിലെത്തിക്കാന്‍ പാടുപെടുമെന്നാണ് അയാള്‍ പറയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങള്‍ സംശയിച്ചു. ചാര്‍ജ് ചോദിച്ചപ്പോള്‍ 1500 രൂപ. അവസാനം ഞങ്ങള്‍ സമ്മതിച്ചു. കൂടെ അവന്റെ പേരും ചോദിച്ചു ചന്ദഠാക്കൂര്‍ എന്ന് പറഞ്ഞു. പൂര്‍ണ്ണ ചന്ദ്രനെപോലെതന്നെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ദയകുട്ടിയെ തോളില്‍ കയറ്റി ഇരുത്തി അയാള്‍ യാത്ര തുടങ്ങി. പിന്നാലെ ഞങ്ങളും. 

വടിയും കുത്തി കയറ്റം കയറുകയാണ്. അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം മനസ്സിലായി. കയറാന്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല.  കുറച്ചു വഴുക്കലുമുണ്ട്.. എനിക്ക് കഴിയുമെന്ന് തോന്നില്ല എന്ന് അപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചു.  ചന്ദഠാക്കൂര്‍ മോളെയും തോളിലേറ്റി പറക്കുകയായിരുന്നു. കുറച്ചു ദൂരം ചെന്ന് അയാള്‍ ഞങ്ങളെ കാത്തിരിപ്പായി. എനിക്ക് ഒട്ടും കഴിയുന്നില്ല കയറാന്‍. മല കയറുന്ന വിധം ചന്ദ എനിക്ക്  പറഞ്ഞു തന്നു. കൈ പിടിച്ചു ഒരു സ്‌റ്റെപ്പ് മുകളിലേക്ക്  കൊണ്ട് വന്നു .ആദ്യത്തെ 10 മിനുട്ടു കഴിഞ്ഞപ്പോള്‍ ചെറിയൊരു ആത്മവിശ്വാസം വന്നു. ഇനി മുകളിലെത്താന്‍ കഴിയും. നടക്കുന്നത് കൊണ്ട് തണുപ്പ് അധികമൊന്നും അനുഭവപ്പെട്ടില്ല. വഴിയിലൊക്കെ ചായയും സ്നാക്സും ബിസ്‌ക്കറ്റും ഒക്കെ വില്‍ക്കുന്നവരുണ്ട്. അവിടെയൊന്നും പ്ലാസ്റ്റിക് കവറുകളോ ഭക്ഷണ അവശിഷ്ടങ്ങളോ കണ്ടില്ല. ഇക്കോ ഫ്രണ്ട്ലി സിറ്റിയാണ് മണാലി.  വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ റോന്തു ചുറ്റുന്നുണ്ട്. ആരെങ്കിലും വഴിയിലോ റോഡിലോ വേസ്റ്റ് കളയുന്നുണ്ടോയെന്നു പരിശോധിക്കാന്‍.

ഞങ്ങളും ഇടയ്ക്കിടയ്ക്ക് ചായ കുടിക്കാനും കടല വേവിച്ചത് കഴിക്കാനും ഒക്കെ ബ്രേക്ക് എടുത്തു. അവശിഷ്ടങ്ങള്‍ കളയാനായി അടുത്തു തന്നെ വലിയൊരു ബാസ്്കറ്റ് വെച്ചിട്ടുണ്ട്. ആ സമയത്താണ്  ഞങ്ങള്‍ ചന്ദയുമായി കുശലാന്വേഷണം നടത്തിയത്. 25 വയസ്സുള്ള പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫര്‍ ആണവന്‍. പോക്കറ്റ്മണിക്കായിട്ടാണ് ഇവിടെ വന്നു ട്രാക്കിംഗ് ചെയ്യുന്നത്. .ഒരു ദിവസം ചിലപ്പോള്‍ മൂന്ന് ട്രിപ്പ് വരെ ചെയ്യും. നല്ലൊരു എക്‌സര്‍സൈസ് കൂടിയാണ് ഇതെന്ന് അവന്‍ കൂട്ടിച്ചേര്‍ത്തു.ഞങ്ങള്‍ക്ക് ഫ്രീ ആയിട്ട് ഒരു ഫോട്ടോഗ്രാഫറെ കിട്ടി. പ്രത്യേകിച്ചും ആ സമയത്തു എനിക്കും ധന്യക്കും സെല്‍ഫി എടുക്കാനുള്ള എനര്‍ജി ഇല്ലായിരുന്നു.

ചന്ദഠാക്കൂര്‍ മോളെയും തോളിലേറ്റി പറക്കുകയായിരുന്നു.

സ്വര്‍ഗത്തിന്റെ കവാടം 
സമയം ഒരുമണിയായി. ഇനിയും മുകളിലെത്താന്‍ കുറച്ചു ദൂരമുണ്ട്. ചന്ദ ദയകുട്ടിക്ക് ഹിന്ദിപാട്ടുകള്‍ പാടിക്കൊടുക്കുന്നുണ്ട്. ദയകുട്ടി ചന്ദയുടെ  തോളിലിരുന്ന്  സന്തോഷമായി പാട്ടു കേട്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്കു എന്തൊക്കെയോ സംഭാഷണങ്ങളും ഉണ്ടെന്നു തോന്നുന്നു. ദയകുട്ടി മലയാളത്തിലും, ചന്ദ ഹിന്ദിയിലും. രണ്ടുപേര്‍ക്കും തമ്മില്‍ പറയുന്നത് മനസ്സിലാവുന്നപോലെ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്. കുട്ടികള്‍ക്കൊരു ഭാഷയും വേണ്ട ചങ്ങാത്തം കൂടാന്‍.  വെറും സ്‌നേഹം മാത്രം മതി.

അവസാനം, ഞങ്ങള്‍ 14000 അടി മുകളില്‍, ഹിമാലയത്തിന്റെ തൊട്ടടുത്ത് എത്തി. സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടമാണോ ഇത് എന്ന് തോന്നിപ്പിക്കുന്ന ചുറ്റുപാട്. നോക്കുന്ന സ്ഥലത്തൊക്കെ മഞ്ഞു മൂടി കിടക്കുന്നു. പൈന്‍ മരങ്ങളില്‍ മഞ്ഞു കൊണ്ട് തോരണം ചാര്‍ത്തിയിട്ടുണ്ട്. അതുവരെ കയറ്റം കയറിവന്ന ക്ഷീണമൊക്കെ ഞങ്ങള്‍ മറന്നു. കുറച്ചു മുമ്പ് ദൂരെ കണ്ട മഞ്ഞുമലകളെ ഇപ്പോ കൈയ്യെത്തി പിടിക്കാന്‍ കഴിയുന്ന പോലെ. വിശ്വാസം വരുന്നില്ല. കണ്ണടച്ച് കുറച്ചു സെക്കന്‍ഡുകള്‍ നിന്നപ്പോള്‍ കൈവന്നത് പുതിയൊരു ഊര്‍ജ്ജം. ഫ്രീ ആയി കിട്ടിയ ഫോട്ടോഗ്രാഫര്‍ ഒരുപാട് നല്ല പടങ്ങള്‍ എടുത്തു തന്നു. മഞ്ഞു കട്ടകള്‍ കൈയ്യിലെടുത്തു തമ്മില്‍ വാരിയെറിഞ്ഞു. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത് . ആകാശം താഴേക്കു ഇറങ്ങി വരുന്നു. ഭൂമി ഉയര്‍ന്നു ആകാശത്തെ തൊടുന്നു. ശിവശക്്തിയുടെ ലയം പോലെ. 

താഴേക്കുള്ള ഇറക്കം വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല.   വടി കുത്തിയിറക്കിയില്ലെങ്കില്‍ വീഴും

പടിയിറക്കം 
അന്തരീക്ഷത്തില്‍ മഴയുടെ വട്ടം കൂട്ടല്‍ ഉണ്ടായിരുന്നത് കൊണ്ട് ചന്ദ പറഞ്ഞു, നമുക്ക് ഇറങ്ങാന്‍ തുടങ്ങാം. മഴ പെയ്താല്‍ വഴുക്കല്‍ കൂടും. മനസ്സില്ലാമനസ്സോടെ താഴേക്കിറങ്ങാന്‍ തുടങ്ങി. ഇറങ്ങുമ്പോഴും മഞ്ഞുമലകള്‍ആകര്‍ഷിപ്പിക്കുന്നുണ്ടായിരുന്നു. താഴേക്കുള്ള ഇറക്കം വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല.  ശരിക്കും വടി കുത്തിയിറക്കിയില്ലെങ്കില്‍ താഴേക്ക് വീഴും. രണ്ടു മണിക്കൂര്‍ കയറാന്‍ എടുത്ത സമയം തന്നെ ഇറങ്ങാനും എടുക്കുമെന്ന് മനസ്സിലായി. ഇടക്കുള്ള ഇറക്കത്തില്‍ വീണ്ടും സ്‌നാക്‌സ് വില്‍പ്പനക്കാര്‍. ഞങ്ങള്‍ നൂഡില്‍സ് വാങ്ങി. എല്ലാരും കഴിച്ചു. ഹാ നൂഡില്‍സിന് ഇത്രയും സ്വാദുണ്ടെന്നു ആദ്യമായി അറിയുകയായിരുന്നു. 

വീണ്ടും ഇറക്കം. വാടകക്ക് വാങ്ങിയ തണുപ്പ് കുപ്പായം എങ്ങിനെയെങ്കിലും ഒന്ന് മാറ്റിയാല്‍ മതിയെന്നായി ഇറങ്ങുമ്പോള്‍. അപ്പോഴാണ് ചന്ദ പറയുന്നത്, അത് മാറ്റി ഒന്ന് നടന്നു നോക്ക്, രണ്ടു കിലോ കുറയുമെന്ന്. കേള്‍ക്കാത്ത താമസം ഞാനും ധന്യയും അത് അഴിച്ചു മാറ്റി. േഹാ എന്തൊരു ആശ്വാസം. അത് കഴിഞ്ഞപ്പോള്‍ വേറൊരു പ്രശ്‌നം. ദയകുട്ടി ചന്ദയുടെ തോളില്‍ കയറുന്നില്ല. മോള്‍ക്ക് നടക്കണം ഞങ്ങളുടെ കൂടെ. എന്ത് ചെയ്യും? ഒറ്റയ്ക്ക് തന്നെ നടക്കാന്‍ കഴിയാത്ത അവസ്ഥ. 

എന്താണ് കാര്യമെന്ന് ധന്യ ചോദിച്ചു. ഞെട്ടിപ്പിക്കുന്ന കാര്യമാണ് ദയകുട്ടി പറഞ്ഞത്. നമ്മളെല്ലാരും തളര്‍ന്നില്ലേ അമ്മേ. ആ അങ്കിളും തളര്‍ന്നിട്ടുണ്ടാവില്ലേ. എത്ര നേരമായി എന്നെ തോളില്‍ വെച്ച് നടക്കുന്നു.  ഇനി ഞാന്‍ ഒറ്റക്ക് നടക്കാം. ആ കുഞ്ഞുമനസ്സിലെ  ചിന്ത അറിഞ്ഞ് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടു. ചന്ദയോടും ഞങ്ങള്‍ കാര്യം പറഞ്ഞു. അവനു ദയ കുട്ടിയോട് കൂടുതല്‍ അടുപ്പമായി. ഇന്നേവരെ ആരും ഇങ്ങിനെ പറഞ്ഞിട്ടില്ല എന്നവന്‍ പറഞ്ഞു. അവന്‍.

പിന്നെ ദയകുട്ടിയുടെ കൈയും പിടിച്ചു താഴേക്ക് നടന്നു. ഞങ്ങള്‍ ഒരു വിധം താഴേക്കു എത്താറായി. താഴെ റോഡ് കാണുന്നു. മഴ ഏതു നേരത്തും ഞങ്ങളെ നനക്കുമെന്ന് തോന്നി. ചന്ദ ഞങ്ങളെ വിട്ടു പിരിയാന്‍ നേരമായി. 500 രൂപ കൂടി കൂടുതല്‍ കൊടുത്തപ്പോള്‍ അവന്റെ കണ്ണിലെ തിളക്കം പറഞ്ഞറിക്കാന്‍ വയ്യ. ഇതുപോലുള്ള ടുറിസ്റ്റുകള്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് അവന്‍. താങ്ങായിരുന്നു ഊന്നുവടിയും തിരികെ കൊടുത്തു. ആ സമയത്താണ് ഓരോ തുള്ളി തുള്ളിയായി ഞങ്ങളെ നനയിക്കാന്‍ ആകാശത്തു നിന്നും പനിനീര്‍തുള്ളികള്‍ ഇറ്റുവീഴുന്നത്. ഹിമാലയസാനുക്കളിലെ വരദാനം പോലെ. എല്ലാം തികഞ്ഞു. 

ഡ്രൈവറെ വിളിച്ചു. അയാള്‍ വണ്ടിയും കൊണ്ട് വന്ന് ഞങ്ങളെയും കൊണ്ട് തിരിച്ചുപോകാന്‍ തുടങ്ങി. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. ചാറ്റല്‍ മഴയുണ്ട്. കൂടെ വിശപ്പും. താഴേക്കുള്ള ഇറക്കത്തിലും ചെവി ചൂളം വിളിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹോട്ടല്‍ കണ്ടു. അവിടെയും തിരക്കുണ്ട്. അത്യാവശ്യം നല്ലൊരു ഹോട്ടല്‍. ഞങ്ങളവിടെ കയറി ഫ്രഷ് ആയ ഭക്ഷണം കഴിച്ചു തിരിച്ചു. 

തണുപ്പ് പിന്നെയും കൂടി. കൂടെ മഴയും. വാടകക്ക് വാങ്ങിയ കുപ്പായങ്ങളും ഷൂവും ഒക്കെ തിരിച്ചു കൊടുത്തു. താഴ്വരകളും നദിയും ഒക്കെ പിന്നിട്ട് ഞങ്ങള്‍ മണാലി ഹോട്ടലിലെത്തി. അപ്പോഴേക്കും സമയം അഞ്ച് മണി കഴിഞ്ഞു. കുറച്ചു നേരം വിശ്രമിച്ചു. ഏഴ് മണിക്ക് ഷോപ്പിങ്ങിനു മാള്‍ റോഡില്‍ പോകാം എന്നു തീരുമാനിച്ചു. റൂമിലെത്തിയതും എനിക്ക് മനസ്സിലായി പനിയുടെ വരവുണ്ടെന്ന്. നല്ല തലവേദന.  മരുന്നുകളെല്ലാം കരുതിയിരുന്നത് കൊണ്ട് വേഗം തന്നെ ടാബ്ലെറ്റ് കഴിച്ചു.  മഴ ചാറുന്നുണ്ടായിരുന്നു പുറത്ത്. ഞങ്ങളെല്ലാവരും റൂമില്‍ തന്നെ ഇരുന്നു. അന്നത്തെ ദിവസവും തീരുകയാണ്. തണുപ്പും ക്ഷീണവും തലവേദനയുമെല്ലാം ഉറക്കത്തിന് അടിമപ്പെട്ടു. 

(അടുത്ത ഭാഗം നാളെ) 
 

കുല്ലു മണാലി യാത്രാനുഭവം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

പാരീസ് യാത്രാകുറിപ്പുകള്‍
ലണ്ടന്‍ യാത്രാനുഭവങ്ങള്‍