ഛത്തീസ്ഗഢിൽ, ദന്തേവാഡ ജില്ലയിലാണ് ഏറ്റവും കൂടുതൽ നക്സലൈറ്റുകളുള്ളത്. എന്നാൽ, അവരിൽ പലരും പിന്നീട് കീഴടങ്ങുകയുണ്ടായി. അതിനുശേഷമാണ് തങ്ങൾ വരുത്തിയ നാശനഷ്ടങ്ങളുടെ ആഴം അവർക്ക് ബോധ്യപ്പെട്ടത്. ഇന്ന് അവർ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ദന്തേവാഡ ജില്ലയിലെ ഒരു സർക്കാർ സ്കൂൾ നക്സലൈറ്റുകൾ രണ്ട് തവണ തകർത്തിരുന്നു. കീഴടങ്ങിയതിനുശേഷം ഇപ്പോൾ അതേ വിദ്യാലയം അവർ കുട്ടികൾക്കായി പുനർനിർമ്മിക്കുകയാണ്. 

2008 -ലും 2015 -ലുമാണ് വിമതർ ജില്ലയിലെ മസാപാറ പ്രൈമറി സ്കൂൾ തകർത്തത്. അതിനെ തുടർന്ന് കെട്ടിടം ഉപയോഗശൂന്യമായി തീർന്നു. എന്നാൽ, ഇപ്പോൾ അത് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ തയ്യാറാവുകയാണ്. മഞ്ഞ, പിങ്ക്, പച്ച നിറങ്ങളിൽ പുതുതായി ചായം തേച്ച കെട്ടിടം വീണ്ടും കുട്ടികൾക്ക് വെളിച്ചം പകരാനായി തുറക്കും. അതിന് പിന്നിൽ ഒരുകൂട്ടം മുൻനക്സലൈറ്റുകളുടെ അദ്ധ്വാനമാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.  ഇതിനുശേഷം റോഡുകൾ പുനർനിർമിക്കാനും അവർ പദ്ധതിയിടുന്നതായി അതിൽ പറയുന്നു.    

ദന്തേവാഡയിൽ നിന്ന് 10 കിലോമീറ്റർ അകലെയായി മസാപാറയിലെ ഫോറസ്റ്റ് പാച്ചിലാണ് പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2011 -ലെ സെൻസസ് പ്രകാരം, ഈ ജില്ലയിലെ സാക്ഷരത 42 ശതമാനമായിരുന്നു. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ ഈ സ്കൂൾ എല്ലാവരുടെയും അഭിമാനമായിരുന്നു. അതാണ് മാവോയിസ്റ്റുകൾ തകർത്തത്. “ആയുധം ഉപേക്ഷിച്ച ശേഷമാണ് ഞങ്ങൾ വരുത്തിയ വച്ച നാശനഷ്ടങ്ങളെ കുറിച്ച് ഞങ്ങൾക്ക് മനസ്സിലായത്" കീഴടങ്ങിയ മാവോയിസ്റ്റുകളിലൊരാളായ സാന്തു കുഞ്ജം പറഞ്ഞു. തുടർന്ന് അവർക്ക് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുകയും സ്കൂൾ പുനർനിർമ്മിക്കാൻ അവർ മുന്നിട്ട് ഇറങ്ങുകയും ചെയ്‌തു. മൂന്നുമാസം എടുത്തു അവർ പണി പൂർത്തിയാക്കാൻ. “ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ ഇനി ഈ സ്കൂളിലേക്ക് അയയ്ക്കും” കുഞ്ചം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു.

'നാട്ടിലേക്ക് മടങ്ങുക' പ്രചാരണത്തിന്റെ ഭാഗമായി ജൂലൈ 1 -ന് സ്ത്രീകൾ ഉൾപ്പെടെ 18 പേർ കീഴടങ്ങിയതായി ദന്തേവാഡ എസ്പി അഭിഷേക് പല്ലവ പറഞ്ഞു. റെയിൽ‌വേ ട്രാക്കുകൾ‌ നശിപ്പിക്കാനും റോഡുകൾ‌ തകർക്കാനും സ്‌കൂൾ‌ കെട്ടിടങ്ങളും പാലങ്ങളും തകർക്കാനും സംഘം ശ്രമിച്ചിരുന്നു. എന്നാൽ, ഇപ്പോൾ, അവ പുനർനിർമിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തിരിക്കയാണ്.  “വിദ്യാഭ്യാസത്തിന്റെ ആവശ്യകത അവർ ഇന്ന് മനസ്സിലാക്കുന്നു” എസ്പി പറഞ്ഞു. “ഇവിടെ റോഡുകളുടെ ആവശ്യകത വളരെ കൂടുതലാണെന്ന് ഞങ്ങൾക്ക് തോന്നി. കുട്ടികൾക്ക് വിദ്യാഭ്യാസം ആവശ്യമാണ്, യുവാക്കൾക്ക് ജോലി ആവശ്യമാണ്. ഇവയെല്ലാം ഇവിടെ കൊണ്ടുവരാൻ ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യും” കുഞ്ചം പറഞ്ഞു.