Asianet News MalayalamAsianet News Malayalam

'നീയിപ്പോഴും എന്‍റെയും മകന്‍റെയും കൂടെത്തന്നെയുണ്ടല്ലോ', കണ്ണു നനയിക്കുന്നൊരു കുറിപ്പ്

വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ പ്രണയത്തോട് പറഞ്ഞു ഇവിടെ ഇരിക്കാൻ ഒരു കസേരപോലുമില്ല. അടുക്കളയിൽപോയാൽ ഒരു കാപ്പിയിട്ട് കുടിക്കാം ഇടക്ക് കഞ്ഞിയാവും.

face book post of ramesh kumar on memory of his wife
Author
Thiruvananthapuram, First Published Sep 4, 2018, 12:18 PM IST

ഒന്നര വര്‍ഷം മുമ്പ് പ്രിയപ്പെട്ടവള്‍ തന്നെയും മകനെയും വിട്ട് അകലത്തേക്ക് പോയെങ്കിലും, അവളെ കൂടെ ചേര്‍ത്തുനിര്‍ത്തുകയാണ് രമേഷ് കുമാര്‍. ട്യൂമറായിരുന്നു മരണകാരണം. എന്നാല്‍, അവളിപ്പോഴും കൂടെയുണ്ടെന്നും ജീവിതം സന്തോഷം നിറഞ്ഞതാക്കാന്‍ താനും മകനും ശ്രമിക്കുകയാണെന്നും പറയുന്നു രമേഷ്. ഇതിനു മുമ്പും സാമൂഹ്യമാധ്യമത്തിലെ രമേഷിന്‍റെ കുറിപ്പുകള്‍, കണ്ണുകള്‍ നനയിച്ചിരുന്നു. കീമോയ്ക്ക് ശേഷം ഐ.എസ്.എല്‍ കാണാനും, സച്ചിനെ കാണാനുമൊക്കെ പോയ അനുഭവങ്ങളായിരുന്നു അത്. മരണം വരെ അവര്‍ പരസ്പരം സ്നേഹിച്ചും സന്തോഷിപ്പിച്ചും കൂടെ നില്‍ക്കുകയായിരുന്നു. ഭാര്യ മരിച്ച ശേഷം അവളുടേതായ മരിച്ചുപോയവരെ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോയൊന്നും തന്നെ ഞാന്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴും കൂടെയുണ്ടെന്നും രമേഷ് എഴുതിയിരുന്നു.

രമേഷിന്‍റെ വിവാഹ വാര്‍ഷികമാണ് സെപ്തംബര്‍ രണ്ടിന്. അന്നാണ്, രമേഷ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇരുവരുടേയും പ്രണയമാണ് ആ കുറിപ്പില്‍ നിറയെ.

ഫേസ്ബുക്ക് പോസ്റ്റ്: ഒരുപാട് നാളായി ഒരുമിച്ചൊരു ഫോട്ടോ ഇട്ടിട്ട്, കിടക്കട്ടെ ഒരെണ്ണം ചില പ്രിയപ്പെട്ട ദിവസങ്ങളിൽ ഇങ്ങനെയൊക്കെ ചെയ്യുന്നത് നല്ലതാ.

ഒരു കുഞ്ഞി കഥ പറയാം, ഒരു പാതിരാത്രിയിലാണ് പ്രണയം വന്നു വാതിലിൽ മുട്ടിയത്. എപ്പോഴും പറയുന്നപോലെ 'ഇവിടാരുമില്ല പോയിട്ട് പിന്നെ വരൂ' എന്ന് പറഞ്ഞില്ല വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ പ്രണയത്തോട് പറഞ്ഞു ഇവിടെ ഇരിക്കാൻ ഒരു കസേരപോലുമില്ല. അടുക്കളയിൽപോയാൽ ഒരു കാപ്പിയിട്ട് കുടിക്കാം ഇടക്ക് കഞ്ഞിയാവും, ഇടക്ക് ബിരിയാണി, ചിലപ്പോൾ പട്ടിണി... കഷ്ടമാണ് എന്തിനാ വെറുതെ.. വാതിൽ തുറന്നുതന്നെ കിടപ്പാണ് വേണമെങ്കിൽ...'

മറുപടി വന്നു, 'ഇല്ല...പോകുന്നില്ല കൂടാനാണ് തീരുമാനം. എന്നത്തേയും പോലെ കുഞ്ഞുനുള്ളുമ്മകൾ മതി തള്ളവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു കുഞ്ഞ് കുഞ്ഞു നുള്ളുമ്മകൾ. അതിൽ സ്നേഹമുണ്ട്, കരുതലുണ്ട്, അതിൽകൂടുതൽ വേറെന്ത് വേണം.'
'ഓ അപ്പോൾ തീരുമാനിച്ചുറപ്പിച്ചാണല്ലേ ? 'ഉത്തരം, ചിരി.'

വീണ്ടും പറഞ്ഞു, 'ഭ്രാന്തനാണ്, മഴനനയണം, പുഴകാണണം, കടലിൽമുങ്ങണം, കാട് കേറണം, എങ്ങോട്ടെന്നറിയാതെ യാത്രകൾ ചെയ്യണം, കുന്നിന്മുകളിൽകേറി കൂവണം , തണുപ്പുള്ള രാത്രിയിൽ ബൈക്കിലൊരുമിച്ചു പതിയെ കറങ്ങണം, തട്ടുകടയിൽ പോയി കട്ടനും ഓംലെറ്റും കഴിക്കണം, ചൂടുള്ള കട്ടൻ ഊതി കുടിക്കുമ്പോൾ കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിച്ചു നിൽക്കണം, ടെറസിനുമുകളിൽ മാനം നോക്കി കിടക്കണം, മഴത്തണുപ്പിൽ ഉമ്മവെക്കണം, കെട്ടിപിടിക്കണം കഥപറഞ്ഞുറങ്ങണം, ഉറക്കത്തിലും ചേർത്ത് പിടിക്കണം... അങ്ങനെയങ്ങനെ ഒരുപാടുണ്ട്. മുഴുത്ത വട്ട്. സഹിക്കുമോ ? '

ഉത്തരം, 'ആണോ അതിലപ്പുറമാണ് ഞാൻ.' നിറഞ്ഞചിരി .

അങ്ങനെയാണ് രണ്ടു വട്ടുകൾ ചേർന്ന് മുഴുത്തവട്ടു രൂപം കൊള്ളുന്നത്. പിന്നൊന്നും നോക്കീല ഉള്ളംകൈയിലങ്ങിറുക്കിപ്പിടിച്ചു. ഒരു താലിയും കെട്ടി പ്രണയത്തെ കൂടെയങ്ങുകൂട്ടി. ആ ദിവസമാണിന്ന് Sep-2 ആറാംവിവാഹവാർഷികം.

ഇതൊക്കെക്കണ്ട് താനെന്താടോ ഇങ്ങനെയെന്നു ചോദിക്കരുത്. ഞാനിങ്ങനെയാണ്. പണ്ടൊക്കെ ഓരോ ചിത്രങ്ങൾ പോസ്റ്റുചെയ്യുമ്പോൾ ഇടക്കിടക്ക് അവൾ ചോദിക്കും, എത്ര ലൈക്ക് ആയെന്നു. 98 ആയാൽ പറയും 'ശൊ രണ്ടു ലൈക്ക്‌ കൂടെ ആയാൽ നൂറടിക്കും ല്ലെ ?നോക്കിനിൽക്കാതെ മറ്റുള്ളവർക്കും ലൈക്ക്‌ കൊടുക്ക് മോനെ എന്ന്'. ഒടുവിൽ നൂറു ആയാൽ, 'ഓയ് കിച്ചപ്പാ... നമ്മള് നൂറടിച്ചെടാ എന്നും പറഞ്ഞു ഒരു സന്തോഷം ഉണ്ടവൾക്ക്'. കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും സന്തോഷിച്ചിരുന്ന അവൾക്കുവേണ്ടിയാണ്. അവളുടെ സന്തോഷങ്ങളാണിത്. അതാണ് ഞാൻ ഇങ്ങനെയൊക്കെ. സങ്കടവും, കരച്ചിൽ സ്മൈലികളും വേണ്ട. ഇന്നത്തെ ദിവസം സന്തോഷം മാത്രം മതി കേട്ടോ സുഹൃത്തുക്കളെ.

തിരക്കിനിടയിൽ, പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നുപോകരുത്, സ്നേഹിക്കാൻ, പ്രണയിക്കാൻ, ചേർത്തുപിടിക്കാൻ, മറന്നുപോകരുത്. പിന്നെയാവട്ടെ എന്നുകരുതരുത്. മനോഹരമായ ഒരു ജീവിതം ഉണ്ടാവട്ടെ എല്ലാർക്കും. ഞങ്ങള് അച്ഛനും മോനും കൂടെ ഇവിടെ തകർക്കുവാ കേട്ടോ. അപ്പൊ, ഇന്നത്തെ ദിവസം ഞങ്ങൾക്കുവേണ്ടി ഓരോ കെട്ടിപ്പിടുത്തങ്ങളും , ഉമ്മകളും ചേർത്തുപിടിക്കലുകളും നുള്ളുമ്മകളും കൊണ്ട് ആഘോഷമാക്കുക .

ഈ വിവാഹ വാർഷികത്തിന്റെ ഓർമ്മക്കായി ഇതിവിവിടെ കിടക്കട്ടെ ല്ലെ ?

Follow Us:
Download App:
  • android
  • ios