എന്നെ ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ച് മാറിനിന്ന്, " ടീച്ചറുടെ സാരിയിലെ പൂക്കൾ നേരെ കാണ്ന്നുണ്ടോ " എന്ന് ചോദിച്ചു. ഞാൻ പിന്നെയും ഇല്ല എന്ന് തലയാട്ടി കരഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായ വിഷയമായിരുന്നു വിദ്യാര്‍ഥികള്‍ അധ്യാപകന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നത്. അതിന്‍റെ പിന്തുടര്‍ച്ചയെന്നോണം ശ്രീചിത്രന്‍ എം.ജെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് വൈറലാകുന്നത്. കണ്ണ് കാണാതിരിക്കുമ്പോഴും, അമ്മ അടുത്തില്ലാതിരിക്കുമ്പോഴുമെല്ലാം ചേര്‍ത്തു പിടിച്ച അധ്യാപികമാരെക്കുറിച്ചാണ് ശ്രീചിത്രന്‍റെ പോസ്റ്റ്. മൂന്നില്‍ പഠിക്കുമ്പോള്‍ കണ്ണിന്‍റെ കാഴ്ച കുറഞ്ഞു വരുന്നത് കണ്ടുപിടിച്ചത് രാജലക്ഷ്മി ടീച്ചറാണ് എന്ന് പറഞ്ഞ് ടീച്ചറെ കുറിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്.
'ഞാൻ അവരാരുടെയും കാലുപിടിച്ചിട്ടില്ല . അവരാരും എന്നെ കാലു പിടിപ്പിച്ചിട്ടുമില്ല. ചേർത്തുപിടിച്ചിട്ടുണ്ട്. കാലുപിടിപ്പിച്ചിട്ടല്ല ലഘുക്കൾ ഗുരുക്കളാവുക. ചേർത്തു പിടിച്ചിട്ടാണ്. കാലു പിടിപ്പിക്കാനുള്ള അജ്ഞതയുടെ പേരല്ല, ചേർത്തുപിടിക്കാനുള്ള അലിവിന്റെ പേരാണ് യഥാർത്ഥ ഗുരുത്വം.' എന്നും ശ്രീചിത്രന്‍ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: മൂന്നിൽ പഠിക്കുമ്പോഴാണ്. ബോർഡിലേക്ക് നോക്കുമ്പോൾ ആകെ മൂടൽമഞ്ഞ്. ഒന്നും വായിക്കാനാവുന്നില്ല. അടുത്തിരിക്കുന്ന രാഹുലിനോട് 'എന്താ എഴുതിയത്' എന്ന് എന്നും ചോദിക്കുകയാണ്. അവൻ ഇനി പറഞ്ഞുതരില്ല എന്നു പറഞ്ഞിട്ടുണ്ട്. അപ്പുറത്തിരിക്കുന്ന അശ്വതി ഞാൻ നോക്കുമോ എന്ന് വിചാരിച്ച് സ്ളേറ്റ് മറച്ചു പിടിക്കുന്നുണ്ട്. എനിക്കാരേം നോക്കിയെഴുതണ്ട കാര്യമൊന്നുമില്ല. കാണാഞ്ഞിട്ടാണ്. കണ്ണിൽ നിന്ന് വെള്ളമൊഴുകി. നിശ്ശബ്ദമായി കരയാൻ അന്നാണ് പഠിച്ചത്. എഴുതിയവരുടെ സ്ളേറ്റ് പരിശോധിച്ച് രാജലക്ഷ്മി ടീച്ചർ അടുത്തെത്തിയപ്പോൾ ഒഴിഞ്ഞ സ്ലേറ്റ് നെഞ്ചോടടക്കിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
രാജലക്ഷ്മിടീച്ചർ സ്ളേറ്റ് വാങ്ങി നോക്കി. ബഞ്ചിൽ എന്റെ അടുത്തിരുന്ന് സാരിത്തലപ്പു കൊണ്ട് കണ്ണു തുടച്ചു. " അയ്യേ, കരയാണോ, ടീച്ചർക്കറിയാലോ കുട്ടിക്ക് ഇതൊക്കെ എഴുതാനറിയാം ന്ന് " എന്നു പറഞ്ഞു. എന്നെ ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ച് മാറിനിന്ന്, " ടീച്ചറുടെ സാരിയിലെ പൂക്കൾ നേരെ കാണ്ന്നുണ്ടോ " എന്ന് ചോദിച്ചു. ഞാൻ പിന്നെയും ഇല്ല എന്ന് തലയാട്ടി കരഞ്ഞു. അടുത്തു ചേർത്തു പിടിച്ച് " സാരല്ലാട്ടോ, നാളെ വീട്ടിൽന്ന് ആരോടെങ്കിലും വന്ന് ടീച്ചറെ കാണാൻ പറയണം" എന്നു പറഞ്ഞു.
പിറ്റേന്ന് ടീച്ചറുടെ നിർദ്ദേശ പ്രകാരം ഡോക്ടറുടെ അടുത്തു എന്നെ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു. മയോപ്പിയ. വലം കണ്ണിൽ 2.75, ഇടത് 3.75. ഇന്ന് ശരീരത്തിന്റെ ഭാഗമായി മാറിയ കണ്ണട മുഖത്ത് കയറിപ്പറ്റി. ടീച്ചറുടെ സാരിയിലെ പൂക്കളും അക്ഷരങ്ങളും പിന്നെ എന്നും എന്നെ നോക്കി ചിരിച്ചു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ അമ്മമാരുടെ മീറ്റിംഗ്. എന്റെ എല്ലാ കൂട്ടുകാരുടെയും അമ്മമാർ വന്നു. അവരൊക്കെ ഓടിപ്പോയി അമ്മമാരുടെ കൈ പിടിച്ചു. മീറ്റിങ്ങ് തുടങ്ങി. ഇപ്പോഴത്തെ പോലെ അന്നൊരു പെരുമഴ ദിവസമാണ്. ഞാൻ പുറത്തു വന്നിരുന്ന് മഴ നോക്കി കരഞ്ഞുകൊണ്ടിരുന്നു.
അമ്മ അന്ന് മുംബൈയിലാണ്. മാസത്തിൽ ഒന്നോ രണ്ടോ കത്തുകൾ വരും. നീലപ്പൂക്കളുടെ ചിത്രമുള്ള കവറിനുള്ളിലെ കടലാസിൽ "അമ്മേടെ കുട്ടപ്പന് " എന്ന് തുടങ്ങുന്ന വരികൾ. ആ കവർ പൊട്ടിക്കുമ്പോൾ അതിനകത്തെ എയർ ഞാൻ മണത്തു നോക്കും, അമ്മയുടെ മണമുണ്ടോ? സത്യം - അമ്മയുടെ മണം അതിനകത്തുണ്ടാവുമായിരുന്നു. അതൊക്കെയായിരുന്നു അന്നെനിക്കമ്മ. ആ മണത്തെ കൊണ്ടുവന്ന് അമ്മമാരുടെ മീറ്റിംഗിൽ പങ്കെടുപ്പിക്കാൻ പറ്റില്ലല്ലോ.
പിന്നിൽ നിന്ന് ഒരു കൈ വന്നു തോളത്തു വീണു. ബേബിടീച്ചർ. " എന്താ കുട്ടനിവടെ നിൽക്കുന്നത് " എന്നു ചോദിച്ചു. ഞാൻ കരയുന്നത് പെട്ടെന്നു കണ്ടു പിടിച്ച്, '' എന്തിനാ കരയണത് കുട്ടീ " എന്നു പറഞ്ഞ് ചേർത്തു പിടിച്ചു. അതു വരെ പിടിച്ചു നിർത്തിയ കരച്ചിലണ പൊട്ടി. കുറേ നേരം ടീച്ചറുടെ മടിയിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു. ഞാൻ പറയാതെ തന്നെ ടീച്ചർക്ക് അറിയാമായിരുന്നു, എല്ലാം. " ഞാനും മീറ്റിങ്ങിന് കേറുന്നില്ല, നമുക്ക് ഇവിടിരിക്കാം ട്ടൊ" എന്നു പറഞ്ഞ് വൈകുന്നേരം മീറ്റിങ്ങ് കഴിയുന്നവരെ എനിക്കൊപ്പമിരുന്നു. ബേബിടീച്ചറുടെ കൈകൾക്കുള്ളിലെ ചൂട്, മുടിയിൽ വിരലോടിക്കുമ്പോഴുള്ള സുഖം, കയ്യിലുണ്ടായിരുന്ന ചോക്കുമണം -എല്ലാം എനിക്കിപ്പൊഴും ഒന്ന് കണ്ണടച്ചിരുന്നോർത്താൽ അനുഭവപ്പെടും.
ഞാൻ അവരാരുടെയും കാലുപിടിച്ചിട്ടില്ല . അവരാരും എന്നെ കാലു പിടിപ്പിച്ചിട്ടുമില്ല. ചേർത്തുപിടിച്ചിട്ടുണ്ട്. കാലുപിടിപ്പിച്ചിട്ടല്ല ലഘുക്കൾ ഗുരുക്കളാവുക. ചേർത്തു പിടിച്ചിട്ടാണ്. കാലു പിടിപ്പിക്കാനുള്ള അജ്ഞതയുടെ പേരല്ല, ചേർത്തുപിടിക്കാനുള്ള അലിവിന്റെ പേരാണ് യഥാർത്ഥ ഗുരുത്വം.
