നിങ്ങളൊരാളെ വേശ്യയെന്ന് വിളിക്കുമ്പോൾ...

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 12, Sep 2018, 5:11 PM IST
facebook post of preetha about pc georges statement against nun
Highlights

ജോർജിന്റെ മൊത്തം രാഷ്ട്രീയ ബോധ്യമില്ലായ്മയെ ഒരു മാപ്പിൽ അവസാനിപ്പിക്കാൻ എന്തെളുപ്പമാണ്? ലിംഗാധികാര രാഷ്ട്രീയത്തിന്റെ ധാരണകൾ ഒന്നും ആവശ്യമില്ല ജനപ്രതിനിധിക്ക്. ഇത്ര രാഷ്ട്രീയമില്ലാത്തവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ എന്നതു നമുക്കപമാനമല്ല. നമുക്കാകെ അപമാനം തോന്നുന്നത് രതി വിൽക്കുന്ന സ്ത്രീകളെ ഓർത്താണ്. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈം​ഗിക പീഡന പരാതിയിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്ജ് എംഎൽഎ പരാതി നൽകിയ കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ചത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ എംഎൽഎ ക്കെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പരാമർശം വിവാദമായതോടെ അത് തെറ്റായിരുന്നുവെന്നും മാപ്പ് പറഞ്ഞ് പിൻവലിക്കുന്നുവെന്നും പിസി ജോർജ്ജ് അറിയിച്ചിരിക്കുന്നു. 

എന്നാൽ ഇന്നത്തെ പശ്ചാത്തലത്തിൽ ഒരു മാപ്പു കൊണ്ട് തീരുന്നതാണോ പി. സി. ജോർജ്ജ് ചെയ്ത തെറ്റ് എന്ന് ചോദിക്കുകയാണ് പ്രീത ജി പി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. വേശ്യ എന്ന വിളിയിലെ അരാഷ്ട്രീയതയെക്കുറിച്ചാണ് പ്രീത ഈ പോസ്റ്റിൽ‌ ചർച്ച ചെയ്യുന്നത്. 

പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്നെ ഒരാൾ വേശ്യയെന്നു വിളിച്ചാൽ എനിക്കതിലുള്ള പ്രതിഷേധം അങ്ങനെ വിളിക്കപ്പെട്ടതിലല്ല. എന്നെ അത്തരത്തിൽ വിളിക്കാൻ കാരണമായ രാഷ്ട്രീയ ബോധ്യങ്ങളോടാണ്‌. വേശ്യകൾ എന്നു നിങ്ങൾ അധിക്ഷേപിക്കുന്നവർ അഴിമതി നടത്തുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്ന വിഭാഗമല്ല. അവർ മനുഷ്യരാശിയുടെ നിലനിൽപ്പിനെ ബാധിക്കുന്നതോ അല്ലങ്കിൽ മനുഷ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരോ അല്ല. അവർ വിൽക്കുന്നത് രതിയാണ്. നിങ്ങളുടെ ലൈംഗിക ദാരിദ്ര്യ സമൂഹത്തിന്റെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട കച്ചവടം. വിൽക്കുന്നവരായിട്ടും പലയിടത്തും ചൂഷണം ചെയ്യപ്പെടുന്നവർ. അപമാനം നേരിടുന്നവർ. അവർ ആരും കസ്റ്റമറെ അന്വേഷിച്ചു നിങ്ങളുടെ വീടുകളിൽ വരാറില്ല എന്നിട്ടും.

നിങ്ങളുടെ സമൂഹത്തിൽ നടക്കുന്ന വ്യവഹാരങ്ങളുടെ തന്നെ എക്സ്റ്റെൻഷനാണത്. സാമൂഹിക അംഗീകാരം ലഭിക്കാത്ത മറ്റൊരു രീതിയാണത്. ഭർത്താവിനെ വിലക്കു വാങ്ങുന്നവർ, ഭാര്യയെ വിലക്കു വാങ്ങുന്നവർ ഒക്കെയാണ് ലൈംഗികത വിൽക്കുന്നവളെ പരിഹസിക്കുന്നത്. നിങ്ങളുടെ ഉദാത്ത ഭാര്യാഭർതൃ ബന്ധം കൊടുക്കൽ വാങ്ങലുകളിൽ അധിഷ്ഠിതമായ ഒറ്റ പങ്കാളി ബന്ധം എന്താണ്. നിങ്ങൾ ഒപ്പു വയ്ക്കുന്ന ഒരു കരാറിൽ നിലനിൽക്കുന്ന ബന്ധങ്ങൾ. ആ കരാർ ജീവിതകാലം മുഴുവൻ ഉള്ള ലൈംഗിക പങ്കാളിയുമായുള്ള കരാർ ആണ്. 

വൈകാരികവും ലൈംഗികവും സാമ്പത്തികവുമായ എന്തെല്ലാം കൊടുക്കൽ വാങ്ങലുകളുടെ അലിഖിത/ലിഖിത കരാറുകൾ നിറഞ്ഞ ഒരു ബന്ധമാണ് നിങ്ങളുടേത്. ആ അർത്ഥത്തിൽ നിങ്ങൾ പറയുന്ന വേശ്യാവൃത്തി ഒറ്റ ദിവസത്തെ മാത്രം കരാറാണ്. അതിനു സാമൂഹിക അംഗീകാരം ഇല്ലായെന്നു മാത്രം. അതുകൊണ്ടാണു എംഗൽസ് 'monogamy and prostitution are two sides of the same coin' എന്നു പറഞ്ഞത്. വിവാഹം എന്ന ഓമനപ്പേരിലറിയപ്പെടുന്ന സംവിധാനം വേശ്യാവൃത്തി തന്നെയാണ്. സാമൂഹിക അംഗീകാരവും മാന്യതയും ഉണ്ടന്നു മാത്രം.

നിങ്ങൾ ഒരാളെ വേശ്യയെന്നു വിളിക്കുമ്പോൾ അപമാനിക്കുന്നത് വിളിക്കപ്പെടുന്ന സ്ത്രീയല്ല. ആ തൊഴിൽ ചെയ്യുന്ന സ്ത്രീകളാണ്. ലൈംഗികത വാങ്ങുന്നവനാണു ആ പദം ഉപയോഗിക്കുന്നത് എന്നിടത്താണതിന്റെ മനുഷ്യത്വരഹിതമുഖം മറഞ്ഞിരിക്കുന്നത്. പാട്രിയാർക്കൽ അജണ്ടകൾ ഒളിഞ്ഞിരിക്കുന്നത്. വാങ്ങാൻ ആളുള്ളതു കൊണ്ടു മാത്രം വിൽക്കപ്പെടുന്ന ഒന്നിനെ വാങ്ങുന്നവൻ തന്നെ പരിഹസിക്കുന്ന വിരോധാഭാസം.

അതുകൊണ്ട് ജോർജിന്റെ മൊത്തം രാഷ്ട്രീയ ബോധ്യമില്ലായ്മയെ ഒരു മാപ്പിൽ അവസാനിപ്പിക്കാൻ എന്തെളുപ്പമാണ്? ലിംഗാധികാര രാഷ്ട്രീയത്തിന്റെ ധാരണകൾ ഒന്നും ആവശ്യമില്ല ജനപ്രതിനിധിക്ക്. ഇത്ര രാഷ്ട്രീയമില്ലാത്തവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ എന്നതു നമുക്കപമാനമല്ല. നമുക്കാകെ അപമാനം തോന്നുന്നത് രതി വിൽക്കുന്ന സ്ത്രീകളെ ഓർത്താണ്. ആയുധ കച്ചവടം വരെ മാന്യമായ തൊഴിലാണ്.


 

loader