Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ ഷംസുദ്ദീനും  ആരാധകരായ അറബികളും!

ഷാര്‍ജയിലെ കഫറ്റീരയില്‍ എത്തുമ്പോള്‍ റോഡരികില്‍ വാഹനങ്ങളുടെ നീണ്ട നിര. കാറുകളും ഫോര്‍ വീലറുകളുമെല്ലാമുണ്ട്. ചായകുടിക്കാന്‍ വന്നവരാണ്. അതിനുമപ്പുറം അലി ബഹ്‌റിന്റെ ഛായയുള്ള ഷംസുദ്ദീനെ കാണാന്‍ വന്നവര്‍.

faisal bin ahmed column on Ali Bahar
Author
Dubai, First Published Apr 24, 2017, 4:27 PM IST

faisal bin ahmed column on Ali Bahar
 

അലി ബഹര്‍ മനോഹരമായി പാടുകയാണ്. സാദിഖിന്റെ മൊബൈലില്‍ നിന്നാണ് പാട്ട്. പ്രശസ്ത ബഹ്‌റിന്‍ ഗായകനും സംഗീതജ്ഞനുമാണ് അലി ബഹര്‍. അറബികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകന്‍. അറബ് ബോബ് മാര്‍ലി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

സാദിഖിനെ ഇപ്പോള്‍ കണ്ടുമുട്ടിയതേ ഉള്ളൂ. ബര്‍ദുബായിലെ തെരുവിലൂടെ നടക്കുമ്പോള്‍ ടെലിവിഷനില്‍ കണ്ട മുഖപരിചയത്തില്‍ അദ്ദേഹം എന്റെ അടുത്തെത്തുകയായിരുന്നു. നിങ്ങള്‍ക്ക് റിപ്പോര്ട്ട്  ചെയ്യാന്‍ പറ്റിയ ഒന്നുണ്ടെന്ന് പറഞ്ഞ് കാണിച്ച് തന്നതാണ് അലി ബഹറിന്റെ ഈ വീഡിയോ ഗാനം. ഇതില്‍ എന്ത് പ്രത്യേകതയെന്ന് ചോദിക്കാനായി മുഖമുയര്‍ത്തുമ്പോഴേക്കും അടുത്ത വീഡിയോ കാണിച്ചു സാദിഖ്. 

മലയാളം പറയുന്ന അലി ബഹര്‍! നല്ല മലപ്പുറം ശൈലിയില്‍ അലി ബഹര്‍ സംസാരിക്കുന്ന വീഡിയോ. ഇതെങ്ങനെ? മലയാളം സംസാരിക്കുന്ന ചില അറബികളെ അറിയാം. ബഹ്‌റിന്‍ സ്വദേശിയായ ഇദ്ദേഹവും അങ്ങിനെ പഠിച്ചതാവുമോ. പക്ഷേ ഇതങ്ങിനെയല്ല. ഒരു മലയാളി സംസാരിക്കുന്ന അതേ ലാഘവത്തോടെ തന്നെ പ്രശസ്ത ഗായകന്‍ മലയാളം പറയുന്നു! 

faisal bin ahmed column on Ali Bahar അലി ബഹര്‍

ചോദ്യത്തിനായി തുടങ്ങുമ്പോഴേക്കും സാദിഖ് ചെറുചിരിയോടെ മറുപടി പറഞ്ഞു. ഇദ്ദേഹം അലി ബഹറല്ല. മലയാളിയാണ്. ഷാര്‍ജയില്‍ കഫറ്റീരിയ നടത്തുന്നു. പേര് ഷംസുദ്ദീന്‍. 

അപ്പോള്‍ അതാണ് കാര്യം. അലി ബഹറിന്റെ  അപരനാണ് കക്ഷി. കഫറ്റീരിയയിലെ ഫോണ്‍ നമ്പറും തന്ന് കാണാമെന്ന് പറഞ്ഞ് സാദിഖ് ബര്‍ദുബായിലെ ജനക്കൂട്ടത്തില്‍ അലിഞ്ഞു. 

അന്ന് തന്നെ 'മലയാളി അലി ബഹ്‌റിനെ' വിളിച്ചു. പിറ്റേ ദിവസം കൂടിക്കാഴ്ചയും ഉറപ്പിച്ചു. 

ഷാര്‍ജയിലെ കഫറ്റീരയില്‍ എത്തുമ്പോള്‍ റോഡരികില്‍ വാഹനങ്ങളുടെ നീണ്ട നിര. കാറുകളും ഫോര്‍ വീലറുകളുമെല്ലാമുണ്ട്. ചായകുടിക്കാന്‍ വന്നവരാണ്. അതിനുമപ്പുറം അലി ബഹ്‌റിന്റെ ഛായയുള്ള ഷംസുദ്ദീനെ കാണാന്‍ വന്നവര്‍.

മലപ്പുറം വേങ്ങര കിളിനക്കോട് സ്വദേശിയാണ് ഷംസുദ്ധീന്‍. അലി ബഹറിന്റെ  അതേ ഛായ ഇദ്ദേഹത്തേയും പ്രശസ്തനാക്കിയിരിക്കുന്നു. ഗായകനെ ഇഷ്ടപ്പെടുന്ന നിരവധി അറബികളാണ് ഷംസുദ്ധീന്റെ കടയില്‍ എത്തുന്നത്. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തി  അവര്‍ ചായ കുടിക്കുന്നു. ഷംസുവിന് ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നു. ചിലരാകട്ടെ ഇദ്ദേഹത്തെക്കൊണ്ട് പാട്ട് പാടിപ്പിച്ച് മൈബൈലില്‍ പകര്‍ത്തുന്നു. കേട്ടറിഞ്ഞ് വെറുതേ ഒന്ന് കാണാന്‍ വേണ്ടി വന്നവരുമുണ്ട്. 

ചിലര്‍ അഭിവാദ്യം ചെയ്ത് തിരിച്ച് പോകുന്നു. മറ്റ് ചിലര്‍ വന്നത് കൂട്ടുകാരേയും കൂട്ടി. ആകെക്കൂടി ഉത്സവ മേളം. ദിവസവും വൈകുന്നേരങ്ങളില്‍ ഇത് തന്നെയാണ് കാഴ്ചയെന്ന് തൊട്ടടുത്തുള്ള കച്ചവടക്കാര്‍. പലപ്പോഴും ഈ കഫറ്റീരിയയ്ക്ക് മുമ്പില്‍ ട്രാഫിക് ജാം ഉണ്ടാവുകയും പോലീസ് എത്തുകയും ചെയ്യുന്നു. 

 

അലി ബഹറിനെക്കുറിച്ച് ഷംസുദ്ധീന്‍ അറിയുന്നത് അറബികള്‍ പറഞ്ഞാണ്. തങ്ങളുടെ പ്രിയ ഗായകനപ്പോലെയുണ്ടെന്ന് പറഞ്ഞ് സംഗീത വീഡിയോ കാണിച്ചതോടെയാണ് ശരിയാണല്ലോ എന്ന് ഷംസുദ്ധീനും തോന്നിയത്. എവിടെയൊക്കയോ സാമ്യം. 

ഒരു പാട്ടുപാടൂ എന്ന് വരുന്നവര്‍ പറയാന്‍ തുടങ്ങിയതോടെ അതുവരെ പാടിയിട്ടില്ലാത്ത ഈ മലപ്പുറംകാരന്‍ അലി ബഹ്‌റിന്റെ ഗാനങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ആവശ്യം ഉന്നയിക്കുന്ന അറബികള്‍ക്ക് മുന്നില്‍ അങ്ങിനെ അലിയുടെ ഗാനങ്ങളുടെ ആദ്യവരികള്‍ മൂളാന്‍ തുടങ്ങി ഷംസുദ്ദീന്‍. 

'അവര്‍ക്ക്  അലി ബഹ്‌റിനോടുള്ള ഇഷ്ടം എന്നോടാണ് പ്രകടിപ്പിക്കുന്നത്. പാട്ടുപാടൂ എന്ന് ആവശ്യപ്പെടുമ്പോള്‍, അറിയില്ല എന്ന് പറഞ്ഞ് നിരാശപ്പെടുത്തേണ്ടല്ലോ അറബിപ്പാട്ടുകള്‍ പഠിച്ചതിനെക്കുറിച്ച് ഈ കഫറ്റീരിയക്കാരന്റെ കമന്റ്.

ഒരു ചായയും കുടിച്ചാണ് ഷംസുദ്ധീന്റെ കഥ കേട്ടിരിക്കുന്നത്. ഇടയ്ക്ക് അറബികള്‍,കൂടെ നിന്ന് ഫോട്ടോയെടുക്കാനും കുശലങ്ങള്‍ പറയാനും എത്തുമ്പോള്‍ കഥ മുറിയുന്നു. 

നേരത്തെ ഒരു കഫറ്റീരിയയില്‍ ജീവനക്കാരനായിരുന്നു ഷംസു.അന്ന് ഈ മലയാളി അലി ബഹ്‌റിനെ ഇത്രയധികം ആളുകള്‍ക്ക് അറിയില്ലായിരുന്നു. എങ്കിലും കൂടെ നിന്ന് ഫോട്ടോയെടുപ്പും കാണാനായുള്ള വരവും അന്നുമുണ്ടായിരുന്നു.  

ജോലി ഭാരം മൂലം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതാണ് ഷംസുദ്ധീന്‍. മടങ്ങി എന്ന് തന്നെ പറയുന്നതാണ് ശരി. പലപ്പോഴും പതിനാല് മണിക്കൂറും അതിലധികവുമായിരുന്നു ജോലി. അവധി ഇല്ലാത്ത അവസ്ഥയും. അതുകൊണ്ട് തന്നെ വിസ തീര്‍ന്നപ്പോള്‍ എല്ലാ അവസാനിപ്പിച്ച് ഈ യുവാവ് നാട്ടിലേക്ക് മടങ്ങി.നാട്ടില്‍ ചെറിയ ഒരു കടയോ മറ്റോ ഇട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു.

ആ ദിവസങ്ങളിലൊന്നിലാണ് ഷാര്‍ജയില്‍നിന്ന് വിളിയെത്തുന്നത്. 'നീ ഇങ്ങോട്ട് വരണം. ഞാനിവിടെ ഒരു ജോലി ശരിയാക്കിത്തരാം'. വിളിച്ചത് ഷാര്‍ജയിലെ ഒരു കടുത്ത അലി ബഹര്‍ ആരാധകനാണ്. അയാള്‍ എങ്ങിനെയൊക്കയോ ഷംസുവിന്റെത ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയായിരുന്നു. 'എനിക്കൊന്ന് ആലോചിക്കണം'. അങ്ങനെ പറഞ്ഞ് അന്ന് ഷംസു ഒഴിഞ്ഞ് മാറി.

പിന്നെയും ആ യു.എ.ഇ സ്വദേശിയുടെ തുടരെത്തുടരെയുള്ള ഫോണ്‍ വിളികള്‍. ഷാര്‍ജയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഈ അലി ബഹര്‍ ഫാന്‍. 
ഒടുവില്‍ അദ്ദേഹത്തിന്റെ  നിര്‍ബന്ധത്തിന് വഴങ്ങി ഷംസുദ്ദീന്‍ വീണ്ടും ഷാര്‍ജയിലേക്ക്. വെറും ഒരു ജോലി പ്രതീക്ഷിച്ച് എത്തിയ ഈ യുവാവിന് ഒരു കഫറ്റീരിയ തന്നെ ഇട്ടുകൊടുത്തു ആ അറബി. അലി ബഹറിനെ അത്രയധികം ഹൃദയത്തോട് ചേര്‍ത്തിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അലി ബഹ്‌റിന്റെ ഛായയുള്ള ഷംസുദ്ദീനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിനും പരിധിയില്ലായിരുന്നു. ഷംസുദ്ദീന്‍ അങ്ങിനെ കഫറ്റീരിയ ഉടമയായി. 

ഈ മുഖഛായ കൊണ്ട് ഷംസുദ്ദീന്റെ് ചായക്കച്ചവടം പൊടിപൊടിക്കുകയാണ്. ഒരു സാധാരണ കഫറ്റീരിയയില്‍ ദിവസവും 300-400 ചായകളാണ് വിറ്റുപോകുന്നതെങ്കില്‍ 5000 ചായകള്‍ വിറ്റ ദിവസങ്ങളുണ്ട് ഈ കഫറ്റീരിയയില്‍. വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന അറബികള്‍ വരെ ഇപ്പോള്‍ ഈ 'മലയാളി അലി ബഹ്‌റിന്റെ' സുഹൃത്തുക്കളാണ്. 

faisal bin ahmed column on Ali Bahar

അതുകഴിഞ്ഞ് വര്‍ഷങ്ങള്‍. 2011 ജൂലൈയില്‍ ഗായകന്‍ അലി ബഹര്‍ മരിച്ചു.  അമ്പത്തിയൊന്നാം വയസില്‍ അസുഖത്തെ തുടര്‍ന്ന്  ബഹ്‌റിനില്‍ വച്ചായിരുന്നു അന്ത്യം. 

മരണ വിവരം അറിഞ്ഞപ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തിയത് ഷംസുദ്ദീന്റെ മുഖമാണ്. മരണ വിവരം അറിയിക്കാനും ഷംസുവിന്റെന അഭിപ്രായം എടുക്കാനും വിളിക്കാന്‍ തീരുമാനിച്ചു. മൈബൈലില്‍ തിരഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ നമ്പര്‍ കാണാനില്ല. എവിടെയോ ഒരു പുസ്തകത്തില്‍ നമ്പര്‍ എഴുതി വച്ചതായാണ് ഓര്‍മ്മ. പുസ്തകം മുഴുവനും പരതി ഷംസുവിന്റെന നമ്പര്‍ മാത്രമില്ല. ഇതെന്ത് സംഭവിച്ചു?

faisal bin ahmed column on Ali Bahar ചിത്രീകരണം: വി.പി ഇസ്ഹാഖ്

അന്ന് ബര്‍ദുബായില്‍ കണ്ട സാദിഖിന്റെ നമ്പറിനായി പരതി. അതും വിഫലം. അദ്ദേഹത്തിന്റെ  നമ്പര്‍ വാങ്ങിയിരുന്നില്ല എന്നതാണ് നേര്. 
ഇതേ വാര്‍ത്ത എമിറേറ്റ്‌സ് 24 7 എന്ന ഇംഗ്ലീഷ് പത്രത്തില്‍ വി.എം സതീഷ് റിപ്പോര്‍ട്ട്  ചെയ്തിരുന്നു. അദ്ദേഹത്തോടും ഷംസുദ്ധിന്റെ നമ്പര്‍ തിരക്കി. സതീഷിന്റെ കയ്യിലുമില്ല ഫോണ്‍ നമ്പര്‍. 

ഇനിയെങ്ങനെ കാണും നമ്മുടെ മലയാളി അലിയെ? അവിടെ വരെ പോകുക തന്നെ. പക്ഷേ അപ്പോഴും പ്രശ്‌നം. ഷംസുദ്ധീന്റെ. ആ കഫറ്റീരിയ എവിടെയാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ആലോചിച്ചിട്ട് ഒരു ഓര്‍മ്മയും കിട്ടുന്നില്ല. കൂടെ വന്ന ക്യാമറാമാന്‍ മധുവിനോട് ചോദിച്ചു. അവനും ഓര്‍ത്തെടുക്കാനാവുന്നില്ല. 

ഇതെന്താണ് ഇങ്ങനെ? ഒരാളെ ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ് പോകുന്നത് എന്തുകൊണ്ടാണ്?

അലി ബഹര്‍ എന്ന അറബ് ഗായകനോട് ഒരു പക്ഷേ ഏറ്റവും അടുത്ത് നില്‍ക്കുന്ന മലയാളി, ഷംസുദ്ധീന്‍ ആയിരിക്കണം.തനിക്ക് ഒരു നല്ല ജീവിത മാര്‍ഗം തുറന്ന് തന്നെ ഗായകനോട് എന്നും കടപ്പെട്ടിരിക്കുന്നവന്‍. 

അദ്ദേഹം ഇപ്പോഴും ഷാര്‍ജയില്‍ ചായക്കട നടത്തുന്നുണ്ടാവണം. അറബികള്‍ ഫോട്ടോയെടുക്കാനും പാട്ടുപാടിക്കാനും എത്തുന്നുമുണ്ടാവണം. തങ്ങളുടെ പ്രിയപ്പെട്ട അലി ബഹര്‍ മരിച്ചെങ്കിലും ഈ ചായക്കടക്കാരനിലൂടെ ജീവിക്കുന്നുണ്ടല്ലോ എന്ന് അറബികള്‍ സമാധാനിക്കുന്നുണ്ടാവും!

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!

യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!

അറബിയെ പോറ്റിയ മലയാളി!

മരിച്ചത് എന്റെ ശത്രുവായിരുന്നു; എന്നെ ദുബായ് ജയിലിലാക്കിയ സുഹൃത്ത്!

റാസല്‍ ഖൈമയിലെ ഈ ഗ്രാമത്തില്‍ രാത്രികളില്‍ ആരും പോവാറില്ല!

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സും രണ്ട് മലയാളികളും!


 

Follow Us:
Download App:
  • android
  • ios