Asianet News MalayalamAsianet News Malayalam

കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

favourate teacher Sruthi Rajesh
Author
Thiruvananthapuram, First Published Nov 2, 2017, 3:16 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

favourate teacher Sruthi Rajesh

എന്തുവാടോ അവിടെ കണ്ടോണ്ടിരിക്കുന്നത്, ക്ലാസ്സിലിരുന്നു സ്വപ്നം കാണുവാ?'

പ്ലസ് വണ്ണിന്റെ ക്ലാസ്സ് ആരംഭിച്ച ആദ്യ ദിവസം രണ്ടാം നിലയിലെ മലയാളം ക്ലാസ്സിലെ നീളന്‍ ബെഞ്ചിന്റെ ഓരം ചേര്‍ന്നിരുന്നു സ്‌കൂളിനെ തൊട്ടുതൊട്ടില്ല എന്നമട്ടിലൊഴുകുന്ന കായംകുളം തോട്ടിലേക്ക് നോക്കി സ്വപ്നം കണ്ടിരുന്ന എന്നോട് കനകലത ടീച്ചര്‍ ചോദിച്ച ചോദ്യമായിരുന്നു ഇത്. എങ്ങനെ ചോദിക്കാതെയിരിക്കും. ആദ്യ ദിവസത്തെ ക്ലാസ്സ് ആണ്. കണക്കിന് പകരം ഐച്ഛിക വിഷയമായി മലയാളം എടുത്തത് ആകെ പത്തോ പതിനഞ്ചോ കുട്ടികള്‍. അവരോടു ആ വര്‍ഷത്തെ സിലബസൊക്കെ പറയുന്നതിനിടയിലാണ് ഒരാള്‍ മാത്രം ഈ സ്വപ്നവും കണ്ടിരിക്കുന്നത്.

പ്ലസ് വണ്ണിനും പ്ലസ് ടൂവിനും സയന്‍സ് സ്ട്രീം എടുത്താലും മലയാളം കണക്കിന് പകരമായി എടുത്തു പഠിക്കാനുള്ള ഒരു സൗകര്യം സിബിഎസ്ഇ സ്‌കൂളുകളില്‍ ഉണ്ടായിരുന്നു. ആ സുവര്‍ണ്ണവസരമാണ് ഞാന്‍ ഉള്‍പ്പടെ 'ഭൂഗോളത്തിന്റെ സ്പന്ദനം' കണക്കില്‍ അല്ലെന്നു 'പ്രഖ്യാപിച്ച' കുറച്ചു പേര്‍ അവിടെ വിനിയോഗിച്ച് കൊണ്ടിരിക്കുന്നത്. അതായത് മറ്റു സയന്‍സ് ബാച്ചിലെ കുട്ടികള്‍ കണക്കു പഠിക്കുമ്പോള്‍ ഞങ്ങള്‍ അതിനു പകരം മലയാളം പഠിക്കും.

'താന്‍ ഞാന്‍ ഇവിടെ പറഞ്ഞത്വല്ലതും കേട്ടോ?'. ടീച്ചര്‍ ചൂടിലാണ്. ഉവ്വെന്നു ഞാന്‍ തലയാട്ടി. 'എന്നാല്‍ വാ, ഇങ്ങു എഴുനേറ്റ് വാ, അവിടെ ഇരുന്നത് മതി, എന്റെ മുന്നിലെ സീറ്റില്‍ വന്നിരുന്നോ'. എന്നെ വിടാന്‍ ടീച്ചര്‍ക്ക് ഭാവമില്ലെന്നു മനസ്സിലായി. ഞാന്‍ ടീച്ചറിന്റെ മുന്നിലുള്ള സീറ്റില്‍ വന്നിരുന്നു.പക്ഷെ ടീച്ചര്‍ എന്നെ വഴക്കൊന്നും പറഞ്ഞില്ല. പിന്നെ എന്നും എന്റെ സീറ്റ് ടീച്ചറിന്റെ മുന്നില്‍ തന്നെയായിരുന്നു എന്ന് മാത്രം.

കനകലത ടീച്ചറെ എനിക്ക് നേരത്തെ അറിയാം. കായംകുളം എസ് എന്‍ സെന്‍ട്രല്‍ സ്‌കൂള്‍, അതാണ് എന്റെ വിദ്യാലയം. പ്ലസ് ടു വരെ ഞാന്‍ പഠിച്ച എന്റെ സ്‌കൂള്‍. ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന കാലത്ത് തൊട്ടേ കനകലത ടീച്ചറിനെ കണ്ടു പരിചയമുണ്ട്.പക്ഷെ ഒരിക്കല്‍ പോലും ടീച്ചര്‍ ഞങ്ങളുടെ ഡിവിഷനിലെ കുട്ടികള്‍ക്ക് മലയാളം പഠിപ്പിച്ചിട്ടില്ല. പ്ലസ് വണ്ണിനു ക്ലാസ്സ് ആരംഭിക്കുന്ന ദിവസമായിരുന്നു ഇനിയുള്ള രണ്ടു വര്‍ഷവും മലയാളം പഠിപ്പിക്കുന്നത് ടീച്ചര്‍ ആണെന്ന് അറിയുന്നത്. ടീച്ചറെ കുറിച്ചു നേരത്തെ മറ്റു ക്ലാസ്സുകളിലെ കുട്ടികള്‍ വളരെ സ്‌നേഹത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. അന്നൊക്കെ ടീച്ചറെ ഒരിക്കല്‍ പോലും ഞങ്ങളെ പഠിപ്പിക്കാന്‍ വിട്ടില്ലല്ലോ എന്നോര്‍ത്തതുമാണ്, ആ കുറവ് ഇതാ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് സന്തോഷിച്ചിരുന്നപ്പോഴാണ് തുടക്കത്തിലെ ഈ കല്ലുകടി.

പത്താം ക്ലാസ്സ് പാസായതോടെ ഞാനൊരു കാര്യം തീരുമാനിച്ചു. ഇനി ഈ ഭാരം എനിക്ക് ചുമക്കാന്‍ വയ്യ.

കണക്കിനെ പേടിച്ചാണ് ഞാന്‍ പ്ലസ് വണ്ണിനു മലയാളം എടുത്തത്. യുപി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലം മുതല്‍ കണക്കായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രു. കണക്കിനേയും കണക്ക് അധ്യാപകരെയും എന്തിനു നന്നായി കണക്കറിയാവുന്ന സകലരെയും ഞാന്‍ വെറുത്തു.വാര്‍ഷിക പരീക്ഷകളില്‍ കണക്കിന് തോല്‍ക്കാതെ കയ്യാലെ പുറത്തെ തേങ്ങ പോലെ ഞാന്‍ എങ്ങനെയെങ്കിലും ഒക്കെ പത്താം ക്ലാസ്സ് വരെ കണക്കിന് കഷ്ടിച്ചു ജയിച്ചു. മറ്റു വിഷയങ്ങള്‍ക്കെല്ലാം നല്ല മാര്‍ക്ക് വാങ്ങിയാല്‍ പോലെ 'കണക്കറിയാത്തവള്‍' എന്ന അപകര്‍ഷതാബോധം അക്കാലത്ത് എന്റെ കുഞ്ഞുമനസ്സിനെ കുറച്ചൊന്നുമല്ല നോവിച്ചത്. ആ വേദനയില്‍ നിന്നുണ്ടായ വെറുപ്പില്‍ ഞാന്‍ എന്റെ ശത്രുവിനെ കൂടുതല്‍ കൂടുതല്‍ വെറുത്തു. (a+b) 2 ഉം (ab) 2 ഉം എല്ലാം എന്നെ നിരന്തരം വേട്ടയാടിയ കാലം....

പത്താം ക്ലാസ്സ് പാസായതോടെ ഞാനൊരു കാര്യം തീരുമാനിച്ചു. ഇനി ഈ ഭാരം എനിക്ക് ചുമക്കാന്‍ വയ്യ.കണക്കിന് പകരം മലയാളം എടുത്തു പഠിക്കുന്നത് ലോകത്തിലെ ഏറ്റവും മോശം കാര്യമാണ് എന്ന മട്ടായിരുന്നു എന്റെ തീരുമാനം കേട്ട മിക്കവര്‍ക്കും. എന്ട്രന്‍സ് പരീക്ഷ എഴുതി എഞ്ചിനീയറോ ഡോക്ടറോ ഒക്കെയാകാന്‍ മാത്രം ജനിക്കുന്നവരായിരുന്നു അന്നും മിക്കവരും. ഞാന്‍ മാത്രം കൂട്ടത്തിലെ കള. കണക്കെടുത്തില്ലെങ്കില്‍ ഫിസിക്‌സ് പോലും പഠിക്കാന്‍ കഴിയില്ലെന്ന് ചില ടീച്ചര്‍മാര്‍ കൂടി പറഞ്ഞതോടെ എല്ലാം തീര്‍ന്നു എന്ന മട്ടിലാണ് ഞാന്‍ ആദ്യ ദിവസം മലയാളം ക്ലാസ്സിലേക്ക് പോയതെന്ന് എന്നെ പിടിച്ചു മുന്‍സീറ്റില്‍ ഇരുത്തിയ കനകലത ടീച്ചര്‍ക്ക് അറിയാമോ? പിന്നെ ആകെയോരാശ്വാസം ഞാന്‍ മലയാളം ക്ലാസ്സിലെ 'ഏകവിദ്യാര്‍ത്ഥിയായി' പഠിക്കേണ്ടി വരുമെന്ന് കരുതി വന്നപ്പോള്‍ കൂട്ടിനു എന്നെ പോലെ ചില കണക്കുവിരോധികളെ കൂടി കിട്ടിയല്ലോ എന്നത് മാത്രമായിരുന്നു.പക്ഷെ ആ മലയാളം ക്ലാസ്സിലെ ഓരോ കുട്ടികളും ഒന്നിനൊന്നു മികച്ചവര്‍ ആയിരുന്നു എന്നതായിരുന്നു സത്യം..

'മലയാളംഎടുത്താല്‍ ഭാവി പോകുമെന്ന് എല്ലാരും പറയുന്നു ടീച്ചറെ..സത്യാണോ' എന്നൊരിക്കല്‍ എന്റെയുള്ളിലെ ആത്മവിശ്വാസത്തിന്റെ അവസാന ആണിയും ഇളകിയൊരുനാള്‍ സങ്കടത്തോടെ ഞാന്‍ ചോദിച്ചപ്പോള്‍ 'ആരാ ഇതൊക്കെ നിന്നോട് പറഞ്ഞത്, ഇഷ്ടമില്ലാത്തത് എടുത്തു പഠിച്ചിട്ടു കഷ്ടപ്പെടുന്നതിലും നല്ലതല്ലേ ഇഷ്ടമുള്ളതു പഠിച്ചു മിടുക്കിയാണെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിക്കുന്നത്' എന്നു എന്റെ തോളില്‍ തട്ടി കൊണ്ട് ടീച്ചര്‍ പറഞ്ഞത് ഇന്നും ഓര്‍മ്മയുണ്ട്.

ദിവസങ്ങള്‍ പോകും തോറും ഞാന്‍ ടീച്ചറോട് കൂടുതല്‍ കൂടുതല്‍ അടുത്തു. ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമാണ് മലയാളം ക്ലാസ്സ്. എല്ലാ ദിവസവും ഞാന്‍ ആ ക്ലാസിനു വേണ്ടിയാണ് കാത്തിരുന്നതും. എഴുത്തും വായനയും ഒക്കെ അന്ന് ആരുമറിയാതെ നടത്തുന്ന ചില സംഭവങ്ങള്‍ ആണ് എനിക്ക്. മലയാളം ബുക്കിലെ അവസാനപേജ് ആയിരുന്നു അന്ന് എന്റെ കഥാരചനയ്ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നത്. ഒരുനാള്‍ എന്തിനോ എന്റെ പുസ്തകം വാങ്ങിയപ്പോഴാണ് ആദ്യമായി ടീച്ചര്‍ ആ കലാകൊലപാതകങ്ങള്‍ കണ്ടതെന്ന് തോന്നുന്നു.

'നീ എഴുതുമോ, എന്നിട്ടെന്തേ പറഞ്ഞില്ല' എന്നും പറഞ്ഞു ഞാന്‍ എഴുതിയതെല്ലാം ടീച്ചര്‍ വായിച്ചു. അഭിപ്രായമൊന്നും പറഞ്ഞില്ല പക്ഷെ ആ വര്‍ഷത്തെസിബിഎസ്‌സി യുവജനോല്‌സവത്തിനു എന്നോട് ചോദിക്കാതെ തന്നെ ടീച്ചര്‍ കഥാരചനയ്ക്ക് എന്റെ പേര് കൊടുത്തു. 'എനിക്ക് അങ്ങനെയൊന്നും എഴുതാന്‍ അറിയില്ല ടീച്ചറെ' എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ ഞാന്‍ തീരുമാനിച്ചോളാം, നീ പോയിട്ട് വന്നാല്‍ മാത്രം മതിയെന്നാണ് ടീച്ചര്‍ പറഞ്ഞത് ..

ഒരിറ്റു പോലും ആത്മവിശ്വാസം ഇല്ലാതെ ആ മത്സരത്തിനു പോയ എനിക്ക് കഥാരചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് 'ഇപ്പോ എന്തായി ' എന്നും പറഞ്ഞു എന്നെ ചേര്‍ത്തു പിടിച്ച ടീച്ചറുടെ ആ സ്‌നേഹത്തിന്റെ ചൂട് ഇന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്. ബാലരമയും, ഈസോപ് കഥകളും , തെന്നാലി രാമന്‍ കഥകളും വായിച്ചിരുന്ന എന്റെ ചെറിയ ലോകത്തേക്ക് എ0 ടിയും, തകഴിയും, മാധവിക്കുട്ടിയുടെയുമൊക്കെയുള്ളൊരു വലിയ ലോകം തുറന്നു തന്നത് ടീച്ചറായിരുന്നു.

എല്ലാ കുട്ടികളും ടീച്ചര്‍ക്ക് സ്വന്തം കുട്ടികളെ പോലെയായിരുന്നു.

എല്ലാ കുട്ടികളും ടീച്ചര്‍ക്ക് സ്വന്തം കുട്ടികളെ പോലെയായിരുന്നു. ക്ലാസ്സിലെ ഏറ്റവും മിടുക്കരായ കുട്ടികളോട് പ്രത്യേക പരിഗണനയും സ്‌നേഹവും കാണിക്കുന്ന അധ്യാപകരെ കണ്ടിട്ടുണ്ട്. അത് വലിയ തെറ്റാണെന്നാണ് അന്നുംഇന്നും എന്റെ അഭിപ്രായം. പക്ഷെ കനകലത ടീച്ചര്‍ പഠിപ്പിച്ച ഒരു കുട്ടി പോലും അങ്ങനെ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.

കണക്കിനെ പേടിച്ചു മലയാളം പഠിച്ചെങ്കിലും മാതൃഭാഷ എന്നെ കൈവിട്ടില്ല. പ്ലസ് ടൂവിനു മലയാളത്തിനു ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളില്‍ ഒരാളാകാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. ഓരോ വിഷയത്തിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് സ്‌കൂളില്‍ വെച്ചൊരു അനുമോദനചടങ്ങ് നടത്തിയപ്പോള്‍ എനിക്കും കിട്ടിയൊരു സമ്മാനം. ഞാന്‍ സ്‌റ്റേജില്‍ കയറി സമ്മാനം വാങ്ങി ഇറങ്ങുമ്പോള്‍ സ്‌റ്റേജിന്റെ വശത്തായി സ്വന്തം മകള്‍ സമ്മാനം വാങ്ങുന്നത്ര സന്തോഷത്തോടെ കൈയ്യടിച്ച് നിന്ന ടീച്ചറുടെ മുഖം ഇന്നും ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറയും..അതായിരുന്നു എന്റെ ടീച്ചര്‍. എന്നോട് മാത്രമാകില്ല എല്ലാവരോടും ഇങ്ങനെ തന്നെയായിരുന്നു എന്റെ ടീച്ചര്‍.

മാസങ്ങള്‍ക്ക് ശേഷം അന്ന് ഞാന്‍ സമ്മാനം വാങ്ങുന്ന ഫോട്ടോ സ്‌കൂളില്‍ തന്നെ ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തിയുടെ കൈയ്യില്‍'എന്റെ ശ്രുതിക്കുട്ടിയ്ക്ക്, സ്‌നേഹത്തോടെ ടീച്ചര്‍' എന്നൊരു കുറിപ്പും വെച്ചു കൊടുത്ത് വിട്ട ടീച്ചറുടെ സ്‌നേഹത്തിനു ഒന്നും പകരം നല്‍കാന്‍ എനിക്കായില്ല. ആ ചിത്രത്തേക്കാള്‍ ചിത്രം കൊടുത്ത് വിടാനുള്ള ടീച്ചറുടെ സ്‌നേഹത്തിന്റെ ഒര്‍മ്മയ്ക്കായി അതിന്നും ഞാന്‍ എന്റെ ആല്‍ബത്തില്‍ നിധി പോലെ സൂക്ഷിക്കുന്നുണ്ട്.

ഞാന്‍ പിജിയ്ക്ക് പഠിക്കുന്ന സമയത്ത് അനിയത്തിയെ വിളിക്കാന്‍ സ്‌കൂളില്‍ പോയപ്പോഴാണ് ടീച്ചറെഅവസാനമായി കണ്ടത്. അന്നും പഴയ അതെ സ്‌നേഹത്തോടെ ഞങ്ങള്‍ കൈപിടിച്ചു നിന്ന് ഏറെ നേരം സംസാരിച്ചു. ഞാന്‍ സാഹിത്യം തന്നെ പഠിക്കാന്‍ തീരുമാനിച്ചതും പ്രസ് ക്ലബ്ബില്‍ പഠിക്കാന്‍ പോകുന്നതുമെല്ലാം കേട്ടപ്പോള്‍ ടീച്ചര്‍ക്ക് വലിയ സന്തോഷമായി അന്ന്.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ടീച്ചര്‍ പോയി. തികച്ചും അപ്രതീക്ഷിതമായി.

വര്‍ഷങ്ങള്‍ വേഗം പടിയിറങ്ങി പോയി. നമ്മള്‍ എത്രത്തോളം നെഞ്ചോട് ചേര്‍ത്ത ബന്ധങ്ങള്‍ക്കിടയിലും കാലം സാഹചര്യമെന്ന വിടവുണ്ടാക്കില്ലേ. ഇടക്കെപ്പോഴോ തിരക്കുകള്‍ക്കിടയില്‍ടീച്ചറുമായുണ്ടായിരുന്നു ഫോണ്‍ വിളികളുടെ ദൈര്‍ഘ്യം കൂടി വന്നു. ഇടക്ക് ടീച്ചര്‍ റിട്ടയറായെന്നും മകനൊപ്പം ബാംഗ്ലൂരില്‍ ആണെന്നുമറിഞ്ഞു. ഇടക്ക് ഒന്ന് പോയി കാണാനോ വിളിക്കാനോ കഴിഞ്ഞില്ല. അതിനെല്ലാം ഞാന്‍ മാപ്പ് ചോദിക്കുന്നു ടീച്ചറെ..

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ടീച്ചര്‍ പോയി. തികച്ചും അപ്രതീക്ഷിതമായി. അന്ന് ടീച്ചറിന് ആദരാഞ്ജലിയര്‍പ്പിച്ച് സ്‌കൂള്‍ ഗ്രൂപ്പില്‍ ഇട്ട ചിത്രത്തിന് കീഴില്‍ ടീച്ചറുടെ ഓരോ വിദ്യാര്‍ഥിയ്ക്കും പറയാനുണ്ടായിരുന്നു ടീച്ചറെ കുറിച്ചു ഒരോര്‍മ്മ. ടീച്ചര്‍ക്ക് ഒരുപക്ഷെ ഞാന്‍ തന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്യാപനകാലത്തെ ഒരു വിദ്യാര്‍ഥി മാത്രമാകാം. ഏതു ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ചും ഓടിചെന്ന് കൈപിടിച്ചു സംസാരിക്കാന്‍ സ്വാന്തന്ത്ര്യമുള്ള ഒരുപാട് അധ്യാപകരുണ്ടെനിക്ക്. പക്ഷെ കനകലത ടീച്ചര്‍ എനിക്ക് അതിനുമപ്പുറം ആരൊക്കെയോ ആയിരുന്നു.

ഒരു കടുക് മണിയോളം പോലും ആത്മവിശ്വാസം ഇല്ലാതിരുന്നൊരു പ്ലസ് ടൂക്കാരിക്ക് പ്രതീക്ഷകളുടെ ഒരു വലിയ ലോകം തുറന്നു തന്നതില്‍ ടീച്ചര്‍ക്കുള്ള പങ്കു എത്ര വലുതായിരുന്നെന്നു ഒരിക്കലും എനിക്ക് ടീച്ചറോട് പറയാന്‍ കഴിഞ്ഞില്ല. എന്തൊക്കെയോ എനിക്ക് ടീച്ചറോട് പറയാന്‍ ബാക്കിയുണ്ടായിരുന്നു. ഇനിയൊരിക്കലും പറയാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും ഒരു ഫോണ്‍ വിളിയുടെ അകലത്തില്‍ എവിടെയോ ടീച്ചര്‍ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരു വട്ടം കൂടി എനിക്ക്  ടീച്ചറിന്റെ ക്ലാസ്സിലിരിക്കണം.. ആ മോഹം അങ്ങനെ ബാക്കി കിടക്കട്ടെ. 

താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്
 

Follow Us:
Download App:
  • android
  • ios