അമേരിക്കയിലെ ഒറിഗൺ, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ ഓഗസ്റ്റ് പകുതി മുതൽ കാട്ടുതീ പടർന്നു കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ആ തീയിൽ കത്തി നശിച്ചത്. മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ നശിച്ചു. പ്രകൃതി അതിന്റെ സംഹാരഭാവത്തിൽ വീടും മരങ്ങളും എല്ലാം ഒരുപിടി ചാരമാക്കി മാറ്റുമ്പോൾ, ആ ചാരത്തിൽ നിന്ന് പുതിയൊന്ന് ഉണ്ടാക്കാൻ കഴിയുമെന്ന് ഒരു അപൂർവ ചെടി നമുക്ക് കാണിച്ചു തരുന്നു. ചാരത്തിൽ നിന്ന് ജീവൻ കൊള്ളുന്ന ആ ചെടിയുടെ പൂക്കൾക്കും തീയുടെ ചുവപ്പാണ്. വലിയ തീപിടിത്തങ്ങൾക്ക് ശേഷം മാത്രം വിരിയുന്ന ആ അപൂർവ ഇനം ചെടിയുടെ പേര് ഫയർ പോപ്പിസ് എന്നാണ്.  

ഫയർ ഫോളോവേഴ്‌സ് എന്നറിയപ്പെടുന്ന ഒരുകൂട്ടം സസ്യവർഗ്ഗത്തിൽ പെടുന്നതാണ് ഫയർ പോപ്പി. ഓരോ ചെടിക്കും അതിന് വളരാൻ അനുകൂലമായ കാലാവസ്ഥകളുണ്ടല്ലോ. ചിലതിന് തണുപ്പും, ഈർപ്പവും വേണമെങ്കിൽ ചിലത് വേനൽ കാലത്തും പൂക്കുന്നു. എന്നാൽ ചൂടും, പുകയും, കരിഞ്ഞ മണ്ണും ഒക്കെയാണ് ഈ ചെടി വളരാൻ അനുകൂലമായ സാഹചര്യം. ഒരുപാടുകാലം ഈ ചെടിയുടെ വിത്തുകൾ മണ്ണിടയിൽ തന്നെ ഉറങ്ങിക്കിടക്കുന്നു, ചിലപ്പോൾ വർഷങ്ങളോളം. ഒടുവിൽ തീ പടരുമ്പോൾ അതിന്റെ ചൂടിൽ വിത്തിന്റെ കട്ടിയുള്ള തോട് പൊട്ടി, അവ ജീവൻ വയ്ക്കുന്നു. അതുവരെ പോഷകങ്ങളും വെള്ളവും വലിച്ചെടുത്തിരുന്ന കുറ്റിച്ചെടികൾ തീയുടെ ചൂടിൽ നശിക്കുന്നതും ഇവ വളരാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നു. കുറ്റിച്ചെടികളുടെ ഇടതൂർന്ന മേലാപ്പ് ഈ ചെടികൾ മണ്ണിൽ ഉയർന്ന് വരുന്നത് തടയുന്നു. എന്നാൽ, തീയിൽ അവയെല്ലാം നശിച്ച് മണ്ണ് ശൂന്യമാകുമ്പോൾ ഫയർ പോപ്പിസ് പൊങ്ങി വരുന്നു.  

തീപ്പിടിത്തത്തിനുശേഷം മഴ പെയ്യുമ്പോൾ, കുന്നിൻപ്രദേശങ്ങളിലെ കുത്തനെയുള്ള ചരിവുകളിൽ മണ്ണൊലിപ്പ് തടയാൻ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫയർ പോപ്പികൾക്ക് പക്ഷേ അധികം ആയുസ്സില്ല. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം അത് മുളച്ചാൽ തന്നെ, ഒന്നോ രണ്ടോ ദിവസം മാത്രമേ അവ പൂവിടുകയുള്ളൂ. അതിനുശേഷം, ആ അഗ്നിപുഷ്പങ്ങളെ വീണ്ടും കാണണമെങ്കിൽ, തീപ്പിടിത്തമുണ്ടാകേണ്ടിവരും. കാലിഫോർണിയയിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. കാലിഫോർണിയ തീരത്തെ 'തീയുടെ നാട്' എന്നും ചെടിയെ 'സ്വർണ്ണക്കപ്പ്' എന്നുമാണ് അവിടത്തുകാർ വിളിക്കുന്നത്. അത് കൂടാതെ, ഗോൾഡൻ പോപ്പി എന്നും കപ്പ് ഓഫ് ഫ്ലേം എന്നും ഇത് അറിയപ്പെടുന്നു.