Asianet News MalayalamAsianet News Malayalam

ലോകത്ത് മിന്നാമിനുങ്ങുകളും ഇല്ലാതാവുന്നോ? എന്താണ് പുതിയ പഠനം പറയുന്നത്?

മിന്നാമിനുങ്ങുകളുടെ എണ്ണം എത്രത്തോളം കുറയുന്നുവെന്ന് മനസിലാക്കാൻ ദീർഘകാല ഡാറ്റയുള്ള കൂടുതൽ നിരീക്ഷണ പഠനങ്ങൾ ആവശ്യമാണ്.

Fireflies on the verge of extinction
Author
China, First Published Feb 5, 2020, 9:11 AM IST

രാത്രികാലങ്ങളിൽ ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന മിന്നാമിനുങ്ങുകളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. അവയെ പണ്ടുകാലത്ത് രാത്രികാലങ്ങളിൽ പാടത്തും, പറമ്പിലുമെല്ലാം കാണാമായിരുന്നു. എന്നാൽ, കാലം ചെല്ലുന്തോറും അവയുടെ എണ്ണം കുറഞ്ഞുവന്നു. ഇന്നത്തെ കുരുന്നുകൾ മിന്നിമിനുങ്ങിനെ കണ്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. മിന്നാമിനുങ്ങുകൾ വംശനാശഭീഷണിയിലാണെന്നാണ് പുതിയ പഠനവും പറയുന്നത്. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ ഇല്ലാതാക്കുന്നതും, കീടനാശിനികളുടെ ഉപയോഗവും, കൃത്രിമ വെളിച്ചവുമാണ് നമ്മുടെ പ്രിയപ്പെട്ട മിന്നാമിനുങ്ങുകളെ വംശനാശ ഭീഷണിയുടെ വക്കിലെത്തിയ്ക്കുന്നത്. 

ആവാസവ്യവസ്ഥയ്ക്കേല്‍ക്കേണ്ടി വന്ന ആഘാതങ്ങള്‍ ഈ ജീവിവർഗ്ഗത്തിൻ്റെ തകർച്ചയ്ക്ക് കാരണമാകുന്നു. മിന്നാമീനുങ്ങുകള്‍ക്ക് ജീവിതചക്രം പൂർത്തിയാക്കാൻ ചില പാരിസ്ഥിതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഉദാഹരണമായി, ഒരുതരം മലേഷ്യൻ മിന്നിമിനുങ്ങിന് പ്രജനനം ചെയ്യാൻ കണ്ടൽക്കാടുകൾ ആവശ്യമാണ്. എന്നാൽ, മലേഷ്യയിലുടനീളം കണ്ടൽ ചതുപ്പുകൾ പാം ഓയിൽ തോട്ടങ്ങളായും അക്വാകൾച്ചർ ഫാമുകളായും മാറുകയാണ്. ഇത് സ്വാഭാവികമായും അവയുടെ പ്രജനനത്തിന് തടസ്സമുണ്ടാക്കുന്നു. അതും പോരാതെ, കഴിഞ്ഞ നൂറ്റാണ്ടിൽ ഗണ്യമായി വളർന്നുവരുന്ന ഒന്നാണ് രാത്രിയിലുള്ള കൃത്രിമ വെളിച്ചത്തിൻ്റെ ഉപയോഗം. ഇതും അവയുടെ ഗുരുതരമായ നാശത്തിന് കാരണമാകുന്നു. കൃത്രിമ വെളിച്ചത്തിൽ തെരുവുകളും, നഗരപ്രദേശങ്ങളും, മറ്റും പ്രകാശമയമാകുമ്പോൾ ഇവയെ അത് ബാധിക്കുന്നു. 

“പ്രകൃതിദത്ത ജീവചക്രത്തെ തടസ്സപ്പെടുത്തുന്നതിനുപുറമേ, അവയ്ക്ക് ഇണചേരാനുള്ള സാഹചര്യമാണ് ഇത് ഇല്ലാതാക്കുന്നത്" ടഫ്റ്റ്‌സിലെ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ അവലോൺ ഓവൻസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. പല മിന്നാമിനുങ്ങുകളും ഇണയെ ആകർഷിക്കാൻ 'ബയോലുമിനെസെൻസി'നെയാണ് ആശ്രയിക്കുന്നത്. അവയുടെ ശരീരത്തിനുള്ളിലെ രാസപ്രവർത്തനങ്ങൾ മൂലം ഉണ്ടാക്കുന്ന പ്രകാശമാണ് ബയോലുമിനെസെൻസ്. ഇത് ഉപയോഗിച്ചാണ് അവ ഇണകളെ കണ്ടെത്തുന്നതും, ആകർഷിക്കുന്നതും. കൃത്രിമ പ്രകാശം ഈ പ്രണയത്തെ തടസ്സപ്പെടുത്തുന്നു. യാഥാസ്ഥിതിക കണക്കനുസരിച്ച്, ഭൂമിയുടെ ഉപരിതത്തിൻ്റെ 23 ശതമാനത്തിലധികം സ്ഥലത്തും രാത്രിയിൽ കൃത്രിമ വെളിച്ചമുണ്ട്.  

മിന്നാമിനുങ്ങുകളുടെ എണ്ണം എത്രത്തോളം കുറയുന്നുവെന്ന് മനസിലാക്കാൻ ദീർഘകാല ഡാറ്റയുള്ള കൂടുതൽ നിരീക്ഷണ പഠനങ്ങൾ ആവശ്യമാണ്. ആവാസവ്യവസ്ഥയുടെ നഷ്ടമാണ് ഇവയുടെ നാശത്തിന് പ്രധാന കാരണമെന്നാണ് യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസർ ഡേവ് ഗൗൾസൺ പറയുന്നത്. കീടനാശിനികളുടെ ഉപയോഗമാണ് രണ്ടാമതായി അവയെ ഭീഷണിലാഴ്ത്തുന്നത്. 

അതേസമയം ജപ്പാൻ, തായ്‌വാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വിനോദ സഞ്ചാരികളെ ആകർഷിയ്ക്കാനായി മിന്നാമിനുങ്ങളെ വളർത്തുന്ന ഒരു പതിവുണ്ട്. "ഫയർ‌ഫ്ലൈ ടൂറിസം" എന്ന് വിളിയ്ക്കുന്ന ഇത് ഇപ്പോൾ കൂടുതൽ ജനപ്രിയവും വ്യാപകവുമായിത്തീരുകയാണ്. പ്രതിവർഷം 200,000 സന്ദർശകരെയാണ് ഇത് ആകർഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios