അതുപോലൊരു മരണം ഞാന്‍ കണ്ടിട്ടില്ല!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 7, Sep 2018, 1:58 PM IST
flood experience aswan
Highlights

 സെമിത്തേരിയുടെ ഒരു വശത്ത് പാചകം നടക്കുന്നുണ്ട്. ഞാൻ ഷൂട്ട്‌ ചെയ്യുന്നത് ശ്രദ്ധിക്കാൻ രണ്ടു പേർ പുറകെ തന്നെ നടക്കുന്നു.  അവരോട് ഞാൻ പറഞ്ഞു, 'മുഖം കാണിക്കില്ല എന്ന് പറഞ്ഞാൽ കാണിക്കില്ല. എന്‍റെ അച്ഛനും അമ്മയും ക്യാമ്പിൽ ആണ്.' 

മഴ, ആഞ്ഞു പെയ്ത് തിരികെ പോയി,  കേരളം ഒറ്റക്കെട്ടായി തിരിച്ചുവരവിന് ഒരുങ്ങുന്നു... ഈ തലമുറ കണ്ടതിൽവച്ച് ഏറ്റവും വലിയ പ്രളയത്തിന് എന്‍റെ ക്യാമറ കണ്ണുകളും സാക്ഷിയായി. ചില കാഴ്ചകളൊന്നും ക്യാമറക്കണ്ണുകളിലൂടെയല്ലാതെ കാണാനേ പറ്റില്ലായിരുന്നു. അത്രയും കണ്ണ് നനയിക്കുന്ന, നെഞ്ച് തകര്‍ക്കുന്ന കാഴ്ചകളായിരുന്നു ചുറ്റിലും. തകര്‍ന്നു പോയവര്‍, മരിച്ചുപോയ ഒരമ്മ, ഓരോ മഴയേയും കൂട്ടായി ചെറുത്തു തോല്‍പ്പിച്ചവര്‍. ഈ കുറിപ്പ്, ആ നാളുകളില്‍ കണ്ണും, മനസും കണ്ട കാഴ്ചകളാണ്. 

ആഗസ്ത് 15 രാവിലെ മുതൽ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. അന്നേ ദിവസം വൈകിട്ടാണ് അറിയിപ്പ് കിട്ടുന്നത് വെള്ളപ്പൊക്കം റിപ്പോർട്ട്‌ ചെയ്യാനായി കുട്ടനാട്ടിലേക്ക് പോകണമെന്ന്. അതിനായി  ക്യാമറയും, മറ്റ് ഉപകരണങ്ങളും എടുത്തു വെക്കുമ്പോഴും അറിഞ്ഞിരുന്നില്ല  കേരളം  കണ്ടതിൽവച്ച്  ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയാകാനാണ്  പോകുന്നതെന്ന്. ക്യാമറ ചീഫ്, ലൈഫ് ജാക്കറ്റ് നിർബന്ധമായും ഇടണം എന്ന് പറഞ്ഞിരുന്നു. ചെറിയ രീതിയിൽ നനഞ്ഞാൽ തന്നെ ക്യാമറ കേടാകും അതുകൊണ്ട് അധികം റിസ്ക് എടുക്കണ്ട എന്ന് മനസിൽ ഉറപ്പിച്ചാണ് പുറപ്പെടാൻ ഒരുങ്ങിയത്. സീനിയേഴ്സും പറഞ്ഞു, എടുത്തു ചാടി ഒന്നും  ചെയ്യരുത് വെള്ളമാണ് സൂക്ഷിക്കണം എന്ന്.

അന്ന് രാത്രി തന്നെ ഞാനും റിപ്പോർട്ടർ സംഗീത് മോഹനും ആലപ്പുഴയിലേക്ക്‌ പുറപ്പെട്ടു. പിറ്റേ ദിവസം ആദ്യം പോകേണ്ടത് കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലേക്കായിരുന്നു. നാട്ടുകാരിൽ ഒരാളുടെ സഹായത്തിൽ യമഹ ഘടിപ്പിച്ച ഒരു ഫൈബർ ബോട്ട് കിട്ടി. അത്യാവശ്യം വേണ്ട ലൈഫ് ജാക്കറ്റ്, ക്യാമറയും, ലൈവ് ബാഗും, മൈക്കും മാത്രം കയ്യിലെടുത്ത് മാതാ ജെട്ടിയിൽ നിന്ന് പുറപ്പെട്ടു. 

കുറച്ച് സ്ത്രീകൾ വരമ്പിൽ കഞ്ഞി വെക്കുന്നു, പുരുഷന്മാർ വല വീശി മീൻ പിടിച്ച് കൊണ്ട് വരുന്നു

ഇടത്തോടുകളിൽ നല്ല ഒഴുക്കാണ്. എന്നെയും ക്യാമറയെയും നോക്കാൻ ഡ്രൈവർ അശോകൻ ചേട്ടൻ രണ്ടും കല്‍പിച്ച് കൂടെ ഉണ്ടായിരുന്നു. ഉള്ളിലെ പേടി പുറത്ത് കാട്ടാതെ ആടി ഉലഞ്ഞു പോകുന്ന ബോട്ടിൽ ഇരുന്നു ഞാൻ  കണ്ടത് കുട്ടനാട്ടിലെ പ്രളയത്തിന്‍റെ വെറും ട്രെയിലർ മാത്രം  ആയിരുന്നു. പല വീടുകളും  മേൽക്കൂരയ്ക്ക് ഒപ്പം മുങ്ങി, ആളുകൾ മിക്കവരും ഹൌസ് ബോട്ടിലും ഉയർന്ന വീടുകളിലും ആയി മഴ കുറയുന്നതും കാത്ത് ഇരിക്കുകയാണ്.

കുറച്ച് സ്ത്രീകൾ വരമ്പിൽ കഞ്ഞി വെക്കുന്നു. പുരുഷന്മാർ വല വീശി മീൻ പിടിച്ച് കൊണ്ട് വരുന്നു. എല്ലാ വീട്ടുകാർക്കും ഇവിടെനിന്നാണ് ഭക്ഷണം. ബോട്ടിന്‍റെ സ്പീഡ് കൂടിയപ്പോൾ വീടിന്‍റെ അകത്തേക്ക് ഓളം അടിച്ച് കയറുന്നു. 'അവസ്ഥ ഇതിലും മോശമാകും. പക്ഷെ, എത്ര പറഞ്ഞിട്ടും ആരും ക്യാമ്പിലേക്ക് പോകുന്നില്ല നമുക്ക് പറയാനല്ലേ പറ്റൂ' സംഗീത് ചേട്ടൻ പറഞ്ഞു.

വെള്ളത്തിൽ നിന്ന് കുതിർന്ന് തൊലി ഇളകിയ കാലുകൾ ഷൂട്ട്‌ ചെയ്തപ്പോൾ അവ ഭയങ്കരമായി വിറയ്ക്കുന്നുണ്ടായിരുന്നു

അന്ന് വൈകിട്ട്  പള്ളാത്തുരുത്തിയിലേക്ക് പോയി. ആളുകൾ ചെറു വള്ളങ്ങളിൽ കര തേടി വന്നു തുടങ്ങി. നോക്കി നിൽക്കുമ്പോൾ തന്നെ ആളുകളുടെ എണ്ണം കൂടി കൂടി വന്നു. പിഞ്ചു കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് അമ്മമാർ. പ്രായമായ അച്ഛനമ്മമാരെ ചുമന്നുകൊണ്ട് വരുന്നവർ. കൂടെ ആടും പശുവും പട്ടിയും കോഴിയും തുടങ്ങി ജീവനുള്ളതെല്ലാം. ഓരോ തവണ ഫോക്കസ് റിംഗ് തിരിക്കുമ്പോളും ആശങ്ക, ഭയം, സങ്കടം, പിന്നെ കലങ്ങി മറിഞ്ഞ വെള്ളം  ഇതല്ലാതെ  മറ്റൊന്നും ഇല്ല. വെള്ളപ്പൊക്കത്തിന്‍റെ ഭീകരത മൃഗങ്ങളുടെ മുഖത്ത് വരെ വ്യക്തമായി കാണാമായിരുന്നു. നെഞ്ച് വേദന വന്ന് ഒരാൾ വീഴുന്നത് കണ്ടു. വെള്ളത്തിൽ നിന്ന് കുതിർന്ന് തൊലി ഇളകിയ കാലുകൾ ഷൂട്ട്‌ ചെയ്തപ്പോൾ അവ ഭയങ്കരമായി വിറയ്ക്കുന്നുണ്ടായിരുന്നു. കഷ്ട്ടിച്ച്  അഞ്ചു സെക്കൻഡ് വിഷ്വൽ പകർത്തി കട്ട്‌ ചെയ്തു. അന്ന് രാത്രി വരെ ആളുകൾ വന്നുകൊണ്ടിരുന്നു. 

പിറ്റേ ദിവസം രാവിലെ അവിടെ എത്തിയപ്പോൾ തലേദിവസം കാർ പാർക്ക്‌ ചെയ്ത സ്ഥലത്ത് അര വരെ വെള്ളം കയറിയിട്ടുണ്ട്. ആളുകളുടെ എണ്ണം ഭയങ്കരമായി കൂടി വരുന്നു. അപ്പോളേക്കും വീട്ടിൽ നിന്ന് വിളി വന്നു, വെള്ളം അകത്തേക്ക് കയറാറായി. വീട്ടിൽ അച്ഛനും അമ്മയും അമ്മൂമ്മയും ഉണ്ട്. കാലുവേദനകൊണ്ട് വീട്ടിനുള്ളിൽപോലും അമ്മ ചെരുപ്പിടാറുണ്ട്. അവരെങ്ങനെ വെള്ളക്കെട്ടിൽനിന്ന് പുറത്ത് കടക്കും? പ്രായമായ അമ്മൂമ്മയെ എങ്ങനെ കൊണ്ട് പോകും? വീടിനടുത്തുള്ളവരെയെല്ലാം വിളിച്ചു എങ്ങനെയെങ്കിലും ക്യാമ്പിൽ എത്താൻ പറഞ്ഞു. അപ്പോഴേക്കും ലൈവിന് സമയമായി. അപ്പോൾ  ഞാനും ഇവരിൽ ഒരാളായി. ഫ്രെയിമിലും മനസിലും ഒരേപോലെ പതിയുന്ന ചിത്രങ്ങൾ. 

അന്നത്തെ ഷൂട്ട്‌ കഴിഞ്ഞ് മടങ്ങാറായപ്പോൾ ഒരാൾ ഓടിവന്നു പറഞ്ഞു, ഒരു ബോഡി കിട്ടിയിട്ടുണ്ട്. വള്ളത്തിൽ ചുരുണ്ട് കിടക്കുന്ന നിലയിൽ ഒരു വൃദ്ധയുടെതായിരുന്നു  മൃതദേഹം.  വെള്ളം കൂടി വന്നപ്പോൾ ആരും സഹായിക്കാൻ ഇല്ലായിരുന്ന അവരുടെ മരണത്തെക്കുറിച്ച് ഓർത്തപ്പോൾ ക്യാമറയിലൂടെ അല്ലാതെ അങ്ങോട്ട്‌  നോക്കാൻ എനിക്ക് കഴിഞ്ഞില്ല. മൃതദേഹങ്ങൾ ഇതിനുമുമ്പും പകർത്തിയിട്ടുണ്ടെങ്കിലും, ആ അമ്മയുടെ മുഖം ഇന്നും മനസ്സിൽനിന്ന് മായുന്നില്ല. അന്നത്തെ ഷൂട്ട്‌ ഒരുവിധം അവസാനിപ്പിച്ച് മടങ്ങി.

പിറ്റേ ദിവസം, ആയപ്പോൾ എന്‍റെ  കയ്യും കാലും ചൊറിഞ്ഞു തടിക്കാൻ തുടങ്ങി

പിറ്റേ ദിവസം, ആയപ്പോൾ എന്‍റെ  കയ്യും കാലും ചൊറിഞ്ഞു തടിക്കാൻ തുടങ്ങി. റിപ്പോർട്ടർ സംഗീത് ചേട്ടന്‍റെ കാല് വളംകടികൊണ്ട് നിലത്ത്‌ തൊടാൻ പറ്റാത്ത അവസ്ഥ ആയി. ഡോക്ടറെ കണ്ട ശേഷം വീണ്ടും പണിക്കിറങ്ങി.  നിറഞ്ഞ് തുടങ്ങിയ ക്യാമ്പുകളിലേക്കാണ് ആദ്യം പോയത് അപ്പോളേക്കും എന്‍റെ വീട്ടിലുള്ളവരും ക്യാമ്പിലേക്ക് മാറിയിരുന്നു. ആളുകളോട് കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ താഴെ നിന്ന് ഒരു കുട്ടി റിപ്പോർട്ടറുടെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു 'സാറേ... ഞങ്ങടെ വീട് പോയി സാറ് ഞങ്ങൾക്ക് വീട് വച്ച് തരുവോ?' അവന്‍റെ നേരെ മൈക്ക് നീട്ടി. 'ഞങ്ങടെ വീട് മുഴുവൻ മുങ്ങി. എല്ലാം ഒഴുകിപ്പോയി.'  ഞാൻ ചെവിയിൽനിന്നും ഹെഡ്സെറ്റ് ഊരി മാറ്റി. പ്രായപൂർത്തിയായ ഒരാളെ പോലെ അവൻ അപ്പോഴും സംസാരിക്കുന്നുണ്ടായിരുന്നു. 

ഷൂട്ട്‌ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ആളുകൾ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം റിപ്പോർട്ടർ സംഗീത് ചേട്ടന്‍റെ കാല് നിലത്ത്‌ കുത്താൻ പറ്റാത്ത അവസ്ഥ ആയി. പകരം ആദർശ് ബേബി വന്നു. ആദ്യം കിട്ടിയ വാർത്ത കുറേ ആളുകൾ സെമിത്തേരിയിൽ കുടുങ്ങി കിടക്കുന്നു. പക്ഷെ, അങ്ങോട്ട്‌ പോകുന്നത് അത്ര എളുപ്പമല്ല. നല്ല ഒഴുക്കുണ്ട്. സമീപിച്ച ബോട്ടുകാർ എല്ലാം പറ്റില്ലെന്ന് പറഞ്ഞു. ഒരുദിവസം കാത്തിരുന്നു. പിറ്റേന്ന്‌ ഒരു ശിക്കാര വള്ളം വാടകയ്ക്ക് എടുത്ത് എന്തും വരട്ടെ എന്ന് കരുതി അങ്ങോട്ടേക്ക് പുറപ്പെട്ടു. 

യാത്രയിൽ പാടവരമ്പിൽ ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു. രക്ഷപെടലിന്‍റെ സകല അടയാളങ്ങളും അതിന്‍റെ മേലുണ്ട്. വള്ളം കണ്ട ഉടനെ അത്  ഞങ്ങളെ  ലക്ഷ്യമാക്കി ചാടി. പക്ഷെ കുത്തി ഒഴുകുന്ന തോട്ടിൽ   നീന്തി അവന് എത്താൻ കഴിഞ്ഞില്ല. ഞാൻ പെട്ടെന്ന് ഒരു നീളമുള്ള ചൂലെടുത്ത്‌ അതിനെ വള്ളത്തിലേക്ക്  കയറ്റി. വിശന്ന് വയർ ഒട്ടിയ അതിന്  കൊടുക്കാൻ ഒന്നും ഇല്ല കയ്യിൽ. പോകുന്നിടത്തുനിന്നു എന്തെങ്കിലും വാങ്ങി  കൊടുക്കണം. അങ്ങനെ അവനും ഞങ്ങളുടെ ഒപ്പം കൂടി.

ഞങ്ങളെ ടി വിയിൽ കാണിക്കണ്ട. അവരുടെ ആവശ്യം തികച്ചും ന്യായമായിരുന്നു

പള്ളിയുടെ മുന്നിൽ വരെ വള്ളം ചെന്നു. അവിടെ ഇറങ്ങി ചെറിയ വരമ്പിലൂടെ നടക്കണം. പൂപ്പലും ചെളിയും ഉണ്ട്. ഞാൻ വീണാലും ക്യാമറ വീഴരുത് എന്ന് കരുതി രണ്ടും കൽപ്പിച്ചു നടന്നു. സെമിത്തേരിയിൽ എത്തി.  അവിടുള്ളവർ ആദ്യം അകത്തേക്ക് കടത്തിയില്ല.

വീട്ടിൽ വെള്ളം കയറിയപ്പോൾ ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തുകൂടിയതാണ്,  മക്കളും മരുമക്കളും ഒക്കെ വേറെ സ്ഥലത്താണ്. ഞങ്ങളെ ടി വിയിൽ കാണിക്കണ്ട. അവരുടെ ആവശ്യം തികച്ചും ന്യായമായിരുന്നു. ഒടുവിൽ  മുഖം കാണിക്കാതെ ആണെങ്കിൽ എടുത്തോളാൻ സമ്മതിച്ചു.

ആത്മാക്കളെപ്പോലെ അവിടെയുള്ളവർക്കും ജാതിയും മതവും ഇല്ലായിരുന്നു. കല്ല് പാകിയ  ശവക്കല്ലറകൾക്കു മുകളിൽ ആടിനെ കെട്ടിയിരിക്കുന്നു. അതിനടുത്തായി ഒരു കാക്ക ഇരിക്കുന്നുണ്ട്. അടുത്ത് ചെന്നിട്ടും അത് അനങ്ങുന്നില്ല. അവർക്ക് കൂട്ടിരിക്കുന്ന ഏതോ ആത്മാവിനെപ്പോലെ തോന്നി. നനഞ്ഞു കുതിർന്ന അരി ഒരു വശത്ത് ഉണക്കാൻ ഇട്ടിരിക്കുന്നു.  സെമിത്തേരിയുടെ ഒരു വശത്ത് പാചകം നടക്കുന്നുണ്ട്. ഞാൻ ഷൂട്ട്‌ ചെയ്യുന്നത് ശ്രദ്ധിക്കാൻ രണ്ടു പേർ പുറകെ തന്നെ നടക്കുന്നു.  അവരോട് ഞാൻ പറഞ്ഞു, 'മുഖം കാണിക്കില്ല എന്ന് പറഞ്ഞാൽ കാണിക്കില്ല. എന്‍റെ അച്ഛനും അമ്മയും ക്യാമ്പിൽ ആണ്.' അത് കേട്ട് പാചകം ചെയ്തുകൊണ്ടിരുന്ന ചേച്ചി എന്നോട് ചോദിച്ചു, 'നിങ്ങൾക്കും വീട്ടിൽ പോകാനൊന്നും പറ്റില്ലല്ലേ?' അവിടെ നിന്ന ചേച്ചിമാരെല്ലാം ചുറ്റും കൂടി. നാട്ടിലെ അവസ്ഥകൾ  ചോദിച്ചു. 

വീട്ടിലെ അവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ പെട്ടെന്ന് ഇന്നലെ സെമിത്തേരിയിൽ കണ്ട കാഴ്ചകൾ കടന്നുവന്നു

പ്രളയത്തിന്‍റെ നടുവിലും, അവരുടെ ആത്മവിശ്വാസം ഞെട്ടിക്കുന്നതായിരുന്നു. കല്ലറകൾക്കു നടുവിൽ കൂട്ടിയ അടുപ്പിൽ ഉതിര് പുട്ട് വേകുന്നുണ്ടായിരുന്നു. കഴിച്ചിട്ട് പോയാൽമതി എന്ന് പറഞ്ഞ് ചേച്ചിമാർ പ്ലേറ്റ് എടുത്തു. മീൻ മുറിക്കുന്ന ചേട്ടന്മാർ പറഞ്ഞു, 'അവർക്ക് ചായ കൊടുക്ക്‌' അപ്പുറത്ത് മാറ്റിക്കെട്ടിയിരുന്ന പശുവിനെ കറന്ന് ഒരു അപ്പൂപ്പൻ പാല് കൊണ്ടുവന്നു. കുടിക്കാൻ മനസ്സുവരുന്നില്ല. മടിച്ചു നിന്നപ്പോൾത്തന്നെ ചൂട് പുട്ടും പഴവും എത്തി. ഞാനും, ആദർശ് ചേട്ടനും മുഖത്തോടു മുഖം നോക്കി. എങ്ങനെ കഴിക്കും, അവർക്ക് ഉള്ള പരിമിതമായ ഭക്ഷണം അത് അവിടെവച്ച് എങ്ങനെ കഴിക്കും വേണ്ടെന്നു പറഞ്ഞിട്ട് വിടുന്നമട്ടില്ല. വീട്ടിൽ വന്ന അതിഥികളെപ്പോലെ അവർ ഞങ്ങൾക്ക് ഭക്ഷണം നൽകി. കല്ലറകൾക്കു മുകളിൽ ചാക്ക് വിരിച്ച് ഉയർന്ന സ്ഥലത്ത് ഞങ്ങൾ ഇരുന്നു. രാവിലെ ഒന്നും കഴിച്ചില്ലായിരുന്നു. അത് കഴിക്കലിന്‍റെ വേഗത്തിൽ കാണാമായിരുന്നു. അവിടെനിന്ന് യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ പൂച്ചക്കുട്ടിയെനോക്കി  ഒന്നും പേടിക്കാൻ ഇല്ല  കരുണയുള്ളവരുടെ നടുവിലാണ് അതിപ്പോൾ ഉള്ളത്. രാത്രി എഡിറ്റിംഗ് തീർത്ത് കിടന്നപ്പോൾ ഓർത്തു, അവരെങ്ങനെയാകും ഉറങ്ങിയിട്ടുണ്ടാവുക. എനിക്കാണെങ്കിൽ അവിടെ കിടന്നാൽ ഉറങ്ങാൻ കഴിയുമോ?

പിറ്റേന്ന് മുതൽ വീട്ടിലെ വെള്ളം ഇറങ്ങിത്തുടങ്ങി. ഓഫീസിൽ നിന്നും എനിക്ക്  പകരം ആളുവന്നു. ഇനി, എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം. ബസിലിരുന്ന് വീട്ടിലെ അവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ പെട്ടെന്ന് ഇന്നലെ സെമിത്തേരിയിൽ കണ്ട കാഴ്ചകൾ കടന്നുവന്നു. ആ അവസ്ഥയിലും അവർ തളർന്നില്ല. കുത്തി ഒഴുകി വന്ന വെള്ളത്തിനു മുന്നിലും അവർ പതറിയില്ല. ഇത്രയും മനോധൈര്യം ഉള്ളവർ നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ പ്രളയം പോലും നാണിച്ചു പോയിട്ടുണ്ടാകും.

(ഏഷ്യാനെറ്റ് ന്യൂസ്, തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനാണ് ലേഖകന്‍)

loader