ഞങ്ങളുടെ പ്രദേശത്തെ ആയിരത്തോളം വീടുകളാണ് എട്ട് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നത്. ഭൂരിഭാഗം പേരും കാക്കാഴം സ്‌കൂളിലെയും അമ്പലപ്പുഴ ഗവ കോളജിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറി. കുറച്ചു പേര്‍ ബന്ധു വീടുകളിലും അമ്പല പരിസരത്തും മദ്രസകളിലും താമസിച്ചു. 

അലമാരയില്‍ വെള്ളം കയറി ഉടുക്കാനുള്ള തുണികളുള്‍പ്പെടെ നഷ്ടമായി. വീട് തുറന്നപ്പോഴോ സഹിക്കാന്‍ പറ്റാത്ത വിധം ദുര്‍ഗന്ധവും. ആദ്യ കാഴ്ചയില്‍തന്നെ സങ്കടം സഹിക്കുവാന്‍ വയ്യാതായി. വെള്ളത്തില്‍ കിടന്ന സാധനങ്ങള്‍ എടുത്തു മാറ്റുവാന്‍ തുടങ്ങിയപ്പോഴേക്കും അസഹ്യമായ ചൊറിച്ചില്‍. കാപ്പിത്തോട്ടിലെ വെള്ളമല്ലേ, എങ്ങനെ ചൊറിച്ചില്‍ വരാതിരിക്കും. ചെമ്മീന്‍ ഷെഡ്ഡുകളിലെയും പോരാത്തതിന് വണ്ടാനം മെഡിക്കല്‍ കോളേജിലെയും മാലിന്യങ്ങളുടെ തൊട്ടിലാണ് ഞങ്ങളുടെ മുറ്റത്തു കൂടി ഒഴുകുന്ന കാപ്പിത്തോട്.

കറുത്തു കലങ്ങി തണുത്തുറഞ്ഞ വെള്ളം. ഐസു പോലെ മരവിച്ചു കയറുന്ന തണുപ്പ്. പ്രളയക്കെടുതി വരുത്തിവെച്ച ദുരന്തത്തില്‍ നിന്നും ഭയം വിട്ടുമാറുന്നില്ല. കാരണം, ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. 'മാലിന്യത്തോടെ'ന്ന് ലോകശ്രദ്ധ പിടിച്ചു പറ്റിയ കാക്കാഴം കാപ്പിത്തോട്ടിലെ വെള്ളം വീടിനകത്ത് നെഞ്ചോളം ഉയരത്തില്‍. മറ്റാരും അനുഭവിക്കാത്തതും നമ്മളനുഭവിച്ചു. കാരണം, അന്നേ മാലിന്യത്തോടായിരുന്നു വീടിനു മുന്നിലൂടെ ഒഴുകിയിരുന്നത്.

പ്രളയത്തില്‍ നിന്ന് മോചനം നേടിയിട്ടും നഷ്ടങ്ങളുടെ ആഘാതത്തില്‍ നിന്ന് ഞങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. കുട്ടനാട്ടുകാര്‍ക്ക് മഹാപ്രളയം വന്നിട്ടില്ലെങ്കിലും കാലവര്‍ഷക്കെടുതികളുടെ കൂട്ടത്തില്‍ വെള്ളപ്പൊക്കവും ദുരിതവും നമുക്കല്ലെങ്കിലും പണ്ടേ കൂട്ടുള്ളതാണ്. പക്ഷെ, ഞങ്ങള്‍ അമ്പലപ്പുഴക്കാര്‍ക്ക് ഈ വെള്ളപ്പൊക്കം കേട്ടറിവേ ഉള്ളു. പത്രത്താളുകളിലും, ന്യൂസ് ചാനലുകളിലും മാത്രമേ വെള്ളപ്പൊക്കം കണ്ടറിഞ്ഞിട്ടുള്ളു. 

മാലിന്യം നിറഞ്ഞ വെള്ളം എട്ട് ദിവസം വീടിനുള്ളില്‍. ആദ്യം അരയറ്റം വെള്ളം മുറ്റത്ത് കയറി

ജൂണ്‍ മാസം മുതല്‍, കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടു ഭീഷണി ഉണ്ടായിരുന്നെങ്കിലും വീടിനകത്ത് വെള്ളം കയറുമെന്ന് ഒരിക്കലും ഓര്‍ത്തിരുന്നില്ല. അതു കൊണ്ട് തന്നെ വീടിനുള്ളിലെ സാധന സാമഗ്രികള്‍ എടുത്തു മാറ്റി വെച്ചതും ഇല്ല. 85 വയസുള്ള അടുത്ത വീട്ടിലെ വല്യച്ചനു പോലും ഇങ്ങനെ വെള്ളം വീടിനകത്ത് കയറിയ സംഭവം ഓര്‍മ്മപോലും ഇല്ല. മാലിന്യം നിറഞ്ഞ വെള്ളം എട്ട് ദിവസം വീടിനുള്ളില്‍. ആദ്യം അരയറ്റം വെള്ളം മുറ്റത്ത് കയറി. പിന്നീട്, ഒരാള്‍ പൊക്കത്തില്‍ വരാന്തയിലും പിന്നീട് അകത്തേയ്ക്കും സെക്കന്‍റുകള്‍ക്കുള്ളില്‍ കയറി. സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മക്കളുമായി പോകുവാന്‍ തുടങ്ങുമ്പോള്‍ റോഡുകളും നാട്ടുപാതകളും അരയ്ക്ക് മുകളില്‍ വെള്ളത്തില്‍. സ്വയം തുഴഞ്ഞും മറ്റും സുരക്ഷിതസ്ഥാനത്തെത്തി. 

ഞങ്ങളുടെ പ്രദേശത്തെ ആയിരത്തോളം വീടുകളാണ് എട്ട് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നത്. ഭൂരിഭാഗം പേരും കാക്കാഴം സ്‌കൂളിലെയും അമ്പലപ്പുഴ ഗവ കോളജിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറി. കുറച്ചു പേര്‍ ബന്ധു വീടുകളിലും അമ്പല പരിസരത്തും മദ്രസകളിലും താമസിച്ചു. 

വീട് തുറന്നപ്പോഴോ സഹിക്കാന്‍ പറ്റാത്ത വിധം ദുര്‍ഗന്ധവും

എന്‍റെ വീട്ടിലെ പശുക്കളെയും അടുത്ത വീടുകളിലെ പശുക്കളെയും കാക്കാഴം പുതുക്കുളങ്ങര അമ്പലത്തില്‍ സുരക്ഷിതമാക്കി. വെള്ളം ഇറങ്ങിയതറിഞ്ഞ് എട്ടാം ദിവസം വീടു വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ കണ്ടത് ഹൃദയം തകര്‍ക്കുന്ന കാഴ്ചകളും. വീടുകള്‍ക്ക് പൊട്ടലും തേയ്മാനവും, ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങളും യൂണിഫോമുകളും ഉള്‍പ്പെടെ വെള്ളത്തില്‍ നശിച്ചു. എന്‍റെ ഓട്ടോയും, സ്കൂട്ടറും കേടായി. അലമാരയില്‍ വെള്ളം കയറി ഉടുക്കാനുള്ള തുണികളുള്‍പ്പെടെ നഷ്ടമായി. വീട് തുറന്നപ്പോഴോ സഹിക്കാന്‍ പറ്റാത്ത വിധം ദുര്‍ഗന്ധവും. ആദ്യ കാഴ്ചയില്‍തന്നെ സങ്കടം സഹിക്കുവാന്‍ വയ്യാതായി. വെള്ളത്തില്‍ കിടന്ന സാധനങ്ങള്‍ എടുത്തു മാറ്റുവാന്‍ തുടങ്ങിയപ്പോഴേക്കും അസഹ്യമായ ചൊറിച്ചില്‍. കാപ്പിത്തോട്ടിലെ വെള്ളമല്ലേ, എങ്ങനെ ചൊറിച്ചില്‍ വരാതിരിക്കും. ചെമ്മീന്‍ ഷെഡ്ഡുകളിലെയും പോരാത്തതിന് വണ്ടാനം മെഡിക്കല്‍ കോളേജിലെയും മാലിന്യങ്ങളുടെ തൊട്ടിലാണ് ഞങ്ങളുടെ മുറ്റത്തു കൂടി ഒഴുകുന്ന കാപ്പിത്തോട്. വൈദ്യുതി ബന്ധം താറുമാറായിട്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. 

വീട്ടില്‍ തിരിച്ചെത്തിയിട്ടും കറന്‍റ് ഇല്ലാതിരുന്നത് ഒരു വിഷയം ആയിപ്പോലും തോന്നിയില്ല. മൊബൈല്‍ ഫോണിലെ ചാര്‍ജ് തീര്‍ന്നിട്ടും ദിവസങ്ങളായി. മുന്‍പൊക്കെ കറന്‍റ് പത്ത് മിനിട്ട് പണി മുടക്കിയാല്‍ അമ്പലപ്പുഴ കെഎസ്ഇബിയെ ഇടതോരാതെ വിളിച്ച് ശല്യെചെയ്യലായിരുന്നു എന്‍റെ ജോലി. ഫോണിലെ ബാറ്ററി ചാര്‍ജും നെറ്റ് ഓഫറും ഞാന്‍ ശ്രദ്ധിച്ചിട്ട് ദിവസങ്ങളായി. ഇപ്പോള്‍, അതൊന്നും അല്ല ശ്രദ്ധ. അതിലൊന്നും ഒരു കാര്യമില്ലെന്ന് മനസിലാക്കി. ഒറ്റ പ്രളയത്തില്‍ എല്ലാം തീര്‍ന്നു. പ്രളയത്തില്‍ തകര്‍ന്നുപോയ ഞങ്ങളുടെ വീട്, ഞങ്ങളുടെ നാട് എങ്ങെനെ ഉയര്‍ത്തിയെടുക്കാം എന്നു മാത്രമാണ് ചിന്ത. ഒന്നിച്ചുള്ള അതിജീവനമാണ് ലക്ഷ്യവും.