മിക്കദിവസങ്ങളിലും സ്റ്റാഫ് അടക്കം കഴിച്ചു കഴിഞ്ഞാലും ഭക്ഷണം ബാക്കി കാണും. ഒരുപാട് പേര്‍ വിശന്നു പുറത്ത് നില്‍ക്കുമ്പോഴായിരിക്കും ഭക്ഷണം കളയേണ്ടി വരുന്നത്. അങ്ങനെ കളയുന്നതിന് പകരം അത് ആവശ്യക്കാരിലെത്തിക്കണം എന്ന് തീരുമാനിച്ചു. 

2017 ആഗസ്ത് 15 ന് അര്‍ദ്ധരാത്രി, ആസിഫ് അഹമ്മദ്, പ്രകാശ് നാതാ, നിര്‍മല്‍ ബസാസ്, രാഹുല്‍ അഗര്‍വാള്‍ എന്നീ നാല് സുഹൃത്തുക്കള്‍ നടപ്പിലാക്കിയ ഒരു തീരുമാനം ആയിരക്കണക്കിന് പേരുടെ വിശപ്പ് മാറ്റാനുതകുന്നതായിരുന്നു. 

കല്‍ക്കത്തയില്‍ റെസ്റ്റോറന്‍റ് ഉടമയായ ആസിഫ് അഹമ്മദ് പറയുന്നു, എങ്ങനെയാണ് അവര്‍ നാലുപേരും കൂടി 'ഭക്ഷണ എടിഎം' എന്ന ഐഡിയയിലേക്ക് എത്തിയതെന്ന്.

''ഒരുപാട് കാലമായി ഞാന്‍ കാണുന്നതായിരുന്നു, റെസ്റ്റോറന്‍റിന്‍റെ അകത്ത് നിരവധിപേര്‍ ആഹാരം വെറുതെ കളയുന്നു, പുറത്താണെങ്കില്‍ ഒരുപാട് പേര്‍ ഭക്ഷണത്തിനായി യാചിക്കുന്നു. ഇവര്‍ക്കിടയിലെ ആ വിടവ് ഇല്ലാതാക്കാന്‍ എന്താണ് ചെയ്യുക എന്നാണ് ചിന്തിച്ചത്. ''

'' 320 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന റെഫ്രിജറേറ്റര്‍ വാങ്ങി. അതിലുള്ളത് ഫ്രഷ് ആയിട്ടുള്ള ഭക്ഷണമായിരുന്നു. ഞങ്ങള്‍ കസ്റ്റമേഴ്സിനെ ബോധവല്‍ക്കരിച്ചു തുടങ്ങി. അധികം വരുന്ന ഭക്ഷണം നന്നായി പാക്ക് ചെയ്ത് ദാനം ചെയ്യാന്‍ പറഞ്ഞു. ചിലപ്പോള്‍, നഗരത്തിലുള്ള മറ്റുള്ളവരും ഭക്ഷണം റെഫ്രിജറേറ്ററില്‍ വെച്ചു തുടങ്ങി. ചില ദിവസങ്ങളില്‍ ആവശ്യക്കാരെത്തി ഭക്ഷണമെടുത്താലും ബാക്കി വരുന്നത്ര ഭക്ഷണം എത്തി. എല്ലാം നല്ല ഭക്ഷണം മാത്രമായിരുന്നു.''

സുഹൃത്തുക്കളുമായുള്ള ഒരു സൌഹൃദസംഭാഷണമാണ് ഫുഡ് എടിഎം എന്ന ഐഡിയയില്‍ എത്തിനിന്നത്. ഇതിന് മുമ്പ് പല വഴിയും നോക്കിയിരുന്നു. ആ വിടവ് ഇല്ലാതാക്കുവാന്‍. പക്ഷെ ഒന്നും വിജയിച്ചില്ല എന്നും ആസിഫ് പറയുന്നു. അതിനിടയിലാണ് ബംഗളൂരുവില്‍ നിന്നുള്ള ഒരു സ്ത്രീ ഇതുപോലെ ഒരു കാര്യം ചെയ്യുന്നത് യൂട്യൂബില്‍ കണ്ടത്. അതൊരു യുറേക്കാ മൊമന്‍റായി. സുഹൃത്തുക്കളുമായി സംസാരിച്ചു. 

മിക്കദിവസങ്ങളിലും സ്റ്റാഫ് അടക്കം കഴിച്ചു കഴിഞ്ഞാലും ഭക്ഷണം ബാക്കി കാണും. ഒരുപാട് പേര്‍ വിശന്നു പുറത്ത് നില്‍ക്കുമ്പോഴായിരിക്കും ഭക്ഷണം കളയേണ്ടി വരുന്നത്. അങ്ങനെ കളയുന്നതിന് പകരം അത് ആവശ്യക്കാരിലെത്തിക്കണം എന്ന് തീരുമാനിച്ചു. വിശക്കുന്നവരെ ഊട്ടാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂവെന്നും ആസിഫ് പറയുന്നു. 

ആ ഭക്ഷണം കിട്ടുമ്പോഴുള്ള കുഞ്ഞുങ്ങളുടെ സന്തോഷം ഒരുപാട് വലുതാണ്. അവര്‍ ഫ്രിഡ്ജ് തുറന്ന് ഭക്ഷണമെടുത്ത് അവരുടെ സുഹൃത്തുക്കളെയും വിളിക്കും. നോണ്‍ വെജ് കൂടിയുണ്ടെങ്കില്‍ അവരുടെ സന്തോഷം ഇരട്ടിയാണ്. ഹോട്ടലിലെത്തുന്നവരുടെ സഹകരണവും വളരെ വലുതാണെന്ന് ആസിഫ് പറയുന്നു. ഭക്ഷണം കുറച്ചെങ്കിലും വിശക്കുന്നവര്‍ക്കായി മാറ്റിവയ്ക്കാനും പലരും തയ്യാറാകുന്നു. 

സ്ഥിരമായി ഭക്ഷണം എടുത്ത് കഴിക്കാനെത്തുന്നവരുമുണ്ട്. അവര്‍ കൂടെയുള്ളവര്‍ക്കോ, അവര്‍ക്ക് പിന്നീട് കഴിക്കാനായോ ഭക്ഷണം എടുത്ത് കൊണ്ട് പോകും. നഗരത്തില്‍ ഇന്ന് ഇതുപോലെ മൂന്ന് ഫുഡ് എ ടി എമ്മുകളാണ് ഉള്ളത്. 2000 പേരുടെയെങ്കിലും വിശപ്പ് ഇതിലൂടെ മാറുന്നു. ഇനിയും നഗരത്തില്‍ എ ടി എമ്മുകള്‍ സ്ഥാപിക്കാനാകുമെന്നാണ് ആസിഫും കൂട്ടുകാരും പ്രതീക്ഷിക്കുന്നത്.