ചൈനയിലാണെങ്കില്‍ ധൈര്യമായി ഏമ്പക്കം വിടാം  റഷ്യയില്‍ വോഡ്‌ക വേണ്ടെന്ന് പറയരുത് വലിച്ച് കുടിച്ചാല്‍ ജപ്പാനില്‍ സ്‌നേഹം കിട്ടും 

നമ്മളറിയാതെ തീന്‍മേശയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ചെന്നാല്‍ മഹാഅബദ്ധമായി മാറും. ഓരോ രാജ്യത്തിനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അതിന്‍റേതായ ചില രീതികളുണ്ട്. തീന്‍മേശയിലെ ഒച്ചയും,ഏമ്പക്കവും, എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളില്‍ പ്രശ്നക്കാരാണ്. എന്നാല്‍ ചിലയിടങ്ങളില്‍ നല്ലതും. വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഉള്ള ചില നാടുകള്‍ ഇവയാണ്.

ചൈനയിലാണെങ്കില്‍ ധൈര്യമായി ഏമ്പക്കം വിടാം 

വളരെ ലാവിഷായി സദ്യയൊക്കെ കഴിഞ്ഞ് വിസ്തരിച്ചൊരു ഏമ്പക്കം വിട്ടാല്‍ കണ്ണുതുറിക്കുന്നവരാണ് നമുക്കിടയിലുള്ളത്. എന്നാല്‍ ചൈനയില്‍ അങ്ങനെയല്ല, ഭക്ഷണം ഇഷ്ടപ്പെട്ട് ഷെഫിനെ അഭിനന്ദിക്കുന്നതായാണ് ഈ ഏമ്പക്കത്തെ ചൈനക്കാര്‍ കാണുന്നത്. 

റഷ്യയില്‍ വോഡ്‌ക വേണ്ടെന്ന് പറയരുത്

റഷ്യയില്‍ എത്തിയാല്‍ പിന്നെ വോഡ്ക വേണ്ടെന്ന് പറയരുത്. ഒരാള്‍ വോഡ്കയ്ക്ക് ക്ഷണിച്ചാല്‍ വേണ്ടെന്ന് പറയുന്നത് സൗഹൃദം നിരസിക്കുന്നതിന് തുല്യമാണ്. 

വലിച്ച് കുടിച്ചാല്‍ ജപ്പാനില്‍ സ്‌നേഹം കിട്ടും 

ചായയൊക്കെ ഒച്ച കേള്‍പ്പിച്ച് കുടിച്ചാല്‍ ഇവിടെയാണെങ്കില്‍ ചുറ്റുമുള്ളവര്‍ തുറിച്ച് നോക്കും. പക്ഷേ, ന്യൂഡില്‍സ് കഴിക്കുന്നതിനിടയില്‍, വലിച്ചുകുടിക്കുന്ന ശബ്ദം ഉണ്ടാക്കിയാല്‍ ജപ്പാന്‍ക്കാര്‍ക്ക് അത് സന്തോഷമാണ്. കാരണം ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ അടയാളമായാണ് അവരതിനെ കാണുന്നത്.

ചിലിയില്‍ കത്തിയും മുള്ളുമില്ലാതെ കഴിക്കുകയേ വേണ്ട 

ചിലിയില്‍ ചെന്നാല്‍ കത്തിയും മുള്ളുമില്ലാതെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കണ്ട. കൈകൊണ്ട് വാരിതിന്നുന്നത് ചിലിക്കാരെ സംബന്ധിച്ചിടത്തോളം മര്യാദകെട്ട രീതിയാണ്. എന്ത് കഴിക്കുകയാണെങ്കിലും അവിടെ ഫോര്‍ക്കും നൈഫും വേണം.

പോര്‍ച്ചുഗലില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍വേറെ വേണ്ട

ഭക്ഷണം തീന്‍മേശയില്‍ വിളമ്പിയതിന് ശേഷം ഉപ്പും കുരുമുളക് പൊടിയും ചോദിക്കുന്നത് ഒഴിവാക്കുന്നതാണ് പോര്‍ച്ചുലില്‍ മര്യാദ. സാധാരണ ഗതിയില്‍ എല്ലാം പാകമായിരിക്കുമെങ്കിലും ഉപ്പും കുരുമുളകും മുമ്പില്‍ കുപ്പിയില്‍ ഇല്ലെങ്കില്‍ അലോസരം തോന്നുന്നവര്‍ പോര്‍ച്ചുഗലില്‍ ആ ശീലം മാറ്റിപ്പിടിക്കുക. ഭക്ഷണം വിളമ്പിയ ശേഷം ഉപ്പും മുളകും ചോദിക്കുന്നത് ഷെഫിനെ അപമാനിക്കുന്നതായാണ് കണക്കാക്കുക.

തായ്‌ലാന്റാണോ ഫോര്‍ക്ക് സൂക്ഷിച്ച് 

ഇവിടെ, സ്പൂണിലേക്ക് ഭക്ഷണം കോരി ഇടാന്‍ മാത്രമേ ഫോര്‍ക്ക് ഉപയോഗിക്കാവൂ. ഫോര്‍ക്കില്‍ കുത്തി ഭക്ഷണം നേരിട്ട് വായിലേക്ക് വെയ്ക്കുന്നത് അപരിഷ്‌കൃതമായ രീതിയായാണ് ഇവിടുത്തുകാര്‍ കണക്കാക്കുക.