ബ്രിട്ടനിലെ ഏറ്റവും ക്രൂരയായ വളർത്തമ്മമാരിൽ ഒരാളാണ് യൂണിസ് സ്പ്രൈ. ഇപ്പോൾ 76 വയസുള്ള യൂണിസ് നാല് കുട്ടികളെ എടുത്ത് വളർത്തിയിരുന്നു. തങ്ങളെ പൊന്നുപോലെ നോക്കുമെന്ന പ്രതീക്ഷയിൽ ആ വീട്ടിലേയ്ക്ക് വന്ന കുഞ്ഞുങ്ങൾക്ക് പക്ഷേ ദുരിതങ്ങളുടെ നീണ്ട നാളുകളായിരുന്നു പിന്നീടുണ്ടായിരുന്നത്. ആ വളർത്തമ്മ കുട്ടികൾക്ക് നൽകിയത് സ്നേഹമല്ല പകരം ക്രൂരപീഡനങ്ങളാണ്. അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് 15 വർഷങ്ങൾ പിന്നിട്ടിട്ടും, താൻ ഇപ്പോഴും അവരുടെ ഓർമ്മയാൽ വേട്ടയാടപ്പെടുന്നുവെന്ന് അവരുടെ വളർത്തുമകൻ കാലേബ് ഗിൽബെർട്ട് പറയുന്നു. ഇപ്പോഴും തെരുവിലിറങ്ങുമ്പോൾ അവരെ കണ്ടുമുട്ടുമോ എന്ന ഭയമാണ് തനിക്ക് എന്നും അദ്ദേഹം  വെളിപ്പെടുത്തി. കാലേബ്  ഇളയതായത് കൊണ്ടാവാം അധികമൊന്നും സഹിച്ചിട്ടില്ല. എന്നാൽ വിക്ടോറിയ, അലോമ, ക്രിസ്റ്റഫർ എന്നീ മൂന്ന് മക്കളെ അവർ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു. 

യൂണിസ് പലപ്പോഴും മക്കളുടെ തൊണ്ടയിൽ വടി കുത്തിയിറക്കാൻ ശ്രമിക്കുകയും, മുഖത്ത് സാൻഡ്പേപ്പർ ഉപയോഗിച്ച് ഉരസ്സുകയും ചെയ്യുമായിരുന്നു. അവർ മക്കളെ ആഴ്ചകളോളം പൂട്ടിയിട്ടു, ഛർദ്ദിൽ കഴിക്കാൻ നിർബന്ധിച്ചു. ഇതൊന്നും കൂടാതെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ വേദനകൾ സഹിച്ച് മടുത്ത വിക്ടോറിയ ഒടുവിൽ രക്ഷപ്പെട്ട് അലാറം അടിക്കുകയും പൊലീസ് സ്ഥലത്തെത്തി യൂണിസിനെ അറസ്റ്റ് ചെയ്യുകയും 14 വർഷം ജയിലിലടയ്ക്കുകയും ചെയ്‍തു. എന്നാൽ 12 വർഷമായി ശിക്ഷ പിന്നീട് ഇളവ് ചെയ്യുകയായിരുന്നു. അങ്ങനെ 2014 -ൽ അവർ ജയിൽ മോചിതയായി. അതേസമയം വിക്ടോറിയ കഴിഞ്ഞമാസം ഈ ലോകം വിട്ട് പോയി. ഇടയിൽ അവർ മനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. സഹോദരിയുടെ മരണശേഷം ഇപ്പോൾ കാലേബ് ആദ്യമായി തന്റെ കുട്ടിക്കാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.  

തന്റെ സഹോദരങ്ങൾ അനുഭവിച്ചത്രയൊന്നും പീഡനങ്ങൾ താൻ അനുഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 1986 -നും 2005 -നും ഇടയിൽ ആ വീട്ടിലെ തന്റെ നാളുകൾ അദ്ദേഹം ഓർക്കുന്നു. പലപ്പോഴും തങ്ങളുടെ സഹോദരങ്ങളെ യൂണിസ് ക്രൂരമായി അടിക്കുന്നത് കാണാറുണ്ടെന്നും എന്നാൽ, അത് ഒരു സാധാരണമായ ഒന്നാണെന്നാണ് താൻ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കുശേഷം, തന്റെ സഹോദരങ്ങളിലൊരാളുടെ ആത്മകഥ വായിച്ചപ്പോൾ മാത്രമാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം തനിക്ക് മനസ്സിലായതെന്നും കാലേബ് കൂട്ടിച്ചേർത്തു. കാലേബിന് 13 വയസ്സുള്ളപ്പോഴാണ് യൂണിസ് അറസ്റ്റിലായത്. യൂണിസിന്റെ പീഡനം കാരണമാണ് വിക്ടോറിയ സ്വന്തം ജീവൻ അപഹരിച്ചതെന്ന് അദ്ദേഹം കരുതുന്നു.

യൂണിസ് കാലേബിനെ സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നില്ല. ഇപ്പോഴും വായിക്കാനും എഴുതാനും അദ്ദേഹം പാടുപെടുകയാണ്. താൻ പെറ്റമ്മയാണെന്നാണ് യൂണിസ് കാലേബിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, അവിടെനിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് തന്റെ യഥാർത്ഥ മാതാപിതാക്കളെ അദ്ദേഹം കണ്ടെത്തിയത്. 'മറ്റ് കുട്ടികളൊക്കെ സ്‌കൂളിൽ പോകുമ്പോൾ എന്നെ മാത്രം എന്താണ് പോകാൻ അനുവദിക്കാത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ അതിനെ ചോദ്യം ചെയ്തില്ല. ഇത് തികച്ചും സാധാരണമായ ഒന്നാണെന്ന് അവർ എന്നെ വിശ്വസിപ്പിച്ചു. വാസ്തവം പറഞ്ഞാൽ എന്റെ അടുത്ത് നിന്നും പലതും അവർ മറച്ചുപിടിച്ചിരുന്നു. എന്റെ മുന്നിൽ വച്ച് ഏതെങ്കിലും മോശമായ കാര്യം നടന്നതായി എനിക്ക് ഓർമ്മയില്ല. ഞാൻ പുറത്ത് കളിക്കുമ്പോയിരുന്നു പലപ്പോഴും വീടിനകത്ത് അത്തരം കാര്യങ്ങൾ സംഭവിച്ചത്" ഗ്ലൗസെസ്റ്ററിൽ താമസിക്കുന്ന 28 -കാരനായ കാലേബ് പറഞ്ഞു.

കാലേബിന് 14 വയസ്സുള്ളപ്പോൾ അദ്ദേഹം താമസിച്ചിരുന്ന സംരക്ഷണകേന്ദ്രത്തിലെ ഒരു ജീവനക്കാരനാണ് സഹോദരന്റെ പുസ്തകം അദ്ദേഹത്തിന് വായിച്ച്‌ കേൾപ്പിച്ചത്. അപ്പോഴാണ് തന്റെ സഹോദരങ്ങളെ ബ്ലീച്ച് കുടിപ്പിച്ചതായും, അവരുടെ തൊണ്ടയിൽ വടി കുത്തിയിറക്കിയതുമായുള്ള കഥകൾ അദ്ദേഹം അറിയുന്നത്. അപ്പോഴാണ് അദ്ദേഹം ഇതിനെക്കുറിച്ച് ശരിയായി മനസ്സിലാക്കുന്നത്.  

സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും  അതിന്റെ പ്രയാസങ്ങൾ അദ്ദേഹം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും അദ്ദേഹത്തിന് എഴുതാനും വായിക്കാനും പ്രയാസമാണ്. കണക്ക് ഒട്ടും അറിയില്ല. മദ്യാസക്തി അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. അതിൽനിന്ന് മുക്തി നേടാനുള്ള ചികിത്സയിലാണ് അദ്ദേഹം ഇന്ന്. "അവർ ചെയ്ത കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തെ ഇന്നും സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ മാനസികനില തകരാറിലാണ്. എനിക്ക് വിഷാദരോഗമുണ്ട്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന നിസ്സാരകാര്യങ്ങൾ പോലും എനിക്ക് ചെയ്യാൻ കഴിയുന്നില്ല. അവർ കുറെയൊക്കെ ഒരു സീരിയൽ കില്ലറെ പോലെയാണ് എന്നെനിക്ക് തോന്നാറുണ്ട്. ആളുകളെ കൊല്ലുന്നില്ലെന്നേ ഉള്ളൂ" അദ്ദേഹം പറഞ്ഞു. ഇനി ജീവിതത്തിലൊരിക്കലും യൂണിസിനെ താൻ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കാലേബ് പറഞ്ഞു.