നാഷ്‌വില്ലിലെ പോലീസ് അടുത്തകാലത്തായി ഞെട്ടിക്കുന്ന ഒരു കേസ് ഏറ്റെടുക്കുകയുണ്ടായി. നാഷ്‌വില്ലിലുള്ള 56 -കാരിയായ ലാരിന്ദ ജോളിയുടെ  മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ രണ്ട് വർഷം മുമ്പ് മരിച്ച ജോളിയുടെ ശവശരീരത്തിനൊപ്പമാണ് അവരുടെ നാല് മക്കളും  ജീവിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. അവരുടെ വീട്ടിൽ പരിശോധന നടത്തുന്നതിനിടയിൽ ജോളിയുടെ അവശിഷ്ടങ്ങൾ അവരുടെ കട്ടിലിൽ, വസ്ത്രങ്ങളുടെ കൂമ്പാരത്തിനടിയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.      

ജോളിയുടെ മാനസികാരോഗ്യക്കുറവുള്ള നാല് കുട്ടികളും മരിച്ച് രണ്ട് വർഷമായ ആ അമ്മയുടെ ചീഞ്ഞ ശരീരത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ നാല് മക്കളെയും വീട്ടിൽ നിന്ന് ഒഴിപ്പിച്ചു. ജോളിയുടെ ശരീരത്തിൽ ആകെ അവശേഷിക്കുന്നത് അസ്ഥികളാണെന്ന് സഹോദരൻ ആന്റണി ജോളി പറഞ്ഞു. ''എല്ലുകളല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. അത് ഒരു അസ്ഥികൂടം മാത്രമാണ്. കുറേനാളായി എന്റെ സഹോദരിയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അങ്ങനെയാണ് ഞാൻ പൊലീസിൽ വിവരം അറിയിച്ചത്" അദ്ദേഹം പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജോളിയുടെ ഒരു മകളോട് അമ്മ മരിച്ചിട്ട് എത്രയായി എന്ന് ചോദിച്ചപ്പോൾ, 2017 -ന്റെ തുടക്കത്തിൽ എന്നവൾ പറഞ്ഞപ്പോൾ  അദ്ദേഹം ഞെട്ടിപ്പോയി. 

ജോളിയുടെ മാനസികാരോഗ്യക്കുറവുള്ള മുതിർന്ന നാല് കുട്ടികളും കുറഞ്ഞത് രണ്ട് വർഷമായി മരണപ്പെട്ട അമ്മയോടൊപ്പം വീട്ടിൽ താമസിക്കുന്നുവെന്നാണ് പോലീസ് അനുമാനിക്കുന്നത്. താൻ സഹോദരിയുമായി ഒരുപാടൊന്നും അടുപ്പമില്ലെങ്കിലും വല്ലപ്പോഴുമൊക്കെ വിളിക്കാറുണ്ടെന്നും എന്നാൽ, വിളിക്കുമ്പോഴെല്ലാം അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ലെന്ന് മക്കൾ മറുപടി പറയുമായിരുന്നെന്നും സഹോദരൻ പറഞ്ഞു. ഒടുവിൽ സംശയം തോന്നിയ ആന്റണി പൊലീസിൽ ഈ കാര്യം അറിയിക്കുകയും, അങ്ങനെ പൊലീസ് വന്ന് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ജോളി മരിച്ച നിലയിൽ കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. മക്കൾ അവരുടെ ശരീരത്തിന് മുകളിൽ വസ്ത്രങ്ങൾ കൂട്ടിയിട്ടു. അവർ അഴുകിയ അമ്മയോടൊപ്പം അപ്പാർട്ട്മെന്റിൽ താമസിച്ചു. എന്നാൽ, അമ്മയുടെ നിർദേശം പാലിക്കുക മാത്രമാണ് അവർ ചെയ്‍തതെന്ന് മക്കൾ പറയുന്നു. മരണസമയത്ത് അമ്മ മക്കളോട് പറഞ്ഞുവത്രേ ആരെയും വിളിക്കരുത് എന്ന്. മക്കൾ അത് അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു.  

ജോളിയുടെ മരണകാരണം അജ്ഞാതമാണ്. അവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഹൃദയാഘാതത്തിന്‍റെയോ മറ്റ് അപകടങ്ങൾ നടന്നതിന്റെയോ ലക്ഷണങ്ങളൊന്നുമില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോളിയുടെ മരണത്തിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നുവെന്ന് സംശയിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. എന്നിരുന്നാലും അവരുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ജോളിയുടെ നാല് കുട്ടികളെയും ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കയാണ് ഇപ്പോൾ.